6/24/25

Hawa Mahal - Jaipur

 Hawa Mahal 

Jaipur


രാജസ്ഥാൻ എന്നു പറയുമ്പോൾ മനസ്സിലേക്ക് ഓടി വരുക ഒട്ടക സവാരിയും കുടം തലയിൽ വെച്ചുള്ള വർണാഭമായ വേഷങ്ങളോടുകൂടിയുള്ള ഡാൻസയൊക്കെയായിരിക്കും. എന്നാൽ ജയ്പൂരിൻ്റെ മഹത്തായ ഐക്കോണിക് ലാൻഡ് മാർക്ക്  'ചീട്ടു കൊട്ടാരം' പോലെ കാണുന്ന  'ഹവാ മഹൽ' ആണ്.നഗരത്തിലെ ഏറ്റവും ആകർഷണങ്ങളിലൊന്നാണ്.

സിറ്റിയിൽ തന്നെയായതു കൊണ്ട് , ആദ്യം സെൽഫി പിന്നെ സന്ദർശനം എന്നായിട്ടുണ്ട് . അപ്പോഴാണറിയുന്നത് ഇത് മഹൽ / കൊട്ടാരത്തിൻ്റെ പുറകുവശമാണെന്ന്.

3  കോട്ടകളും പത്തിൽപരം കൊട്ടാരങ്ങളുമുണ്ട് ജയ്പൂരിൽ . ഓരോ കൊട്ടാരങ്ങളുടെയും ചരിത്രമോ അല്ലെങ്കിൽ വാസ്തുവിദ്യയൊ ആയിരിക്കും നമ്മളെ അത്ഭുതപ്പെടുത്തുക. ഇവിടെ ഇതിൻ്റെ  ആകർഷണം 'വാസ്തുവിദ്യാ' ആണ്. അഞ്ച് നിലകളുള്ള ഒരു കെട്ടിടമാണ് 'ഹവാ മഹൽ', അടിത്തറയില്ലാതെ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. 87 ഡിഗ്രി കോണിൽ  ചായുന്ന വളഞ്ഞ വാസ്തുവിദ്യ യും നൂറ്റാണ്ടുകളായി നിവർന്നു നിൽക്കാൻ സഹായിച്ച പിരമിഡൽ ആകൃതിയും ഇതിനുണ്ടെന്നാണ് ഗൈഡപറഞ്ഞത്.

കൊട്ടാരം പണിതത് സ്ത്രീകൾക്ക് വേണ്ടിയാണ്, താമസിക്കാൻ അല്ല .പിന്നെ ? -

ഗൈഡ് അത്യാവശ്യം സസ്പെൻസും കൂടെ ചേർത്തു കൊണ്ടാണ് വിവരണം.

കേട്ടപ്പോൾ തമാശയായി തോന്നിയെങ്കിലും അന്നെല്ലാം രാജാ കൊട്ടാരത്തിലെ സ്ത്രീകൾക്കും അവരുടെ സ്ത്രീ സേവകർക്കും തെരുവിൽ ആഘോഷിക്കുന്ന ദൈനം ദിന ജീവിതവും ഉത്സവങ്ങളും നിരീക്ഷിക്കാൻ വേണ്ടിയാണത്രേ  !

അവിടെയുള്ള 'ആകാശ് പതാൽ ജലി ( ഗ്രില്ല് )' ,ഈ ഗ്രില്ലിൽ നിന്ന് ഒരാൾക്ക് അകത്ത് നിന്ന് പുറത്തെ കാഴ്ചകൾ കാണാൻ കഴിയും, എന്നാൽ പുറത്ത് നിന്നുള്ള ഒരാൾക്ക് അകത്തെ കാഴ്ചകൾ കാണാൻ കഴിയില്ല.

953 ചെറിയ ജാലകങ്ങളുള്ള അഞ്ച് നിലകളുള്ള ഈ കെട്ടിടം ഒരു തേനീച്ചക്കൂട് പോലെ കാണപ്പെടുന്നു. ധാരാളം ജനലും ബാൽക്കണികളും കാരണം കൊട്ടാരത്തിനകത്ത് എപ്പോഴും വായു സഞ്ചാരമുണ്ട്. ഈ വായു സഞ്ചാരമാണ് ഇതിന് ഹവാ മഹൽ എന്ന് പേരിടാൻ കാരണം. ഇതിൽ ഹവാ - കാറ്റും മഹൽ - കൊട്ടാരവുമെന്നാണല്ലോ. വേനൽക്കാലത്തും  എ.സി. യുള്ളതു പോലെ ആയിരിക്കും അത്രേ !

ഈ കൊട്ടരത്തിന്റെ നിർമ്മാതാവായ രാജാവ്, ഒരു കൃഷ്ണ ഭക്തനായിരുന്നു. അതിനാൽ

കെട്ടിടത്തിന്റെ ആകൃതി കൃഷ്ണന്റെ കിരീടത്തോട് സാമ്യമുള്ളതായി നിർമ്മിച്ചു. .

 ഈ കൊട്ടാരം

 ശ്രീകൃഷ്ണനാണ് സമർപ്പിച്ചിരിക്കുന്നത്. കൊട്ടാരത്തിനകത്ത് മൂന്നു ചെറിയ ക്ഷേത്രങ്ങളുമുണ്ട്.

കല്ലിൽ കൊത്തിയ സ്ക്രീനുകൾ, ചെറിയ അറകൾ, കമാനങ്ങളോടു കൂടിയ മേൽക്കൂരകൾ, …. കാഴ്ചകൾ മനോഹരം. ഹവാ മഹലിന്റെ മുകൾ ഭാഗത്ത് നിന്ന് നഗരത്തിന്റെ കാഴ്ചകളും കാണാം


ഏറ്റവും മികച്ച കാഴ്ച പുറത്തു നിന്നുമാണ് എന്നാലും ചുവന്ന , പിങ്ക് മണൽക്കല്ലുകൾ കൊണ്ട്  നിർമ്മിച്ച ഈ വാസ്തുവിദ്യാ വൈഭവം മനോഹരം. ഇന്നത്തെ കാലത്ത് ഇതിനെ 'സെൽഫി മഹൽ ' വിളിച്ചാലും തെറ്റില്ല എന്നു തോന്നുന്നു.

Thanks 

റിറ്റ



6/19/25

ആകാശത്തിലെ പറവകൾ - ആഫ്രിക്കൻ ജക്കാന

 

ആകാശത്തിലെ പറവകൾ -

ആഫ്രിക്കൻ ജക്കാന






പെണ്ണും പ്രകൃതിയും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്നു എന്നു പറയുന്ന  ഈ കാലത്ത്, കരയാനും അല്ലെങ്കിൽ ഞാനൊരു കറിവേപ്പില പോലെയായി - - - - - - - , അത്തരം 'സെൻറി ഡയലോഗുകൾ' പറഞ്ഞ് സമയം കളയാനൊന്നും ആഫ്രിക്കൻ ജക്കാന ഇനത്തിൽ പെട്ട പെൺപക്ഷിക്ക് സമയമില്ല.  


സസ്പെൻസിന് പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങളിലെ ഒരു വാർത്തയായ '

ആറു കാലുള്ള പക്ഷിയോ? അപൂർവ്വ ചിത്രവുമായി ഫോട്ടോഗ്രാഫർ - - - -


കൂടുതൽ വായിച്ചപ്പോൾ രസകരമായി തോന്നിയ കാരണം  ആഫ്രിക്ക, ജക്കാനകളുടെ വിശേഷങ്ങളാണിവിടെ.

നീളമുള്ള  മെലിഞ്ഞ കാലുകളും വലിയ പാദങ്ങളും നാല് നീളമുള്ള കാൽവിരലുകളും കൊണ്ട് വെള്ളത്തിൽ നടക്കാനുള്ള  ഈ കഴിവ് കാരണം ജക്കാനകളെ 'ജീസസ് പക്ഷികൾ ' എന്നും വിളിക്കുന്നു. 



വാസ്തവത്തിൽ, അവർ സാങ്കേതികമായി പൊങ്ങിക്കിടക്കുന്ന സസ്യജാലങ്ങളിൽ നടക്കുന്നു, ഇത് അവർ വെള്ളത്തിന് മുകളിലൂടെ നടക്കുന്നുവെന്ന പ്രതീതി നൽകുന്നു. ഈ കഴിവ് അവർക്ക് അവരുടെ മറ്റൊരു വിളിപ്പേര് നേടിക്കൊടുത്തു -ലില്ലി-ട്രോട്ടേഴ്സ് അല്ലെങ്കിൽ താമരക്കിളികൾ

മനോഹരമായ ബദാം ആകൃതിയിലുള്ള ശരീരവും, സമൃദ്ധമായ തവിട്ടും വെള്ള തൂവലുകളുമാണുള്ളത്. അറിയപ്പെടുന്ന എട്ട് ഇനത്തിലുള്ളവയിൽ

ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഉടനീളം കാണപ്പെടുന്ന ഫെസന്റ്-ടെയിൽഡ് ജക്കാന ( ഹൈഡ്രോഫാസിയാനസ് ചിറർഗസ് ) ആണ് മറ്റൊരു വലിയ ജക്കാന.

 ഇന്ത്യയുടെ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, തമിഴ്നാട്, കേരളത്തിലും കാണപ്പെടാറുണ്ട്.

സസ്യങ്ങളുള്ള തണ്ണീർത്തടങ്ങൾ,  വെള്ളപ്പൊക്കമുള്ള പുൽമേടുകൾ, ചതുപ്പുകൾ, ശുദ്ധജല തടാകങ്ങൾ, കുളങ്ങൾ  ഇവയിലൊക്കെയാണ് കാണാറുള്ളത്

.ഇത് ജലസസ്യങ്ങളെയും ചെറുമൃഗങ്ങളെയും ഭക്ഷിക്കുന്നു. ഇവർ ദേശാടനം ചെയ്യുന്നില്ല .പക്ഷേ അവയുടെ പ്രാദേശിക ജല ആവാസ വ്യവസ്ഥകൾ വറ്റിവരണ്ടാൽ അവ വ്യാപകമായി അലഞ്ഞേക്കാം.


പലപ്പോഴും ഭാഗികമായി പൊങ്ങിക്കിടക്കുന്ന ജലസസ്യങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു കൂട്ടിൽ ജക്കാന

കറുത്ത അടയാളമുള്ള തവിട്ടുനിറത്തിലുള്ള നാല് മുട്ടകൾ ഇടുന്നു.

മിക്ക ഇനങ്ങളിലും, ആൺ പക്ഷികൾ മുട്ടകൾ വിരിയിക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും ചെയ്യുന്നു.


അതായത് ഒരു പെൺപക്ഷി പല പുരുഷന്മാരുമായി ഇണചേരുകയും പിന്നീട് അവയുടെ ഓരോ കൂടുകളിലും മുട്ടയിടുകയും ചെയ്യും. മിക്ക ഇനങ്ങളിലും, രണ്ട് മുതൽ നാല് വരെ പുരുഷന്മാരുമായി ഒരു പെൺകിളി പങ്കാളിയാണ്.




ആൺ  ജക്കാന രക്ഷാകർതൃ പരിചരണം ഏറ്റെടുത്തതിനാൽ അവർക്ക്   കുഞ്ഞുങ്ങളെ ചിറകിനടിയിൽ വെയ്ക്കാനും അവരെ കൊണ്ടുപോകാനുമുള്ള കഴിവുണ്ട്. ഞാൻ കണ്ട ആ  ' ആറു കാലുള്ള അപൂർവ്വ ചിത്രം - ചിത്രത്തിൽ കാണുന്ന കാലുകളെല്ലാം സത്യത്തിൽ ആ പക്ഷിയുടേതല്ല, മറിച്ച് അത് തന്റെ ചിറകിനടിയിൽ ഒതുക്കി വച്ചിരിക്കുന്ന കുഞ്ഞുങ്ങളുടേതാണ്. കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്ന പെൺപക്ഷികളുടെ ചിത്രങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ, ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ ഒരു ആൺപക്ഷി തന്റെ കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തിൽ ഒതുക്കി വയ്ക്കുന്നതിന്റെ ചിത്രങ്ങൾ അപൂർവമാണ്. പിതൃവാത്സല്യത്തിന്റെ തീർത്തും മനോഹരമായ ഒരു ചിത്രമാണ് ഇതിലൂടെ ഫോട്ടോഗ്രാഫർ നമുക്ക് പകർന്ന് നൽകുന്നതെന്നാണ് പറയുന്നത്.

ഇവരുടെ ആയുർദൈർഘ്യം അഞ്ച് മുതൽ പത്ത് വർഷം വരെയാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.

തണ്ണീർത്തടങ്ങൾ വറ്റിച്ചു കൊണ്ടിരിക്കുന്നതും ആവാസവ്യവസ്ഥയുടെ നാശവും ശിഥിലീകരണവും വേട്ടയാടലും ഈ ജക്കാന ഇനങ്ങളുടെ നിലനിൽപ്പിന് അപകടമുണ്ടാക്കുന്ന പ്രധാന ഭീഷണികളാണ്.




 പക്ഷികൾ അവിശ്വസനീയമാംവിധം സങ്കീർണ്ണവും മനോഹരവുമാണ്. അതുപോലെ തന്നെ അവരിലെ വിശേഷങ്ങളും അല്ലെ ?



Thanks

റിറ്റ


12/17/21

ഉത്തരാഖണ്ഡ്

 ഉത്തരാംഖണ്ഡ്


ദേവഭൂമി എന്ന് വിളിക്കുന്ന ഉത്തരാഖണ്ഡ്. പ്രശസ്ത ഹൈന്ദവ ആരാധനാ പ്രദേശങ്ങളായഹരിദ്വാറും ഋക്ഷികേശും അതുപോലെ ഭാരത ചരിത്രത്തിൽ സ്ഥാനമുള്ള ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങളുടെയും സ്ഥലം. 2000 -യിലാണിത് ഇന്ത്യയുടെ 27-ാം സംസ്ഥാനമായി രൂപീകരിക്കപ്പെട്ടത്. ഹിമാലയൻ മലനിരകളെ കൊണ്ട് സമ്പുഷ്ടമായ ഇവിടം ടൂറിസത്തിനും പ്രസിദ്ധമാണ്. മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞു കൊണ്ട് പുതച്ചു കിടക്കുന്ന പല സ്ഥലങ്ങളുമുണ്ട് ഇവിടെ.

നിങ്ങളിലെ പ്രകൃതി സ്നേഹിയേയും, സാഹസികതയേയും, ഭക്തിയേയും ഒരു പോലെ പ്രീതിപ്പെടുത്തുന്ന സ്ഥലമാണിത്. ഒക്ടോബറിൽ ഒരാഴ്ചയ്ക്കായി ഞങ്ങൾ നടത്തിയ ഉത്തരാഖണ്ഡ് യാത്ര….


Rafting experience @ Shivalik



Mary had a little lamb,

Its fleece was white as snow, yeah

Everywhere the child went,

The little lamb was sure to go, yeah


ഈ യാത്രയിൽ എന്റെ അവസ്ഥയും ആ കുഞ്ഞാടിനെ പോലെയാണ്. ഇതിന് മുൻപ് രണ്ടു പ്രാവശ്യം ഈ സാഹസികയാത്ര ഞങ്ങൾ നടത്തിയിട്ടുള്ളതാണ്. അതിൽ ഒരു വട്ടം ബോട്ട് തലകുത്തി മറ

ഞ്ഞിട്ടുമുണ്ട്. മനസ്സിലെ ആ പേടിയെക്കുറിച്ച്  കാന്തനോട് പറയണമെന്നുണ്ടെങ്കിലും പൊതുവെ സാഹസമാക്കെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിൽ നിന്നും തിരിച്ചു കേൾക്കാവുന്ന മറുപടിയെക്കുറിച്ചറിയാവുന്നതുകൊണ്ട് ഞാനും അദ്ദേഹത്തിന്റെ പുറകെ….



ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലുള്ള ശിവന്റെ വസ്ത്രങ്ങൾ എന്നർത്ഥം വരുന്ന ശിവാലിക് പർവ്വതനിരകളുടെയവിടെയുള്ള  ഗംഗാനദിയിലാണ് ഞങ്ങളുടെ യാത്ര. റാഫ്റ്റിംഗ്, ട്രക്കിംഗ്, കയാക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമായ സ്ഥലം. പോരാത്തതിന്   ധ്യാനത്തിനും യോഗക്കും പേരു കേട്ട ഋക്ഷികേശ് എന്ന ചെറിയ പട്ടണവും തൊട്ടടുത്ത് തന്നെ. എല്ലാം കൊണ്ടും  പ്രാദേശിക ജനങ്ങളെക്കാളുമധികം സഞ്ചാരികളാണെന്ന് തോന്നുന്നു. 


 

ഞങ്ങളടക്കം  9 പേരാണ് ഒരു ബോട്ടിൽ യാത്ര ചെയ്യുന്നത്.അതിൽ 2 പെൺകുട്ടികളും   5 ആൺ കുട്ടികളുമാണള്ളത്.. അവരെല്ലാവരും ഏതോ ഓഫീസിൽ നിന്ന് 3 - 4 ദിവസത്തെ അവധിക്ക് ആഘോഷിക്കാൻ  വന്നവരാണ്. അതിന്റേതായ ബഹളത്തിലും ആഹ്ളാദത്തിലുമാണവർ.


 ഞങ്ങളുടെ കൂടെ  വന്നേക്ക് എന്നു പറഞ്ഞു കൊണ്ട്,Air നിറച്ച ആ ഭീമാകാരമായ  ബോട്ട് തലയിൽ വെച്ചു കൊണ്ട് നിർദ്ദേശകനും അദ്ദേഹത്തിന്റെ സഹായിയും കൂടെ ഒരു കുന്നിറങ്ങി കൊണ്ട് ഒറ്റ ഓട്ടം. പല പ്രാവശ്യം  മുകളിലോട്ടും താഴോട്ടും നടന്നതിന്റെ ഭാഗമായിട്ടുള്ള പാതയിലൂടെയാണ് ആ യാത്ര.  

അതോടെ സാഹസത്തിന്റെ ആദ്യ കടമ്പ തുടങ്ങിയെന്ന് പറയാം. പെൺകുട്ടികളുടെ  അവരവരുടെ boyfriend നോടുള്ള ചില പൊസ്സസ്സീവ് ആയിട്ടുള്ള പെരുമാറ്റം പലപ്പോഴും അരോചകമായി തോന്നിയെങ്കിലും 'മൗനം വിദ്വാന് ഭൂഷണം ' എന്നാണല്ലോ ?


ഗംഗാ നദിയിലൂടെ 13 കി.മീ.റാഫ്ക്ടിംഗ് (rafting) യാണ് ചെയ്യുന്നത്.  അതിനു വേണ്ടിയുള്ള നിർദ്ദേശങ്ങളും എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള വിവരണമായിരുന്നു അടുത്ത ഘട്ടം.അതോടെ കൂട്ടത്തിലുള്ളവരുടെ പലരുടേയും മുഖത്ത് പേടിച്ചരണ്ട ഭാവമായി.   ഞാനടക്കം എല്ലാവർക്കും ഒരേ ഭാവം. അതെനിക്കൊരു ആശ്വാസമായി.  ഞാൻ തുഴയില്ല എന്ന് പറഞ്ഞ്  നിർദ്ദേശകനെ എന്റെ തുഴയും കൂടി ഏൽപ്പിച്ചപ്പോൾ കൂടുതൽ സമാധാനം. ഹെൽമെറ്റും ലൈഫ് ജാക്കറ്റുമിട്ട് അത്യാവശ്യത്തിനുള്ള പരിശീലനവും നടത്തി ഞങ്ങൾ മുന്നോട്ട്…..


നദിയിൽ പല തരത്തിലുള്ള rapids( അതിശീഘ്രമൊഴുക്കുള്ള നദി ഭാഗം ) ഉണ്ട്. ഞാൻ നടത്തിയിട്ടുള്ള  യാത്രയിൽ ലെവൽ 5 വരെ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ന് ലെവൽ 3 വരെ ചെയ്യുന്നുള്ളൂ എന്നതും എനിക്കൊരു ആശ്വാസമാണ്. 



നേരത്തെ ചെയ്തിട്ടുള്ള ഇത്തരം യാത്രകളിൽ  നിന്നും വ്യത്യസ്തമായി, കുണുങ്ങി സുന്ദരിയായി ഒഴുകുന്ന നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോൾ

ബോട്ടിലുള്ള കയർ പിടിച്ച് വെള്ളത്തിൽ ചാടാനായിരുന്നു നിർദ്ദേശകന്റെ നിർദ്ദേശം. rapids ലെ ലെവൽ 1&2 - എളുപ്പവും അധികം പ്രയാസമില്ലാത്തതുമാണ്. എന്നാൽ അടുത്ത  3 എത്തുന്നതോടെ intermediate level ലാവുന്നു.  നദി ഏതോ ഗർജ്ജിക്കുന്ന രീതിയിലാണ്.  മരണ വെപ്രാളത്തോടെയായിരുന്നു ഞാനടക്കം ഓരോരുത്തരും  നിർദ്ദേശകന്റെ നിർദ്ദേശങ്ങൾ മറ്റുള്ളവർക്ക് പാസ്സ് ചെയ്തിരുന്നത്. ആ സമയത്ത് ചിലർ ഗംഗാദേവിയേ വിളിച്ച് പ്രാർത്ഥിക്കാനും മറന്നില്ല. ഒഴുക്കിന് എതിരെ  ശക്തിയായി തുഴഞ്ഞ് മറികടക്കണം.അതിനെല്ലാം  നല്ലയൊരു ടീം വർക്ക് ആവശ്യമാണ്.  പിന്നീട് ലെവൽ1 റാപ്പിഡിൽ ബോട്ടിലുള്ള കയറിൽ പിടിച്ച് നീന്തി വരാനുമുള്ള അവസരവും ഉണ്ടാക്കി തന്നു.


യാത്ര കഴിയുമ്പോഴേക്കും എല്ലാവരിലെയും പൊസ്സസ്സീവ്‌ന്‌സ്സ്  വെള്ളത്തിൽ ഒഴുകി പോയോ എന്ന് സംശയം. എല്ലാവരും ' കട്ട ഫ്രണ്ട്സ്'. ഭയപ്പെട്ടതു പോലുള്ള അപകടങ്ങൾ ഉണ്ടാവത്തതിനാൽ ഞാനും ഹാപ്പി. 


നിർദ്ദേശകന്റെ ഹെൽമെറ്റിൽ സ്ഥാപിച്ചിരുന്ന Gopro പിന്നീട് കണ്ടാസ്വദിക്കാൻ പറ്റിയ വീഡിയോകളും ഫോട്ടോകളും സമ്മാനിച്ചു.


മേരിയുടെ കുഞ്ഞാടിനെ പോലെ ഞാൻ പിന്നെയും അദ്ദേഹത്തിനും പുറകെ…..



ലക്ഷമണാ ജൂലാ


ഋക്ഷികേശ് നഗരത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഗംഗാ നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് ലക്ഷ്മണ ജൂല. നദിയിലെ രണ്ടുവശത്തുള്ള ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ശ്രീരാമന്റെ ഇളയ സഹോദരനായ ലക്ഷ്മണൻ  ഗംഗാനദി കടന്നത് ഇതേ സ്ഥലത്ത് നിന്ന്  ചണക്കയറുപയോഗിച്ചാണെന്നാണ് വിശ്വാസം. ഇന്ന് അത് 450 അടി നീളവും നദിയിൽ നിന്ന് 70 അടി ഉയരവുമുള്ള ഇരുമ്പു പാലമാണ്.  ഞങ്ങൾ സന്ദർശിച്ച ആ ദിവസം വടക്കേ ഇന്ത്യയിലെ  വിവാഹിതരായ സ്ത്രീകളുടെ ആഘോഷമായ 'കാർവാ ചൗത്ത് 'ആയതിനാലാകാം ക്ഷേത്രത്തിൽ നിന്നുള്ള മന്ത്രങ്ങളും ശ്ലോകങ്ങളും കൊണ്ട്  ആ പ്രദേശം മുഴുവനും ശബ്ദമുഖരിതമായിരുന്നു.


കർവാ ചൗത്ത്, നമ്മുടെ നാട്ടിൽ ഇതിന് വലിയ പ്രചാരമുണ്ടെന്ന് തോന്നുന്നില്ല. കാർത്തിക മാസത്തിലെ പൗർണ്ണമി കഴിഞ്ഞ് നാലാം ദിവസമാണ് ആഘോഷിക്കാറുള്ളത്. വിവാഹിതരായ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ സുരക്ഷിതത്വത്തിനും ദീർഘായുസ്സിനുമായി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വ്രതം അനുഷ്ഠിക്കുന്നു. മൈലാഞ്ചി ഇട്ട് പുതിയ വസ്ത്രം ധരിച്ച് പൂജ നടത്തി രാത്രി ചന്ദ്രനെ ദർശിച്ച് വെള്ളം കുടിച്ച് നോമ്പു തുറക്കും. ചില ഹിന്ദി സിനിമകളിൽ മനോഹരമായി ചിത്രീകരിച്ചു കണ്ടിട്ടുണ്ട്.


രാത്രിസമയത്ത് ദീപാലങ്കരങ്ങളാൽ ലക്ഷ്മണ ജൂല കൂടുതൽ സുന്ദരിയായിരിക്കുന്നു. ഇതിനോട് ചേർന്നുള്ള വഴിവക്കിലെ മാർക്കറ്റുകൾ നല്ലയൊരു ടൂറിസ്റ്റു കേന്ദ്രമാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഫോണിലെ  മലയാളം പാട്ടിന്റെ പശ്ചാത്തലത്തിൽ  തലകുത്തി ഡാൻസ് ചെയ്യുന്ന പയ്യനെ കൗതുകത്തോടെയാണ് നോക്കി നിന്നതെങ്കിലും  പിന്നീടുള്ള തെരുവുപട്ടിയേയും കൂടെ കൂട്ടിയുള്ള ഡാൻസു കണ്ടപ്പോൾ,  ' ആൾ ശരിയല്ല'  എന്ന് സ്വയം പറഞ്ഞു ഞാൻ വേഗം സ്ഥലം കാലിയാക്കി. മുടിയാകെ  ജടയും താടിയും കാവിവേഷവുമൊക്കെയായി  ഇതു പോലെയുള്ള ആൾക്കാർ അവിടെ ധാരാളമുണ്ടായിരുന്നു.



ടൂറിസ്സത്തിന് പ്രാധാന്യമുള്ള സ്ഥലമായതുകൊണ്ട് താമസിക്കാനായിട്ട് ഹോട്ടലുകളും റിസോർട്ടുകളും ധാരാളം. എന്നാൽ നദിയെ അഭിമുഖീകരിച്ചുള്ള പ്രദേശത്ത് ടെന്റുകൾ കെട്ടി താമസത്തിനായി വാടകയ്ക്ക് കൊടുക്കുന്നവരും അതുപോലെ ചില കടയുടെ മുകളിലുള്ള ട്ടെറസ്സിൽ ടെന്റുകൾ കെട്ടി താമസ സൗകര്യം ഒരുക്കിയവരേയും കണ്ടു.

സഞ്ചാരികൾ എന്തും പരീക്ഷിക്കാൻ തയ്യാറാണെന്ന മട്ടിലാണെന്ന്

തോന്നുന്നു.


1986-ൽ പണി കഴിപ്പിച്ച രാം ജൂല ഋക്ഷി കേശിന്റെ മറ്റൊരു പ്രധാന അടയാളങ്ങളിലൊന്നാണ്. ഈ പാലം ലക്ഷ്മണൻ ജൂലയേക്കാൾ വലുതാണ്. ഇത് നദിയിൽ നിന്ന് 2 കി.മി. മുകളിലും 750 അടി നീളത്തിലുമാണ്. ഗംഗാനദിയിലെ ഇരുകരകളിലുമായിട്ടുള്ള നിരവധി ആശ്രമങ്ങളേയും മതകേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. പകൽ സമയത്തായിരുന്നു ഞങ്ങൾ ഇവിടെ സന്ദർശിച്ചിരുന്നത്. നദിയുടേയും നഗരത്തിന്റെയും വിശാലദൃശ്യം പ്രദാനം ചെയ്യുന്നു. മറ്റൊരു മനോഹരവും ആകർഷകവുമായ കാഴ്ചയാണിത്.




കാഴ്ചകളെപ്പോലെ തന്നെ  ഇനിയും അന്തരീക്ഷ മലിനീകരണം ഇല്ലാത്ത  UK എന്ന  ചെല്ലപ്പേരിൽ വിളിക്കാവുന്ന ഉത്തരാഖണ്ഡ്. അവിടെ വെച്ച് എടുത്ത ഫോട്ടോകൾക്ക് 'from uk'എന്നു 

എഴുതി കൂട്ടുകാരികൾക്കയക്കാനും ഞാൻ മറന്നില്ല. അങ്ങനെ ഒരു നിമിഷമെങ്കിലും അവരെയൊക്കെ പറ്റിക്കാനും   ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും സാധിച്ച സന്തോഷത്തിൽ ഈ ഞാനും.



വസിഷ്ഠ ഗുഹ


 യോഗയ്ക്കും ധ്യാനത്തിനും പേരു കേട്ട ഋക്ഷികേശിൽ ,  പതിമൂന്നിലധികം ആശ്രമങ്ങളുണ്ടെന്നാണ് പറയുന്നത്. അതിൽ

അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആശ്രമം, പ്രശസ്ത ബാൻഡായ ' ബീറ്റിൽസ്' ലെ അംഗങ്ങൾ ഈ സ്ഥലത്ത് ധ്യാനം പരിശീലിക്കുകയും നിരവധി ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പിന്നീട് ബീറ്റിൽസിന്റെ ആരാധകരുടെ ഒരു പ്രശസ്ത സന്ദർശനസ്ഥലമായി മാറി. 'ചൗരാസി കുടിയ' എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം 2015 നു ശേഷം 'ബീറ്റിൽസ് ആശ്രമം' എന്നാണറിയപ്പെടുന്നത്.


ഞങ്ങൾ സന്ദർശിച്ച ' വസിഷ്ഠ  ഗുഹ', എന്ന ആശ്രമം, ഋക്ഷികേശിൽ നിന്ന് 25 കി.മീ. ദൂരെയായിട്ടാണ്. 

ചില ഗുഹകൾക്ക് മതപരമായ മൂല്യങ്ങളും പ്രശസ്തമായ ചരിത്രങ്ങളുമുണ്ട്.  വിദേശികളടക്കം പല തീർത്ഥാടകരും വിനോദസഞ്ചാരികളും സന്ദർശിക്കുന്ന സ്ഥലമാണ്.

 പേരിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ പുരാതന ഇന്ത്യയിലെ ഏഴു മഹാമുനിമാരിൽ മഹാനായ വസ്ഷ്ഠിന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.വസിഷ്ഠ ഋഷി വളരെക്കാലം ഇവിടെ ധ്യാനിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ഗുഹ ഋക്ഷികേശിലെ മനോഹരമായ ഒരു ധ്യാനസ്ഥലമാണ്. നിരവധി ആളുകൾ ധ്യാനത്തിനായി ഇവിടം സന്ദർശിക്കുന്നു.





മെയിൻ റോഡിൽ നിന്ന് ഗുഹയിലോട്ടുള്ള യാത്ര വളരെ ആയാസകരമാണ്. 

പാതകളും പടികളുമുണ്ടെങ്കിലും  ഇതൊന്നും ശീലമില്ലാത്തതു കൊണ്ട് കാലുകൾ പലപ്പോഴും ക്ഷീണിച്ചു മടുത്തു. ഒരു കുന്നിനടിയിലാണിത്. വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഒരാൾ ഞങ്ങളുടെ കൂടെ കൊച്ചുവർത്തമാനം പറഞ്ഞു കൊണ്ട് ഒരു ഗൈഡിനെ പോലെ കൂടെയുണ്ട്. 


ഗുഹ ഇരുണ്ടതും നീളമുള്ളതുമാണ്. വൃത്തിയായി പരിപാലിച്ചിരിക്കുന്നു. പ്രധാന പ്രതിഷ്ഠയുടെ അവിടെ നിന്നും വെള്ളം താഴോട്ടു വീഴുന്നുണ്ട്. അതിന് താഴെ പാറ കൊണ്ടുള്ള ചെറിയ സംഭരണിയിലേക്കാണ് വീഴുന്നത്. അതൊരുത്ഭവും പ്രസാദവും പോലെയുമാണ് അവിടെ വന്നവർ ആചരിക്കുന്നത്.

മൊബൈലിലെ വെളിച്ചത്തിലാണ് ഇതൊക്കെ കണ്ടത്. അത്രയും ഇരുട്ടാണ് അതിനുള്ളിൽ . ഗുഹക്ക് വെളിയിലായി ഒരു വരാന്തയുമുണ്ട്. ഞങ്ങൾ ചെന്നപ്പോൾ ഉച്ച സമയമായിരുന്നു. അവിടെ സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ടു കൂടിയായിരിക്കാം ശബ്ദമുഖരിതമായിരുന്നു. ധ്യാനിക്കാൻ പറ്റിയ സ്ഥലം   എന്ന കേട്ടറിവ് അത്ര ഉചിതമായി തോന്നിയില്ല.


ഗുഹയിൽ നിന്ന് 100-150 മീറ്റർ അകലെയായി ശാന്തമായി  ഗംഗാനദി ഒഴുകുന്നുണ്ട്. എന്നാൽ ആ 100 - 150 മീറ്റർ , മണലും ഉരുളൻകല്ലുകളുമൊക്കെയായി വേറെ ഏതോ ഗ്രഹത്തിലെത്തിയ പോലെ ! അതെല്ലാം നദിയുടെ അടിത്തട്ടാണെന്ന് കൂടെയുള്ള ആൾ. അദ്ദേഹത്തിന്റെ ഓർമ്മയിൽ നദി ഒരിക്കലും അത്രയും വിപുലമായി ഒഴുകിയിട്ടില്ല എന്നാണ് പറഞ്ഞത്. ഗംഗാനദിയിൽ കുളിക്കാനുള്ള സൗകര്യമുണ്ട്. ഈ ആശ്രമത്തിനോട് ചേർന്ന് താമസിക്കാനുള്ള സ്ഥലവും കണ്ടു.



അവിടെ നിന്ന് തിരിച്ചുള്ള യാത്രയ്ക്കിടെയിലാണ് , നിങ്ങൾ എന്താ പ്രസാദം മേടിക്കാഞ്ഞത്? ഗൈഡായി  വന്ന അദ്ദേഹത്തിന്റെ ചോദ്യം. പ്രസാദമെന്നത് ലഡു ആണെന്ന് ഞാനറിഞ്ഞില്ല. പൊതുവെ മധുരം ഇഷ്ടമുള്ള എനിക്ക് അതൊരു  നഷ്ടമായി. സ്വമേധയാ കൂടെ വന്ന ഗൈഡിന് ചെറിയൊരു സംഭാവന കൊടുത്ത് അവിടെ നിന്ന് യാത്ര പറയുമ്പോൾ, ഭക്തന്മാർക്ക്   മാത്രമല്ല ഇങ്ങനെയുള്ള ചിലർക്കും കൂടി ഒരു ആശ്രയമാണ് ഇത്തരം ആശ്രമങ്ങൾ എന്ന് തോന്നിപ്പോയി.





Dhanaulti


അമ്മയിൽ നിന്നും  മാറ്റിയ  കുഞ്ഞാടുകളുടെ കരച്ചിലോ മറുപടിയെന്നോണം ഉള്ള അമ്മയുടെ കരച്ചിലോ നിർദ്ദയം അവഗണിക്കുന്ന രീതിയിലായിരുന്നു ആ  ആട്ടിടയന്റേത്.പത്ത് - പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന അവന്, ആട്ടിൻ കൂട്ടങ്ങളെ കാടുകളിൽ മേയ്ക്കാൻ വിട്ടതിനു ശേഷം വേണം സ്കൂളിൽ പോകാൻ. പോകുന്ന വഴിക്ക് സ്കൂളിൽ പോകാനായി നിൽക്കുന്ന പെൺകുട്ടികളോട് 'ഹോം വർക്കിനെ പറ്റിയൊക്കെ അന്വേഷിക്കുന്നുണ്ട്. സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ ആടുകളെ തിരിച്ചു കൊണ്ടു വരുമോ എന്ന ഞങ്ങളുടെ ചോദ്യത്തിന്, "ഇല്ല അവർ തനിയെ തിരിച്ചു വരുമെന്നാണ് മറുപടി. മനോഹരമായ ആ ഗ്രാമക്കാഴ്ചകളെ  ചെറിയൊരു അസൂയയോടെയും കൗതുകത്തോടെയും  വീക്ഷിക്കുകയായിരുന്നു ഞാൻ. 




അടുത്തുള്ള സ്കൂളിലേക്ക് പോകാനായി കൂട്ടുകാരികളെ കാത്തുനിൽക്കുകയാണ് പെൺകുട്ടികൾ. ഹിന്ദി മീഡിയത്തിലാണ് പഠിക്കുന്നത്. ഇംഗ്ലീഷ് ഒരു ഭാഷയായിട്ട് പഠിക്കുന്നുണ്ട്. ഞങ്ങളുടെ ചോദ്യങ്ങൾക്ക് , അപരിചിതരോട് വർത്തമാനം പറയുന്ന ജാള്യതയും ചിരിയുമായിട്ട് ഉത്തരം പറയുമ്പോൾ, ഞങ്ങളോടുള്ള അവരുടെ  ആ പെരുമാറ്റം ഇഷ്ടപ്പെടാത്തതുകൊണ്ട്  അവിടെയുണ്ടായിരുന്ന  ഒരു പെട്ടിക്കടക്കാരൻ അവരെ വഴക്കു പറയുന്നുമുണ്ട്.   ആ രക്ഷാകർതൃസ്ഥാനം ഏറ്റെടുത്ത അയാളെ കണ്ടപ്പോൾ,എന്റെയെല്ലാം സ്ക്കൂൾ കാലത്തുണ്ടായിരുന്ന ആ 'ലോക്കൽ ഗാർഡിയൻ' മാരെയാണ് ഓർമ്മ വന്നത്. ബസ്സിലെ ഡ്രൈവറും കണ്ടക്ടറും മുറുക്കാൻ കടയിലെ അമ്മാവനും ഓട്ടോറിക്ഷാസ്റ്റാൻഡിലെ ചേട്ടന്മാരും എല്ലാവരും 'ലോക്കൽ ഗാർഡിയൻ' എന്ന സ്ഥാനം സ്വയം ഏറ്റെടുത്തവരായിരുന്നു. ഇന്ന് കേരളത്തിൽ നിന്ന് ശുഭകരമല്ലാത്ത വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെ ലോക്കൽ ഗാർഡിയൻസിന് എന്തുപറ്റി എന്നോർക്കാറുമുണ്ട്. അവിടുത്തെ സ്കൂളിൽ ഏകദേശം 300 കുട്ടികൾ  പഠിക്കുന്നുണ്ട്. പത്താം ക്ലാസ്സുവരെയുള്ള സർക്കാർ സ്കൂളാണത്.



ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ 'Dhanaulti' എന്ന സ്ഥലം സന്ദർശിച്ചപ്പോൾ കണ്ട ചില പുലർക്കാല കാഴ്ചകളാണിത്.ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർ പ്രദേശ്, എന്നിവയെല്ലാം ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളും ഡൽഹി പോലുള്ള നഗരത്തിന്റെ സാമീപ്യവും ഇതിനെ ഉത്തരാഖണ്ഡിന്റെ ജനപ്രിയ ശൈത്യ കേന്ദ്രമായി മാറ്റിയിരിക്കുകയാണ്.സമുദ്രനിരപ്പിൽ നിന്ന് 2286 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഹിമാലയത്തിന്റെ വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.







'ഗൂഗിളിന് എന്ത് അറിയാം' എന്ന മട്ടിലാണ് താമസിക്കുന്ന ഹോട്ടലിലുള്ളവർ ! eco Park യും സുർക്കന്ദ ദേവി ക്ഷേത്രവുമാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി ഗൂഗിൾ പറഞ്ഞിരിക്കുന്നത്. 

അവരുടെ അഭിപ്രായത്തിന്റെ ഭാഗമായിട്ടാണ്, ഏഴ്- എട്ട് കി.മീ ദൂരമുള്ള Digu 'water fall കാണാനായി ഞങ്ങൾ പുറപ്പെട്ടത്. വനം വകുപ്പുകാരുടെ അധീനതയിലുള്ള ആ സ്ഥലത്തെ വെള്ളച്ചാട്ടത്തിലേക്ക് എത്താൻ നല്ലയൊരു ട്രെക്കിംഗ് ആവശ്യമുള്ളതു കൊണ്ടാകാം തിരക്കും മാലിന്യങ്ങളുമില്ലാത്ത പ്രകൃതിയുടെ അമൂല്യ കാഴ്ച. ഞങ്ങൾ അവിടെ ചെന്നപ്പോൾ , 

 പ്രകൃതി ഒരുക്കി തന്നിട്ടുള്ള ആ ദൃശ്യവിധാനത്തിന് മുമ്പിൽ നിന്ന് ഫോട്ടോകൾ എടുക്കുന്ന തിരക്കിലാണ് അവിടെയുണ്ടായിരുന്നവർ. 

 കോളേജ് കുട്ടികൾക്ക്  അധികവും സെൽഫിയിലാണ് ശ്രദ്ധയെങ്കിൽ    യുവമിഥുനങ്ങൾ പലപ്പോഴും വിചാരിച്ച പോലെ ഫോട്ടോ വരാത്തതിന്റെ  നീരസത്തിലാണ്.  എന്നാൽ 68 വയസ്സുള്ള അമ്മാവനും അദ്ദേഹത്തിന്റെ  അനിയനും കൂടി വന്നിരിക്കുന്നത്, അമ്മാവൻ മരിക്കുമ്പോൾ ഇടേണ്ട പത്രവാർത്തയിൽ കൊടുക്കേണ്ട ഫോട്ടോ എടുക്കാനായിട്ടാണ്. ഓരോരുത്തരുടെയും ഫോട്ടോക്ക് വേണ്ടിയുള്ള ഭാവങ്ങൾ കാണാൻ രസകരം.





മഴവെള്ളമോ അല്ലെങ്കിൽ മഞ്ഞു ഉരുകിയുണ്ടാകുന്ന വെള്ളമാണ് വെള്ളച്ചാട്ടങ്ങളെ കൂടുതൽ സുന്ദരിയാക്കുന്നത്. വെള്ളച്ചാട്ടത്തെ തുടർന്നുള്ള അരുവിയും പാറക്കൂട്ടങ്ങളും നയന മനോഹരം. 



ഞങ്ങളും അവിടെയുണ്ടായിരുന്ന അമ്മാവനും അനിയനും കൂടിയായിരുന്നു മടക്കയാത്ര . വന്നതിനേക്കാളും ബുദ്ധിമുട്ടുള്ളതായിരുന്നു ആ യാത്ര. കാലൊന്ന് തെറ്റിയാൽ മിനുട്ടുകൾക്കകം താഴെ എത്താം എന്ന മട്ടിലാണ് പലസ്ഥലവും. പലയിടത്തും  ഞാൻ പേടിച്ചു നിന്നപ്പോൾ , അവർ ഓടിച്ചാടിയെല്ലാം പോകുന്നുണ്ട്. ഞങ്ങൾ' പഹാഡി 'കളെയല്ലേ( പഹാഡി , ഹിന്ദി വാക്കാണ്. മലയോരത്തിൽ വളർന്നവരല്ലെ) എന്നാണ് പറയുന്നത്.

പത്രത്തിൽ ഇടാനായി എടുത്ത ആളിന്റെ ഫോട്ടോ മാറി പോയോ ,  എന്ന സംശയത്തിലായി ഞാൻ!😉


ബദരീനാഥ് & കേഥാർനാഥ് ക്ഷേത്രങ്ങളിലേക്കുള്ള ഹെലികോപ്ടർ യാത്ര ആരംഭിക്കുന്നത്  ഉത്തരാഖണ്ഡിലെ ഡെറാഡൂണിലിൽ നിന്നു ആയതുകൊണ്ട് ഇടയ്ക്കിടെ ആ ശബ്ദവും കേൾക്കാം. 



.മഞ്ഞുകാലത്ത് ഇവിടെ കനത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ, നിരവധി വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. എന്നാലും

വേനൽ കാലത്തിന്റെ അവസാനമെന്നു പറയാവുന്ന ഒക്ടോബറിൽ മാസത്തിലെ ഞങ്ങളുടെ യാത്രയിൽ - ദേവദാരു, ഉയരമുള്ള ഓക്ക് വനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലത്തു കൂടെയുള്ള യാത്രയും മോശമല്ല.

 അതിനേക്കാളുപരി ശുദ്ധവായുവും നിശ്ശബ്ദതയുമാണ്  അവിടുത്തെ സൗന്ദര്യം കൂട്ടുന്നത്. അതൊക്കെ തന്നെയായിരിക്കണം ആ ഹിൽസ്റ്റേഷനിൽ  നിന്ന് തിരിച്ചു വരുമ്പോൾ, നമ്മളെ കൂടുതൽ ഊർജ്ജസ്വലരാക്കുന്നതും.




Rajaji National Park


മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരത കാണുകയും അതേ കുറിച്ചുള്ള വാർത്തകൾ   കേൾക്കുകയും വായിക്കുകയും  ചെയ്യുമ്പോൾ , ഇവരെല്ലാം സംഘടിച്ച് നമുക്ക് എതിരെ തിരിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. എന്തായാലും ഇവിടെ ഭാവനയിൽ എന്തു സംഭവിക്കുമെന്ന് ഓർക്കാനൊന്നും   സമയമില്ല. കുരങ്ങന്മാരെല്ലാം സംഘടിതരാണ്. ഭക്ഷണം കഴിക്കാനുള്ള കടയോട് ചേർന്നുള്ള മേശയും കസേരകൾക്കും ചുറ്റുമായി   ലോഹം കൊണ്ടുള്ള നെറ്റ് ഇട്ടിരിക്കുകയാണ്.ശരിക്കും നമ്മൾ  കൂടിനകത്തായതു പോലെ. .

 കൂടിനായി ഇട്ടിരിക്കുന്ന നെറ്റിൽ പിടിച്ച് നമ്മളെ നോക്കുകയും ശബ്ദമുണ്ടാക്കുകയും പല്ല് കാണിച്ച് പേടിപ്പിക്കാനും അവർക്ക് മടിയില്ല. ബഹളം കൂടുമ്പോൾ കടയിലുള്ളവർ വലിയ വടിയായിട്ട് എല്ലാവരേയും ഓടിക്കും. കുറച്ചു സമയത്തേക്ക് ശാന്തത. പിന്നെയും തഥൈവ. നമ്മുടെ കൈയ്യിലെ ബാഗ് തട്ടിപ്പറിക്കാനും ഫോട്ടോ എടുക്കുമ്പോൾ മൊബൈൽ കൊണ്ട് ഓടാനും അവർക്ക് മടിയില്ലായെന്നാണ് നാട്ടുകാർ പറയുന്നത്. ഉത്തരാഖണ്ഡിലെ രാജാജി നാഷണൽ പാർക്കിനടുത്തുള്ള ചില്ല എന്ന സ്ഥലത്തെ വഴിവക്കിലെ ഭക്ഷണശാലയിൽ നിന്നുള്ള അനുഭവമാണിതൊക്കെ.

ഋക്ഷികേശിന്റെയും ഹരിദ്വാറിന്റെയും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന 'ചില്ല' എന്ന സ്ഥലം.ഇന്ത്യയിലെ രാജാജി നാഷണൽ പാർക്കിന്റെ ഭാഗവും ഒരു വന്യ പ്രദേശവുമാണ്. 





ഇവിടെയുള്ള അണക്കെട്ടും  പവർ ഹൗസുമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. 1974 യിൽ ആരംഭിച്ച് 1980 പൂർത്തീകരിച്ചു. ഇതിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങളുടെ താമസം. തടി കൊണ്ട് ഉണ്ടാക്കിയിട്ടുള്ള കോട്ടേജുകളും പൂന്തോട്ടത്തിന്റെ മനോഹാരിതയും  ഗസ്റ്റ് ഹൗസിനടുത്തായിട്ടുള്ള അണക്കെട്ടിലെ വെള്ളം ഒഴുകുന്നതും സർക്കാർ ഗസറ്റ് ഹൗസുകളും ഒട്ടും മോശമല്ല എന്ന് പറയുന്നതായിരുന്നു കൂട്ടത്തിൽ പോക്കറ്റിലെ പഴ്സ് കാലിയാകുന്നതും വളരെ സാവധാനമാണെന്ന  സമാധാനവുമുണ്ട്. പക്ഷെ

'photography stricely prohibited' എന്ന ബോർഡ് കണ്ടപ്പോൾ, സർക്കാരിന്റെ അല്ലെ, എന്ന പതിവു വാചകം ചൊല്ലാതെ വയ്യല്ലോ? 






ഉത്തരാഖണ്ഡിലെ മൂന്നു ജില്ലകളിലായി 820 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ് രാജാജി ദേശീയോദ്യാനം . വിനോദ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും സന്തുലിതമാക്കുന്നതിനുമായി പ്രധാനമായും നാല് സഫാരി സോണുകളുണ്ട്.  തുറന്ന ജിപ്സി ജീപ്പിലുള്ള ജംഗിൾ സഫാരിയാണുള്ളത്. ആനക്കൂട്ടങ്ങൾ, പുലികൾ, പുള്ളിമാൻ, കടുവ ---- മൂന്നൂറിലധികം ഇനങ്ങളിൽ പെട്ട പക്ഷികളും ഇവിടെയുണ്ട്.




രാവിലെയും വൈകുന്നേരമാണ് കാട്ടിൽ കൂടി യാത്ര ചെയ്യാവുന്ന സഫാരി . മൂന്നു - നാലു മണിക്കൂറിലെ യാത്രയാണ്. രണ്ടു സൈഡും വനങ്ങളും അതിന്  നടുവിലൂടെയുള്ള ഓഫ് റോഡ് യാത്ര, അമ്പരപ്പും ഭീതിയുമാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് മൃഗങ്ങളെയൊന്നും കാണാതായപ്പോൾ animal planet tv യിൽ കണ്ടിട്ടുള്ള ചില tips വെച്ച് ഏതെങ്കിലും മൃഗങ്ങൾ അടുത്തുണ്ടോ എന്ന ഗവേഷണത്തിലായി. അടുത്ത കാലത്തുണ്ടായിരുന്ന മഴ കൊണ്ടായിരിക്കാം ഇരുവശങ്ങളും ഇടതൂർന്ന പച്ചപ്പ് ആയിരുന്നു. വണ്ടിയുടെ ശബ്ദം കാരണം അവിടെയവിടെയായി നിന്നിരുന്ന  മാനുകളും കാട്ടുപന്നിയും മറ്റും ഓടി മറഞ്ഞു. മൃഗങ്ങളെ കാണാത്തതു കൊണ്ട് കാട്ടിലുള്ള മരങ്ങളെ കുറിച്ചുള്ള വിവരണമായി ഗൈഡിന് . എട്ടുകാലി ഉണ്ടാക്കിയ giant spider web യായിരുന്നു പിന്നെ കണ്ട കൗതുകം. ഒരു ദിവസം കൊണ്ടാണ് അതുണ്ടാക്കുന്നത്.




പിറ്റേദിവസത്തെ രാവിലത്തെ സഫാരിക്കും ഞങ്ങൾ പോയിരുന്നു. ആനയ്ക്ക് ഇഷ്ടമുള്ള ഏതോ മരത്തിന്റെ അടുത്ത് കുറെ സമയം കാത്ത് നിന്നെങ്കിലും അവരൊക്കെ പിണക്കത്തിലാണെന്ന് തോന്നുന്നു. 



Pebble river jeep drive, ഗംഗാനദിയും എണ്ണമറ്റ ചെറുതും വലുതുമായ അരുവികൾ ആ നാഷണൽ പാർക്കിനെ സമ്പന്നവും വൈവിധ്യ പൂർണ്ണമാക്കിയിട്ടുണ്ട്. അങ്ങനെ പൊട്ടിച്ചിരിക്കുന്ന പുഴയുടെ വശത്തു കൂടെയും നാണം കുണുങ്ങിയൊഴുകുന്ന പുഴയെ മുറിച്ചു കടന്നും പുഴ യോട് ചേർന്നുള്ള ചില ഭാഗത്ത് ഇടി - മിന്നലിന്റെ ഭാഗമായി നശിച്ചു പോയ മരങ്ങളും പശ്ചാത്തലത്തിലുള്ള കുന്നുകളും മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.






ഡ്രൈവർ കൊണ്ടുപോയ ചായക്കടയിൽ ചെന്നപ്പോൾ, ട്ടെക്നോളജിയുടെ കാര്യത്തിൽ അവരും ഒട്ടും പുറകിലല്ല എന്ന മട്ടിലാണ്. ഗോതമ്പും മറ്റു ധാന്യങ്ങളും പൊടിപ്പിക്കുന്ന മിൽ  പ്രവർത്തിപ്പിക്കുന്നത്  അതിനടുത്ത് കൂടെ ഒഴുകുന്ന അരുവിയിലെ വെള്ളത്തിന്റെ ശക്തി ഉപയോഗിച്ചാണത്ര.  തണുപ്പ് കാലത്ത് ശരീരത്തിന് ചൂട് കിട്ടാനായി ആട്ടയുടെ കൂടെ 'മഞ്ചു വാ' ഇട്ടാണ് പൊടിക്കുന്നത്.  'മഞ്ചുവാ' കണ്ടാൽ റാഗി പോലെയുണ്ടെങ്കിലും അവരുടെ ഭാഷയിലെ മഞ്ചുവായും ഞങ്ങളുടെ ഭാഷയിലെ റാഗിയുടെയും സാമ്യം കണ്ടു പിടിക്കുന്ന തിരക്കിലായി. പിന്നീട് ഗൂഗിളുമായിട്ടുള്ള ആശയവിനിമയത്തിന്റെ ഭാഗമായി അതു

 രണ്ടും ഒരേ സാധനമാണ്. ട്ടെക്നോജിയുടെ കാര്യത്തിൽ ഞങ്ങളും മോശമല്ല എന്ന് സ്വയം അങ്ങനെ സമാധാനിച്ചു. തണുപ്പു കാലത്ത് റാഗി ശരീരത്തിന് ചൂട് തരും എന്നത് പുതിയ അറിവായിരുന്നു. 



നവംബർ മുതൽ ജൂൺ വരെയാണ് രാജാജി നാഷണൽ പാർക്ക് സന്ദർശിക്കാൻ അനുയോജ്യമായ സമയം.  മഴക്കാലത്ത് പാർക്ക് അടച്ചിടും. മൃഗങ്ങളായ ആനകളേയും പുലികളേയും

 കാണുന്നതിനെ കുറിച്ച്   പല അഭിപ്രായമാണ്. വേനൽക്കാലത്ത് വശങ്ങളിലെ പച്ചപ്പ് വരണ്ടുണങ്ങന്നതു കൊണ്ട് മൃഗങ്ങളെ കാണാനുള്ള ചാൻസ് കൂടുതലാണെന്നാണ് ചിലവരുടെ അഭിപ്രായം. എന്നാൽ ഇവരെയൊക്കെ കാണാനായി കാട്ടിലൊന്നും പോകേണ്ട അവർ ചിലപ്പോൾ നാട്ടിലേക്ക് ഇറങ്ങാറുണ്ടെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. എന്തായാലും പ്രകൃതിരമണീയതയ്ക്കും പ്രകൃതി സ്നേഹികൾക്കും ഒരു പറുദീസയാണ് ഈ പാർക്ക് എന്നതിന് ഒരു സംശയവുമില്ല.



ഹരിദ്വാർ



 ജഡ പിടിച്ച ആ സന്യാസിയുടെ കൂടെ ഒരു സെൽഫി എടുത്താലോ, മനസ്സിലൊരു കുസൃതി !  കൂടെയുള്ള ആളോട് ചോദിക്കാനൊരു പേടി - ഈ ഫോട്ടോ അയച്ചു കൊടുക്കുമ്പോൾ കൂട്ടുകാരുടെ അടുത്തു നിന്നുണ്ടാകുന്ന അഭിപ്രായങ്ങളെ കുറിച്ചോർത്തപ്പോൾ പിന്നീട് സ്വയം വേണ്ടെന്ന് വെച്ചു.  എന്നാലും അവരെ കണ്ടപ്പോൾ മനസ്സിലേക്ക് ഓടി വന്നത് അമ്മയെയാണ്. ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ വീടിനടുത്ത് താമസിക്കുന്നവരിലൊരാൾക്ക് ജഡയുണ്ടായിരുന്നു. ഏതോ ദേവിയുടെ അനുഗ്രഹമായിട്ടാണ് അവർ കരുതിയിരുന്നത്. എന്നാൽ ശരിക്കും  കുളിക്കാത്തതു കൊണ്ടാണ് അങ്ങനെയുണ്ടാവുന്നതെന്നാണ് അമ്മയുടെ ഭാഷ്യം. അതുകൊണ്ടു തന്നെ വൃശ്ചിക മാസത്തിലെ തണുപ്പിൽ  തണുത്ത വെള്ളത്തിൽ  വല്ലപ്പോഴും നടത്തിവരുന്ന  'കാക്ക കുളി ' കാരണം ജഡയുണ്ടാകുമോ എന്ന ഭയം എനിക്ക് പലപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു.



" ദൈവത്തിലേക്കുള്ള കവാടം" എന്നറിയപ്പെടുന്ന ഹരിദ്വാർ ,  

ഹൈന്ദവരുടെ ഏറ്റവും പ്രധാനമായ തീർത്ഥാടന കേന്ദ്രമാണ്. 

സംസ്ഥാനത്തെ നാലു തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടം.  ഗംഗ, യമുന എന്നീ പുണ്യനദികളുടെ പ്രഭവ കേന്ദ്രത്തിലേക്കുള്ള യാത്രയും ഹരിദ്വാറിലാണ്. ഹരി എന്ന വിഷ്ണു, ഹരൻ എന്നാൽ ശിവൻ , ഇവർ അധിവസിക്കുന്ന സ്വർഗ്ഗത്തിലേക്കുള്ള കവാടം എന്ന അർത്ഥത്തിലാണ് ഹരിദ്വാർ പേരുണ്ടായത് എന്ന് പറയുന്നു . ഇതിഹാസപുരാണങ്ങളുമായി വളരെയധികം ബന്ധമുണ്ട്. കപില മഹർഷിയുടെ ശാപത്തെ തുടർന്ന് നാമാവശേഷമായ തന്റെ പൂർവികരുടെ ആത്മാക്കൾക്ക് 

ശാന്തിയേകാനായി ഭഗീരഥൻ എന്ന രാജാവ് തപസ്സ് നടത്തിയത് ഹരിദ്വാറിലാണ്. ഈ തപസ്സിന്റെ ഫലമായാണ് ഗംഗാനദി ഭൂമിയിൽ എത്തി എന്നാണ് ഐതിഹ്യം.എന്തായാലും നമ്മുടെ കുഞ്ഞൻ വൈറസിന്റെ പിടി ഇവിടേയും മുറുകിയതിനാലാവാം ഏതോ ഉത്സവം കഴിഞ്ഞുള്ള പറമ്പു പോലെയാണ് ആ പ്രദേശം. 



പാലാഴിമഥന ശേഷം ലഭിച്ച അമൃത് ഗരുഡൻ കൊണ്ടുപോകുന്നതിനിടയിൽ ദേവന്മാരുടെ കൈയിൽ നിന്നും അബദ്ധത്തിൽ തുളുമ്പി തെറിച്ചു വീണ ഇടങ്ങളിൽ ഒന്നാണിത്. ഈ വിശ്വാസ പ്രകാരമാണ് മൂന്ന് വർഷത്തെ ഇടവേളയിൽ നാല് സ്ഥലങ്ങളിലായി   കുംഭമേള നടത്തുന്നത്. ഇതു കൂടാതെ ലക്ഷക്കണക്കിനു ഭക്തർ ഓരോ വർഷവും തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ എന്ന വിശ്വാസത്തിൽ ഇവിടെ എത്തി ഗംഗയിൽ കുളിക്കുന്നു.  ഒരു സംസ്കാരത്തിന്റെ ആഘോഷമായ കുംഭമേളയിൽ പങ്കെടുക്കാൻ 214 കി.മീ. ദൂരമുള്ള ഡൽഹിയിൽ നിന്നും മറ്റും നഗ്ന പാദങ്ങളാൽ നടന്നു പോകുന്ന ഭക്തരെ അത്ഭുതത്തോടെയാണ് ഞാൻ നോക്കി കാണാറുള്ളത്. 



ഇന്ത്യയിലെ പുണ്യനദിയായ ഗംഗക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് ഗംഗാ ആരതി.  ഒരു ദേവതായി ആരാധിക്കുന്നു. ഗംഗാനദിയിൽ നടത്തുന്ന ആരതി എന്ന ആരാധന വളരെ പ്രസിദ്ധമാണ്.

രാവിലെയും വൈകുന്നേരവുമാണ്  ആരതിക്കുള്ള സമയം.  സൂര്യോദയവും സൂര്യാസ്തമയവും  അനുസരിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.  ഇതിൽ പങ്കെടുക്കാനായി ധാരാളം പേർ ഗംഗാ നദിയുടെ ഇരുകരകളിലും ഒത്തു കൂട്ടാറുണ്ട്.



'നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ', ഓരോത്തരുടെയും വിശ്വാസങ്ങളെ അങ്ങനെ കാണാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.

അതുകൊണ്ടു തന്നെ മറ്റു  മതവിശ്വാസികൾക്ക് ക്ഷേത്രത്തിനകത്തേക്ക്  പ്രവേശനമുണ്ടോ എന്ന് അന്വേഷിക്കാനും പോയില്ല. അവിടെയൊക്കെ കറങ്ങി നടക്കുമ്പോൾ ഒരു പാട് ഓർമ്മകളാണ് അയവിറക്കാനുണ്ടായിരുന്നത്. പഠനമെല്ലാം തിരുവനന്തപുരത്തും   കൂട്ടുകാരികൾ ഹിന്ദു വിശ്വാസികളായതുകൊണ്ട് അവരുടെ കൂടെ അമ്പലത്തിൽ പോകാനും പ്രസാദമായി കിട്ടുന്ന ചന്ദനം പൊട്ടിന് മുകളിൽ ഭംഗിയായി ചാർത്താനൊക്കെ താൽപ്പര്യമുണ്ടായിരുന്നു.  ഇതിനൊന്നും വീട്ടിൽ വിലയ്ക്ക് ഇല്ലാത്തതുകൊണ്ടായിരിക്കാം പിന്നീട്  അതിനോടുള്ള പുതുമയും താനെ നഷ്ടപ്പെട്ടു.


സിനിമയിൽ കൂടി മാത്രം കണ്ടിട്ടുള്ള ആ പുണ്യഭൂമിയൊക്കെ കാണാൻ സാധിച്ച സന്തോഷത്തിൽ തിരിച്ച് താമസ്ഥലത്തേക്ക് ----.. 







4/21/21

Deeg Palace - Rajasthan

 രാജസ്ഥാനിലൂടെ -----

ഡീഗ് പാലസ് 




" അനിയത്തിയെ കാണിച്ച് ചേച്ചിയുടെ കല്യാണം നടത്തുനതിനെ പറ്റി കേട്ടിട്ടുണ്ട്. ഈ യാത്ര കഴിഞ്ഞു വന്നപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്. മനോഹരമായ Website ലെ ചിത്രം കണ്ട് യാത്ര പുറപ്പെട്ട ഞങ്ങൾക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാകുന്നില്ല. 


രാജസ്ഥാൻ എന്ന് പറഞ്ഞാൽ രാജാക്കന്മാരുടെ നാട് എന്നാണ്. രാജകീയതയും ആഢംബരമൊക്കെയായി ഒട്ടേറെ രാജാക്കന്മാർ ഇവിടെ ഭരിച്ചു കടന്നുപോയിട്ടുണ്ട്. രാജാസ്ഥാനിലെ ആഗ്രക്കും ഡൽഹിക്കും ഇടയിലുള്ള ഡീഗ് പാലസിനും പറയാനേറെയുണ്ട്. രാജസ്ഥാന്റെ മുക്കിലും മൂലയിലും ചരിത്രം ഉറങ്ങുന്നു എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇവിടത്തെ ചരിത്ര വിശേഷങ്ങൾ രസകരമായിരിക്കുന്നു.


മുഗൾ , തുർക്കികൾ, മുസ്ലിംകൾ അവരുടെയെല്ലാം ആക്രമണത്തിന് മുൻപ്  18-ാം നൂറ്റാണ്ടിൽ വിവിധ ജാട്ട് വംശജരാണ് രാജസ്ഥാൻ ഭരിച്ചിരുന്നത്. ജാട്ട് രാജാക്കന്മാരുട വേനൽക്കാല വസതിയാണിത്. 1721-യിൽ സിംഹാസനത്തിലെത്തിയ രാജാവ് ഇവിടെയൊരു കൊട്ടാരം പണിതു. പല പ്രാവശ്യം ആക്രമണങ്ങൾ നേരിടേണ്ടി വന്നതു കൊണ്ട് അദ്ദേഹത്തിന്റെ മകൻ  സൂരജ് മാൾ കൊട്ടാരത്തിന് ചുറ്റും കോട്ട നിർമ്മിച്ചു. കോട്ടയിൽ കൂറ്റൻ മതിലുകളും ആഴത്തിലുള്ള കായലും ഉണ്ടായിരുന്നു.അതുകൊണ്ടായിരിക്കാം ഇതിന്  ജൽ മഹൽ എന്നും പേരുണ്ട്. ചുറ്റുമുള്ള കായൽ, മാലിന്യങ്ങളും sewage യൊക്കെയായി ഇന്ന് നമ്മൾ കണ്ടുവരുന്ന ഏതൊരു കായൽ പോലെയായിട്ടുണ്ട്.




"കക്കാൻ അറിഞ്ഞാൽ പോരാ നിൽക്കാനും അറിയണം എന്നാണ് പഴഞ്ചൊല്ലെങ്കിലും   സൂരജ് മാൾ രാജാവ്  അതിനും ഒരു പടി മുന്നിലാണെന്ന് തോന്നുന്നു.ഡൽഹി പിടിച്ചടക്കിയ ശേഷം ചെങ്കോട്ട കൊള്ളയടിച്ചു.  കൊള്ളയടിച്ച മാർബിൾ കെട്ടിടം ഉൾപ്പെടെ പലതും ഡീഗിൽ പുനർനിർമ്മിച്ചു. അതുപോലെ ഊഞ്ഞാലാടാനുള്ള മാർബിളിന്റെ സ്തംഭം (stand) ആഗ്രയിൽ നിന്നും കൊണ്ടുവന്നുവെന്നാണ് പറയുന്നത്. എന്തായാലും മുഗൾ രാജാക്കന്മാരുടെയവിടെ നിന്നും കൊള്ളയടിക്കപ്പെട്ട പലതും കാണാവുന്ന ഒരേയൊരു സ്ഥലമാണിത്.




ആഗ്രയിലേയും ദില്ലിയിലേയും മുഗൾ വാസ്തുവിദ്യകളുടെ മഹത്വം ഇവിടേയും കാണാം. ഉദ്യാനവും അതിന്റെ കേന്ദ്രത്തിലെ നടപ്പാതയുമെല്ലാം മുഗൾ ചാർബാഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ഉണ്ടാക്കിയിട്ടുള്ളതാണ്. പറഞ്ഞിട്ട് നോക്കുമ്പോൾ ശരിയാണ് ആഗ്രയിലും ഇങ്ങനെയൊക്കെയാണല്ലോ.


മറ്റൊരു അതിശയമായി തോന്നിയത്, കോട്ടയെ നിരവധി മാളികളായി തരം തിരിച്ചിരിക്കുന്നു. അതിലെ  കേശവ് ഭവൻ /മൺസൂൺ പവലിയൻ - വേനൽക്കാലത്തെ താപനില കുറക്കുക എന്ന ഉദ്ദേശ്യത്തോടെ 2 വലിയ വാട്ടർ ടാങ്കുകളിൽ നിന്ന്

2000 ത്തിൽ കൂടുതൽ ഫൗണ്ടൻ വെച്ച് മഴയും നൂറു കണക്കിന് മെറ്റൽ ബാളുകൾ ജല സമ്മർദ്ദം ഉപയോഗിച്ച് ഉരുട്ടിക്കൊണ്ടിരിക്കുന്നു. ഇത് ഇടിമിന്നൽ പ്രതീതിയുണ്ടാക്കുന്നു.അങ്ങനെ ആകെ മൊത്തം മൺസൂൺ അന്തരീക്ഷം സൃഷ്ടിക്കുന്നു.250 വർഷം മുൻപ് നിർമ്മിച്ച ഇവ ഇപ്പോഴും വർഷത്തിൽ രണ്ടു തവണ  പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം October ലും പിന്നെ  north India യുടെ പേര് കേട്ട ഹോളിക്കുമാണ് പ്രവർത്തിക്കാറുള്ളത്. അതിനായിട്ട് അതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടപ്പോൾ വെറുതെ കണ്ണും തള്ളി വായും പൊളിച്ച് നിൽക്കാനെ സാധിച്ചുള്ളൂ. അവരൊക്കെ ഏത് കോളേജിലാണാവോ പഠിച്ചത്?


ഗൈഡ് എന്ന് പറയാൻ പ്രത്യേകിച്ച് ആരുമില്ലയെങ്കിലും അവിടത്തെ സെക്യൂരിറ്റിക്കാരൻ തന്നെയാണ് ഗൈഡിന്റെ കർത്തവ്യവും ഏറ്റെടുത്തിരിക്കുന്നത്. കൂടെയുള്ളവരിൽ പലരും അയാളിൽ വിശ്വാസമില്ലാതെ ഗൂഗിളിലാണ് ആശ്രയിച്ചിരിക്കുന്നത്. ഗൂഗിളും അദ്ദേഹത്തിന്റെ വിവരണവുമൊക്കെയായി അവിടത്തെ വിവരണങ്ങൾ ഞങ്ങൾ മനസ്സിലാക്കി എടുക്കുകയായിരുന്നു. അതുകൊണ്ടൊക്കെയായിരിക്കാം ടൂറിസ്റ്റുകാരുടെ ലിസ്റ്റിൽ  ഇല്ലാത്ത ഒരു സ്ഥലമാണിത്. അധികം കേട്ടിട്ടു പോലുമില്ല.വേണമെങ്കിൽ മറഞ്ഞിരിക്കുന്ന നിധി എന്നു തന്നെ പറയാം. 


ബന്ധപ്പെട്ട അധികാരികൾ നന്നായി കൈകാര്യം ചെയ്തിരുന്നെങ്കിലെന്ന് വെറുതെയൊരാശ !







1/8/21

Rajasthan _ Patan Mahal

 "Surf Excel ഉണ്ടല്ലോ, അപ്പോൾ കറ നല്ലതല്ലേ " - എന്ന് പറയുന്നതു പോലെയാണ് ആ  വഴിയിലെ ഗതാഗത തടസ്സങ്ങളോടും  അതിനെ തുടർന്നുള്ള ഹോണടികളോടും  അതു വഴി പോകുന്ന ഓരോ വാഹനത്തിലുള്ളവരുടെ  മനോഭാവം. അവർ അതൊക്കെ ആസ്വദിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷമുള്ള പലരുടേയും കുടുംബമൊത്തുള്ള യാത്രയാണിത്. ഡൽഹിയിലെ കർഷക സമരമായതുകൊണ്ട് പല ഹൈവേകൾ  അടച്ചിട്ടിരിക്കുന്നതും വർഷാവസാന അവധി ആഘോഷിക്കാനുള്ളവരുടെ യാത്രകളുമൊക്കെയായി വഴികളിൽ പതിവിൽ കൂടുതൽ വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. കൂട്ടത്തിൽ എങ്ങനെയെങ്കിലും ആദ്യം എത്തണം എന്ന മത്സരബുദ്ധി വണ്ടിയോടിക്കുന്നവർക്ക് മാത്രമല്ല വാഹനത്തിലുള്ളവർക്കെല്ലാമുണ്ട്. അതിനായിട്ടുള്ള തിക്കിത്തിരക്കി  ഓടിക്കലും ഹോണടിയുമൊക്കെയായി ആകെ ബഹളമയം. എന്നാൽ 'first' എന്നത് ഞങ്ങളുടെ അവകാശമെന്ന രീതിയിലാണ് ഇരുചക്ര വാഹനങ്ങൾ. അതിനായിട്ട് വഴിയിലെ വശങ്ങളിലെ മണ്ണിൽ കൂടിയും ഭീമാകാരമായ ട്രക്കുകൾക്കിടയിലൂടെയൊക്കെയായി ഞങ്ങളും കുതിക്കുകയാണ്. രാജസ്ഥാനിലെ Patan Mahal ലേക്കാണ് ഈ യാത്ര.


GPS പറഞ്ഞതനുസരിച്ച് പ്രധാന വീഥിയിൽ നിന്നും മാറി യാത്ര തുടരുമ്പോൾ , വഴിയിൽ ഒന്നോ രണ്ടോ കടകൾ കണ്ടാലായി. വെയിലു കൊള്ളുന്ന ഏതാനും വൃദ്ധരേയും തലയും മുഖവും മറച്ച രാജസ്ഥാനി സ്ത്രീകളും മഹലിലേക്കായി പോകുന്ന വാഹനങ്ങളെ ഒക്കെ ആശ്ചര്യത്തോടെ നോക്കി നിൽക്കുന്ന കുട്ടികളും. അപ്പോഴേക്കും  GPS പണിമുടക്കിയിട്ടുണ്ടാകും. പിന്നീടുള്ള യാത്ര ഇവരുടെ സഹായത്തോടെയായിരിക്കും. ഇതൊക്കെ രാജസ്ഥാനിന്റെ പ്രത്യേകതകളാണെന്ന് പറയാം.


മഹലിൽ എത്തുന്നതോടെ വീണ്ടും പരിഷ്ക്കാരത്തിന്റെ ലോകമായി. അവർ നീട്ടിയ  വെൽക്കം ഡ്രിങ്ക് കുടിച്ചു കൊണ്ട് അവിടെയെല്ലാം ചുറ്റിക്കറങ്ങി നടക്കുന്നതിനിടയിൽ, ഇന്ത്യൻ ചരിത്രത്തിലെ അവസാനത്തെ മഹത്തായ യുദ്ധങ്ങളിലൊന്നായ പത്താൻ യുദ്ധം കേട്ടിട്ടില്ലെ എന്ന ചോദ്യത്തിന് മുൻപിൽ , തന്ന വെൽക്കം ഡ്രിങ്കിലെ അടിയിൽ അലിയാതെ കിടക്കുന്ന പഞ്ചസാര അലിയിപ്പിച്ചെടുത്ത് കുടിക്കുന്ന തിരക്കിലായിരുന്നു ഞാൻ. കൂട്ടത്തിലുള്ളവരിൽ നിന്നും മറുപടി കിട്ടാത്തതു കൊണ്ടായിരിക്കാം അദ്ദേഹം തുടർന്നു.

പൃഥിരാജ് ചൗഹാന് മുൻപുള്ള അവസാന ഹിന്ദു ചക്രവർത്തി ദില്ലി ഭരണാധികാരിയുടെ പിൻഗാമിയായിട്ടാണ് അറിയപ്പെടുന്നത്.

ചുമരുകളിൽ കണ്ട ആദ്യത്തെ ഫോട്ടോയിൽ രാജാവും 3 മക്കളും ജനങ്ങളുമൊക്കെയാണ്. അടുത്ത ഫോട്ടോയാകുമ്പോഴേക്കും ഏതാനും വെള്ളക്കാരേയും കൂടെ അതിൽ കാണാം. പണ്ട് സിനിമാ പോസ്റ്ററുകൾ കണ്ട് സിനിമാക്കഥ ഊഹിച്ചെടുക്കുന്നതു പോലെ അവിടത്തെ ചരിത്രം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.


ജയ്പൂരിലെ 70 മൈൽ വടക്ക് കിഴക്കായിട്ടുള്ള  രാജസ്ഥാനിലെ ചരിത്ര നഗരമായ പടാൻ . 13-ാം നൂറ്റാണ്ടിലെ പഴയ ഈ മഹൽ "Rao Digvijay Sing Patan ന്റെയും കുടുംബത്തിന്റേയും പൂർവ്വിക വസതിയാണിത്. എല്ലാ ആധുനിക സൗകര്യങ്ങളുള്ള 19 മുറികൾ ഉള്ള ഹെറിറ്റേജ് ഹോട്ടലാണിന്ന്. വായുസഞ്ചാരമുള്ളതും വലുപ്പം കൂടിയ കിടപ്പുമുറികളും അതിനേക്കാൾ വലുപ്പം കൂടിയ ബാത്ടബ്ബ് അടക്കമുള്ള ബാത്ത് റൂമുകളും പഴയ സിനിമകളിൽ കാണുന്ന പോലത്തെ ഫർണീച്ചറുകളും എല്ലാം കൂടെ ഏതോ പഴയ തറവാട്ടിൽ എത്തിയ പ്രതീതി. ഫ്ളാറ്റിൽ വളർന്ന കുട്ടികൾക്ക് അവിടെ നിന്ന് ക്രിക്കറ്റ് കളിക്കാൻ തോന്നിയാൽ കുറ്റം പറയാനാകില്ല.  ചുമരിലേയും മേൽക്കൂരയിലേയും മനോഹരമായ പെയിന്റിംഗുകൾ രാജസ്ഥാനി കരകൗശല വിദഗ്ദ്ധരുടെ  കഴിവുകൾ കാണാം. പഴയ രീതിയിലുള്ള ഗോവണികളും സ്വിച്ചുകളും ഓരോ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു. രാജകീയവും മനോഹരവുമായ മഹൽ.



ഇങ്ങനെയുള്ള സ്ഥലങ്ങളിലെ പ്രധാന ആകർഷണമെന്ന് പറയുന്നത് അവിടുത്തെ നിശ്ശബ്ദതയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ട്രെക്കിംഗിന് അവസരമൊരുക്കുന്ന ബദൽഗഡ് മഹലും അതിന് മുകളിലുള്ള കോട്ടയുമുണ്ട്. കോട്ട ഇന്നു വരെ ആർക്കും ആക്രമിച്ച് കീഴടക്കാൻ സാധിച്ചിട്ടില്ലാത്ത ചുരുക്കം ചില കോട്ടകളിലൊന്നാണിത്. ഫ്രഞ്ചുകാരുടേയും മറാത്തക്കാരുടേയും സംയുക്തസേനയാണ് അവസാനമായി കീഴടക്കാൻ ശ്രമിച്ചത്. 


Organic farm യാണ് മറ്റൊരാകർഷണം. നെല്ലിക്കാ മരത്തിൽ  നിന്ന് ഉണ്ടായി വരുന്ന നെല്ലിക്ക പറിച്ചു കഴിഞ്ഞപ്പോൾ …. എന്റെമ്മോ!

അവിടെ നിന്ന് പറിച്ചെടുത്ത റാഡിഷ്  കറമുറ തിന്നുമ്പോൾ ….yummy.

പൂത്തുലഞ്ഞ് നിൽക്കുന്ന കടുക് ചെടികൾ …. മനോഹരമായ കാഴ്ച . 

ചില ചെടികളുടെ വിത്തുകൾ അവിടെ നിന്ന് സംഘടിപ്പിച്ചപ്പോൾ ... സന്തോഷം.

പുതിന ഇല, മല്ലിയില, തണുത്ത് വിറച്ചു നിൽക്കുന്ന വാഴകൾ, പേരമരങ്ങൾ, മാവുകൾ കിണർ വൃത്തിയായി തോന്നിയില്ലെങ്കിലും അതിന് ചുറ്റുമുള്ള അടയ്ക്കാ കുരുവികളുടെ കൂടുകൾ …. എല്ലാം കൂടെ കേരളത്തിലെ ഏതോ പറമ്പിൽ എത്തിയോ എന്ന് സംശയം. വർഷാവസാനം കേരളത്തിൽ പോകാൻ പറ്റാത്ത വിഷമം അങ്ങനെ തീർത്തു.


ചരിത്രത്തിലും മനോഹാരിതയിലും നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലത്ത് നിന്ന്  യാത്ര പറയുമ്പോൾ, വാരാന്ത്യം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം. കഴിഞ്ഞ ഏതാനും നാളുകളായിട്ടുള്ള online ജോലി / പഠനത്തിൽ നിന്നുള്ള മോചനം. തിരിച്ചുള്ള യാത്ര പുറപ്പെടുമ്പോൾ ശരീരവും മനസ്സും ആകെയൊന്ന് റീചാർജ്ജ് ചെയ്തതുപോലെ….



Himachal Pradesh- Nahan & Chail

 ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള 18ാം മത്തെ സംസ്ഥാനമായ ഹിമാചൽ പ്രദേശ് . നിരവധി കൊടുമുടികളുടേയും ഒട്ടേറെ നദികളുടേയും ഉത്ഭവസ്ഥാനമാണിവിടെ.  ഷിംലയാണ്  തലസ്ഥാനം.  ഷിംല, കുളു, മണാലി ധർമ്മശാല  അങ്ങനെ പലതരം ഹിൽ സ്റ്റേഷനുകളും  ഐസ് സ്‌കേറ്റിംഗ് , റാഫ്റ്റിംഗ് , പാരാഗ്ലൈഡിംഗ് ---- സാഹസിക ടൂറിസത്തിനും  അതുപോലെ  പല പേരുകേട്ട ഹിന്ദുതീർത്ഥാടന കേന്ദ്രങ്ങളൊക്കെയായി ലോകമെമ്പാടുള്ള വിനോദ സഞ്ചാരത്തിന് പേര് കേട്ട സ്ഥലമാണിത്. പ്രാദേശികമായി Land of God എന്നറിയപ്പെടുന്നു. 



വീട്ടിലിരുന്ന് മടുത്ത കൊറോണക്കാലവും  unlockdown 5 ലെ ആനുകൂല്യങ്ങളും മൂന്നു - നാലു ദിവസത്തെ അവധികളും എല്ലാം കൂട്ടി ചേർത്തുള്ള യാത്രയായതു കൊണ്ട് അധികം തിരക്കില്ലാത്ത സ്ഥലത്തിനായിരുന്നു മുൻഗണന. ഹിമാചൽ പ്രദേശത്തിലെ  ശിവാലിക്ക് പർവ്വതനിരകൾക്കിടയിലെ  നഹാൻ എന്ന കൊച്ചു പട്ടണമാണ് തിരഞ്ഞെടുത്തത്. പക്ഷെ ഞങ്ങൾ ചെന്ന സ്ഥലങ്ങളിലെല്ലാം സന്ദർശകരുടെ തിരക്കിന് കുറവില്ലായിരുന്നു. ഞങ്ങളെ പോലെ തന്നെ എല്ലാവരും വിചാരിച്ചുവെന്ന് തോന്നുന്നു,. എന്നാലും ആരും  പരസ്പരം പരിചയപ്പെടാനോ സൗഹൃദ സംഭാഷണത്തിനൊ ഇല്ല.  പറയാതെ പറഞ്ഞ് ഒരകലം സൂക്ഷിക്കുകയാണ് അതിഥികൾ . സാമൂഹിക അകലവും സ്വയം സുരക്ഷയുമൊക്കെയായി  മാസ്കിലും സാനിറ്റൈസറിലേക്കും ഒതുങ്ങിയിരിക്കുന്നു.


സമുദ്രനിരപ്പിൽ നിന്ന് 932 മീറ്റർ ഉയരത്തിലാണിത്.

നവംബർ മുതൽ ജനുവരി വരെ മഞ്ഞുവീഴ്ചയുമുള്ള സ്ഥലമാണ്. അതുകൊണ്ടായിരിക്കും ഒക്ടോബറിലെ യാത്രയിൽ സൂര്യൻ തലക്ക്

 മുകളിൽ വന്നിട്ടും   താഴ് വാര കാഴ്ചകളും പൈൻ മരങ്ങളും പാതയോരത്ത് ഉണ്ടായിനിൽക്കുന്ന കാട്ടുപൂക്കളും അതിന്റെ സൗരഭ്യവുമൊക്കെ ആസ്വദിച്ചു കൊണ്ടുള്ള യാത്രയായിരുന്നു.

ഒറ്റനോട്ടത്തിൽ മനോഹരമായ ഒരു  മലയോര ഗ്രാമം.സ്ഥിരമായി കാണുന്ന നഗരക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായവ.

ട്രെക്കിംഗിന്  പേര് കേട്ട സ്ഥലമാണിവിടെ.


പല ദേശങ്ങളിലെ വിചിത്രമായ സംഭവങ്ങളിലൊന്നായിട്ടാണ് 'രേണുകാ ജി' തടാകവും മീനുകളും. പരശുരാമന്റെ  മാതാവ് രേണുകാദേവിയുടെ പേരിലാണ് ഈ തടാകം. രേണുകാ ജി യുടെ ഒരു ക്ഷേത്രം തടാകത്തിന്റെ കരയുടെ ഒരു വശത്തുണ്ട്. ഹിമാചൽ പ്രദേശത്തിന്റെ ഏറ്റവും വലിയ തടാകമാണിത്. തടാകത്തിൽ ബോട്ട് സഫാരിയുണ്ടെങ്കിലും കൊറോണയുടെ ഭാഗമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ തടാകത്തിലുള്ള മീനുകൾ , മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണെങ്കിലും നമുക്ക്  ഭക്ഷണം കൊടുക്കാം. അതിന്റെ മേന്മ അവരെ കാണുമ്പോൾ തന്നെയറിയാം. എല്ലാവരും തടിച്ചി / തടിയന്മാരായി നമ്മളെ യാതൊരു പേടിയുമില്ലാതെ അങ്ങോട്ടേക്കുള്ള പടികളുടെ അടുത്തു വരെ വരുന്നുണ്ട്. ഞങ്ങൾക്ക് കഴിക്കാനായി മേടിച്ച ഭക്ഷണം അവർക്ക് കൊടുത്ത് ആ കാഴ്ച കൂടുതൽ മനോഹരമാക്കി.


Jaitak Fort


ചരിത്രത്തിലേക്ക് എത്തി  നോക്കാൻ പറ്റിയ സ്ഥലം. താമസിക്കുന്ന സ്ഥലത്ത് നിന്ന് ഏകദേശം 25km  ദൂരമുണ്ട്. നഹാൻ കൊട്ടാരവും കോട്ടയും ആക്രമിച്ച് കൊള്ളയടിച്ചതിനു ശേഷം ഗൂർഖ നേതാവും കൂട്ടരും ചേർന്നാണ് ഈ കോട്ട പണിതതെന്ന് കരുതുന്നു. കുന്നിൻ മുകളിലുള്ള ഈ കോട്ട അന്നത്തെ രാജയുടെ സൈന്യത്തിന്റെ  'വാച്ച് പോയിന്റുകളിലൊന്നാണിത്.  ചെറിയ ഒരു കോട്ടയാണെങ്കിലും   ചുറ്റിനും മനോഹരമായ കാഴ്ച സമ്മാനിക്കുന്നു. സഞ്ചാരികളായി  ഞങ്ങൾ മാത്രമായതുകൊണ്ട് കോട്ട നമുക്ക് സ്വന്തം പോലെ .


Shivalik Fossil Park


ഏഷ്യയിലെ ഏറ്റവും വലിയ ഫോസിൽ പാർക്ക് ഇവിടെയാണ്. വംശനാശം സംഭവിച്ച ആറു മൃഗങ്ങളുടെ ജീവിത വലുപ്പത്തിലുള്ള ഫൈബർ ഗ്ലാസ്സ് മോഡലുകളുടെ എക്സിബിഷനും ഫോസിലുകളും പ്രദർശിപ്പിച്ചിരിക്കുന്നു.



Ranital


താൽ എന്ന് വെച്ചാൽ തടാകം. അന്നത്തെ രാജ്ഞി ഇവിടത്തെ തടാകത്തിൽ വന്ന് കുളിക്കാറുണ്ട്. അങ്ങനെയാണ് ഈ പേര് ലഭിച്ചത്. തടാകത്തിന് ചുറ്റുമുള്ള പൂന്തോട്ടവും തടാകത്തിലെ മീനുകളും ആമയുമെല്ലാം അവധി സമയം ചെലവഴിക്കാനുള്ള നല്ലയൊരു സ്ഥലം.

ഇങ്ങനെയുള്ള സ്ഥലങ്ങളിലെ രസകരമായ കാഴ്ചകളായി തോന്നിയിട്ടുള്ളത് വിരുന്നുകാരുടെ ഫോട്ടോക്കുള്ള പോസുകളായിരിക്കും. 


രാത്രികാലങ്ങളിലെ ചീവീടിന്റെ കാതടപ്പിക്കുന്ന ശബ്ദവും ആകാശത്തിലെ നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം ഏതോ ഗതകാല സുഖസ്മരണയിലേക്ക് കൊണ്ടുപോകുന്നു. അതിനിടയിലേക്ക് തൊണ്ടയിലൂടെ മറ്റാരോ അലറി വിളിക്കുന്നതു പോലത്തെ ചിലരുടെ ഫോൺ വിളികൾ അരോചകമായിരുന്നു.


സ്ഥിരമുള്ള തിരക്കിൽ നിന്നും വ്യത്യസതമായിട്ടുള്ള  കാഴ്ചകളും അനുഭവങ്ങളും  എനിക്കിഷ്ടമായി . 


Morini Fort


Google നിർദ്ദേശമനുസരിച്ച്  അടുത്തതായി കാണാൻ  തീരുമാനിച്ച സ്ഥലം മോർണി കുന്നിൻ മുകളിലുള്ള 2000 വർഷം പഴക്കമുള്ള കോട്ടയാണ്. പതിവു പോലെ google മാപ്പ് അനുസരിച്ചുള്ള യാത്രയാണ്. വശങ്ങളിലെ ഗോതമ്പും കരിമ്പിൽ പാടങ്ങളും ,   ചില പാടങ്ങൾ വിളവെടുപ്പിനു ശേഷം കത്തിക്കുന്നതും കാണാൻ സാധിച്ചു. പതിവിനു വിപരീതമായിട്ടുള്ള കാഴ്ചകൾ കണ്ടു കൊണ്ടുള്ള യാത്രയായതു കൊണ്ടാകാം ഹരിയാന സംസ്ഥാനമായത് അറിഞ്ഞില്ല. മോർണിഹിൽസ്, ഹിമാചൽ പ്രദേശത്തിന്റെ അതിർത്തിക്കടുത്തുള്ള ഹരിയാനയിലാണ്.



 അന്തവും കുന്തവുമില്ലാത്ത യാത്രയായതു കൊണ്ട് Morini Fort ഹരിയാനയിലാണെന്ന് ശ്രദ്ധിച്ചില്ലയെന്നതും സത്യം. മോർണി കുന്നുകളിലെ രണ്ടായിരം വർഷം പഴക്കമുള്ള ഈ കോട്ട ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് കോട്ട പണിതിരിക്കുന്നത്.  പ്രധാന വഴിയിൽ നിന്നും തിരിഞ്ഞു പോകേണ്ടേ ആ  കുത്തനെയുള്ള  വഴി  കണ്ടാൽ ആകാശത്തിലേക്കാണോ ഈ യാത്ര  എന്ന് തോന്നത്തക്കവിധത്തിലുള്ളതായിരുന്നു. ബൈക്കിലെ യാത്രയായതു കൊണ്ട് പുറകിലത്തെ സീറ്റിലിരുന്ന് ഒന്നനങ്ങാൻ പോയിട്ടു കണ്ണു തുറക്കാൻ പോലും എനിക്ക് ധൈര്യമില്ലായിരുന്നു.


ഒരപകടം പറ്റിയ ഒരു മാൻ കുട്ടിയെ അവിടത്തെ വാച്ചറും മറ്റൊരാളും കൂടി പരിപാലിക്കുന്ന കാഴ്ചയാണ് അവിടെ എത്തിയപ്പോൾ കണ്ടത്. കൗതുകത്തോടെ കുറെ നേരം  ആ കാഴ്ച നോക്കി നിന്നതിനു ശേഷം ഫോർട്ടിൽ കേറാൻ നോക്കിയപ്പോൾ,  കോവിഡ് കാരണം  ഫോർട്ട് അടച്ചിട്ടിരിക്കുകയാണെന്നാണ് അവിടെ നിന്ന പോലീസുകാരൻ പറഞ്ഞത്.

രണ്ടു കാറുകളിലായി വന്ന  ആളുകൾ അതിനകത്തോട്ട് പോകുന്നത് ഞങ്ങൾ കണ്ടിരുന്നു. അതിനെ പറ്റി ചോദിച്ചപ്പോൾ പറയുന്നത്, അവരൊക്കെ VIP s ആണെന്നാണ്.


ശ്ശെടാ, ഇനിയെന്ത് എന്ന മട്ടിൽ നിൽക്കുമ്പോൾ, ആ പോലീസുകാരന് ഞങ്ങൾ അവിടെ നിൽക്കുന്നതോ ഇരിക്കുന്നതൊന്നും ഇഷ്ടപ്പെടുന്നില്ല. അതിനായി ഞങ്ങളെ വിരട്ടി കൊണ്ടിരിക്കുകയാണ്. വിരട്ടൽ സഹിക്കാതെയായപ്പോൾ നമ്മുടെ tax നെ പറ്റിയും അതുകൊണ്ട് അവർക്കുള്ള നേട്ടങ്ങളെ കുറിച്ചുള്ള ഞങ്ങളുടെ പ്രഭാഷണവും കൂട്ടത്തിൽ VIP യോട് ഞങ്ങൾ സംസാരിച്ചു കൊള്ളാം എന്ന ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയപ്പോൾ  അയാളൊന്നടങ്ങി. അതോടെ വിരട്ടൽ  സൗഹൃദത്തിന് വഴി മാറി. അതിനടുത്ത് താമസിക്കുന്ന പോലീസുകാരൻ VIP വിസിറ്റ് കാരണം ഞാറാഴ്ചയായിട്ടു പോലും ഡ്യൂട്ടിക്ക് വന്നിരിക്കുകയാണ്.


VIP എന്ന് പറയുമ്പോൾ ചീറി പാഞ്ഞു പോകുന്ന ഒരു കൂട്ടം കാറുകളും അവരുടെ ആ യാത്രക്കായി മണിക്കൂറുകളോളം റോഡിൽ കാത്തുകിടക്കുന്ന ഹതഭാഗ്യന്മാരായവരുടെ നീണ്ട നിരയാണ് മനസ്സിൽ  . അങ്ങനത്തെ 2-3 അനുഭവങ്ങളിൽ കൂടി കടന്നുപോകേണ്ടി വന്നിട്ടുള്ളതു കൊണ്ട് ഇവരെയൊക്കെ T V യിലോ പത്രത്താളുകളിലോ കാണുന്നതാണെനിക്കിഷ്ടം.


ഞങ്ങൾ തമ്മിൽ മലയാളത്തിലും പോലീസുകാരനോട് ഹിന്ദിയും ഇംഗ്ലീഷും  അങ്ങനെ ഭാഷയെ ഒരു അവിയൽ പരുവമാക്കിയെടുത്തതിന്റെ ബാക്കിയായി അയാളുടെ സൗഹൃദം ആരാധനയായോ എന്ന് സംശയം. ഞങ്ങൾ കേരളയിൽ നിന്നും ബൈക്കിൽ ഈ കോട്ട കാണാൻ വന്നതാണെന്നാണ് പോലീസുകാരൻ മനസ്സിലാക്കിയതെന്നു തോന്നുന്നു.ഇതിനിടയിൽ VIP യും കൂട്ടരും ഞങ്ങളാരേയും ശ്രദ്ധിക്കാതെ വന്ന കാറിൽ തിരിച്ചു പോവുകയും ചെയ്തു. ആ കോട്ടയുടെ സൂക്ഷിപ്പുകാരന്റെയടുത്ത് ഞങ്ങളെയവിടെ കാണിച്ചു കൊടുക്കാൻ പറഞ്ഞ്, പോലീസുകാരനും ബൈ പറഞ്ഞു. അങ്ങനെ ജീവിതത്തിലാദ്യമായി VIP യെ കൊണ്ട് ഗുണമുണ്ടായി.


 രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ഭരിച്ച ഒരു രാജ്ഞിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്.സിർ മൂർ രാജാവ് ഇവിടെ ഒളിച്ചു താമസിച്ചിട്ടുണ്ട്. നല്ല വായു സഞ്ചാരമുള്ള താഴികക്കുടങ്ങൾ ഉള്ളതിനാൽ വേനൽക്കാലത്തും കോട്ട തണുത്തിരിക്കും.  ഇന്ന് 

ഹരിയാന വകുപ്പ് ഈ കോട്ടയെ ഒരു മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്.  പ്രകൃതിയെ കുറിച്ച് പഠനം നടത്തുന്നതിനായി   'Nature cum Learning Center ' ആയി വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഗൂഗിളിൽ നിന്ന് കിട്ടിയ  മതിപ്പൊന്നും അവിടെ കണ്ടില്ലെങ്കിലും ചരിത്ര വിശേഷങ്ങളും മ്യൂസിയക്കാഴ്ചകളുമൊക്കെയായി  അവിടത്തെ സൂക്ഷിപ്പുകാരനുമായി ഒരു ഓട്ടപ്രദക്ഷണത്തോടെ എല്ലാ കാഴ്ചകളും കണ്ടുവെന്ന് പറയാം. 

ഓരോ യാത്രകളിൽ നിന്നു കിട്ടുന്ന അനുഭവങ്ങൾ ഒന്നിനൊന്ന്  വ്യത്യസ്തവും പുതുമയുള്ളതുമാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചിരിക്കുന്നു.





Chail



ഹിമാചൽ പ്രദേശത്തിലെ ഷിംല ജില്ലയിൽ സ്ഥിതിചെയ്യുന്ന സാധ് ടിബ (Sadh Tita) കുന്നിലെ മറ്റൊരു ഹിൽസ്റ്റേഷനാണ് ഛെയിൽ. നഗരത്തിലെ പോലെ തിക്കും തിരക്കുമില്ലാത്ത പ്രകൃതിയുടെ മടിയിൽ കിടക്കുന്ന മറ്റൊരു ശാന്ത സുന്ദരമായ സ്ഥലം. പട്യാല മഹാരാജാവിന്റെ വേനൽക്കാല തലസ്ഥാനമായിരുന്നു. ശീതക്കാലത്ത് മഞ്ഞിൽ കുളിച്ച് നിൽക്കുന്ന സ്ഥലം കൂടിയാണിത്.


വീതി കുറഞ്ഞ വളഞ്ഞു പുളഞ്ഞ  വഴികളിലൂടെ അങ്ങോട്ടേക്ക് പോകുമ്പോൾ മറ്റ് വാഹനങ്ങൾ വഴികളിലില്ല എന്നതാണ് വലിയൊരാശ്വാസം. വല്ലപ്പോഴും കാണുന്ന ട്രക്കുകാരാണെങ്കിലും  നമ്മുടെ യാത്രക്കാണ് മുൻഗണന തരുന്നത്. അതിനായിട്ടുള്ള നിർദ്ദേശങ്ങൾ തരാനും മടിയില്ല. ആ നല്ല മനസ്സുകൾക്ക് വലിയൊരു നമസ്കാരം. 


ഉച്ചയോടെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെത്തി. അവിടെയപ്പോൾ ഉണ്ടായിരുന്ന ശക്തമായ കാറ്റും മർമ്മരങ്ങളും കേട്ടപ്പോൾ , വന്നത് അബദ്ധമായോ എന്ന് ചിന്തിക്കാതിരുന്നില്ല. ആ ഭാവങ്ങൾ മുഖത്തും പ്രതിഫലിച്ചതു കൊണ്ടാകാം - ' ഇത് ഇവിടെ സാധാരണമാണ്. ഉച്ചയോടെ കാറ്റ് തുടങ്ങും വൈകുന്നേരം വരെ കാണും'  എന്ന് ഹോട്ടലുകാർ. ഹിമാചൽ പ്രദേശിന്റെ മറ്റു പല ഭാഗങ്ങളിലും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണ്. പിന്നീടുള്ള ആ രണ്ടു ദിവസത്തിലെ താമസത്തിൽ കണ്ട പലരോടും കാറ്റിനെ പറ്റി ചോദിച്ചെങ്കിലും പലരും അത് ശ്രദ്ധിച്ചിട്ടേയില്ല. അതൊക്കെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്നാണ് മറുപടി.


ഛെയിലോട്ടുള്ള യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ കൂട്ടുകാരിൽ പലരും പറഞ്ഞത്  ലോകത്തിന്റെ തന്നെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടും പോളോ ഗ്രൗണ്ടിനേയും കുറിച്ചാണ് .  1893 യിൽ പട്യാല മഹാരാജാവാണ് ഇത് സ്ഥാപിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 2444 മീറ്റർ ഉയരത്തിലാണ് ഈ ഗ്രൗണ്ട്. പക്ഷെ കൊറോണ കാരണം അതെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. അവിടത്തെ മിലിട്ടറി സ്കൂളാണ് ഇപ്പോൾ ഈ മൈതാനങ്ങളൊക്കെ നോക്കി നടത്തുന്നത്.


1891 യിൽ പണി കഴിപ്പിച്ച ഛെയിൽ കൊട്ടാരം രാജഭരണത്തിന്റെ സാക്ഷ്യപത്രമായി അവശേഷിക്കുന്നു. ഷിംലയിൽ നിന്ന് നാടുകടത്തപ്പെട്ട പട്യാല രാജാവ് ഇവിടെ കൊട്ടാരം പണിയുകയും  വേനൽക്കാല തലസ്ഥാനമാക്കുകയും ചെയ്തു. ഇന്നിപ്പോൾ അതൊരു ഹെറിറ്റേജ് ഹോട്ടലും കൂടിയാണ്.കൊട്ടാരങ്ങളുടെ ഭംഗിയും ആഢ്യത്വവും ഒന്നു വേറെ തന്നെ. പറയാതിരിക്കാൻ വയ്യ. ഏതാനും ബോളിവുഡ് സിനിമാ ഷൂട്ടിംഗും ഇവിടെ  നടന്നിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ഞങ്ങൾ അവിടെ ചെന്നപ്പോൾ അവിടെയൊരു pre wedding shooting നടക്കുകയായിരുന്നു. പാലസ് എല്ലാം ചുറ്റിക്കറങ്ങി കണ്ടു കഴിഞ്ഞു ഞങ്ങൾ തിരിച്ചു വന്നപ്പോഴും  pre - wedding  shoot ലെ നായകൻ - നായിക,  കൂടി നിൽക്കുന്ന പത്തു പേരിൽ നിന്നുള്ള  നിർദ്ദേശങ്ങൾക്ക് മുൻപിൽ 'confused' ആയി നിൽക്കുന്നുണ്ട്. കണ്ടപ്പോൾ തമാശയായിട്ടാണ് തോന്നിയത്. 


ഹോട്ടലിൽ ഉള്ളവർ 'Sadhupul' കാണുന്നില്ലേ എന്ന് ചോദിച്ചപ്പോൾ , ഇവിടെ പുല്ലിന് എന്താണിത്ര പ്രത്യേകത എന്നാണ് മനസ്സിൽ ആദ്യം തോന്നിയത്. പിന്നീടാണ് Pul എന്ന് വെച്ചാൽ bridge ആണെന്ന് മനസ്സിലായത്. ഛെയിൽ അടുത്തായിട്ടുള്ള ഒരു ചെറിയ ഗ്രാമം. അശ്വനി എന്ന നദിക്ക് മുകളിൽ നിർമ്മിച്ച പാലം.ആഴം കുറഞ്ഞ നദിയുടെ തീരത്തുള്ള സ്ഥലം, കുടുംബ പിക്നിക്കുകളും ക്യാമ്പിംഗ് ഫയറിന് പറ്റിയൊരു സ്ഥലം. നദിയിലും കാര്യമായിട്ട് വെള്ളമില്ലായിരുന്നു. അടുത്ത് കണ്ട വാട്ടർ പാർക്ക് കൊറോണ കാരണം അടച്ചിട്ടിരിക്കുന്നു.


ഹോട്ടലിൽ  നിന്ന് നോക്കിയാൽ ഷിംല, കസോളിയൊക്കെ കാണാം. രാത്രി സമയങ്ങളിലെ വൈദ്യുത ദീപങ്ങളാൽ നിറഞ്ഞ ഷിംല & കസോളിയൊക്കെ  കൂടുതൽ മനോഹരിയാക്കിയിരിക്കുന്നു. അതുപോലെ  പൈൻ പൊതിഞ്ഞ കുന്നുകളും   മനോഹരമായ താഴ് വാര കാഴ്ചകളും നിശബ്ദമായ അന്തരീക്ഷവും കുന്നിറങ്ങി  എങ്ങോട്ടെന്നില്ലാത്ത കാൽ നടയാത്ര ആസ്വദിച്ചെങ്കിലും   തിരിച്ചു ഹോട്ടലിലേക്കുള്ള ആ കാൽ നടയാത്രയെ കുറിച്ച് പറയേണ്ടതില്ലല്ലോ?



മൂന്നു - നാലു ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

പ്രകൃതിയിൽ സമയം ചിലവഴിക്കുന്നത് നമുക്ക് നവോന്മേഷം നൽകുന്നുവെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതിന് പറ്റിയ ഒരു സ്ഥലമാണ് ഹിമാചൽ പ്രദേശ് !