7/10/15

The Fort Unchagaon

പനി  മാറിയതിന്റെ ക്ഷീണം കാരണമായിരിക്കാം, യാത്ര ചെയ്യാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നു ഞാൻ. അതു കൊണ്ട് തന്നെ യാത്രക്ക് തയ്യാറെടുക്കുമ്പോഴും അതിന്റേതായ ഉത്സാഹമോ കൗതുകമോ തോന്നിയില്ല.വീട്ടിൽ നിന്നും ഏകദേശം 130 കി.മീ ദൂരമുള്ള "Heritage Resort “ ആയ  “The Fort Unchagaon” ആണ്  ചെന്നു ചേരേണ്ട ഇടം. ഉത്തർപ്രദേശ്, നഗരത്തിലൂടെയുള്ള യാത്ര വണ്ടിയോടിക്കുന്ന ആൾക്ക് മാത്രമല്ല അതിനകത്ത് ഇരിക്കുന്നവരേയും ഒരേ പോലെ മുൾമുനയിലാക്കി.ട്രാഫിക്ക് നിയമങ്ങൾക്കും സിഗ്നലുകൾക്കും വലിയ  പ്രാധാന്യമൊന്നും തദ്ദേശനിവാസികൾ കൊടുക്കാത്തതായിരുന്നു പ്രധാനകാരണം.അല്ലെങ്കിലും ഉത്തർപ്രദേശിലുള്ളവരെ "ഉൽട്ടാപ്രദേശ് എന്ന് പറഞ്ഞ് കളിയാക്കുന്നതാണ് ഓർമ്മ വന്നത്.










19- ആം നൂറ്റാണ്ടിലെ ഈ കോട്ട അന്നത്തെ രാജകുടുംബത്തിൽപ്പെട്ട " സുരേന്ദ്ര പാൽസിംഗ് (Surendra pal Singh) ന് അനന്തരവകാശമായി ലഭിച്ചതാണ്.വാരാന്ത്യം അല്ലാത്തതുകൊണ്ടാവും അതിഥികളായി ആരും തന്നെ ഉണ്ടായിരുന്നില്ല. അമ്പരപ്പിക്കുന്ന നിശ്ശബ്ദതയാണവിടെ. ഞങ്ങളെ സ്വീകരിക്കാനും "വെൽക്കം ഡ്രിംങ്ക് " തരാനുമായിട്ട് അവിടെ ഉണ്ടായിരുന്ന രണ്ടു പേർ ഓടിനടക്കുന്നുണ്ട്.ഒരുപക്ഷെ  അവരുടെ "വെബ് സൈറ്റ്-യിൽ പറഞ്ഞിരിക്കുന്ന വിശേഷഗുണങ്ങളോട് നീതിപുലർത്താനുള്ള വെപ്രാളത്തിലായിരിക്കാം .ഇന്ത്യയുടെയും ബ്രിട്ടീഷുകാരുടേയും വാസ്തുശൈലി കൂട്ടികലർത്തിയ രീതിയിലാണ് സൗധം.ഏകദേശം 20-23 മുറികളേയുള്ളൂ.മുറികളിലാണെങ്കിൽ ആധുനികസൗകര്യങ്ങളുടെ ഭാഗമായ A.C,  T.V, കുളിക്കാനായിട്ട് ചൂടുവെള്ളം ........ അങ്ങനെ എല്ലാവിധ സൗകര്യങ്ങളോട് കൂടിയതാണ് ഈ "ഹെറിട്ടേജ് ഫോർട്ട്"

ഞങ്ങൾക്ക് അവിടെയെല്ലാം കാണിച്ചു തരാനായിട്ട് "ഛോട്ടു എന്ന ചെല്ലപ്പേരിലുള്ള ഒരാൾ അവിടെ ഉണ്ടായിരുന്നു.ആ സുഖവാസകേന്ദ്രത്തിന്റെ പുറകിലായി ഏതാനും ഏക്കറുകൾ മാവിൻ തോട്ടമായിരുന്നു.പ്രധാന വിളവെടുപ്പ് കഴിഞ്ഞിരുന്നു.എന്നാലും ബാക്കിയുള്ള ഏതാനും മാങ്ങകൾക്ക് വേണ്ടിയായിരിക്കാം എല്ലാതരം പ്രായത്തിലുള്ള  കുരങ്ങന്മാരായിരുന്നു അവിടെ.അതൊക്കെ കണ്ടപ്പോൾ സ്കൂൾ അവധിക്കാലത്ത്‌ തറവാട്ടിലുള്ള പറമ്പ് കളിലൊക്കെ  ഓടിക്കളിച്ചതാണ് ഓർമ്മ വന്നത്. കുരങ്ങന്മാർക്ക് പകരം ഞങ്ങൾ കുട്ടികളായിരുന്നു എന്ന് മാത്രം !

ഏതോ കാലത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഇവിടെ മാത്രം വെള്ളം കേറിയില്ല, അങ്ങനെയാണ്, ഊച്ച -ഗാവ് എന്ന പേര് വന്നത്.
ശ്രീ.സുരേന്ദ്ര പാൽസിംഗ് (Surendra pal Singh), ശ്രീ. നെഹ്രു വിന്റേയും ശ്രീമതി. ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്നു.ശ്രീമതി. ഗാന്ധിയുടെ കാലത്ത് " Tourism Minister" ആയിരുന്നുവത്ര. പിന്നീട് രാഷ്ട്രീയം ഇഷ്ടമല്ലാത്ത കാരണം അതൊക്കെ ഉപേക്ഷിച്ചു.അദ്ദേഹത്തിന്റെ മകൻ, എല്ലാവിധ മലിനീകരണത്തിൽ നിന്നുള്ള രക്ഷ എന്ന രീതിയിൽ അവിടെ തന്നെ താമസിക്കുന്നുണ്ട്.വഴിമദ്ധ്യേ 2 കുതിരകൾ കൂടിയ കുതിരാലയങ്ങളും കണ്ടു.കാഴ്ചകളും ഛോട്ടുവിന്റെ വിശേഷ ങ്ങളുമായിട്ട്, ഏക്കറുകൾ താണ്ടിയത് അറിഞ്ഞില്ല.









എന്നെ ആശ്ചര്യഭരിതയാക്കിയത് അവിടെയുള്ള മ്യൂസിയം കണ്ടപ്പോൾ ആണ്, മുറിയുടെ ഭിത്തിയിലെ 2 വശത്തും പുലിയുടെ തലകൾ സ്റ്റഫ് (stuffing) ചെയ്തുവെച്ചിരിക്കുന്നു.കൂട്ടത്തിൽ വർഷവും പുലിയുടെ നീളവും തൂക്കവും എഴുതിവെച്ചിട്ടുണ്ട്.ഭക്ഷണം കഴിക്കുന്ന മുറിയിലാണെങ്കിൽ
മാൻ -ൻറെ കൊമ്പുകളും. ശ്രീ.സുരേന്ദ്ര പാൽസിംഗ് -ൻറെയും അദ്ദേഹത്തിന്റെ പുത്രന്റെയും നായാട്ടിന്റെ ബാക്കിപത്രങ്ങൾ!


 അവർ ഉപയോഗിച്ചിരുന്ന പഴയകാല റേഡിയോ, ടൈപ്പ് റൈറ്റർ, ski(ഹിമപാദുകം )......., വായിച്ചിരുന്ന പുസ്തകങ്ങൾ ......എല്ലാം  ഭംഗിയായി അടുക്കി വെച്ചിട്ടുണ്ട് ആ  പ്രദർശനാലയത്തില്‍. .അതെല്ലാം കണ്ടപ്പോൾ, ആ കാലത്തും അവർക്കെല്ലാം നമ്മളിൽ നിന്ന് വ്യത്യസ്തമായ ജീവിതരീതിയാണല്ലോ എന്നായിരുന്നു!

ആനയുടെ പുറത്ത് ഇരിക്കുന്നതിന്റെ മേലെ ഗ്ലാസ്സ് ഇട്ടതാണ്, ഈ ചെറിയ മേശ.




ഗംഗാനദിയുടെ 

അടുത്തായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.അവിടെ ഡോൾഫിനുകളെ കാണാൻ സാധിക്കും എന്നുള്ളത് മറ്റൊരു ആകർഷണമാണ്.പിറ്റെദിവസം രാവിലെ തന്നെ ഞങ്ങൾ ഡോൾഫിനുകളെ കാണാനായിട്ട് ഇറങ്ങി.പോകുന്നവഴിക്ക് സുരേന്ദ്ര പാൽസിംഗ് (Surendra pal Singh) -ൻറെ മകൻ, റൂബിൻ എന്നാണ് പറഞ്ഞത്, ഏകദേശം 70 വയസ്സ് കാണുമായിരിക്കും, അദ്ദേഹം അവിടെയുള്ള ജോലിക്കാരോട്  സൗഹൃദസംഭാഷണം നടത്തി കൊണ്ടിരിക്കുന്നു.അദ്ദേഹത്തിനോട് "ഹലോ പറയാനും പരിചയപ്പെടാനും സാധിച്ചു.ഡോൾഫിനുകളെ കാണാൻ വരുന്നോ എന്ന ചോദ്യത്തിന്,

" അതിന്റെ  തല സ്റ്റഫ് ചെയ്തു വെക്കാൻ പറ്റില്ലല്ലോ .......ഹി ഹി
ഗംഗാ നദി കാണാനുള്ള ഞങ്ങളുടെ ക്ഷണത്തിന്...... " ഞാനും അങ്ങോട്ട് പോയികൊണ്ടിരിക്കുകയാണ് ചിലപ്പോൾ അടുത്ത 3-4 വർഷത്തിനകം അവിടെ എത്തുമായിരിക്കും.....എന്തായാലും നല്ലൊരു രസികനായിട്ട് തോന്നി നമ്മുടെ "ഹിസ്‌ ഹൈനസ് !

പോത്ത് വലിക്കുന്ന വണ്ടിയിലാണ് ഞങ്ങളുടെ യാത്ര.വണ്ടിയിൽ കിടക്കയും അതിനുമുകളിൽ നല്ല വിരിപ്പ് വിരിച്ച് ഇരിപ്പിടം കൂടുതൽ സുഖകരമാക്കിയിട്ടുണ്ട്.മുകളിൽ തകരം കൊണ്ട് മൂടിവെച്ചിട്ടുണ്ട്പോരാത്തതിന് നല്ല 'ഓപ്പണ്‍ എയർ കണ്ടിഷണറും.ഞാനടക്കം പലരും ആദ്യമായിട്ടാണ് അങ്ങനെയൊരു വണ്ടിയിൽ കേറുന്നത് അതുകൊണ്ട് തന്നെ 7 Series BMW കേറിയ പ്രതീതിയായിരുന്നു.വഴിയിൽ പലരും ഞങ്ങളെ  കാണാനായിട്ട് നോക്കി നിന്നു.പല കർഷകരും അവരുടെ കാള/ പോത്ത് വണ്ടിയിൽ  കുട്ടികളും പെണ്ണുങ്ങളുമായി കൃഷിസ്ഥലത്തേക്ക് പോവുന്നുണ്ടായിരുന്നു.പ്രത്യേകിച്ച് "ഹോണ്‍ -ന്റെ ബഹളമൊന്നുമില്ലാതെ തന്നെ അവരെല്ലാം ഞങ്ങൾക്ക് വേണ്ടി മാറി  നിന്നു.ആകെ കൂടെ vip ആയോ എന്ന് സംശയം! 

ഗംഗാനദിയുടെ അനുഗ്രഹം ആ ഗ്രാമം മുഴുവൻ ഉണ്ടെന്ന് പറയാം, എവിടെയും സസ്യശ്യാമളതയാണ്.ചോളത്തിന്റേയും കരിമ്പിന്റെയും പാടങ്ങളാണ് പോകുന്ന വഴിക്ക് രണ്ടുവശത്തും.പല വീടുകളുടെ മുൻപിലും ധാരാളം പശുക്കളേയും എരുമകളേയും കണ്ടു വീടുകൾ മിക്കതും ഓലക്കൊണ്ടുള്ളതാണ്.co-operative society യിൽ നിന്ന് രാവിലെയും വൈകുന്നേരവും "പാൽ" ശേഖരിക്കുവാൻ വരുമെന്നാണ് ഛോട്ടു പറഞ്ഞത്. ഒരു പക്ഷേ ഞങ്ങൾ മേടിക്കുന്ന കവർ പാലിന്റെ ഉറവിടം അവിടെ നിന്നായിരിക്കുമോ?



ഗംഗാനദി, ഹിമാലയിലോ അതിനടുത്ത പ്രദേശങ്ങളിൽ എവിടെയോ ഉണ്ടായ കനത്ത മഴയുടെ ഭാഗമായി നദിയിലെ വെള്ളവും ഒഴുക്കും കൂടിയിരിക്കുകയാണ്.ആദ്യമഴയായതുകൊണ്ടായിരിക്കാം ചെളിവെള്ളമാണ് ഒഴുകുന്നത്.ഡോൾഫിനുകളെയൊന്നും കണ്ടില്ല പകരം 2 മുതലക്കുഞ്ഞുങ്ങളെ കണ്ടുവെന്ന് നാട്ടുകാർ. ഗംഗാനദിയിൽ കുളിച്ച് പാപരഹിതമായില്ലെങ്കിലും ഏറ്റവും കുറഞ്ഞത് കൈ എങ്കിലും നനയ്ക്കണമെന്നുണ്ടായിരുന്നു. മുതലക്കുട്ടികളുടെ കാര്യം കേട്ടതോടെ ഞാൻ ആ സാഹസത്തിൽ നിന്ന് പിന്മാറി.കണ്ണ് എത്താദൂരത്തോളം പരന്ന് കിടയ്ക്കുന്ന ആ നദിയെ നോക്കിനിൽക്കുക എന്നത് കണ്ണിനും മനസ്സിനും ഒരാനന്ദം തന്നെയാണ്.ശരിക്കും മനോഹരം!

നദിയുടെ അടുത്തായി ഒരു അമ്പലം ഉണ്ട്.അമ്പലത്തേക്കാളും  എന്നെ ആകർഷിച്ചത്  ഈ മരം ആണ്.




അന്നവിടെ ചന്തദിവസം ആയിരുന്നു. ഏകദേശം 8 ഗ്രാമങ്ങളിൽ നിന്നും ആൾക്കാർ സാധനങ്ങൾ ക്രയവിക്രയം ചെയ്യാനായിട്ട് എത്തും.റോഡിനുരുവശവും കാർഷികഉത്പന്നങ്ങൾ, തുണിത്തരങ്ങൾ,..........കൂട്ടത്തിൽ ഐസ്ക്രീം വണ്ടികൾ, ബലൂണ്‍കാർ , ഉച്ചത്തിലുള്ള പാട്ടുകൾ ......ഒരു വ്യാപാരമേള തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.വൈകുന്നേരത്തോടെയാണ് കൂടുതൽ സജീവമാവുക. ആ യാത്രയിലും മാന്തോപ്പുകൾ സന്ദർശിച്ചു. അവിടെ മാങ്ങ പറിച്ച് ക്വാളിറ്റി അനുസരിച്ച് തരം തിരിക്കുന്നു.മഹാരാഷ്ട്ര യിലേക്ക് കേറ്റി വിടാനായിട്ട്  ഒരു ലോറി തയ്യാറായി നിൽക്കുന്നു.താഴെ വീണതും ചീത്തയാകാൻ പോകുന്ന മാങ്ങ മേടിക്കാൻ ഗ്രാമവാസികൾ എത്തിയിട്ടുണ്ട്, അവർ അതുകൊണ്ട് പോയി അച്ചാർ ഇട്ട് വിൽക്കുമെന്നാണ് പറയുന്നത്.കച്ചവടത്തിലെ രഹസ്യങ്ങൾ ! 





ഏതാനും ബൈക്കുകളും ഡിഷ്‌ ആന്റിനകളും അവിടെ    കണ്ടെങ്കിലും നഗരവത്കരണത്തിൽ നിന്നും ഇപ്പോഴും  മാറി നിൽക്കുന്നതായി തോന്നി .ഗ്രാമങ്ങൾ അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് .......കൂട്ടത്തിലുള്ള പുതിയ തലമുറയ്ക്ക് പുതിയ അനുഭവവും എന്നെപ്പോലെയുള്ള  പഴയ ആൾക്കാർക്ക് ഓർമ്മകളെ അയവിറക്കിയുമായിരുന്നു ഞങ്ങളുടെ  തിരിച്ചുള്ള യാത്ര.

നമ്മുടെ രാജ്യം, "Incredible India തന്നെ! പക്ഷെ അതൊക്കെ അറിയണമെങ്കിൽ ഇങ്ങനെയുള്ള യാത്രകൾ വേണമെന്ന് മാത്രം !!





6/9/15

റേഡിയോ

ഡിഗ്രി പഠനത്തിനിടയ്ക്ക് കല്യാണം കഴിഞ്ഞ കൂട്ടുകാരിയെ കോളേജിലേക്ക് ആനയിക്കാനായിട്ട് എന്നും രാവിലെ ഞങ്ങൾ കോളേജ്  ഗേറ്റിൻറെ അടുത്ത് തന്നെ കാത്ത് നിൽക്കുമായിരുന്നു.ബൈക്കിലുള്ള അവരുടെ രണ്ടു പേരുടെയും വരവ് കാണുമ്പോൾ, ശങ്കർ-മേനക അല്ലെങ്കിൽ മോഹൻലാൽ -ശോഭന ....., അവർക്ക്  രണ്ടുപേർക്കും അവരുടെയാരുടെയും രൂപസാദൃശ്യമില്ലെങ്കിലും ഞങ്ങൾക്ക് അങ്ങനെയൊക്കെ തോന്നുമായിരുന്നു. ആ  വരവ് ഞങ്ങൾക്ക് കണ്ണിന് ആഹ്ലാദമാണെങ്കിലും മിക്കദിവസവും കരഞ്ഞുകലങ്ങിയ കണ്ണുകളായിട്ടായിരിക്കും കൂട്ടുകാരി എത്തുക. ഭർതൃഗൃഹത്തിൽ നിന്നും വരുന്ന അവൾക്ക്, ഒരു ദിവസം പാൽ തിളച്ചു പോയതാണെങ്കിൽ മറ്റൊരു ദിവസം ദോശയുടെ ആകൃതി ശരിയാകാത്തതോ അതുമല്ലെങ്കിൽ കറി കരിഞ്ഞതോ ........അതിനെയൊക്കെ അവളുടെ മമ്മിയിൽ നിന്നും കിട്ടുന്ന വഴക്കുകൾ (ഡോസുകൾ) ആയിരിക്കാം കണ്ണുനീരിന്റെ കാരണങ്ങൾ.

ക്ലാസ്സിൽ അദ്ധ്യാപികയുടെ മുഖത്ത് കണ്ണ് നട്ടിരിക്കുമ്പോഴും അവളുടെ കരഞ്ഞു  കലങ്ങിയ കണ്ണുകളായിരിക്കും ഞങ്ങളുടെ മനസ്സിൽ . മമ്മി അവളെ വഴക്ക് പറയുമ്പോൾ ഭർത്താവ് പത്രവായനയിലായിരിക്കും അതുകാരണം  അയാൾ ഒന്നും കേൾക്കുന്നില്ല. സത്യത്തിൽ അയാളുടെ തല പൊട്ടിക്കാനാണ് ഞങ്ങൾക്ക് തോന്നാറുള്ളത് പക്ഷെ അയാളെ കുറ്റം പറയുമ്പോൾ അവളുടെ കണ്ണുകൾ കൂടുതൽ നിറയുന്ന കാരണം , മമ്മിയോട് തിരിച്ച് പറയേണ്ട  മറുപടികൾ ഓർത്തെടുക്കുകയായിരിക്കും ഞങ്ങൾ. പാൽ തിളക്കുന്നത് കണ്ട് ഇളക്കാനുള്ള സ്പൂണ്‍ എടുത്ത് വരുമ്പോഴേക്കും പാൽ തിളച്ചു പോയത് ഒരു കുറ്റമാണോ അതുപോലെ ദോശ പൊട്ടിച്ചു തന്നെ അല്ലെ തിന്നുക ..... .അന്നൊക്കെ ഞങ്ങൾക്ക് മനസ്സിലാവാത്ത കാര്യങ്ങളായിരുന്നു.അതോടെ ഏത് തരത്തിലുള്ള പന്ത് എറിയുന്നതിനേയും ( കുറ്റം പറയുന്നതിനേയും) തടയാനുള്ള ബാറ്റിംഗിലുള്ള വിദ്യാനൈപുണ്യം അവളിൽ ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇവിടെ ബാറ്റിംഗും ബൗളിംഗും നാക്ക് കൊണ്ടാണെന്ന് മാത്രം!

ബാറ്റിംഗിന്റെ കാര്യത്തിൽ അവൾ വലിയ പരാജയമായിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ കണ്ണുകൾ ഞങ്ങളോട് പറഞ്ഞിരുന്നു.ആ നാട്ടിലെ പ്രസിദ്ധമായ പെണ്‍കുട്ടികളുടെ സ്കൂളിലെ 10 - ക്ലാസ്സിലെ ട്ടീച്ചറാണ് അവളുടെ അമ്മായിഅമ്മ അല്ലെങ്കിൽ മമ്മി.വളരെ ചെറിയ പ്രായത്തിൽ വിധവ ആയതാണ്.എല്ലാവരേയും വരച്ച വരയിൽ നിറുത്തിയ ശീലവും പോരാത്തതിന് അടുക്കും ചിട്ടയുടെ കാര്യത്തിൽ ഒരു പടി മുന്നിലുമായിരുന്നു,അതൊക്കെയായിരിക്കാം ചില കാരണങ്ങൾ. പല പ്രശ്നങ്ങൾക്കും അവളുടെ  വിശദീകരണം കേള്‍ക്കാന്‍  പോലുംതയ്യാറായിരുന്നില്ല.അതോടെ ഞങ്ങൾ "റേഡിയോ" എന്ന പുതിയ ഒരു പേര് അവർക്ക് കൊടുത്തു.റേഡിയോയിൽ നിന്നും കേൾക്കാം എന്നല്ലാതെ നമ്മുക്ക് തിരിച്ചു പറയാൻ സാധിക്കില്ലല്ലോ. അതുകാരണം "കേൾക്കാം കേട്ടുകൊണ്ടിരിക്കാം എന്ന പുതിയ നയത്തിലോട്ട് മാറി.ആ നയം ഞങ്ങളുടെ ഭാവി ജീവിതത്തിൽ പ്രയോജനപ്പെട്ടോ എന്ന സംശയമില്ലാതില്ല !

സർദാജി തമാശകൾ എന്ന്  പറയുന്നത് പോലെ. പല കഥകളും അബദ്ധങ്ങളും ഞങ്ങൾ അവരുടെ പേരിൽ മെനഞ്ഞെടുത്തു. ആ കാലങ്ങളിലുള്ള സിനിമയിൽ തൃശ്ശൂർ ഫിലോമനയും ശ്രീനിവാസനും അഭിനയിക്കുന്ന കഥാപാത്രങ്ങൾ "റേഡിയോ " അഭിനയിച്ചാൽ എങ്ങനെയിരിക്കും എന്ന രീതിയിൽ ഞങ്ങൾ കൂട്ടുകാർക്കിടയിൽ അഭിനയിച്ചു തകർത്തു. അതോടെ പുതിയ ഡോസുകൾ കിട്ടുന്നത് ഞങ്ങൾക്കും അവൾക്കും  ആനന്ദകരമായി. ആ ഡോസുകളും സന്ദര്‍ഭങ്ങളും  ഞങ്ങൾക്ക് പുതിയ കഥകൾ മെനയാനുള്ള പ്രചോദനമായി. അങ്ങനെ ഓരോ ദിവസവും രസകരമാക്കി എടുത്തു.

ഡിഗ്രി കഴിഞ്ഞതോടെ ഞങ്ങളിൽ പലരും പല വഴിക്കായി പിരിഞ്ഞു.ചിലർ രാജ്യം തന്നെ വിട്ടു. പിന്നീട് ഇ-മെയിൽ & മെസ്സേജ് വന്നതോടെയാണ് പഴയ കൂട്ടുകാരുമായുള്ള സമ്പര്‍ക്കം പുനസ്ഥാപിച്ചത്.ആ കൂട്ടുകാരിയോട് എല്ലാവർക്കും ചോദിക്കാനുള്ളത് "റേഡിയോ യെ പ്പറ്റിയാണ്. ഒരു പക്ഷെ അവളുടെ വിശേഷങ്ങൾക്ക് രണ്ടാമത്തേ പ്രാധാന്യമെ ഉണ്ടായിരുന്നുള്ളൂ. അവളും ഞങ്ങളുടെ ചോദ്യം ആസ്വദിച്ചു കൊണ്ട് പറയും "റേഡിയോ ഇപ്പോൾ F.M ആയി !



കഴിഞ്ഞപ്രാവശ്യത്തെ അവളുടെ വീട് സന്ദർശനത്തിൽ എനിക്ക്,റേഡിയോ  കാണാൻ സാധിച്ചു  ഇതിന് മുൻപ് അവരെ കണ്ടിട്ടുള്ളത് അവളുടെ കല്യാണത്തിനാണ്.പ്രായാധികവും പലതരം അസുഖങ്ങളുമായി അവർ  പലപ്പോഴും കിടപ്പ് തന്നെയായിരിക്കും എന്നാലും ഡോസ് കൊടുക്കുന്നതിന് കുറവൊന്നുമില്ല.ഞാൻ അവിടെ ഉണ്ടായിരുന്ന സമയവും അവൾ പാൽ തിളപ്പിച്ചു കളഞ്ഞു.അതിനുള്ള വഴക്കുകൾ എന്റെ മുൻപിൽ വെച്ച് തന്നെ കൊടുക്കുന്നുണ്ട്.പണ്ട് അവൾ കരച്ചിലോടെ പറഞ്ഞിരുന്ന ഡയലോഗുകൾ ഞാൻ അങ്ങനെ "ലൈവ്" ആയി കേട്ടു.അവൾക്ക് വിഷമമാവുമല്ലോ എന്നോർത്ത്, ഞാൻ കേൾക്കാത്ത മട്ടിലിരുന്നു.പക്ഷെ ആ ഡയലോഗുകൾ അവൾക്ക് മെലഡി പാട്ടുകൾ പോലെയാണെന്ന് തോന്നുന്നു. സന്തോഷത്തോടെ കേൾക്കുന്നുണ്ട്. ഞങ്ങൾ രണ്ടു പേരും മാത്രമായപ്പോൾ  കൂട്ടുകാരി എന്നോട്  പറഞ്ഞു "നമ്മുടെ റേഡിയോ ക്ക് ഒരു മാറ്റവും ഇല്ല അല്ലെ !" അവളുടെ കണ്ണുകൾ  നനഞ്ഞിരുന്നുവോ ? എന്നാലും ഞാൻ അതിന് പ്രാധാന്യം  കൊടുക്കാതെഞങ്ങളുടെ  പഴയ കഥകളൊക്കെ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത് വീണ്ടും സന്തോഷപരമായ   സാഹചര്യമുണ്ടാക്കി എടുത്തു. ചില  വിഷമങ്ങളെ ഫലിതം കൊണ്ട് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു അല്ലെ ......... 

5/13/15

Mother’s Day _2015

 10/05,ഈ വർഷത്തെ മാതൃദിനമാണ് ഇന്ന്. രാവിലെ പത്രത്തിന്റെ കൂടെ അമ്മമാരെ നല്ല ആരോഗ്യമുള്ളവരാക്കി തീർക്കാനുള്ള ഓഫർ -യുമായി ജിം കാരും , അമ്മമാരെ  സുന്ദരിയാക്കാൻ വേണ്ടി ബ്യൂട്ടിപാർലർ -കാരും അമ്മമാർക്കുള്ള നല്ല വസ്ത്രങ്ങളിന്റെ  പരസ്യമായി തുണിക്കടക്കാരും .......അങ്ങനെ എന്തും ഏന്തും അമ്മമാർക്കായിട്ടുള്ള ചില പരസ്യങ്ങളുടെ  നോട്ടീസുകൾ കണ്ടു.പത്രത്തിലാണെങ്കിൽ ജോലിയും കുട്ടികളെ വളർത്തലുമായി കഷ്ടപ്പെടുന്ന ചില അമ്മമാരുടെ കദനകഥകളാണ് ഒരു വശത്തെങ്കിൽ മറുഭാഗത്ത് വേലക്കാരികളുടെയോ അല്ലെങ്കിൽ മറ്റുള്ളവരുടെയോ സഹായത്തോടെ ജീവിതം ആസ്വദിക്കുന്ന അമ്മമാരുടെ ക്ലബിലെ ചില അംഗങ്ങളുടെ ഫോട്ടോകളാണ്.ഇവരുടെ വേലക്കാരിയുടെ മക്കളെ ആര് അന്വേഷിക്കും എന്ന ഒരു ചോദ്യം മനസ്സിൽ തോന്നിയെങ്കിലും അവർക്ക് കിട്ടുന്ന  ശബളം അവരുടെ മക്കളുടെ ജീവിതം  കൂടുതല്‍ മെച്ചപ്പെടുത്തുമായിരിക്കും .പോസിറ്റീവ് ആയി ചിന്തിക്കാം അല്ലെ 

എന്തായാലും രാവിലെ തന്നെ കുട്ടികൾ എന്നെ "വിഷ് " ചെയ്തു.പത്രക്കാരോട് വേണമെങ്കിൽ അതിനുള്ള നന്ദി പറയാം.എന്നാൽ എന്റെ അമ്മയെ വിഷ് ചെയ്യാമെന്ന് വിചാരിച്ച് വിളിച്ചപ്പോൾ

Thank you....ഞാൻ നിന്റെ വിളി കാത്തിരിക്കുകയായിരുന്നു.
wow...... അമ്മ ആകെ .improved ആയിരിക്കുന്നുവല്ലോ, ഏതോ സോപ്പിന്റെ പരസ്യവാചകം ഓർമ്മ വന്നത്.
കഴിഞ്ഞ വർഷം ഇതേ ദിവസം വിളിച്ചപ്പോൾ അമ്മ ആകെ അന്തം വിട്ടിരിക്കുകയായിരുന്നു .അതിനെ പറ്റി വിവരിച്ചു കൊടുത്തിട്ടും അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല . അമ്മ തിരിച്ച് ചോദിച്ചത്
" നീ നാളെ എപ്പോഴാണ് വിളിക്കുന്നത്, സമയം പറഞ്ഞാൽ ഞാൻ ഫോണിന്റെ അടുത്ത് തന്നെ ഇരിക്കാം "

എന്തോ പ്രാർതഥന പോലെ എല്ലാ ദിവസവും വിളിച്ച വിഷ് ചെയ്യണമെന്നാണ് അമ്മ മനസ്സിലാക്കിയത്.

 ഇതു തന്നെ ധാരാളം , ഇത്രയും ദൂരത്ത് നിന്ന് വിളിക്കുന്ന കാര്യം എത്ര പൈസയാണ് ചിലവായത് എന്നറിയാമോ ...... ഞാൻ ദേഷ്യപ്പെട്ടു.

അടുക്കളയിൽ നൂറു കൂട്ടം ജോലിയുള്ളപ്പോൾ ആണ് അവളുടെ ഒരു "Mothers Day" എന്ന് പറഞ്ഞ് അമ്മയും ദേഷ്യപ്പെട്ടു.

ആ അമ്മയാണ് ഇന്ന് എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞത്.അല്ലെങ്കിൽ "Mothers Day"-യിൽ  അത്രമാത്രം വാണിജ്യമനോഭാവം കൈവന്നിരിക്കുന്നു.

ഇന്ന് എന്റെ ദിവസം ആയതിനാൽ, കുട്ടികളോട് ഗിഫ്റ്റ് ചോദിക്കുകയാണെങ്കിൽ , എന്റെ പഴ്സ് തന്നെ കാലിയാകുന്ന പരിപാടി ആയിരിക്കും.എന്നാൽ ഭക്ഷണം കഴിക്കുന്നത് പുറത്താക്കുകയാണെങ്കിൽ  മെയ്യ് അനങ്ങാതെ എനിക്കും ഭക്ഷണം കിട്ടും.അങ്ങനെ ഭക്ഷണശാലയിൽ ചെന്നപ്പോൾ, അവിടെ ഒരു ഭാഗത്ത് ബർത്ത് ഡേ പാർട്ടി നടക്കാൻ പോകുന്നു.ഏകദേശം 10 -15 ടീനേജ് കുട്ടികൾ ഇരിക്കുന്നുണ്ട്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്.എല്ലാവരും അവരവരുടെ മൊബൈലിൽ കുത്തികൊ ണ്ടിരിപ്പുണ്ട്.ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കുന്നുണ്ട്.ഇന്നത്തെ കുട്ടികൾ മുഖത്ത് നോക്കി വർത്തമാനം പറയാറില്ല എന്ന് തോന്നുന്നു. കടക്കാരൻ ഒരു വലിയ കേക്കും മെഴുകുതിരിയുമായി വന്നു. ഒരു ആണ്‍കുട്ടിയുടെയാണ് ജന്‍മദിനം.വേഗം മറ്റുള്ളവർ ചുറ്റും കൂടി "Happy Birthday" യുടെ പാട്ട് പാടി. കേക്ക് മുറിച്ചു കുറച്ച് കുട്ടികൾ വന്ന് കേക്കിന്റെ ക്രീം എടുത്ത് അവന്റെ മുഖത്ത് തേച്ചു. .പിന്നീട് അങ്ങോട്ട് "ക്ലിംക്ക് .. ക്ലിംക്ക്....ഫോട്ടോ എടുക്കലാണ്. ഗ്രൂപ്പ് ആയിട്ടും അവന്റെ കൂടെയും ഓരോ ഗോഷ്ഠികളായിട്ടുള്ള ഫോട്ടോകൾ. അപ്പോൾ മാത്രമാണ്, കുട്ടികളുടെതായ കുസൃതിയും പ്രസരിപ്പും ഞാൻ  കണ്ടത്.പത്ത് -പതിഞ്ചു നിമിഷം..എല്ലാവരും തിരിച്ചു വന്ന് അവരവരുടെ സീറ്റിൽ വന്നിരുന്നു ഫോണിൽ കുത്തൽ തുടങ്ങി.  പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടി മുഖം കഴുകി വന്നു.പിന്നെയും ആകെ നിശ്ശബ്‌ദത!

കടക്കാർ ആ കേക്കിനെ മുറിച്ച് എല്ലാവർക്കുമായി വിതരണം ചെയ്തു. പകുതിയിലധികം പേരും മുഴുവനും തിന്നാതെ ബാക്കി വെച്ചു.ഞാനാണെങ്കിൽ -മീൻ മുറിക്കുമ്പോൾ പൂച്ച മീനിനേയും മുറിക്കുന്ന ആളിനെയും മാറി -മാറി നോക്കുന്നതു പോലെ ,ഈ  ആധുനിക കുട്ടികളേയും ബർത്ത്ഡേ പാർട്ടിയും നോക്കികൊണ്ടിരിക്കുകയാണ്.ആ കൂട്ടത്തിൽ ഒരു "കൊറിയൻ പെണ്‍കുട്ടിയുമുണ്ട്.അവളുടെ അമ്മയും അനുജത്തിയും ദൂരെ മാറി  ഒരു സ്ഥലത്ത് ഇരിപ്പുണ്ടായിരുന്നു.ആരാണ് കേക്ക് കഴിക്കാത്തത് അവരുടെ അടുത്തേക്ക് അവർ പ്ലേറ്റ് പിന്നെയും  നീക്കിവെച്ചു കൊടുക്കും.ഭാഷ അറിയാത്തത് കൊണ്ടായിരിക്കാം മകളെ വിളിച്ച് അവരോട് മുഴുവൻ കഴിക്കാൻ നിർബന്ധിക്കുന്നുണ്ട്.അതോടെ ഞാൻ എന്റെ നോട്ടം ആ കൊറിയൻ അമ്മയിലോട്ട് മാറ്റി അവരുടെ .ഭക്ഷണം വന്നപ്പോഴും അവർ മാറി നിന്ന് ആരാണ് മുഴുവനും കഴിക്കാത്തത് അവരുടെ അടുത്തേക്ക് പുഞ്ചിരിയോടെ പിന്നെയും  പ്ലേറ്റ് നീട്ടിവെച്ചു കൊടുക്കും അല്ലെങ്കിൽ മകളോട് ചെന്ന് പറയും.ഒരു പരസ്പര നോട്ടത്തോടെ ഞങ്ങൾ അമ്മമാരുടെ ടീം ആയി.ചില കുട്ടികൾ എന്നിട്ടും മുഴുവൻ കഴിക്കാത്തതിന്, എന്നെ നോക്കി നെറ്റി ചുളിച്ച് കാണിക്കും. ഒരു പക്ഷെ ആ പാർട്ടി നടത്തുന്നവർ പോലും ഭക്ഷണം പാഴാക്കുന്നതിനെ പറ്റി ആലോചിക്കുന്നില്ലായിരിക്കും.

ആ അമ്മയുടെ പ്രവൃത്തികൾ എന്നെ അതിശയിപ്പിച്ചു.ജാതിയ്ക്കും മതത്തിനും എന്തിന് വേറെ പൗരത്വമുള്ള  അവർ സ്വന്തം മകളെ മാത്രമല്ല വേറെയൊരു രാജ്യത്തെ കുട്ടികളെ പോലും നല്ല മൂല്യങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നു !ഒരു പക്ഷെ ഇന്ന് ഈ വർഷത്തെ മാതൃദിനത്തിൽ എന്നെ സ്വാധീനിച്ച  "അമ്മ" എന്ന് തന്നെ അവരെ വിശേഷിപ്പിക്കാം.


നമ്മൾ കണ്ടുമുട്ടുന്നവരിൽ പലരിൽ നിന്നും പല പാഠങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു!!!!

4/11/15

എന്‍റെ പുതിയ പ്രാര്‍ത്ഥനകള്‍

പുതിയ എന്തെങ്കിലും കാര്യങ്ങളിൽ പര്യവേഷണം നടത്തുക കൂട്ടത്തിൽ നാല് കാശും ഉണ്ടാക്കുക അങ്ങെനെയൊരു ചിന്തയുടെ ഭാഗമായിട്ടാണ് "ഓഹരിക്കമ്പോളത്തിൽ പയറ്റിയാലോ എന്ന ആശയം ഉടലെടുത്തത്.ഇന്ന് ഈ വക കാര്യങ്ങളൊക്കെ "ഓണ്‍ലൈന്‍" ചെയ്യാവുന്നതുകൊണ്ട് പഴയകാലങ്ങളിലെ പോലെയുള്ള കഷ്ടപ്പാടുകള്‍ ഒന്നുമില്ല.പിന്നീടുള്ള ദിവസങ്ങള്‍ അതൊക്കെ നടപ്പിലാക്കാനുള്ള തത്രപ്പാടിലായിരുന്നു .


കാശിന്‍റെ കളി ആയ കാരണംഈ വ്യവഹാരം തനിച്ച്  ചെയ്യാനൊരു  പേടി.ധൈര്യത്തിനായി മകനെയും കൂട്ടിനു വിളിച്ചു.മടികൂടാതെ  എന്‍റെ ആവശ്യം അംഗീകരിച്ചെങ്കിലും അവന്‍റെ  ഡിമാൻറ് അനുസരിച്ച്  ലാഭത്തിന്‍റെ 50%-50% ആയിരിക്കണം അതായത് ഞാൻ പൈസ ഇറക്കണം അവൻ, വിലയേറിയ നിർദ്ദേശങ്ങളായ ഏത് കമ്പനിയുടെ ഓഹരികൾ  മേടിക്കണം എപ്പോൾ മേടിക്കണം അല്ലെങ്കിൽ എപ്പോൾ വിൽക്കണം എന്നുള്ള ട്ടിപ്സ് തരും.അതെങ്ങനെ ശരിയാകും കാശ് ഇറക്കുന്ന എനിക്കും യാതൊരു ചെലവുമില്ലാതെ ഉപദേശം തരുന്നവനും ഒരേ ലാഭവിഹിതമോ ? എന്തായാലും ചില  വിലപേശലിന്‍റെ അവസാനത്തിൽ 60%-40% യിൽ ധാരണയായി.


എങ്ങെനെയാണ്, ഓണ്‍ലൈനായി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യേണ്ടതെന്ന് അതിന്‍റെ ഉദ്യോഗസ്ഥൻ കാണിച്ചു തന്നു.അദ്ദേഹത്തിന്റെ വകയായും ചില ട്ടിപ്സുകൾ. അങ്ങനെ മൊത്തം ഉപദേശങ്ങളുടെ ധൈര്യത്തിൽ മേടിക്കേണ്ടവയുടെ വിവരങ്ങൾ എല്ലാം ടൈപ്പ് ചെയ്തു, പിന്നെയും  എല്ലാം നല്ലതിനായിരിക്കുമോ എന്ന പേടിയിൽ ക്ലിക്ക് (enter) ചെയ്യാനുള്ള ഭയം  കാരണം ആ ജോലി മകനെ ഏൽപ്പിച്ചു "ദാ എന്‍റെ പൈസ ദേ  പോയി എന്ന വികാരത്തോടെ ഞാനും ഇതിൽ എന്താണ് പേടിക്കാൻ എന്ന മട്ടിൽ അവൻ ക്ലിക്ക് ചെയ്തതോടെ ഓഹരിക്കമ്പോളമെന്ന ഗോദയിലേക്ക് ഞാനും ഇറങ്ങി!


നിക്ഷേപകർക്ക്  ലക്ഷങ്ങളും  ആയിരങ്ങളും സമ്പാദിക്കുകയും അതുപോലെ തന്നെ നഷ്ടത്തിലായി പാപ്പരാവുന്നതിനും സാധ്യതയുള്ള ഒരു വേദിയാണ് ഓഹരിവിപണി.അധികം ലാഭം പ്രതീക്ഷിക്കാതെയുള്ള
ക്രയവിക്രയം ആയതു കൊണ്ടായിരിക്കാം  തുടക്കനാളുകൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോയി.എന്തേ ഈ
ബുദ്ധി എനിക്ക് നേരത്തേ തോന്നിയില്ല എന്ന് ഓർത്ത് പോയ നിമിഷങ്ങൾ...... നാടോടിക്കാറ്റ് സിനിമയിൽ ശ്രീനിവാസൻ പറയുന്നതു പോലെ "എല്ലാത്തിനും ഒരു സമയമുണ്ടല്ലോ -സ്വയം സമാധാനിച്ച നിമിഷങ്ങൾ !


ആത്മവിശ്വാസം കൂടിയതോടെ കൂടുതൽ പൈസ നിക്ഷേപിക്കാൻ തുടങ്ങി. ആത്മവിശ്വാസം കൂടിയതോടെയാണോ എന്നറിയില്ല പലതിന്‍റെയും വില കുത്തനെ താഴോട്ടായിരുന്നു. പുതിയ തലമുറയുടെ സദുപദേശമായി മകനെത്തി.
"മേടിച്ച ഓഹരികൾ നഷ്ടത്തിൽ വിൽക്കുക പുതിയ ഓഹരികൾ മേടിച്ചിട്ട് അവ വിൽക്കുമ്പോൾ ഈ നഷ്ടം നികത്താം"
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച  വെള്ളം കണ്ടാലും പേടിക്കും എന്നതു പോലെയായിട്ടുണ്ട് എനിക്ക് ഓഹരികൾ, ആ എന്നോടാണ് പുതിയ ഉപദേശങ്ങൾ! അവനെ ഞാൻ വഴക്ക്  പറഞ്ഞു ഓടിച്ചു. അവൻ പറയുന്നതുപോലെ കേട്ടില്ലെങ്കിൽ ഭാവിയിൽ, അവനിൽ നിന്നും ഒരു ട്ടിപ്സും പ്രതീക്ഷിക്കണ്ട എന്ന മട്ടിലായിരുന്നു അവൻ. അല്ലെങ്കിലും 40% ലാഭവിഹിതം എന്നുള്ളത് വെറും ഒരു മോഹന വാഗ്ദാനമാണെന്നുള്ളത് എനിക്കും അവനും അറിയാം അതുകാരണം "രക്ഷപ്പെട്ടു" എന്ന മനോഭാവത്തോടെ പിണങ്ങി പോയി.


ഞാനാണെങ്കിൽ  മുട്ട കച്ചവടത്തിന് നഷ്ടം വന്നപോലെ താടിക്ക് കൈകൊടുത്ത് കംപ്യൂട്ടറിന്റെ മുൻപിൽ ഇരിപ്പായി. ഓഹരിക്കമ്പോളത്തിലെ    അത്ഭുതകൃത്യങ്ങൾ ആര്  വിവരിക്കും എന്നറിയാനായിട്ട്   പിന്നെയുള്ള ആശ്രയം ഗൂഗിൾ ആണ്.എഴുതി ക്ലിക്ക് ചെയ്തതും, ലോകത്തിലുള്ളവരെല്ലാവരും എനിക്ക് ഒരു പരിഹാരമായിട്ട് ഇരിക്കുന്നവരോ എന്ന് തോന്നിപോയി, ഉപദേശങ്ങളും നിർദ്ദേശങ്ങളും അറിവുകളുമായി ഒരു നിര തന്നെയുണ്ട്.ചിലർ സത്യസന്ധമായി കാര്യങ്ങള്‍  പറഞ്ഞു മറ്റു ചിലർ വളഞ്ഞു മൂക്കിനെ തൊടുന്നതു പോലെ കാര്യങ്ങളെ വളച്ചൊടിച്ചു പറഞ്ഞു. എന്തായാലും കാര്യങ്ങളെല്ലാം എല്ലാം ഒരു പോലെ തന്നെ!


അതിനിടയ്ക്ക് ഓഹരിയുടെ വിലകൾ കൂടി.  എന്തിനാണ് അങ്ങനെ വിലകൂടിയത് എനിക്കറിയില്ല. മകൻ പറഞ്ഞു,RBI,  അതിന്‍റെ ലോണ്‍ റേറ്റ് കുറച്ചു അതുകാരണമാണ് വില കൂടിയതെന്ന്.ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങളുടെ പിന്നിൽ ഇങ്ങനെയും ചില ചെപ്പടിവിദ്യകൾ ഒളിച്ചിരിപ്പുണ്ടെന്നുള്ളത് എനിക്ക് പുതിയ അറിവുകളായിരുന്നു.എന്തിനും ഏന്തിനും ഒരാശ്വാസം പിന്നെ ഭക്തിയുടെ മാർഗ്ഗമാണല്ലോ, അതോടെ എന്‍റെ പ്രാർത്ഥനകളിൽ സ്ഥിരം ആവലാതികളോടപ്പം  നല്ല സമ്പദ്ഘടനക്കും എണ്ണയുടെ വില വ്യത്യാസത്തിനായും നല്ല ബജറ്റിനായും, നേതാക്കന്മാരുടെ  ഭാവിയില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന വാഗ്ദാനങ്ങളേയും ലോണ്‍ റേറ്റി നെക്കുറിച്ചും  ... ........ അതേ, ഏത് തരം  സാഹചര്യമാണ്  ഓഹരി കബോളത്തെ മാറ്റി മറിക്കുക അല്ലെങ്കില്‍ എന്നെ നഷ്ടങ്ങളില്‍ നിന്ന്‍ കര കയറ്റുക  എന്നറിയാത്തതു കൊണ്ട് ഞാൻ എന്റെ പുതിയ പ്രാർത്ഥനകള്‍ തുടർന്നു കൊണ്ടേയിരിക്കുന്നു.!!!!



2/7/15

ഭാഗ്യവന്മാര്‍:-)

രാജ്യത്തിന്റെ  മാത്രമല്ല നമ്മുടെ ഓരോ കുടുംബത്തിലെ പ്രാധാന കാര്യങ്ങളും തീരുമാനിക്കുന്നത് അമേരിക്കകാരോ അല്ലെങ്കിൽ വിദേശത്ത് താമസിക്കുന്നവരാണ്. അവർ നാട്ടിലോട്ട് വരാനുള്ള അവധി എടുക്കുന്നതോടെ, കുടുംബത്തിലെ കെട്ടിക്കാറായ ചെറുക്കന്റെയോ/ പെണ്ണിന്റെയോ കല്യാണം കൂടുക, കുഞ്ഞുകുട്ടികളുണ്ടെങ്കിൽ അവരുടെ മാമ്മോദീസ/നൂലുകെട്ട്,വയസ്സായവരെ സന്ദർശിക്കുക...... അങ്ങനെ കാസർക്കോട് മുതൽ കന്യാകുമാരി വരെ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വരവ്.ഒന്നിനും സമയമില്ലാത്ത അവരെ എങ്ങനെയെങ്കിലും കല്യാണം കൂടിപ്പിക്കണം എന്ന വാശിയിലാണ് കുടുംബക്കാരും.ആ വാശിയുടെ ഭാഗമായിട്ട് ഉണ്ടായ കല്യാണത്തിനാണ് എനിക്കും പങ്കെടുക്കേണ്ടത്. അമേരിക്കയിൽ നിന്നും വന്ന സ്വന്തക്കാർക്ക് മണിക്കൂറുകളും മിനിറ്റുകളും സെക്കന്‍റുകളും പ്രാധാന്യമുള്ളതിനാൽ ബാക്കിയുള്ളവരുടെ പ്രാരാബ്ധങ്ങളൊന്നും വിഷയമാല്ലാതായി.ഇത്രയും ദൂരെ ഉള്ളവർക്ക് കല്യാണം കൂടാമെങ്കിൽ ഇൻഡ്യുടെ ഒരു മൂലയിൽ കിടക്കുന്ന നിനക്കണോ യാത്ര ഒരു പ്രശ്നം എന്ന മട്ടിലായിരുന്നു കല്യാണവീട്ടുകാരും.

പെട്ടെന്ന് തീരുമാനിച്ച ആഘോഷം ആയതിനാൽ യാത്രക്ക് വേണ്ടി പിന്നെയുള്ള ആശ്രയം "ബജറ്റ് വിമാനകമ്പനി (Budget airlines) കളാണ്.വീടിന്റെ  ബജറ്റ് ക്രമീകരിക്കുന്നതിനു  വേണ്ടി, യാത്ര ഞാൻ തന്നെ ആക്കി.രാവിലെ 5.55 നുള്ള "Air India" യുടെ വിമാനത്തിലാണ് ട്ടിക്കറ്റ് കിട്ടിയത്. 9 മണിയോടെ നാട്ടിലെത്തും.മൂടൽ മഞ്ഞിന്റെ പ്രശ്നമുള്ളത് കാരണം യാത്രാസമയം നീളുമായിരിക്കും എന്ന മുൻവിധിയോടെയാണ്, വിമാനതാവളത്തിൽ എത്തിയത്.എന്നാൽ സമയത്ത് തന്നെ പുറപ്പെടും എന്ന അറിയിപ്പിന്റെ ഭാഗമായി എല്ലാതരം പരിശോധനകളും കഴിഞ്ഞ് എല്ലാ യാത്രക്കാരും വിമാനത്തിൽ ഇരുപ്പായി. കുറച്ചു നേരം "റണ്‍വേ" യിൽ കൂടി ഓടി, പറക്കാനുള്ള സന്ദേശം കിട്ടുന്നില്ല പോരാത്തതിന് അദൃശ്യതയും കാരണം തിരിച്ച് പാർക്കിംഗ് സ്ഥലത്ത് കൊണ്ട് ഇട്ടു.എല്ലാവരും അതിനകത്ത് കാത്തിരിപ്പായി.ഇതിനിടയ്ക്ക് അവർ ഭക്ഷണവും വിളമ്പാനും തുടങ്ങി. ഭക്ഷണവും കഴിഞ്ഞു മാനവും തെളിഞ്ഞു സമയം ഏകദേശം പത്ത് - പത്തര ആയി. വിമാനത്തിന് മാത്രം അനക്കമില്ല.കാര്യങ്ങൾ തിരക്കിയപ്പോഴാണറിയുന്നത്, പൈലറ്റ്‌ 9 മണിക്ക് അയാളുടെ ഡ്യൂട്ടി സമയം കഴിഞ്ഞ കാരണം തിരിച്ച് വീട്ടിൽ പോയി.എന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാർ!

യാത്രക്കാരിൽ പലരും കേരളം കാണാനായിട്ട് പോകുന്ന വിനോദസഞ്ചാരികളും വിദേശികളും ഏതാനും മലയാളികളുമാണ്.ചിലരുടെ നേതൃത്വത്തിൽ ഏതാനും പേർ കൂടി ചേർന്ന് സമരവും നടത്തി.തക്കസമയത്ത് ഫോണ്‍ കാൾ വന്ന കാരണം എനിക്ക് അതിൽ പങ്കെടുക്കാനായില്ല.എന്റെ അടുത്ത ഇരുന്ന വിദേശിക്ക്, ഒരു സമരത്തിൽ പങ്കെടുക്കാനായ സന്തോഷം.

"നീയും പങ്കെടുക്കേണ്ടാതായിരുന്നു, ഇതൊക്കെ വല്ലപ്പോഴും കിട്ടുന്ന ഒരു ഭാഗ്യമല്ലേ "- എന്നാണ്തിരിച്ച് വന്നിട്ട് പറഞ്ഞത്.ഞാൻ വെറുതെ ചിരിച്ചെങ്കിലും മനസ്സിലോർത്തു_ നമ്മുക്കണോ(ഇന്ത്യക്കാർ) സമരങ്ങളോട് പുതുമ, ഏത് തരം സമരം വേണമെന്നുള്ള ആശയത്തിന്റെ കുറവേയുള്ളൂ!

ഏതാനും നിമിഷങ്ങൾക്കകം പുതിയ പൈലറ്റ്‌ എത്തി.ഞങ്ങളെല്ലാവരും കൈയ്യടിച്ചാണ് സ്വാഗതം ചെയ്തത്. സമരത്തിന്റെ ഗുണം എന്ന ഒരഹങ്കാരം ഞങ്ങളിൽ ഓരോത്തരർക്കും ഉണ്ടായിരുന്നു.ഏകദേശം 12.30 യോടെ വിമാനം പറന്ന് ആകാശത്ത് എത്തി.അതോടെ പലർക്കും വിശപ്പിന്റെ വിളി ആരംഭിച്ചു.ഭക്ഷണം ചോദിച്ചപ്പോഴാണറിയുന്നത് -"ഭക്ഷണം ഒന്നുമില്ല, വേണമെങ്കിൽ  വെള്ളം തരാം ..... ചോദിക്കുന്നവർക്കെല്ലാം ചെറിയ കുപ്പിയിൽ വെള്ളം കൊടുക്കുന്നുണ്ട്.വിമാനം ആകാശത്ത് എത്തിയ കാരണം ഇനി ഒരു സമരം നടത്തിയാലും ഫലം കാണില്ല എന്നറിയാവുന്നതു കൊണ്ട് "വെള്ളമ്മെങ്കിൽ വെള്ളം എന്ന നിലപാടിലായിരുന്നു ഞങ്ങൾ !

കല്യാണതലേന്ന് പുറപ്പെട്ട കാരണം കല്യാണം കൂടാൻ സാധിച്ചുതിരിച്ചുള്ള യാത്ര രാത്രി 8.55 നായിരുന്നുവെങ്കിലും പലപ്പോഴായി സമയം മാറ്റിയ വിവരം sms ആയി അറിയിക്കുന്നുണ്ടായിരുന്നു.രാത്രി 12  മണിക്കുള്ള യാത്രക്കായി 9 മണിക്ക് തന്നെ ഞാൻ വിമാനതാവളത്തിൽ എത്തി.ഇനിയും സമയമുണ്ടല്ലോ എന്നോർത്ത് ഒരു കസേരയിൽ ഇരിക്കുകയായിരുന്നു ഞാൻ.Air India യിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ യുടെ പുറകെ കുറേ പേർ ബഹളം വെച്ച് നടക്കുന്നുണ്ട്.ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ എന്നോട് പറഞ്ഞു
" നീ തിരിച്ച് പോകാനായിട്ട് വന്നിരിക്കുന്നതല്ലേ, കേരളത്തിലോട്ടുള്ള യാത്രയിൽ നമ്മൾ ഒരുമിച്ചാണ് വന്നത്.ഇന്നത്തെ യാത്ര ചില  സാങ്കേതികമായ തകരാറുകൾ കാരണം വേണ്ടെന്നു വെച്ചു. വേഗം ഞങ്ങളുടെ കൂടെ ചേർന്നോ .......
എന്നെയാണെങ്കിൽ യാത്രയ്ക്കാൻ വന്നവരെല്ലാം തിരിച്ചു പോയി.പെട്ടെന്ന് നിസ്സഹായാവസ്ഥയിലായതു പോലെ ആ ആൾക്കുട്ടത്തിൽ ചേരുകയെന്നല്ലാതെ ........

അപ്പോഴേക്കും യാത്രക്കാരുടെ എണ്ണം കൂടി കൊണ്ടിരുന്നു.പലരുടേയും യാത്രയയ്‌ക്കാൻ വന്നവർ തിരിച്ചു പോയി.അതോടെ താമസസൗകര്യം വേണമെന്ന ബഹളമായിട്ടാണ് പലരും. പലർക്കും പിറ്റേ ദിവസം ഓഫീസിൽ പ്രവേശിക്കേണ്ടതാണ്, മറ്റു ചിലർ സെമിനാറുകലോ/ സമ്മേളനം ത്തിലോ പങ്കെടുക്കേണ്ടവരാണ്,കുട്ടികൾ, കുടുംബം .......എല്ലാവരും അവരവരുടെ പ്രാരാബ്ധങ്ങൾ നിറുത്താതെ പറയുന്നുണ്ട്, അതൊക്കെ കേൾക്കാൻ ആരെങ്കിലും വേണമെന്ന നിർബന്ധം ആർക്കുമില്ല.താമസസൗകര്യം ഏർപ്പാടാക്കി തരാമെന്ന് പറയുന്നു ണ്ടെങ്കിലും അതിനായിട്ടുള്ള കാര്യങ്ങൾ ഒന്നും മുന്നോട്ട് നീങ്ങുന്നില്ല.അതോടെ എലിയെ പിടിക്കാൻ വന്ന കുഴലൂത്തുകാരനായ മാജിക്കുകാരുടെ (The Pied Piper of Hamelin) കഥയിലെ പോലെ ......പക്ഷെ ഒരു വ്യത്യാസം മാത്രം കഥയിൽ  എല്ലാവരും മാജിക്കുകാരന്റെ  പുറകെ ആണെങ്കിൽ ഇവിടെ ഞങ്ങൾ എല്ലാവരും "Air India lady" യുടെ പുറകെയാണ്.അവരെ പിന്തുടരുന്നതിന്റെ  ദേഷ്യം അവര്‍  കാണിക്കുന്നുണ്ടെങ്കിലും വേറെ ഒരു Air India ഉദ്യോഗസ്ഥരെ അവിടെ കാണാത്തകാരണം ഞങ്ങള്‍ അതൊന്നും കാര്യമാക്കിയില്ല.


എല്ലാ ബഹളങ്ങളുടെ അവസാനമായി ഏകദേശം 11 മണിയോടെ താമസ്ഥലത്ത് എത്തി.അടുത്ത വിമാനയാത്രക്ക്‌ മുൻപ് ഹോട്ടലുകാർ ഞങ്ങളെ വിളിച്ചറിയിക്കാം എന്ന ഉറപ്പിന്മേൽ ഞങ്ങൾ ഓരോത്തരും മുറിയിലെത്തി.മുറിയിൽ എത്തിയതോടെ, "എന്നെ മാത്രം വിളിച്ചറിയ്ക്കാൻ മറന്നു പോയാലോ, ഉറങ്ങി പോയാലോ .....പോരാത്തതിന് വായിച്ചതും കേട്ടറിഞ്ഞതുമായ എല്ലാതരം കൊലപാതക കഥകളും മനസ്സിലേക്ക് ഓടി വന്നു.ആരുടേയും സൗകര്യം നോക്കാതെ കല്യാണം നിശ്ചയിച്ച കുടുംബക്കാരെ കുറ്റം പറയണോ അതോ എല്ലാത്തിനും കാരണക്കാരായ അമേരിക്കകാരെ കുറ്റം പറയണോ എന്നറിയാത്ത അവസ്ഥ ! ഹോട്ടലുകാർ വാക്ക് പാലിച്ചു രാവിലെ 5 മണിക്ക് ഫോണ്‍ ചെയ്ത് പറഞ്ഞു 6 മണിക്ക് അവർ വിമാനതാവളത്തിൽ കൊണ്ടാക്കുമെന്ന് ...

യാത്രയുടെ അടുത്ത ഘട്ടം അങ്ങനെ ആരംഭിച്ചു.ട്ടിക്കറ്റുമായി ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ,
 "മാഡം ഇത് ഇന്നലത്തെ ട്ടിക്കറ്റ് ആണ് "....അയാളോട് കഥ പറഞ്ഞു വരുമ്പോഴേക്കും എന്റെ ഹിന്ദി പറയുന്ന കൂട്ടുകാരിയും മറ്റു യാത്രക്കാരും അവിടെ എത്തി.സെക്യൂരിറ്റിക്കാരൻ "നിങ്ങൾ Air India യുടെ ഓഫീസ്സിൽ ചെന്ന് പറയൂ"
അവിടെ എത്തിയപ്പോൾ, ഒരു പാവം പയ്യൻ ഉറക്കം തൂങ്ങി ഇരിപ്പുണ്ട്."എവിടെ ഞങ്ങളുടെ വിമാനം _ എന്ന ചോദ്യവുമായി കൂട്ടത്തോടെയുള്ള ഞങ്ങളുടെ വരവ് കണ്ടപ്പോൾ, അവന്റെ ഉറക്കമെല്ലാം പമ്പ കടന്നു എന്ന് മാത്രമല്ല കഥയറി യാതെ അവൻ ആകെ അന്തം വിട്ടിരിക്കുകയാണ്.സിസ്റ്റം (system) ത്തിൽ നോക്കിയപ്പോഴാണ്, അവന് കാര്യങ്ങൾ പിടി കിട്ടിയത്."ബോസ്സിനെ വിളിച്ചു കൊണ്ടു വരാം എന്ന് പറഞ്ഞ് അവൻ പോയി.ഹിന്ദി പറയുന്ന കൂട്ടുകാരിയും അവളുടെ ഭർത്താവും കൂടെ അവിടെയുള്ളവരോടെല്ലാം കേരളത്തിലോട്ട് വന്നപ്പോൾ ഉള്ള സംഭവങ്ങളും തലേദിവസത്തെ കാര്യങ്ങളും വിവരിക്കുന്നുണ്ട്. അടുത്ത ഒരു സമരത്തിനായി എല്ലാവരേയും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ആരും ഒത്തൊരുമയോടെ മുന്നോട്ട് വരാൻ തയ്യാറല്ല.ചിലർക്ക് മാധ്യമാക്കാർ വന്നെങ്കിലോ എന്ന പേടി അപ്പോഴേക്കും Air India യുടെ ബോസ്സ് എത്തി. അതോടെ ഹിന്ദി പറയുന്ന കൂട്ടുകാരിയുടെ ഭർത്താവിന്റെ നല്ല ഭാഷയുടെ "സ്റ്റോക്ക് തീർന്നു തുടങ്ങി.അയാളെ മാത്രം ഞങ്ങളുടെയെല്ലാം പ്രതിനിധിയായി വിമാനതാവളത്തിനകത്തു  ഓഫീസിലോട്ട് വിളിച്ചു.ഞങ്ങളെല്ലാം ഗ്ലാസ്സിൽ കൂടി അവരുടെ സംഭാഷണം കണ്ടു നിന്നു.കുറച്ച് കഴിഞ്ഞപ്പോൾ വളരെ ശാന്തസ്വഭാവക്കാരനായി ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു "10.30 ക്ക് ബോംബൈ വഴി പോകുന്ന വിമാനത്തിൽ പോകാം.സ്വഭാവത്തിൽ വന്ന വ്യത്യാസം എന്നിൽ സംശയം ഉണ്ടാക്കാതിരുന്നില്ല, അപ്പോൾ സമയം ഏഴര ആയിട്ടേയുള്ളൂ.......പിന്നീടാണറി ഞ്ഞത്, അപ്പോൾ തന്നെയുള്ള Air Indiaയുടെ വിമാനത്തിൽ അവർ ട്ടിക്കറ്റ് ശരിയാക്കി പോയി എന്ന കാര്യം ."കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെയായി !

യാത്രയ്ക്കായി വന്നിട്ടുള്ള പലരേയും അപ്പോഴേക്കും കണ്ടുപരിചയമായി.കൂട്ടത്തിലുണ്ടായിരുന്ന പലരും  വിമാനതാവളത്തിനകത്ത് കൂടി നടക്കുന്നത് ഗ്ലാസ്സിൽ കൂടി കണ്ടതോടെ എങ്ങനെയെങ്കിലും  അവിടെ എത്തുക എന്നതായി എന്റെ  ലക്ഷ്യം.സെക്യൂരിറ്റികാരെല്ലാം ഹിന്ദിക്കാരായതു കൊണ്ട് മലയാള ഭാഷ കുറച്ചു സമയത്തേക്ക് മറക്കുന്നതാണ് നല്ലതെന്ന് തോന്നി. കാര്യങ്ങൾ പറഞ്ഞു അവസാനം ഞാനും വിമാനതാവളത്തിനകത്ത് എത്തി.പലരും അപ്പോൾ തന്നെയുള്ള വിമാനത്തിൽ പോകാനുള്ള ബഹളത്തിലാണ്.
ബോസ്സിന്റെ ബോസ്സ് വന്ന്, 10.30 യുടെ വിമാനത്തിൽ മാത്രമേ ഇനി പോകാൻ സാധിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചതോടെ, ഞാനടക്കം അങ്കത്തിൽ തോറ്റ പലരും അവിടെ കാത്തിരിപ്പായി.എന്നാലും Air India യുടെ കൗണ്ടർ -ന്റെ അവിടെ കൂട്ടത്തിലുള്ള ആരുടെയെങ്കിലും തല കണ്ടാൽ എല്ലാവരും അങ്ങോട്ട് പോകും. എല്ലാവരും ഒരു സംഘം ആയിട്ടാണെങ്കിലും ആര് എപ്പോഴാണ് കാലുമാറുക എന്നറിഞ്ഞു കൂടാ. പിന്നീടങ്ങോട്ട് "ഇൻഡ്യൻ ഞണ്ടുകൾ ഇരിക്കുന്ന കുട്ട മൂടി വെയ്ക്കേണ്ടതില്ല എന്ന് പറയുന്നത് പോലെയായിരുന്നു.ബഹളവും സങ്കടം പറച്ചിലും ക്യൂ നിൽക്കലും അതിന്റെ ഇടയ്ക്ക് കേറുന്നവരെ മാറ്റലും ......ഒക്കെ കഴിഞ്ഞ് "ബോര്‍ഡിങ്‌ പാസ് കൈയ്യിൽ കിട്ടിയപ്പോൾ, ശരിക്കും ദൈവത്തിന് നന്ദി പറഞ്ഞ നിമിഷം.എല്ലാവരും നമ്മുക്ക് ചുറ്റുമുണ്ട് എന്നാൽ നമ്മുക്ക് നാം മാത്രം എന്ന് പറയുന്നത് പോലെ !

കല്യാണവിശേഷങ്ങള്‍ക്കുള്ള അത്രയും  തന്നെ പ്രാധാന്യം എന്റെ യാത്രക്കും കുടുംബക്കാർ കൊടുത്തത് കൊണ്ട്, അമേരിക്കയിൽ നിന്നും വന്ന ബന്ധുക്കാരും എന്നെ ഫോണ്‍ വിളിച്ചിരുന്നു.എന്തും ഏന്തും പോസിറ്റീവ് ചിന്തയോടെ കാണുന്ന അവർ എന്നോട് പറഞ്ഞത്, " നീ എന്തുമാത്രം ഭാഗ്യവതിയാണ്, ഒരു യാത്രയോടെ നിനക്ക് എന്തൊക്കെ experience കിട്ടിയത്....... വ്യക്തമായ നിയമങ്ങളോ, അത് നടപ്പിലാക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോ നമ്മുക്കില്ല പോരാത്തതിന് സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിലുള്ള ജനസമൂഹം കൂടി ആകുമ്പോൾ അനുഭവങ്ങൾക്ക്(experiences) ആണോ നമ്മുക്ക് (ഇന്ത്യക്കാർക്ക് ) പഞ്ഞം? അതെ, നമ്മള്‍ക്ക് എന്നും പുതിയ experience …….. ആ കാര്യത്തിലും നമ്മൾ ഭാഗ്യവന്മാർ!!!