6/24/25

Hawa Mahal - Jaipur

 Hawa Mahal 

Jaipur


രാജസ്ഥാൻ എന്നു പറയുമ്പോൾ മനസ്സിലേക്ക് ഓടി വരുക ഒട്ടക സവാരിയും കുടം തലയിൽ വെച്ചുള്ള വർണാഭമായ വേഷങ്ങളോടുകൂടിയുള്ള ഡാൻസയൊക്കെയായിരിക്കും. എന്നാൽ ജയ്പൂരിൻ്റെ മഹത്തായ ഐക്കോണിക് ലാൻഡ് മാർക്ക്  'ചീട്ടു കൊട്ടാരം' പോലെ കാണുന്ന  'ഹവാ മഹൽ' ആണ്.നഗരത്തിലെ ഏറ്റവും ആകർഷണങ്ങളിലൊന്നാണ്.

സിറ്റിയിൽ തന്നെയായതു കൊണ്ട് , ആദ്യം സെൽഫി പിന്നെ സന്ദർശനം എന്നായിട്ടുണ്ട് . അപ്പോഴാണറിയുന്നത് ഇത് മഹൽ / കൊട്ടാരത്തിൻ്റെ പുറകുവശമാണെന്ന്.

3  കോട്ടകളും പത്തിൽപരം കൊട്ടാരങ്ങളുമുണ്ട് ജയ്പൂരിൽ . ഓരോ കൊട്ടാരങ്ങളുടെയും ചരിത്രമോ അല്ലെങ്കിൽ വാസ്തുവിദ്യയൊ ആയിരിക്കും നമ്മളെ അത്ഭുതപ്പെടുത്തുക. ഇവിടെ ഇതിൻ്റെ  ആകർഷണം 'വാസ്തുവിദ്യാ' ആണ്. അഞ്ച് നിലകളുള്ള ഒരു കെട്ടിടമാണ് 'ഹവാ മഹൽ', അടിത്തറയില്ലാതെ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. 87 ഡിഗ്രി കോണിൽ  ചായുന്ന വളഞ്ഞ വാസ്തുവിദ്യ യും നൂറ്റാണ്ടുകളായി നിവർന്നു നിൽക്കാൻ സഹായിച്ച പിരമിഡൽ ആകൃതിയും ഇതിനുണ്ടെന്നാണ് ഗൈഡപറഞ്ഞത്.

കൊട്ടാരം പണിതത് സ്ത്രീകൾക്ക് വേണ്ടിയാണ്, താമസിക്കാൻ അല്ല .പിന്നെ ? -

ഗൈഡ് അത്യാവശ്യം സസ്പെൻസും കൂടെ ചേർത്തു കൊണ്ടാണ് വിവരണം.

കേട്ടപ്പോൾ തമാശയായി തോന്നിയെങ്കിലും അന്നെല്ലാം രാജാ കൊട്ടാരത്തിലെ സ്ത്രീകൾക്കും അവരുടെ സ്ത്രീ സേവകർക്കും തെരുവിൽ ആഘോഷിക്കുന്ന ദൈനം ദിന ജീവിതവും ഉത്സവങ്ങളും നിരീക്ഷിക്കാൻ വേണ്ടിയാണത്രേ  !

അവിടെയുള്ള 'ആകാശ് പതാൽ ജലി ( ഗ്രില്ല് )' ,ഈ ഗ്രില്ലിൽ നിന്ന് ഒരാൾക്ക് അകത്ത് നിന്ന് പുറത്തെ കാഴ്ചകൾ കാണാൻ കഴിയും, എന്നാൽ പുറത്ത് നിന്നുള്ള ഒരാൾക്ക് അകത്തെ കാഴ്ചകൾ കാണാൻ കഴിയില്ല.

953 ചെറിയ ജാലകങ്ങളുള്ള അഞ്ച് നിലകളുള്ള ഈ കെട്ടിടം ഒരു തേനീച്ചക്കൂട് പോലെ കാണപ്പെടുന്നു. ധാരാളം ജനലും ബാൽക്കണികളും കാരണം കൊട്ടാരത്തിനകത്ത് എപ്പോഴും വായു സഞ്ചാരമുണ്ട്. ഈ വായു സഞ്ചാരമാണ് ഇതിന് ഹവാ മഹൽ എന്ന് പേരിടാൻ കാരണം. ഇതിൽ ഹവാ - കാറ്റും മഹൽ - കൊട്ടാരവുമെന്നാണല്ലോ. വേനൽക്കാലത്തും  എ.സി. യുള്ളതു പോലെ ആയിരിക്കും അത്രേ !

ഈ കൊട്ടരത്തിന്റെ നിർമ്മാതാവായ രാജാവ്, ഒരു കൃഷ്ണ ഭക്തനായിരുന്നു. അതിനാൽ

കെട്ടിടത്തിന്റെ ആകൃതി കൃഷ്ണന്റെ കിരീടത്തോട് സാമ്യമുള്ളതായി നിർമ്മിച്ചു. .

 ഈ കൊട്ടാരം

 ശ്രീകൃഷ്ണനാണ് സമർപ്പിച്ചിരിക്കുന്നത്. കൊട്ടാരത്തിനകത്ത് മൂന്നു ചെറിയ ക്ഷേത്രങ്ങളുമുണ്ട്.

കല്ലിൽ കൊത്തിയ സ്ക്രീനുകൾ, ചെറിയ അറകൾ, കമാനങ്ങളോടു കൂടിയ മേൽക്കൂരകൾ, …. കാഴ്ചകൾ മനോഹരം. ഹവാ മഹലിന്റെ മുകൾ ഭാഗത്ത് നിന്ന് നഗരത്തിന്റെ കാഴ്ചകളും കാണാം


ഏറ്റവും മികച്ച കാഴ്ച പുറത്തു നിന്നുമാണ് എന്നാലും ചുവന്ന , പിങ്ക് മണൽക്കല്ലുകൾ കൊണ്ട്  നിർമ്മിച്ച ഈ വാസ്തുവിദ്യാ വൈഭവം മനോഹരം. ഇന്നത്തെ കാലത്ത് ഇതിനെ 'സെൽഫി മഹൽ ' വിളിച്ചാലും തെറ്റില്ല എന്നു തോന്നുന്നു.

Thanks 

റിറ്റ



6/19/25

ആകാശത്തിലെ പറവകൾ - ആഫ്രിക്കൻ ജക്കാന

 

ആകാശത്തിലെ പറവകൾ -

ആഫ്രിക്കൻ ജക്കാന






പെണ്ണും പ്രകൃതിയും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്നു എന്നു പറയുന്ന  ഈ കാലത്ത്, കരയാനും അല്ലെങ്കിൽ ഞാനൊരു കറിവേപ്പില പോലെയായി - - - - - - - , അത്തരം 'സെൻറി ഡയലോഗുകൾ' പറഞ്ഞ് സമയം കളയാനൊന്നും ആഫ്രിക്കൻ ജക്കാന ഇനത്തിൽ പെട്ട പെൺപക്ഷിക്ക് സമയമില്ല.  


സസ്പെൻസിന് പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങളിലെ ഒരു വാർത്തയായ '

ആറു കാലുള്ള പക്ഷിയോ? അപൂർവ്വ ചിത്രവുമായി ഫോട്ടോഗ്രാഫർ - - - -


കൂടുതൽ വായിച്ചപ്പോൾ രസകരമായി തോന്നിയ കാരണം  ആഫ്രിക്ക, ജക്കാനകളുടെ വിശേഷങ്ങളാണിവിടെ.

നീളമുള്ള  മെലിഞ്ഞ കാലുകളും വലിയ പാദങ്ങളും നാല് നീളമുള്ള കാൽവിരലുകളും കൊണ്ട് വെള്ളത്തിൽ നടക്കാനുള്ള  ഈ കഴിവ് കാരണം ജക്കാനകളെ 'ജീസസ് പക്ഷികൾ ' എന്നും വിളിക്കുന്നു. 



വാസ്തവത്തിൽ, അവർ സാങ്കേതികമായി പൊങ്ങിക്കിടക്കുന്ന സസ്യജാലങ്ങളിൽ നടക്കുന്നു, ഇത് അവർ വെള്ളത്തിന് മുകളിലൂടെ നടക്കുന്നുവെന്ന പ്രതീതി നൽകുന്നു. ഈ കഴിവ് അവർക്ക് അവരുടെ മറ്റൊരു വിളിപ്പേര് നേടിക്കൊടുത്തു -ലില്ലി-ട്രോട്ടേഴ്സ് അല്ലെങ്കിൽ താമരക്കിളികൾ

മനോഹരമായ ബദാം ആകൃതിയിലുള്ള ശരീരവും, സമൃദ്ധമായ തവിട്ടും വെള്ള തൂവലുകളുമാണുള്ളത്. അറിയപ്പെടുന്ന എട്ട് ഇനത്തിലുള്ളവയിൽ

ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഉടനീളം കാണപ്പെടുന്ന ഫെസന്റ്-ടെയിൽഡ് ജക്കാന ( ഹൈഡ്രോഫാസിയാനസ് ചിറർഗസ് ) ആണ് മറ്റൊരു വലിയ ജക്കാന.

 ഇന്ത്യയുടെ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, തമിഴ്നാട്, കേരളത്തിലും കാണപ്പെടാറുണ്ട്.

സസ്യങ്ങളുള്ള തണ്ണീർത്തടങ്ങൾ,  വെള്ളപ്പൊക്കമുള്ള പുൽമേടുകൾ, ചതുപ്പുകൾ, ശുദ്ധജല തടാകങ്ങൾ, കുളങ്ങൾ  ഇവയിലൊക്കെയാണ് കാണാറുള്ളത്

.ഇത് ജലസസ്യങ്ങളെയും ചെറുമൃഗങ്ങളെയും ഭക്ഷിക്കുന്നു. ഇവർ ദേശാടനം ചെയ്യുന്നില്ല .പക്ഷേ അവയുടെ പ്രാദേശിക ജല ആവാസ വ്യവസ്ഥകൾ വറ്റിവരണ്ടാൽ അവ വ്യാപകമായി അലഞ്ഞേക്കാം.


പലപ്പോഴും ഭാഗികമായി പൊങ്ങിക്കിടക്കുന്ന ജലസസ്യങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു കൂട്ടിൽ ജക്കാന

കറുത്ത അടയാളമുള്ള തവിട്ടുനിറത്തിലുള്ള നാല് മുട്ടകൾ ഇടുന്നു.

മിക്ക ഇനങ്ങളിലും, ആൺ പക്ഷികൾ മുട്ടകൾ വിരിയിക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും ചെയ്യുന്നു.


അതായത് ഒരു പെൺപക്ഷി പല പുരുഷന്മാരുമായി ഇണചേരുകയും പിന്നീട് അവയുടെ ഓരോ കൂടുകളിലും മുട്ടയിടുകയും ചെയ്യും. മിക്ക ഇനങ്ങളിലും, രണ്ട് മുതൽ നാല് വരെ പുരുഷന്മാരുമായി ഒരു പെൺകിളി പങ്കാളിയാണ്.




ആൺ  ജക്കാന രക്ഷാകർതൃ പരിചരണം ഏറ്റെടുത്തതിനാൽ അവർക്ക്   കുഞ്ഞുങ്ങളെ ചിറകിനടിയിൽ വെയ്ക്കാനും അവരെ കൊണ്ടുപോകാനുമുള്ള കഴിവുണ്ട്. ഞാൻ കണ്ട ആ  ' ആറു കാലുള്ള അപൂർവ്വ ചിത്രം - ചിത്രത്തിൽ കാണുന്ന കാലുകളെല്ലാം സത്യത്തിൽ ആ പക്ഷിയുടേതല്ല, മറിച്ച് അത് തന്റെ ചിറകിനടിയിൽ ഒതുക്കി വച്ചിരിക്കുന്ന കുഞ്ഞുങ്ങളുടേതാണ്. കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്ന പെൺപക്ഷികളുടെ ചിത്രങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ, ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ ഒരു ആൺപക്ഷി തന്റെ കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തിൽ ഒതുക്കി വയ്ക്കുന്നതിന്റെ ചിത്രങ്ങൾ അപൂർവമാണ്. പിതൃവാത്സല്യത്തിന്റെ തീർത്തും മനോഹരമായ ഒരു ചിത്രമാണ് ഇതിലൂടെ ഫോട്ടോഗ്രാഫർ നമുക്ക് പകർന്ന് നൽകുന്നതെന്നാണ് പറയുന്നത്.

ഇവരുടെ ആയുർദൈർഘ്യം അഞ്ച് മുതൽ പത്ത് വർഷം വരെയാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.

തണ്ണീർത്തടങ്ങൾ വറ്റിച്ചു കൊണ്ടിരിക്കുന്നതും ആവാസവ്യവസ്ഥയുടെ നാശവും ശിഥിലീകരണവും വേട്ടയാടലും ഈ ജക്കാന ഇനങ്ങളുടെ നിലനിൽപ്പിന് അപകടമുണ്ടാക്കുന്ന പ്രധാന ഭീഷണികളാണ്.




 പക്ഷികൾ അവിശ്വസനീയമാംവിധം സങ്കീർണ്ണവും മനോഹരവുമാണ്. അതുപോലെ തന്നെ അവരിലെ വിശേഷങ്ങളും അല്ലെ ?



Thanks

റിറ്റ