7/1/16

ഇത്തിരി കാഴ്ചകളും ഒത്തിരി ഓര്‍മ്മകളും

അങ്ങനെ ഒരു ദിനത്തിലേക്ക് ഞങ്ങള്‍ രാജാവും രാജ്ഞിയും രാജകുമാരന്മാരുമായി."നീമറാനാ ഫോർട്ട് പാലസ്‌ (Neemrana fort palace),യിൽ താമസിക്കുമ്പോൾ, പാലസിൽ താമസിക്കുന്നവരെ സാധാരണയായി അങ്ങനെയൊക്കെ അല്ലെ പറയാറുള്ളത്!A.D 1464-യിൽ പണി തുടങ്ങിയ 16-ആം നൂറ്റാണ്ടിലെ ഹിൽ ഫോർട്ട്, ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും പുരാതനമായ "ഹെറിറ്റേജ് റിസോര്‍ട്ട്, അവിടെയാണ്  ഞങ്ങളുടെ  അന്നത്തെ താമസം.122 കി.മീ ഡൽഹി-ജയ് പൂരിലോട്ടുള്ള ഹൈ-വേ യിലാണ് ഈ സ്ഥലം.1986 മുതലാണ് സുഖവാസ കേന്ദ്ര മാക്കിയത്.അവിടെയുള്ള ഓരോ മുറിയേയും "മഹൽ "എന്ന് ചേർത്താണ് പേര് കൊടുത്തിരിക്കുന്നത്.ഞങ്ങൾ താമസിച്ചത് "ഹീര മഹൽ"ആയിരുന്നു.


രാജകീയ പ്രൗഢിയോടെ ഉള്ള കവാടം കടന്ന്, മുകളിലേക്ക് ലക്ഷ്യമിട്ടിരിക്കുന്ന പാത നടന്ന് കേറി ആതിഥ്യോപകചാര സ്ഥലത്ത് എത്തിയപ്പോഴേക്കും ഞാനും കൂട്ടത്തിലെ പലരും അവശരായിരുന്നു.നമ്മൾ മനസ്സിൽ കാണുന്നത് അവൻ മനസ്സിൽ കാണും എന്ന് പറയുന്ന പോലെ അവിടത്തെ ഒരു ജീവനക്കാരൻ, നല്ല തണുത്ത സംഭാരവും പലതരം പഴച്ചാറുകളുമായി പുഞ്ചിരിയോടെ നിൽക്കുന്നു.സാഹചര്യത്തിന് അനുസരിച്ചുള്ള അവന്റെ സഹായമനസ്കതക്ക് അവനോട് ആദരവ് തോന്നിയെങ്കിലും അതിന്റെ ആവശ്യമില്ല ആ ജ്യുസ്സ്, "ട്ടൂർ പാക്കേജിൽ "പറഞ്ഞിരിക്കുന്ന "വെൽക്കം ഡ്രിങ്ക്" ആണെന്നാണ് കൂട്ടത്തിലുള്ള കുട്ടികളുടെ അഭിപ്രായം.

അവിടെയാണെങ്കിൽ രണ്ട് രാജസ്ഥാനികളായ സ്ത്രീകൾ അവരുടെ പാരമ്പര്യാനുസൃതവേഷമായ  ധാരാളം ഞൊറികളുള്ള പാവാടയും ബ്ലൗസും തലയിലെ തുണി കൊണ്ട് മുഖത്തിന്റെ മുക്കാൽ ഭാഗവും മറച്ച് വെച്ച്, ഏതോ കീ കൊടുത്ത പാവയെപോലെ അവിടെയെല്ലാം അടിച്ച് വൃത്തിയാക്കുന്നുണ്ട്.ശുചിത്വഭാരതം എന്നതിന്റെ തയ്യാറെടുപ്പിലായിരിക്കാം.  ഇന്ത്യയിലെ അങ്ങോള മിങ്ങോളമുള്ള റിസോർട്ടുകളിലാണ്  പറയും പ്രകാരം ശുചിയായി കണ്ടിട്ടുള്ളത്.

പുരാതന ഫോർട്ടിന് കോട്ടം വരാതെ എന്നാൽ അതിനോട് ചേർന്ന് പല പുതിയ നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്.ആധുനികവും പുരാതനവും കൂടി കലർത്തിയ സംസ്കാരമാണ് കണ്ടത്.നീന്തൽ കുളവും തിയേറ്ററും എയർകണ്ടീഷണറും ......അങ്ങനെ ഒരു റിസോർട്ടിന് വേണ്ട എല്ലാ ഉചിതമായ ചേരുവകളോട് കൂടിയാണിത്. സസ്യശ്യാമളതയുടെ വിശാലമായ കാഴ്ചയാണ് അവിടെ നിന്ന് എങ്ങോട്ട് തിരിഞ്ഞ് നോക്കിയാലും അത് തന്നെയാണ് ആ സ്ഥലത്തിന്റെ സൗന്ദര്യം.

വിശ്രമിക്കാനായി സോഫ പോലത്തെ ഊഞ്ഞാലുകളും ദിവാനുകളും കുഷ്യനുകളുമൊക്കെ ബാൽക്കണിയിലും ഹാളിലുമായി സജ്ജീകരിച്ചിട്ടുണ്ട് കൂട്ടത്തിൽ കാരംബോർഡ്, പാമ്പു കോണി , ചെസ് ബോർഡ് ഇല്ലാത്തതിന്റെ കരുക്കളും അടുക്കിവെച്ചിട്ടുണ്ട്.ഗൃഹാതുരത്വമുണർത്തുന്ന ആ കളികൾ എന്നെപ്പോലെ പലരേയും ആ പഴയകാലത്തേക്ക് കൂട്ടി കൊണ്ടു പോയി എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. കളിയിൽ തോൽക്കാൻ തുടങ്ങുമ്പോൾ അറിയാതെ കൈ തട്ടി ബോർഡ് താഴെ വീഴുന്നതും അതിനെ തുടർന്നുള്ള അടിപിടിയും വഴക്ക് കൂടലും പറയാനേറെയുണ്ട് എല്ലാവർക്കും. ആ സംഘത്തിൽ മലയാളിയായിട്ട് ഞാനും കുടുംബവും മാത്രമേയുള്ളൂ എന്നിട്ടും എല്ലാവരുടേയും ബാലകാല്യ സ്മരണകൾ സാമ്യമുള്ളവ തന്നെ. ആ സമയങ്ങളിൽ എല്ലാം കുട്ടികളും  അവരുടെ ഫോണിലും അതുപോലത്തെ മറ്റു  സാമഗ്രികളിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ അവരുടെ കളികളെയും അവർ ഞങ്ങളുടെ കളികളേയും പ്രത്യേകിച്ച് പാബ്- കോണി എന്ന കളിയിലെ, ആകാംക്ഷയോടെ ഡൈസിൽ  നോക്കുന്ന ഞങ്ങളെ ക്കുറിച്ചും  കളിയാക്കി കൊണ്ടിരുന്നു.ഒരു പക്ഷെ ഇതിനായിരിക്കാം "ജനറേഷൻ ഗ്യാംപ് എന്ന് പറയുന്നത് !

ഉച്ചഭക്ഷണം "ബുഫേ " ആയതിനാൽ പയ്യെ തിന്നാൽ പനയും തിന്നാം എന്ന മട്ടിലായിരുന്നു ഞങ്ങളിൽ ഓരോത്തരും.പലതരം രാജസ്ഥാനി വിഭവങ്ങളായ, "ചുർമ്മ -ദാൽ ബാട്ടി ( ചുർമ്മ , ഒരു ഉണ്ട ആട്ട-എണ്ണയിൽ വറുത്തോ അല്ലെങ്കിൽ ബേക്ക് ചെയ്തോ എടുക്കണതാണ് ) മിസ്സി റോട്ടി ( ആട്ട യും കടലമാവും ചേർത്ത് ഉണ്ടാക്കിയ റോട്ടി ) ഗാട്ടി കി സബ്‌സി ( കടലമാവ് കൊണ്ട് ചെറിയ ഉരുളകൾ ഉണ്ടാക്കി തൈര് എല്ലാം ചേർത്ത ഒരു കറി).നമ്മൾ പൊതുവെ നോർത്ത് ഇന്ത്യൻ ഭക്ഷണം എന്ന്  പറഞ്ഞ് ചപ്പാത്തി,പൂരി, നാന്‍, റോട്ടി...... സാമാന്യവൽക്കരിക്കുമ്പോഴും അതിലെ ചില വിശിഷ്ടമായ ഭക്ഷണങ്ങളായിട്ടാണ് മേൽപറഞ്ഞ വിഭവങ്ങളെ പ്പറ്റി കൂടെ യുള്ളവർ വിവരിച്ചു തന്നത്.എല്ലാത്തിലും നെയ്യ്-ന്റെ ഉപയോഗം ഒരു പടി മുന്നിലാണ്.


ഒട്ടകത്തിന്റെ പുറത്ത് ഇരുന്നോ അല്ലെങ്കിൽ ഒട്ടകം വലിക്കുന്ന വണ്ടി അതുമല്ലെങ്കിൽ 'വിൻറ്റേജ് കാർ"ഇരുന്ന് അടുത്ത നഗരപ്രാന്ത പ്രദേശങ്ങളിലേക്കുള്ള യാത്ര, അതിലും കൂടുതൽ  സാഹസികത വേണമെന്നുണ്ടെങ്കിൽ "Zipping-വായുവിൽ കൂടിയുള്ള സഞ്ചാരം, നമ്മളെ കേബിളുമായി ഘടിപ്പിച്ചിട്ടുള്ള യാത്രയാണിത്. കിണറ്റിൽ നിന്നും വെള്ളം കോരി എടുക്കുന്ന "കപ്പി - ആ സയൻസ്സാണ്  അതിൽ ഉപയോഗിച്ചിരിക്കുന്നത് . കേബിൾ ആണുള്ളത് 330മീ,400മീ,90മീ 250 മീ  & 175 മീ. ഏറ്റവും മുകളിലുള്ള കേബിൾ -ന്റെ അടുത്തേക്ക് മല കയറണം. ശരിയായ പാതകൾ ഇല്ലാത്തതും കരിങ്കല്ല് വെട്ടി ഉണ്ടാക്കിയ വഴികൾ ആയകാരണം ആ യാത്ര തന്നെ സാഹസികത നിറഞ്ഞതായിരുന്നു.ആവശ്യത്തിനുള്ള നിർദ്ദേശങ്ങൾ മനസ്സിലാക്കി "zipping" എന്ന അടുത്ത കടമ്പ കാൽ എടുത്ത് വെച്ചു.5 കേബിൾ കൂടിയുള്ള എന്‍റെ   യാത്ര, ഓരോ അനുഭവം തന്നെയായിരുന്നു.യാത്രകളിൽ ഞാൻ ഇരുന്ന രീതി ശരിയാവാത്ത കാരണം  കാറ്റിന്റെ ഗതി കൊണ്ട് മുൻപോട്ട് നോക്കിയിരുന്ന ഞാൻ പുറകിലോട്ട് നോക്കിയായി യാത്ര.മറ്റൊരു പ്രാവശ്യം പകുതിക്ക് വെച്ച് നിന്നു പോയി. പിന്നീട് നിർദ്ദേശകൻ വലിച്ചു കൊണ്ട് മറ്റേ തലയ്ക്കൽ എത്തിച്ചു. വേറെയൊരു പ്രാവശ്യം ബ്രേക്ക് ചെയ്യാൻ മറന്നു പോയി അങ്ങനെ എന്റെ വകയായും  സാഹസികതക്കുള്ള  ചേരുവകൾ കൂട്ടി എന്ന് തന്നെ പറയാം.


വൈകുന്നേരം 7 മണിയോടെ റിസോർട്ട് കാർ തന്നെ ഏർപ്പാട് ചെയ്ത, രാജസ്ഥാനിന്റെ മറ്റൊരു പ്രത്യേകതയായ "കഥക് ഡാൻസ് " ഉണ്ടായിരുന്നു.മഹാഭാരതത്തിലെ കഥയെ ആസ്പദമാക്കിയുള്ള കഥയായിരുന്നു.കാൽപാദങ്ങൾ  കൊണ്ടുള്ള ദ്രുത ചലനം വെച്ച്, ചിലങ്ക യും മൃദംഗവും തമ്മിൽ സമയക്രമീകരണത്തിലൂടെയുള്ള ഘോഷം ആണ്, അതിന് ഏറ്റവും മനോഹാരിത ആയി തോന്നിയത്.

പുലർകാലെ അടുത്ത ഗ്രാമപ്രദേശങ്ങളിലൂടെ ഉള്ള സൈക്കിൾ സവാരിയും ആസ്വദിക്കപ്പെട്ട നിമിഷങ്ങളായിരുന്നു.പല വീടുകളുടെ മുൻപിലും, നഗരത്തിൽ കാണുന്നത് പോലെ കാറുകളോ വാഹനകളോ ആയിരുന്നില്ല പകരം എരുമ, ആടുകൾ, പട്ടി .......അതൊക്കെ ആയിരിക്കാം  ചിലപ്പോൾ അവരുടെ അന്തസ്സിന്റെ അടയാളങ്ങൾ ! ഉഷ്ണകാലം ആയതുകൊണ്ടായിരിക്കാം പലരും മുറ്റത്തെ കട്ടിലിലാണ് ഉറക്കം.ഞങ്ങളുടെ ബഹളം കേട്ടിട്ടായിരിക്കും ആളുകളും മൃഗങ്ങളും ഉറക്കച്ചടവോടെ ഞങ്ങളെ നോക്കി.അവരുടെയെല്ലാം മുഖത്ത് അപരിചിതഭാവം ഉണ്ടായിരുന്നു.പാടങ്ങളിൽ ചിലതിൽ ഉള്ളി കൃഷിയായിരുന്നു. മറ്റേ ചിലയിടത്ത് "കോട്ടൺ -ന്റെ വിത്ത് പാകിയിരിക്കുന്നു എന്നാണ് പറഞ്ഞത്.ചില സ്ഥലങ്ങളിൽ ഇന്ത്യയിൽ എല്ലായിടത്തും  "ശോചനാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. കൂട്ടത്തിലെ പലരും ഞങ്ങളുടെ കൂടെ വരാത്തതിന്റെ കാരണം പിന്നീട് ഇതിനെപ്പറ്റി പറഞ്ഞപ്പോൾ പറഞ്ഞു.ഗ്രാമീണരേ ഫോട്ടോ എടുക്കാൻ ക്ഷണിച്ചപ്പോൾ, വയസ്സായവർ പലരും അതിന് പൈസ തരുമോ എന്നാണ് ചോദിച്ചത്.ദേശി/വിദേശി ആണോ എന്നാണ് പുതിയ തലമുറക്ക് അറിയേണ്ടത്. ഹിന്ദി യിൽ സംസാരിക്കുന്നത് കേട്ടിട്ടാവും, അവർ പൈസ ചോദിച്ചവരെ വഴക്ക് പറയുന്നുണ്ടായിരുന്നു. ഇന്ത്യ യുടെ ട്ടൂറിസ്സത്തിൽ, സ്‌മാരകക്കെട്ടിടങ്ങൾക്കും  ദരിദ്രരർക്കും ഒരു പോലെ പ്രാധാന്യമുണ്ട് എന്ന് പറയുന്നത് എത്ര സത്യമാണ് അല്ലെ !

പ്രഭാത ഭക്ഷണം കഴിച്ച്,പാലസ്സിനെ ഒന്നും കൂടെ വിസ്മയത്തോടെ ചുറ്റികണ്ട്, തിരിച്ചുള്ള യാത്രക്കുള്ള  തയ്യാറെടുപ്പിലായി ഞങ്ങൾ.അവിടെ തന്നെയുള്ള കടയിൽ നിന്നും എന്തെങ്കിലും സ്മാരകസമ്മാനം മേടിക്കാമെന്ന് വിചാരിച്ചെങ്കിലും സാധനവും വിലയും തമ്മിൽ യോജിപ്പ് തോന്നാത്തതു കൊണ്ട്. ഇത്തിരി കാഴ്ചകളും ഒത്തിരി ഓർമ്മകളുമായി  തിരിച്ചു വീടുകളിലേക്ക് ..........




.

6/16/16

മുത്തച്ഛന്‍റെ കംപ്യൂട്ടര്‍ ക്ലാസ്

 അഞ്ചോ-ആറോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, ഞാനും കുട്ടികളും കൂടെ അച്ഛനെ കമ്പ്യൂട്ടർ പഠിപ്പിക്കുക എന്ന സാഹസത്തിന് മുതിരുന്നത്.കൊച്ചുകുട്ടികളെ കൈപിടിച്ച് അക്ഷരമെഴുതിക്കുന്നതു പോലെയായിരുന്നു, മുത്തച്ഛനെകൊണ്ട് കമ്പ്യൂട്ടറിന്റെ മൗസ് ഉപയോഗിക്കാനുളള ക്ലാസ്. വീട്ടിലെ കമ്പ്യൂട്ടര്‍ അറിയാവുന്ന എല്ലാവരും കൈ പിടിച്ചാണ് മൌസ് ഉപയോഗിക്കാനും ക്ലിക്ക് ചെയ്യാനും പഠിപ്പിച്ചത്. അതിനുശേഷം കംപ്യൂട്ടര്‍ ഓണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാനുള്ള ക്ലാസ്സ്. അച്ഛനാണെങ്കില്‍ ഒരു പുസ്തകവും പേനയുമായി, കോളേജില്‍ ലെക്ച്ചര്‍ നോട്ട് എഴുതിയെടുക്കുന്നത് പോലെ, ആരുടെ വായില്‍ നിന്നും എന്തു വീണാലും എഴുതിയെടുക്കും.

 ഡെസ്ക്ടോപ്പ്, ടാസ്ക്ബാര്‍ അങ്ങനെ പുസ്തകം പുതിയവാക്കുകള്‍ കൊണ്ട് നിറയുകയാണ്.
വീട്ടിലെ ഒരു ടീച്ചര്‍ യാഹൂ പഠിപ്പിക്കാന്‍ പുറപ്പെടുമ്പോൾ  മറ്റൊരാള്‍ ജിമെയില്‍ പഠിപ്പിക്ക്, അപ്പെഴെക്കും അടുത്ത നിര്‍ദ്ദേശം ഫേസ്ബുക്ക് പഠിപ്പിക്കുക, അപ്പോള്‍പഴയ കൂട്ടുകാരെയൊക്കെ കണ്ടുപിടിക്കാം.വീട്ടിലെ എല്‍കെജികാരന്‍ മുതല്‍ എല്ലാവരും കംപ്യൂട്ടര്‍ ടീച്ചര്‍മാരാണ്. ആദ്യം ഏത് പഠിപ്പിക്കണമെന്ന ചര്‍ച്ചയിലാണ് എല്ലാ കംപ്യൂട്ടര്‍ ടീച്ചര്‍മാരും.അവര്‍ ഒരു തീരുമാനത്തില്‍ എത്തുബോഴെക്കും, വീട്ടിലെ ബഹളം കാരണം എനിക്ക്  കംപ്യൂട്ടര്‍ പഠിക്കേണ്ട യെന്ന നിലപാടിലാണ്, പഠിക്കാന്‍ വന്ന കുട്ടി. പിന്നെ ഒരു സമാധന ചര്‍ച്ച.

അതൊടെ എല്ലാവരും നല്ല ടീച്ചര്‍മാരും വിദ്യാര്‍ഥിയുമാകും . ഒരു അരമണിക്കൂര്‍ നല്ല രീതിയില്‍ ക്ലാസ്സ് പോകും പിന്നെയും തഥൈവ. പാസ്സ്‌വേര്‍ഡ്‌ ഒക്കെ വീട്ടിലെ എല്ലാവർക്കും  കാണാപാഠം.
അടുത്ത കടമ്പ, സ്പെല്ലിംഗ് പഠിച്ചുവരുന്ന ഒരു കൊച്ചുകുട്ടിയെപ്പൊലെ ഓരോ അക്ഷരങ്ങൾക്ക് വേണ്ടിയുള്ള  തപ്പല്‍ … (സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ് ഈ അക്ഷരങ്ങള്‍ക്കുവേണ്ടിത്തപ്പുന്നത്!)

"നിനക്ക് ഗൂഗിൾ ചെയ്തു നോക്കികൂടെ അതിനെന്താ ഒന്നിനും നിനക്ക് ക്ഷമയില്ലല്ലോ, ….  അങ്ങനെ  വടി കൊടുത്ത് അടി വാങ്ങുന്ന തരത്തിലെ പലതരം അനുഭവങ്ങള്‍ ഗൂഗിളും കമ്പ്യൂട്ടര്‍ പഠിപ്പിക്കല്‍ കൊണ്ട് എനിക്ക് ഉണ്ടായിട്ടുണ്ട്.ഇങ്ങനെയൊക്കെ ആണെങ്കിലും  ഇപ്പോള്‍ ചാറ്റിംഗ്, ഇമെയില്‍, വെബ്‌കാം വഴി കൊച്ചുമക്കളുടെ കളികൾ  യെന്നുവേണ്ടെ- കംപ്യൂട്ടര്‍ പഠനം കൊണ്ട് അച്ഛന്  A window to the world, യെന്ന മട്ടാണ്. കംപ്യൂട്ടര്‍ പഠിക്കാന്‍ വേണ്ടി  എടുത്ത ഉത്സാഹത്തിനും ക്ഷമക്കും ഞാന്‍ നന്ദി പറഞ്ഞു കൊണ്ട്....

  

Happy Father’s Day(19/06/2016)
(ഇത് ഒരു repost ആണ്)

5/12/16

ഈ ഉള്ളിയുടെ ഒരു കാര്യമേ!


"പാപി ചെല്ലുന്നയിടം പാതാളം" എന്ന് പറയുന്നതു പോലെയാണ്, എന്റെ പല കാര്യങ്ങളും. അല്ലെങ്കിൽ മുൻപിൽ മണ്ണ് കൊണ്ടുപോകുന്ന ലോറിയിൽ നിന്നും വന്ന ചെറിയ ഒരു കല്ല് അതിന്റെ പുറകിലായി ബൈക്ക് ഓടിക്കുന്ന ഭർത്താവിൽ കൊള്ളാതെ, പുറകിലിരിക്കുന്ന എന്റെ കഴുത്തിൽ കൊള്ളേണ്ട വല്ല കാര്യവുമുണ്ടോ? ഞാനാണെങ്കിൽ ഹെൽമെറ്റ്‌ ഇട്ടിട്ടുണ്ട്. ഒരു പക്ഷെ ഉന്നം വെച്ച് ചെയ്‌താൽ പോലും പിഴയ്ക്കും. പക്ഷെ കല്ലിന് എല്ലാം കിറുകൃത്യം. ആ കല്ലിനെ ഞാൻ കണ്ടെങ്കിലും വണ്ടിയുടെ വേഗതയിൽ ഏതോ ചെറിയ പ്രാണിയായിട്ടാണ് എനിക്ക് തോന്നിയത്.എന്തായാലും കല്ല്‌ കൊണ്ട് ചെറിയ മുറിവുണ്ടായി. അതോടെ നല്ല വേദനയായി. ഏകദേശം വീടിനടുത്ത് വെച്ചായിരുന്നു ഈ സംഭവം നടന്നത് അതുകൊണ്ട് തന്നെ പ്രാണിയോ കല്ലോ എന്നറിയാതെ വേദന സഹിച്ച് വീട്ടിലെത്തി.
ഞാൻ കാണിച്ച ത്യാഗത്തിനുള്ള പരിഗണനയൊന്നും വീട്ടിൽ ചെന്നപ്പോൾ ആരിൽ നിന്നും കണ്ടില്ല.കുട്ടികളൊക്കെ വലുതായതു കൊണ്ടും, പഴയതു പോലെ സൈക്കിൾ നിന്നുള്ള വീഴ്ച, ഉന്തിയിടൽ ... അങ്ങനത്തെ അവരുടെ കലാപരിപാടികൾ അവസാനിച്ചിരിക്കുന്നതു കൊണ്ടും മുറിവിൽ പുരട്ടാനുള്ള മരുന്നുകൾ പലതും കാലാവധി കഴിഞ്ഞതായിരുന്നു. ഡെറ്റോൾ കുപ്പി കണ്ടാൽ ലോകത്തുള്ള എല്ലാ രോഗാണുക്കളും ആ കുപ്പിയുടെ പുറത്താണ് വസിക്കുന്നതെന്ന് തോന്നും! ചിലപ്പോൾ അതിനകത്തെ ദ്രാവകം നല്ലതായിരിക്കും. എന്റെ മുറിവിനേക്കാളും വീട്ടിലുള്ളവരെല്ലാം പ്രാധാന്യം കൊടുത്തത് ആ ഡെറ്റോൾ കുപ്പിക്കാണ്. ഇനി പുറത്ത് പോകുമ്പോൾ "മരുന്ന് മേടിക്കാം" എന്ന് പറഞ്ഞ്,എല്ലാവരും അവരവരുടെ പണിക്ക് പോയി. ഒരു പക്ഷെ മുറിവിനേക്കാളും വേദന തോന്നിയതു ഇവരുടെയൊക്കെ പെരുമാറ്റരീതിയിലായിരുന്നു എന്നും പറയാം.
മുറിവ് കണ്ടപ്പോൾ "അയ്യോ വീണോ .....ചോര വന്നോ ....കുറച്ച് ഉള്ളി തേച്ചാൽ മതിട്ടോ .....”, എന്റെ അമ്മയുടെ ശൈലിയിൽ കുട്ടികൾ എന്നോട് അനുകരിച്ചു പറഞ്ഞു. മുറിവ് ഉണ്ടാകുമ്പോൾ, അമ്മ ഒറ്റമൂലി മരുന്നായി പറഞ്ഞിരുന്നത്, ‘ചെറിയ ഉള്ളി ചതച്ച് തേക്കുക’ എന്നതായിരുന്നു. വളരെ കുഞ്ഞായിരുന്നപ്പോൾ കരച്ചിലിനും കുതറി മാറി പോകുന്നതിനുമിടയിൽ അമ്മ ഉള്ളിയുടെ നീര് തേച്ചിട്ടുണ്ടാവും. അതൊക്കെ പിന്നീട് വലിയ പരിചരണം ഇല്ലാതെ തന്നെ ഉണങ്ങി പോകാറുണ്ട്. അന്നൊക്കെ കൂട്ടുകാരികളിൽ പലരും നല്ല നിറമുള്ള സിറപ്പ് മരുന്നുകളും ഭംഗിയുള്ള ബാൻഡ് -ഏഡും ഒട്ടിക്കുമ്പോൾ, എനിക്ക് ഇങ്ങനെ നീറുന്നതും കയ്പുള്ളതുമായ മരുന്നുകൾ ആയിരിക്കും.പിന്നീട് അവധിക്കാലത്ത്‌ വരുന്ന എന്‍റെ കുട്ടികളിലുണ്ടാകുന്ന മുറിവുകളിലും അമ്മ ചിലപ്പോൾ ഉള്ളി പ്രയോഗം നടത്താറുണ്ടായിരുന്നു. ഞങ്ങളെല്ലാവരും അതിന് കളിയാക്കുമായിരുന്നെങ്കിലും അമ്മക്ക് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. മുറിവുകളും ചെറിയ ഉള്ളിയും അമ്മയും ഒരു ടീം ആയി മുന്നോട്ട് തന്നെ!
വീട്ടുകാർ മരുന്നൊക്കെ മേടിച്ചു വന്നപ്പോഴേക്കും ഒരു പ്രഥമശുശ്രൂഷയിൽ എന്ന നിലയിൽ ഞാൻ ഉള്ളി തേച്ചിരുന്നു. ഇതൊരു പുതിയ അറിവായിരുന്ന വീട്ടുകാരൻ, അതിന്റെ ഔഷധീയം അറിയാനായി ഗൂഗിളിന്റെ പുറകേയായി. മുറിവിൽ തേക്കുന്നത് മാത്രമല്ല അതിനെ കൊണ്ടുള്ള ഗുണങ്ങൾ വിവരിച്ച് കിടക്കുകയാണ്. ഗൂഗിൾ ഇല്ലാതെ തന്നെ അമ്മക്കുള്ള അറിവുകൾ മോശമല്ല എന്ന് പറയാൻ വേണ്ടി ഫോൺ വിളിച്ചപ്പോൾ, ആ അടുത്ത കാലത്തുണ്ടായ മുറിവിനെപ്പോലും ഡയബറ്റിക് രോഗിയായ അമ്മ ഉള്ളി കൊണ്ട് ഉണക്കിയെടുത്ത വീരകഥയാണ് അമ്മക്ക് തിരിച്ചു പറയാനുണ്ടായിരുന്നത്. അങ്ങനെ ഒരിക്കൽ കൂടി ഉള്ളിക്കുള്ള പിന്തുണ അമ്മ പ്രഖ്യാപിച്ചു.
ഉള്ളിയും ഡെറ്റോളും ബാൻഡ് ഏഡും ആയി എന്റെ മുറിവ് ഉണങ്ങി. ഇപ്രാവശ്യം മരുന്നുകളേക്കാൾ ഞാൻ ഇഷ്‌ടപ്പെട്ടത് ഉള്ളിയുടെ നീരായിരുന്നു. എന്തോ, അത് തേക്കുമ്പോഴുള്ള നീറ്റലിനേക്കാളും ഞാൻ ആസ്വദിച്ചിരുന്നത് ആ പഴയ ഓർമ്മകളെ ആയിരുന്നു.
അമ്മമാരുടെ ഗുണങ്ങളെ പറ്റി പറയുമ്പോൾ നമ്മുക്കെല്ലാവർക്കും നൂറു നാവുകളാണ്. എനിക്ക് വയസ്സ് ആവുന്നതോടെ, ഞാനും അമ്മയെ പോലെ ഉള്ളിയെ സ്നേഹിക്കാൻ തുടങ്ങുന്നു, ഒട്ടും ഇഷ്ടമല്ലാത്തതും പണ്ട് വഴക്ക് കൂടിയതുമായതുമായ കാര്യങ്ങളാണ് അതൊക്കെ. ഇനിയും അമ്മയിലെ ഏതൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങളായിരിക്കും എന്നിൽ നിന്നും തല പൊക്കുക എന്ന ആശങ്കയിലാണ്, ഞാൻ! ഒരു പക്ഷെ ജീനുകളുടെ മറിമായമോ അല്ലെങ്കില്‍ നമ്മള്‍ പോലും അറിയാതെ രക്തത്തിൽ അലിഞ്ഞു പോയ നമ്മുടെ ചില വിശിഷ്‌ടതകളോ ? അങ്ങനെ ഉള്ളിയും അമ്മയേപോലെ എനിക്ക് ഹൃദ്യം!
http://emashi.in/may-2016/amma-ormakal-rita.html

4/12/16

ദൈവദൂതനോ ??????

  മകനെ റ്റ്യൂഷന്  കൊണ്ടു വിട്ടിട്ടുണ്ട് ഒരു മണിക്കൂർ എവിടെയെങ്കിലും ചിലവഴിച്ച് അവനേയും കൂട്ടി തിരിച്ച് പോവുക എന്ന എന്റെ ഞാറാഴ്ച ഡ്യൂട്ടിയിലാണ്, ഞാൻ.  McDonalds , ഒരു കാപ്പിയും മേടിച്ച് കൂടെയുള്ള ഫോണിൽ  കുത്തിക്കളിച്ച് ഒരു മണിക്കൂർ തള്ളി നീക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്, ഞാൻ അങ്ങോട്ട് ചെന്നത്. അവിടെയാണെങ്കില്‍ ആരും ആരേയും ശ്രദ്ധിക്കാറില്ല അതുപോലെ വിശ്വസിക്കാവുന്ന ഒരു സ്ഥലമായിട്ടാണ് തോന്നിയിട്ടുള്ളത്.

ഞാറാഴച രാവിലെ പത്ത് മണി ആയെങ്കിലും  കടയിൽ തിരക്ക് ആയിട്ടില്ല എല്ലാവരും ഒരു അവധി ദിവസത്തിന്റെ അലസതയിലാണെന്ന് തോന്നുന്നു.ചിലർ ഭക്ഷണവും  പത്രം വായനയും ആയിട്ട് ഇരിക്കുന്നു  മറ്റു ചിലർ ആധുനിക സാമഗ്രികളായ ഫോണിലോ കമ്പ്യൂട്ടറിലാണ്. ഏകദേശം നാലോ അഞ്ചോ ആളുകൾ ചേർന്ന് ഓഫീസിനെക്കുറിനെക്കുറിച്ചും പതിവ് രാഷ്ട്രീയ ചർച്ചകളുമായിട്ട് ഇരിക്കുന്നുണ്ട്.  McDonalds-  ഉത്‌പത്തി അമേരിക്കയിൽ നിന്നുമാണെങ്കിലും അത് നെഞ്ചിലേറ്റിയിരിക്കുന്നത് നമ്മുടെ കുട്ടികളാണ്. സാധാരണ ഉച്ചയോടെ കൂടിയാണ് തിരക്ക് അനുഭവപ്പെടാറുള്ളത്. ആ കച്ചവട സാദ്ധ്യത മുന്നേ കണ്ടിട്ടുള്ള തയ്യാറെടുപ്പിലാണ് കടക്കാരും. ആകെ കൂടെ ശാന്തമായ അന്തരീക്ഷം.

പിന്നീട് അങ്ങോട്ട്‌ വന്ന ഉപഭോക്താവിന്റെ   കൂടെയുള്ള ചെളിയിൽ പൊതിഞ്ഞ ആ ഏതാനും കുട്ടികൾ, ശാന്തമായ അന്തരീക്ഷത്തെ  ഒരു നിമിഷത്തിനകം കാക്ക കൂട്ടത്തിൽ കല്ലിട്ടതു പോലെയാക്കി .എന്താണ് കാര്യം എന്നറിയാനായി എന്നെപ്പോലെ തന്നെ അവിടെയുള്ളവരുടെയെല്ലാം ശ്രദ്ധ അയാളിലും കുട്ടികളിലുമായി. കുട്ടികൾക്കാണെങ്കിൽ ഏതോ ലോകം കീഴടക്കിയ മട്ടിലായിരുന്നു.വന്നയുടന്‍ തന്നെ അയാള്‍ ഭക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനായി പൈസ നല്‍കേണ്ട  കൗണ്ടർ -ന്റെ അവിടെ തന്നെ നിന്നു. അദ്ദേഹത്തെ അന്വേഷിച്ച് പിന്നെയും കുട്ടികൾ കടയിലോട്ട് വരുന്നുണ്ട്. കണ്ടിട്ട്, അവർക്കെല്ലാം അദ്ദേഹത്തെ പരിചയമുണ്ട്. കുട്ടികൾ ആ പ്രദേശത്തെ ഭിക്ഷ യാചിക്കുന്നവരാണെന്ന് തോന്നുന്നു.  ഒരു പക്ഷെ അവരുടെ ഇടയിലെ "ദൈവദൂതൻ   ആയിരിക്കാം. കുട്ടികളാണെങ്കിൽ ഒരാൾക്ക് "ബർഗർ വേണമെങ്കില്‍ എല്ലാവർക്കും ബർഗർ, എന്തൊക്കെ ഓര്‍ഡര്‍ ചെയ്യണം എന്ന അങ്കലാപ്പിലാണ് അതിനിടയ്ക്ക് ആർക്കോ ഐസ് ക്രീം ഓർമ്മ വന്നു അതോടെ അതും എല്ലാവർക്കും വേണം. അയാൾ, കുട്ടികൾ ചോദിക്കുന്നതൊക്കെ ഓർഡറും  ചെയ്യുന്നുണ്ട്.  യാതൊരു മടിയും കൂടാതെ പിന്നെയും അവർക്ക് വേണ്ട ഭക്ഷണത്തെപ്പറ്റി ചോദിക്കുകയും അതെല്ലാം ഓർഡർ ചെയ്യുന്നുമുണ്ട്. ആ നല്ല പ്രവൃത്തിയുടെ മുൻപിൽ എനിക്ക് മാത്രമല്ല ഒരു പക്ഷെ അവിടെ ഇരിക്കുന്ന ഓരോത്തർക്കും സ്വയം കുറ്റബോധം തോന്നതിരുന്നില്ലെ ………



വന്നിരിക്കുന്ന കുട്ടികളിൽ മൂത്ത കുട്ടിക്ക് വല്ല ഏഴ് വയസ്സ് കാണും അവളുടെ ഒക്കത്ത് ആറോ ഏഴോ മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. അവളൊക്കെ ഉത്തരവാദിത്വമുള്ള ഒരു ചേച്ചി ആണ്. വേറെയും രണ്ട് ആൺകുട്ടികൾ ഉണ്ട്. അവരൊക്കെ എവിടെ ഇരിക്കണം എന്നറിയാതെ എല്ലാ കസേരകളിലും മാറി മാറി ഇരിക്കുന്നുണ്ട്.അവർ ഞങ്ങളെ നോക്കി ചിരിക്കുകയും റ്റാറ്റാ പറയുകയും ചെയ്യുന്നുണ്ട്. അതൊക്കെ കാണുമ്പോൾ, പണ്ട് സ്കൂളിൽ നിന്നും ഉല്ലാസയാത്രക്കായി  പോകുമ്പോൾ ബസ്സിൽ കേറി കഴിയുമ്പോൾ, ജനലിന്റെ അടുത്ത് ഇരിക്കണോ കൂട്ടുകാരികളുടെ അടുത്ത് ഇരിക്കണോ  എവിടെ ഇരിക്കണം എന്നറിയാതെ  ആകെ വെപ്രാളവും സന്തോഷവും കൊണ്ട് ബസ്സ്‌ മുഴുവൻ ഓടി നടക്കുന്നത് പോലെയാണ് ആ കുട്ടികളും.ആ കടയുടെ തന്നെ ഒരാൾ വന്ന് അവരെ എല്ലാവരേയും നിഷ്‌കര്‍ഷമായി ഒരു സ്ഥലത്ത് തന്നെ ഇരുത്തി.ആ കുഞ്ഞുവാവയെ മേശ യുടെ പുറത്ത് ഇരുത്തി എല്ലാവരും ഐസ് ക്രീം മേടിക്കാൻ പോയി.  അവരുടെ അഴുക്കും പൊടിയും പുരണ്ട മേനിയും വസ്ത്രങ്ങളും ആണെങ്കിലും തിളക്കമാർന്ന പ്രതീക്ഷയോടെയുള്ള അവരുടെ കണ്ണുകൾ……ശരിക്കും  ഹൃദയസ്പർശിയായ ദൃശ്യങ്ങളായിരുന്നു.

ഐസ്ക്രീമും ആയി കുട്ടികൾ മേശയുടെ ചുറ്റും ഇരുന്നു. ചിലരുടെ അത് താഴോട്ട് വീഴുന്നുണ്ട് അവിടെ നിന്ന് വാരി എടുക്കുന്നുണ്ട്  . അതിനിടയ്ക്ക് ഒരു കുട്ടി പുറത്തേക്ക് ഓടി കൂട്ടത്തിൽ മറ്റൊരുത്തനും ചേച്ചി കുട്ടി ഓർഡർ ചെയ്ത  "ബർഗർ "നായി പോയി ചോദിച്ചെങ്കിലും അവരുടെ കൂടെ ഉണ്ടായിരുന്ന ദൈവദൂതനെ അവിടെ എങ്ങും കണ്ടില്ല. അത് മനസ്സിലാക്കിയ കടക്കാർ 'ബർഗർ ഒന്നും കൊടുക്കാതെ തന്നെ എല്ലാവരേയും ഓടിച്ചു വിട്ടു. ഏതാനും നിമിഷത്തെ "ഷോ " കണ്ടതിനു ശേഷം എല്ലാവരും അവരവരുടെ പഴയ ജോലികളിൽ വ്യാപൃതായി. കടയിൽ പിന്നേയും നിശ്ശബ്‌ദത ആയി.  ഒന്നും സംഭാവിക്കാതെ പോലെ കടക്കാരും ആ സ്ഥലമെല്ലാം വൃത്തിയാക്കാനും തുടങ്ങി.

  എന്തോ,എനിക്ക്  ദൈവദൂതനോട് ദേഷ്യം തോന്നി, അയാളുടെ ആ നല്ല പ്രവൃത്തിയെ  ഒരിക്കലും വിലമതിക്കാനായില്ല. നല്ലൊരു കാര്യം ചെയ്തെങ്കിലും അതുകൊണ്ടുള്ള പ്രയോജനം ആർക്കുമുണ്ടായില്ല.അതിനായി കുറച്ച് ക്ഷമയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായിരുന്നു.  "കുടം കമഴ്ത്തി വച്ച് വെള്ളം ഒഴിച്ചതു പോലെത്തെ ഒരു സംഭവം ആയിട്ടാണ് എനിക്ക് തോന്നിയത്  ഒരു പക്ഷെ നമ്മുടെ നിത്യജീവിതത്തിലും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില ചെറിയ കാര്യങ്ങൾ ! 






3/9/16

പറയാതെ, പറഞ്ഞു തന്ന വിശേഷങ്ങൾ !!!!

കേരളത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍, അങ്ങോട്ടുള്ള യാത്ര എന്ന് പറയുമ്പോൾ തന്നെ മനസ്സ് നിറയെ സന്തോഷമായിരിക്കും.എന്തായാലും വണ്ടിയിൽ അടുത്തിരിക്കുന്ന പെൺകുട്ടിയുടെ മുഖത്ത്  വലിയ സന്തോഷമൊന്നും ഇല്ല. കാതുകളെ "ഹെഡ്ഫോൺ " കൊണ്ട് ആവരണം ചെയ്യാത്തതു കൊണ്ട്, എന്തെങ്കിലും വർത്താമനം പറഞ്ഞ് നാട് എത്തിക്കാമെന്ന ഉദ്ദേശ്യത്തോടെ,

ഞാൻ - എവിടെ പോകുന്നു?
അവൾ -കേരളം 

കേരളത്തിലോട്ട് പോകുന്ന വണ്ടിയിൽ കേറി എവിടെ പോകുന്നു എന്ന ചോദ്യത്തിലെ അമളി അവളിലെ തീക്ഷണമായ നോട്ടത്തിലൂടെയാണ് മനസ്സിലായത്.മറുപടി കിട്ടിയ സ്ഥിതിക്ക്, നോട്ടത്തിന് ഞാൻ വലിയ പ്രാധാന്യം കൊടുത്തില്ല. അടുത്ത ചോദ്യവും ഉടൻ തന്നെ ചോദിച്ചു.
-അവിടെ ജോലി ആണോ
അവൾ -അല്ല
ഞാൻ -പിന്നെ
അവൾ -കാണാൻ പോകുന്നു

അവളുടെ മറുപടികൾ ഒട്ടും സഹൃദയമായിരുന്നില്ല പകരം പരുഷമാവുന്നുണ്ടോ എന്ന സംശയം ഇല്ലാതില്ല എന്നാലും അവളുടെ കൂടെ ആരേയും കാണാത്തതു കൊണ്ട്, പല വിദേശികളും കെട്ടും മാറാപ്പും മൊക്കെയായി നാടുകള്‍ കാണാന്‍ പോകുന്നതിനെപ്പറ്റി കേട്ടിട്ടുണ്ട് അതുപോലെ നമ്മുടെ ദേശി പെൺകുട്ടികളും തുടങ്ങിയോ? പീഡനം, കൊള്ള, കവർച്ച .....ഇതിനെക്കുറിച്ചൊന്നും ഇവൾക്ക് പേടിയില്ലെ .....അങ്ങനെ എനിക്ക് ചോദിക്കാനായി നൂറ് ചോദ്യങ്ങൾ ഉണ്ടെങ്കിലും ആരേയുംകൂസലില്ലാത്ത  അവളുടെ മുഖഭാവം അതിനൊക്കെ  ഒരു വിലങ്ങുതടിയായി.
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നാൽ നിദ്രാദേവിയുടെ അനുഗ്രഹത്തിനായി ഞാൻ കണ്ണടച്ചു ഇരുന്നു.ചിലപ്പോൾ ഇങ്ങനെയാണ്,   ആകെ മടുത്ത് ഇരിക്കുമ്പോഴാണ്, ആ "ഫോൺകോൾ”- എനിക്ക് തമാശയായി തോന്നിയത്. ഇവിടെ "ഫോൺ കോൾ" വന്നത് എന്റെ അടുത്തിരിക്കുന്ന കുട്ടിയുടെ മൊബൈലിലേക്കാണ്.

ഹലോ
ഇല്ല..ഞാൻ അടുത്ത തിങ്കളാഴ്ചയേ വരുകയുള്ളൂ
സ്ഥലത്തില്ല
കേരളത്തിലോട്ട്
പാക്കേജ് ട്ടൂർ.....6 രാത്രി യും 7 ദിവസം
മൂന്നാർ തേക്കടി പിന്നെ ഒരു ദിവസം ബോട്ടിൽ താമസിക്കും
8 പേരുണ്ട്
ചേച്ചി, അമ്മായിയുടെ വീട്ടിലാണ്
അടുത്താഴ്ച പരീക്ഷ തുടങ്ങും
ഒരാൾക്ക് Rs.----------രൂപയാണ്. പിന്നെ ഞങ്ങൾ എട്ടു പേര് ഉള്ള കാരണം ഡിസ്കൗണ്ട് കിട്ടി.ഓണർ ചിഞ്ചുവിന്റെ അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ കസിൻ ആണ് .

ചിഞ്ചു അന്ന് എന്റെ കൂടെ നിന്റെ വീട്ടിൽ വന്നില്ലേ
അവനും അവന്റെ അച്ഛനുമ്മയും കൂടെയുണ്ട്.
Spices യൊക്കെ മേടിക്കാൻ കിട്ടും
സിൽക്ക് സാരികളും
പിന്നീട് ഷോപ്പിംഗ്-നെ പറ്റി യായി സംസാരം.  അതൊക്കെ കേട്ട് ഞാൻ എപ്പഴോ ഉറങ്ങി പോയിരുന്നു. എന്റെ ഉറക്കം കഴിഞ്ഞ് നോക്കിയപ്പോൾഎന്റെ ചുമലിൽ കിടന്ന് ഉറങ്ങുന്നുണ്ട് അവൾ! ആ ബസ്സിലുള്ളവര്‍ക്കെല്ലാം അവളുടെ യാത്രയെ  കുറിച്ചുള്ള ഒരു ധാരണ കിട്ടിയെന്നു തന്നെ പറയാം. അവിടെ ഇവളുടെ മാത്രമല്ല പലരുടേയും വീട്ടുവിശേഷങ്ങളും നാട്ട് വിശേഷങ്ങളും ഗോസിപ്പുകളും അടക്കി പിടിച്ച് വർത്തമാനം പറയുന്നവരും പറയുന്നത് മുഴുവൻ നാലാൾ കേൾക്കണമെന്ന് നിർബന്ധമുള്ളവരും ഒക്കെയായി ആകെ ശബ്ദമയമാണ്. നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങള്‍. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ടുള്ള ഗുണമോ ദോഷമോ? 

കേരളം എത്തി, അവൾക്ക് നല്ലൊരു അവധിക്കാലം ആശംസിച്ച്, ഞങ്ങൾ 

പിരിഞ്ഞപ്പോൾ .... ആ ഗൌരവക്കാരിയോട് ചോദിക്കാൻ എന്റെ മനസ്സിൽ ഒരു 
ചോദ്യവുമില്ല....
പറയാതെ അവൾ പറഞ്ഞു തന്ന വിശേഷങ്ങൾ…!!!!

2/9/16

വല്ലവരുടെയും പ്രണയം



Valentine Day,ഫെബ്രുവരി ആകാൻ കാത്തിരുന്നതു പോലെയാണ് കടക്കമ്പോളങ്ങൾ, എല്ലായിടത്തും പ്രണയോപഹാരങ്ങൾ കൊടുക്കാനായി നമ്മൾ മനസ്സിൽ കാണുന്നത് കടക്കാർ മാനത്ത് കാണും എന്നതു പോലെ അവര്‍ അതിനായിട്ട് വിപണികൾ ആശയസമ്പന്നങ്ങളായിട്ടിരിക്കുകയാണ്.
ഭാഗ്യമോ അതോ നിർഭാഗ്യമോ എന്റെ  കൗമാരപ്രായത്തിലൊന്നും ഇങ്ങനെ ഒരു ദിവസത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലായിരുന്നു.പിന്നീട് ആ ദിവസത്തെ കുറിച്ചുള്ള പ്രചാരം വന്നപ്പോഴേക്കും ഭദ്രമായ പ്രണയത്തിലായി അതായത് എന്റെ കല്യാണം കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ റോസാപ്പൂവിനോ അല്ലെങ്കിൽ ഹൃദയാകൃതിയിലുള്ള കാർഡിനോ വലിയ പ്രാധാന്യം തോന്നിയില്ല.എങ്കിലും എന്റെ മകൻ നഴ്സറിയിൽ പഠിക്കുമ്പോൾ, സ്നേഹോപഹാരം സംഘടിപ്പിക്കാനായി പ്രയാസപ്പെട്ടിട്ടുണ്ട്.
സ്കൂളിൽ നിന്നും വന്ന അവൻ എന്നോട് പറഞ്ഞു -" നാളെ ഇഷ്ടമുള്ളവർക്ക് സമ്മാനം കൊടുക്കേണ്ട ദിവസം ആണ്. ട്ടീച്ചർ പറഞ്ഞു "മഞ്ഞ റോസ" കൊണ്ടുവരാൻ"
കേട്ടപ്പോൾ നിസ്സാരമായി തോന്നിയെങ്കിലും അത് മേടിക്കാൻ പോയാപ്പോഴാണ്, ഈ ദിനത്തിന് ഇത്രയും പ്രാധാന്യം ഉണ്ടെന്നറിഞ്ഞത്.മിക്ക പൂക്കടയിലും മഞ്ഞ റോസ ഇല്ല. ഉള്ള വാടിതുടങ്ങിയ റോസാപ്പൂക്കൾക്കാണെങ്കിൽ ഏകദേശം 100 രൂപയുണ്ട്.നാളെ രാവിലെ 6 മണിക്ക് പുതിയ സ്റ്റോക്ക് വരും അതിൽ മഞ്ഞ റോസ കാണുകയോ കാണതിരിക്കുകയോ ചെയ്യാം. അയാൾക്കാണെങ്കിൽ വർത്തമാനം പറഞ്ഞ് സമയം കളയാനൊന്നുമില്ല.അത്രക്ക് തിരക്കുണ്ട് കടയിൽ. അന്നൊക്കെ മൊബൈൽ ഫോൺ ഇത്രയും പ്രചാരത്തിൽ ഇല്ലാതെയിരുന്നതു കൊണ്ട് അടുത്തുള്ള കടയിൽ നിന്ന് ഭർത്താവിനെ വിളിച്ചു പറഞ്ഞു -"ഓഫീസിൽ നിന്നും തിരിച്ച് വരുമ്പോൾ മഞ്ഞ റോസ മേടിച്ചു കൊണ്ടു വന്നോള്ളൊ "
ഒരു കരുത്തൽ എന്ന നിലയ്ക്ക് വാടിക്കൊണ്ടിരിക്കുന്ന പൂവിനെ അയാൾ പറഞ്ഞ വിലയ്ക്ക് മേടിച്ചു കൊണ്ടുവന്നു.കൂടുതൽ വാടാതിരിക്കാൻ വെള്ളത്തിൽ ഇട്ടു സൂക്ഷിച്ചു. മഞ്ഞ റോസ അല്ലാത്തകാരണം അവന്റെ മുഖവും വാടി ഇരുന്നു. അവന്റെ പ്രിയങ്കരിയായ "പുനം മാം" പിണങ്ങും അതായിരുന്നു അവന്‍റെ  സങ്കടം. മാം- ന് ഇഷ്ടമില്ലാത്തത് ചെയ്‌താൽ അവർ പിണങ്ങി ഇരുന്നാണ് കൊച്ചുകുട്ടികളെ കാര്യങ്ങൾ അനുസരിപ്പിച്ചിരുന്നത്.
പ്രതീക്ഷിച്ചതു പോലെ ഭർത്താവ് മേടിക്കാൻ മറന്നു. പിറ്റേ ദിവസം രാവിലെ 6 മണിക്ക്  തന്നെ പൂക്കാരന്റെ കടയിൽ എത്തി.മഞ്ഞ റോസ ഇല്ലെങ്കിലും ഫ്രഷ് ആയിട്ടുള്ള പൂക്കൾ  എത്തിയിട്ടുണ്ട്.വില തലേദിവസത്തേക്കാളും കൂടിയിട്ടുണ്ട്.അതിൽ നിന്നും ഒരെണ്ണം മേടിച്ചു.എന്തൊക്കെ ചെയ്തിട്ടും മകന് ദു:ഖഭാവം തന്നെ അത് കാണുമ്പോൾ എനിക്കും വിഷമം.പുനം മാം ഫ്രഷ് പൂവും വേറെ ഏതെങ്കിലും റ്റീച്ചർക്ക് ഫ്രഷ് അല്ലാത്ത പൂവും കൊടുക്കാം എന്ന എന്റെ നിർദ്ദേശത്തിൽ, കൈയ്യിൽ 2 റോസപ്പൂക്കളുമായി നിൽക്കുന്ന നഴ്സറിക്കാരനെ കണ്ടപ്പോൾ, ബസ് സ്റ്റോപ്പിലെ മുതിർന്ന കുട്ടികൾക്കും അവരെ കൊണ്ടുവിടാനായി വന്ന രക്ഷിതാക്കൾക്കും  തമാശ. അവന്റെ വിഷമം നിറഞ്ഞ മുഖത്തെക്കുറിച്ച് ചോദിക്കാത്തവരാരുമില്ല. കാരണം പറഞ്ഞപ്പോൾ, പലരും പറഞ്ഞത് പുനം മാം അവരുടെ വാലൻറ്റൈന് കൊടുക്കാനുള്ളത് പാവം കുട്ടികളെ കൊണ്ട് മേടിപ്പിച്ചെടുക്കുകയായിരിക്കും ? സത്യാവസ്ഥ എന്താണെന്നറിയില്ല എന്നാലും അതിനാണോ ഞാൻ ഈ പൂക്കൾക്ക് വേണ്ടി നെട്ടോട്ടമോടിയത്? പിന്നീടുള്ള ഒരു ക്ലാസ്സിലും പൂക്കള്‍ മേടിക്കേണ്ടി വന്നിട്ടില്ല!

കാലം മാറി ആളുകളുടെ ചിന്താഗതി തന്നെ മാറി. പ്രണയം ഇല്ലെങ്കിൽ ഏതോ മനോരോഗചികിത്സാവിദഗ്‌ദ്ധനെ കാണേണ്ടവരായി.ഈ അടുത്ത കാലത്ത് ആഘോഷിക്കുന്ന പല "ഡേ" കളിലും അങ്ങേയറ്റം പ്രസിദ്ധി "വാലൻറ്റൈൻ ഡേ " ക്കാണ്.  അങ്ങനെ പ്രണയദിനാഘോഷ ത്തെക്കുറിച്ച് അറിയാനാണ്, ഞാൻ അവളെ ഫോൺ വിളിച്ചത് .ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന അവൾക്ക് ആഘോഷത്തെപ്പറ്റി അല്ല പകരം തെറ്റി പിരിഞ്ഞതിന്റെ വിശേഷങ്ങളാണ്  പറയാനുള്ളത്.ഡിന്നറിന്പറഞ്ഞ സമയത്ത് വന്നില്ലായിരുന്നു അതായിരുന്നു കാരണം.
അനുരഞ്ജപ്പിക്കുക എന്ന നിലയിൽ ഞാൻ, ജോലി തിരക്ക് കൊണ്ടായതു കൊണ്ടായിരിക്കും ഏതോ വലിയ യൂണിവേഴ്സിറ്റിയിലൊക്കെ പഠിച്ച ആളല്ലേ ...മിടുക്കനല്ലേ ....അതുകൊണ്ട് .....
പറയാൻ മുഴുമിപ്പിക്കാതെ തന്നെ അവൾ ചോദിച്ചു "  എന്റെ company ക്ക്എന്താ മോശം, എനിക്കെന്നാ ജോലി ഇല്ലേ , തിരക്കില്ലേ ...യൂണിവേഴ്സിറ്റി അവിടെ പഠിച്ചെന്നേയുള്ളൂ മാർക്കൊന്നുമില്ല എനിക്കാണെങ്കിൽ 85% മാർക്കാണ് ..... അവൾ വിടാൻ ഭാവമില്ല...ഇവർ പ്രണയലേഖനങ്ങൾക്ക് പകരം മാർക്ക് ഷീറ്റ് ആണോ കൈമാറിയെന്ന  സംശയത്തോടെ ഞാൻ പിന്നേയും അവനു വേണ്ടി വാദിച്ചു. ആന്റിക്കൊന്നും മനസ്സിലാവില്ല എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു.അവനെപ്പറ്റി എനിക്ക് പരിചയമില്ല കല്യാണം ഉറപ്പിച്ചിരിക്കുന്ന അവരുടെ കല്യാണം ഈ കാരണത്തോടെ മുടങ്ങരുതെന്നെ എനിക്കുണ്ടായിരുള്ളൂ. എന്തായാലും അവളുമായിട്ടുള്ള എന്‍റെ  കൂട്ടുകെട്ട് അതോടെ നിന്നു.

Feb 14 എന്ന ദിവസത്തിന്റെ പ്രത്യേകത കൊണ്ട് വന്ന പല ആഘോഷങ്ങളിൽ വല്ലവരുടേയും പ്രണയം മുന്നോട്ട് പോകാനായിട്ട് എനിക്ക് അഭിമുഖീകരിക്കേണ്ട വന്ന ചില പ്രശ്നങ്ങളാണിത്.ഒരു പക്ഷെ പ്രണയത്തിനും പ്രണയികൾക്കുമായി ജീവിച്ച് മരിച്ച പുരോഹിതനായ വാലൻറ്റൈൻ പോലും ഇങ്ങനേയും ചില സങ്കീർണ്ണതകൾ ഉണ്ടാവുമെന്ന് വിചാരിച്ചു കാണില്ല.


പല നൂതനാശയങ്ങളോടെ ആ ദിനം ആഘോഷിക്കാനും ആഘോഷിപ്പിക്കാനും ഒരു കൂട്ടർ തയ്യാറായി നിൽക്കുമ്പോൾ ആരുടെയും പ്രണയം പരാജയമാകല്ലെ എന്ന്‍ പ്രാര്‍ത്ഥനയോടെ  എല്ലാവർക്കും   Happy Valentine's Day!!!!!!!!!!!!

1/31/16

ജനഗണമന



29/01 / 16, TV യിലെ വാർത്തകളിൽ, സരിതയും ഉമ്മൻ ചാണ്ടിയും സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ ആക്രമാപരമായ ജനങ്ങളേയും പോലീസിനെയും കണ്ട് മടുത്താണ്. ഞാൻ ചാനലുകൾ മാറ്റിയത്. അങ്ങനെയാണ്  നമ്മുടെ രാജ്യത്തിന്റെ  റിപ്പബ്ലിക് ഡേ -യെ തുടർന്ന് ഉണ്ടാകുന്ന ആഘോഷമായ "The Beating Retreat" എന്നതിന്റെ "ലൈവ്" പരിപാടി കണ്ടത്. പ്രധാനമായും  ആർമി, നേവി  & എയർ ഫോഴ്സ്  കാരുടെ   ബാൻഡും  ഇന്നലത്തെ പരിപാടിയിൽ  ആദ്യമായി   "state police & central Armed Police Force -ന്റെ  band  അവതരണവും  ആയിരുന്നു.  ഡൽഹിയിലെ "വിജയ്‌ ചൗക്കിലാണ, ( രാഷ്ട്രപതി ഭവന്റെ നോർത്തും സൗത്തും) അലങ്കരിക്കപ്പെട്ട രാഷ്ട്രപതി ഭവനവും പലതരം ബാൻഡുകളിൽ നിന്നുള്ള പ്രകടനങ്ങളും കണ്ണിനും കാതിനും കുളിർമ്മയുള്ളതായിരുന്നു. റിപ്പബ്ലിക് ആഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്ന ഈ പരിപാടിക്ക് ആവശ്യത്തിന്  പ്രചാരം  ഉണ്ടോ എന്ന് സംശയമാണ്. മുഖ്യാതിഥി യായി ഇന്ത്യൻ പ്രസിഡെൻറ്റ് ആണ്.എന്നെ   അമ്പരപ്പിച്ച  ആ  കാര്യപരിപാടിയിലും  മനസ്സിൽ  സന്തോഷം തോന്നിയ മറ്റൊരു കാര്യം നമ്മുടെ ദേശീയഗാനമായ "ജനഗണമന -യുടെ സമയത്തായിരുന്നു !

കഴിഞ്ഞ  കുറച്ചു നാളുകളായി സ്വാതന്ത്രദിനം,റിപ്പബ്ലിക് ഡേ അതുപോലെ മറ്റ് ദേശീയ ഗാനം ആലപിക്കേണ്ടതായ   ആഘോഷങ്ങളിൽ പലപ്പോഴും ശ്രീ. A.R.Rahman ന്റെ "ജനഗണമന" യുടെ CD യായിരിക്കും ഉപയോഗിക്കുക.കോളേജിലും സ്കൂളിലും ഉപചാരത്തോടെ നിന്ന് പാടിയതിനെക്കാളും വിഭിന്നമായ ശൈലിയിലാണത്. പലപ്പോഴും പങ്കെടുക്കാനായി  തുടങ്ങുമെങ്കിലും ഗാനത്തിലെ "സംഗതി"കളിലെ നീളക്കുടുതലും കുറവും, എന്റെ മാത്രമല്ല അവിടെ കൂടിയിരിക്കുന്നവരുടേയും പ്രതികരണം ഒന്ന് തന്നെയായിരിക്കും. പാടാം എന്നാൽ  പാടാൻ പറ്റാത്ത അവസ്ഥ !


ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ
നമ്മുടെ ഹിന്ദി ട്ടീച്ചറിനെ കണ്ടില്ലല്ലോ ....
മലയാളം ട്ടീച്ചറിന്റേതു പുതിയ സാരി അല്ലെ .....
.....................................................................................
..............................................ഹിന്ദി ട്ടീച്ചർ വന്നിട്ടില്ല
ജയഹേ .......ഇല്ല ...ഇല്ലാ ...ഹേ

സ്കൂളീൽ രാവിലത്തെ അസംബ്ലിയിൽ "ജനഗണമന പാടുമ്പോൾ, എന്റെ പുറകിൽ നിൽക്കുന്ന കൂട്ടുകാരി, അന്നത്തെ "ടൈം ടേബിൾ" അനുസരിച്ച് പഠിപ്പിക്കാൻ വരേണ്ടേ അദ്ധ്യാപിക മാർ ഹാജർ  ആയിട്ടുണ്ടോ  എന്ന് പരിശോധിക്കുന്ന സമയം ആണ്. വരിയായി നിൽക്കുന്ന കുട്ടികളെ അഭിമുഖമായിട്ടായിരിക്കും അദ്ധ്യാപികമാർ നില്ക്കുക.ഒരോ ക്ലാസ്സിലെ കുട്ടികളും പൊക്കഅനുസരിച്ചായിരിക്കും വരികൾ രൂപപ്പെടുത്തുക. അതുകൊണ്ട് ഞാനൊക്കെ ഏകദേശം പുറകിലായിട്ടായിരിക്കും നിൽക്കുന്നത്.യാതൊരു ഭാവവ്യത്യാസവുമില്ലാതെ അങ്ങേറ്റം ഉച്ചത്തിൽ പാടുന്ന അവളുടെ ഇത്തരത്തിലുള്ള ദേശീയഗാന ആലാപനം കാരണം പലപ്പോഴും ഞാനും മറ്റു കൂട്ടുകാരികളും ശിക്ഷകൾക്കും  ശാസനകൾക്കും വിധേയരായിട്ടുണ്ട്.മിക്കപ്പോഴും അവളോട് അതിനായിട്ട് വഴക്കും കൂടാറുണ്ട്."നിങ്ങൾ എന്തിന് ചിരിക്കുന്നു? " അതാണ് അവൾക്ക് ഞങ്ങളോട് ചോദിക്കാനുള്ള ചോദ്യം.


പലതരം വാദ്യോപകരണങ്ങളിലൂടെ വീണ്ടും പാരമ്പര്യമായ ജനഗണമന കേട്ടപ്പോൾ, സ്കൂളും അസംബ്ലിയും അവളും .......ഓർമ്മകളിലൂടെ ഉള്ള ആ  സഞ്ചാരം  ഒരു സുഖമാണ്.


കണ്ണിനും കാതിനും മനസ്സിനും ഒരു പോലെ അനുസ്‌മരണീയമായ ഒരു സായാഹ്നം  "The Beating Retreat" !!!!!

1/5/16

കുഴപ്പങ്ങളിൽ(confusion) നിന്നുമുള്ള ഉയിർത്തെഴുന്നേക്കലാണോ "fusion"?

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ്  വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രത്യേകിച്ച് ഞാൻ!

ജീവിതത്തിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ദിനമാണ് ക്രിസ്തുമസ്സ്. അത് ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുവിന്റെ ജനനമാണോ അതോ പാതിര കുർബ്ബാന കഴിഞ്ഞ് കിടന്നുറങ്ങുന്ന എന്നെ കണ്ണ് തുറപ്പിക്കുന്നത് തന്നെ അടുക്കളയിൽ നിന്നും വരുന്ന പാലപ്പത്തിന്റേയും സ്റ്റ്യൂവിന്റേയും മണമായിരിക്കും.അതുപോലെതന്നെ ക്രിസ്തുമസ്സ് അപ്പൂപ്പന്റെ സമ്മാനങ്ങളും. പിന്നീട് അങ്ങനെയൊരു അപ്പൂപ്പൻ ഇല്ല എന്ന് മനസ്സിലാക്കിയ നാളുകളിൽ ഞങ്ങൾ സഹദോരിസഹദോരന്മാർ പരസ്പരം അവരവരുടെ പോക്കറ്റ്മണി വെച്ച് എന്തെങ്കിലും ചെറിയ സമ്മാനങ്ങൾ മേടിച്ച് ട്രീ യുടെ അടിയിൽ വെക്കുമായിരുന്നു. അതൊക്കെ എന്താണെന്നറിയാനുള്ള ആകാംക്ഷ ..... അങ്ങനെ കണ്ണ് തുറന്ന് വരുന്നത് തന്നെ ഉത്സാഹത്തൊടെയാണ്.....
ആ ദിനമാണോ എനിക്ക് "പാര" ആയി വരുന്നത് ഓർത്തിട്ട് തന്നെ സങ്കടം വന്നു. കാര്യം മറ്റൊന്നുമല്ല. വിരുന്ന് തന്ന പലരും തമാശയായിട്ടും കാര്യമായിട്ടും ചോദിക്കാൻ തുടങ്ങി -"ക്രിസ്തുമസ്സിന് ഞങ്ങളെ ക്ഷണിക്കുന്നില്ലേ ?"

ഏകദേശം ഇരുപതോ അതിൽ കൂടുതൽ ആളുകളെ ക്ഷണിക്കാനുണ്ട്.പാചകത്തിൽ അധികമൊന്നും പയറ്റി തെളിയാത്തതു കൊണ്ട് എനിക്ക് അതൊരു വലിയ പാര തന്നെയായിരുന്നു.
ഏതായാലും ഒരു കൂട്ടുകാരി സഹായഹസ്തവുമായി എത്തി. അവളുടെ കുടുംബവും ഞങ്ങളും കൂടി സഹകരിച്ച് സൽക്കാരം നടത്താം.ഞങ്ങൾ രണ്ടു പേരും നസ്രാണികളും കൂട്ടത്തിൽ ക്ഷണിക്കേണ്ട അതിഥികളും ഒരേ കൂട്ടരായിരുന്നു. എനിക്കാണെങ്കിൽ പ്രധാനമായും അവരുടെ രണ്ട് കൊച്ച് കുട്ടികളെ അന്വേഷിക്കുകയും അതുപോലെ എല്ലാത്തിനും ഒരു സഹായി ആയി നിൽക്കുക. സംഗതി ജോറായിട്ട് തന്നെ തോന്നി.
കൂട്ടുകാരി വിചാരിച്ച പോലെ അല്ലായിരുന്നു.പാചകം ഒരു വിനോദം ആയിട്ട് കൊണ്ട് നടക്കുന്ന ആളാണ്. പലതും പുതുമയുള്ള വിഭവങ്ങൾ ആയിരുന്നു. എല്ലാ കാര്യത്തിലും അങ്ങേയറ്റം "പെർഫെക്ഷൻ " അനുഷ്‌ഠിക്കുന്നുണ്ട്. അത് പച്ചക്കറി അരിയുന്ന കാര്യത്തിലാണെങ്കിൽ പോലും, ആ കാര്യത്തിൽ  ഞാൻ പലപ്പോഴും പരാജയമായിരുന്നു. ഞാൻ അരിഞ്ഞ് വെച്ചിരിക്കുന്നതിനെ സൂക്ഷമമായി പരിശോധിച്ച് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതൊക്കെ മാറ്റി വെക്കും. പിന്നീട് പുതിയത്   പിന്നേയും അരിയും.എങ്ങനെ അരിഞ്ഞാലും വായിലോട്ട് ഇടുമ്പോൾ എല്ലാം ഒരേ പോലെ ആകില്ലേ എന്ന് ഞാൻ ഓർക്കാതിരുന്നില്ല. ഏതൊരു കൊച്ചു കാര്യവും വളരെ ഗൗരവമായി കാണുന്ന പ്രകൃതക്കാരി എന്ന് പറയാം.

ഇതിനിടയ്ക്ക് ചിക്കൻ കറി ഉണ്ടാക്കുന്നതിനിടയ്ക്ക് കുട്ടികളുടെ എന്തോ ആവശ്യത്തിനായി പോകേണ്ടി വന്ന കാരണം ബാക്കി ചെയ്യേണ്ടത് എന്നോട് ചെയ്യാൻ പറഞ്ഞു. പറഞ്ഞ പോലെ എല്ലാം ചെയ്തെങ്കിലും എരിവ് ഭയങ്കരമായി കൂടി പോയി. ഒരു പക്ഷെ   നിസ്സാരമായി കാണുന്ന പാചകത്തിൽ പോലും നമ്മളെ കുഴപ്പത്തിലാക്കുന്ന ചില ചെറിയ കാര്യങ്ങൾ! ആകെ മാനസിക പിരിമുറക്കത്തിൽപ്പെട്ട ഞാൻ ഒരു ഉപായം എന്ന രീതിയിൽ മനസ്സിലേക്ക് ഓടി വന്നത് " കുറച്ച് പഞ്ചസാര ഇടുക എന്നുള്ളതാണ്.ഞാൻ അതുപോലെ തന്നെ ചെയത് നല്ലവണ്ണം ഇളക്കി ഉണ്ടാക്കിയ പാത്രം അടുപ്പിൽ നിന്ന് മാറ്റി ഫ്രിഡ്ജിന്റെ  മുകളിൽ വെച്ചു.കൂട്ടത്തില്‍ അവള്‍ കാണാല്ലേ എന്ന ഒരു പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.

 കൂട്ടുകാരി തിരിച്ച് വന്ന് ബാക്കി ജോലികളിൽ തിരക്കായി. അവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ചിക്കൻകറിയുടെ കാര്യം പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.അന്ന് സ്പെഷ്യൽ ആയിട്ട് നൂഡിൽസ്സാണ് ഉണ്ടാക്കിയത്. ആ നാളുകളിൽ അതൊന്നും വീടുകളിൽ ആരും ഉണ്ടാക്കില്ലായിരുന്നു.ഉണ്ടാക്കുന്ന ഓരോ വിഭവത്തിലും അത് പപ്പടം വറുക്കുന്നതിൽ തൊട്ട് തൻറേതായ  സ്വന്തം മുദ്ര (signature) ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.പാചകവും ഒരു കല ആണെന്ന് മനസ്സിലാക്കിയ ദിവസം !
അതിഥികൾ വന്ന് ഭക്ഷണം വിളമ്പിയപ്പോൾ എനിക്ക് ചിക്കന്‍ കറി മേശപ്പുറത്ത് വെയ്ക്കാന്‍ തന്നെ പേടിയായിരുന്നു. ചിക്കന്‍ കറി ഇല്ലാതെ എന്ത് ക്രിസ്തുമസ്!  പക്ഷെ ആ  കറി എന്നെ ചതിച്ചില്ല.അതില്‍ പഞ്ചസാര യൊക്കെ അലിഞ്ഞ് എരിവും മധുരവും കൂടി ചേര്‍ന്ന്‍ ഒരു പുതിയ വിഭവം തന്നെ ആയി. നൂഡിൽസ്സിന്റെ കൂടെ ഉചിതമായത് അങ്ങനെ അറിയാതെ ആണെങ്കിലും ഞാനും എന്റേതായ signature  ആരും അറിയാതെ ഉണ്ടാക്കി.എല്ലാ വിഭവങ്ങളും കൂട്ടുകാരിയുടേതാണെന്ന് എല്ലാവർക്കും അറിയാവുന്നതു കൊണ്ട് അതിന്റെ അംഗീകാരവും കൂട്ടുകാരിക്കായിരുന്നു.അവൾക്ക് പരിചിതമല്ലാത്ത രുചി ആയതു കൊണ്ടായിരിക്കും ആ മധുരത്തിനെ കുറിച്ച് പിന്നീട് ഇടയ്ക്ക് എന്നോട് അന്വേഷിക്കാറുണ്ടായിരുന്നു.എല്ലാം നിന്റെ പാചകത്തിനോടുള്ള സമർപ്പണം എന്ന മട്ടിലായിരുന്നു  ഞാന്‍ !

പിന്നീടു പല പാചകപരീക്ഷണങ്ങളിൽ അലങ്കോലപ്പെടുമ്പോൾ .ഇങ്ങനത്തെ എന്തെങ്കിലും പരിഹാര മാർഗ്ഗങ്ങളുമായി നവീകരിക്കാറുണ്ട്. അപ്പോഴെല്ലാം എനിക്ക് ധൈര്യം തരുന്നത് ആ ചിക്കൻകറിയാണ്.…………..

 ഇന്ന്‍ പല കുക്കറി ഷോ കാണുമ്പോള്‍, പലതും ഇറ്റലി അല്ലെങ്കില്‍ യൂറോപ്പ് ചേരുവകളില്‍  നിന്ന്‍ തുടങ്ങി ചൈനയില്‍ കൂടി കടന്ന്‍ നമ്മുടെ നാടന്‍ വിഭവങ്ങളുമായി കൂട്ടിക്കലര്‍ത്തി വിശിഷ്‌ടഭോജ്യം ആയി മാറുന്നത് കാണാം  "fusion എന്ന വകുപ്പിനടിയിൽ  ഇങ്ങനത്തെ വിശിഷ്‌ടവിഭവം  കാണുമ്പോള്‍, ഞാനറിയാതെ  ഓർത്ത് പോകുന്നത് ആ ചിക്കൻ കറിയെയാണ്.ഇതുപോലത്തെ കുഴപ്പങ്ങളിൽ(confusion) നിന്നുമുള്ള ഉയിർത്തെഴുന്നേക്കലാണോ ഈ "fusion"?