4/16/18

ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലോട്ടുള്ള യാത്ര :-)

16/12/2017


അറ്റം കാണാതെ നീണ്ടു കിടക്കുന്ന ആ ടാറിട്ട റോഡിന്റെ ഒരറ്റത്തു നിന്ന് ഏകദേശം
3000കി.മീ.യാണ്, യാത്ര ചെയ്യേണ്ടത്.എടുത്ത തീരുമാനം ശരിയാണോ എന്നറിയാതെ,
പല ദൈവങ്ങളോടുള്ള പ്രാർത്ഥനകളായിരുന്നു എന്‍റെ മനസ്സ് നിറയെ.


ഡൽഹിയിൽ നിന്നും ഡിസംബർ മാസത്തിൽ ഇങ്ങനെത്തെ ഒരു   യാത്ര
എന്നു പറയുമ്പോൾ തണുപ്പിൽ നിന്നുള്ള രക്ഷ നേടുക എന്നതാണ് പ്രാധാനം .
സാധാരണ ഉപയോഗിക്കുന്ന കമ്പിളി ഉടുപ്പുകൾ യാത്രാഭാണ്ഡത്തിലെ വലിയൊരു
പങ്ക് സ്വായത്തമാകുന്നതുകൊണ്ട്,കൃത്രിമമായുണ്ടാക്കിയവ ( synthetic)  മേടിച്ചു.
എന്നാലും കൈയുറകൾ, ഫ്ലാന്നേൽ(flannel) കൊണ്ടുള്ളതായിരുന്നു.തണുപ്പും
തണുത്തകാറ്റുമെല്ലാമായി കൈപ്പത്തികൾ ശരിക്കും മരവിച്ചു പോയി.
തണുപ്പുകാലത്തെ മറ്റൊരു ശാപമാണ് 'മൂടൽമഞ്ഞ്‌'. യാത്രയുടെ പലഭാഗത്തായി
പത്ത് - പതിനഞ്ചു നിമിഷങ്ങളിൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. വാഹനങ്ങൾ
'പാർക്കിംഗ് ലൈറ്റ്' ഇട്ടിട്ടുണ്ട്.രാത്രി 9 മണിമുതൽ രാവിലെ 7 മണി വരെ ദേശീയ പാത
കളിൽ വലിയ ട്രക്കുകളുടെയും ലോറികളായിരിക്കും കൂടുതൽ. അതിനിടയിൽ
കൂടിയാണ് ബൈക്ക് യാത്ര. മുന്നിൽ കാണുന്ന  'പാർക്കിംഗ് ലൈറ്റ്' അനുഗമിക്കുക,
അത് ഏത് വണ്ടിയാണ് എന്നറിയാൻ തന്നെ സാധിക്കാത്ത വിധമാണ്, 'മൂടൽമഞ്ഞ്‌'.
എനിക്ക് ശരിക്കും പേടി തോന്നിയ നിമിഷങ്ങളായിരുന്നു.എവിടെയെങ്കിലും ഒതുക്കി
നിറുത്തിയാലോ എന്ന് പറയാതിരുന്നില്ല, പക്ഷെ പുറകിൽ നിന്ന് ആരെങ്കിലും
വന്നിടിക്കുമോ എന്ന ഭയത്താൽ മുന്നോട്ട് ....ഇങ്ങനത്തെ സാഹചര്യങ്ങൾ
ഇതിനുമുൻപും പലപ്രാവശ്യണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒരു
ഭയമായിരുന്നു മനസ്സിലുണ്ടായത്.യാത്രകളിലെ 'experience' എന്ന
തരത്തിലെടുക്കാനാണ്, ഓടിക്കുന്നയാളുടെ നിർദ്ദേശം. അദ്ദേഹം കുറേക്കാലമായിട്ട്
കൊണ്ടുനടക്കുന്ന ഒരു സ്വപ്നസാക്ഷാൽക്കാരമാണ് ഈ യാത്ര!


കൂട്ടുകാര്‍ എന്നും ദൈവം തരുന്ന വലിയ സമ്പത്താണെന്ന് തോന്നിപ്പോയ
നിമിഷങ്ങളായിരുന്നു, വഴിയിൽ കൂട്ടുകാരെ കണ്ടപ്പോൾ.അവർ എട്ടോ - പത്തോ
ബൈക്കുകാർ രാജസ്ഥാനിലെ ഒരു തടാകത്തിനടുത്തേക്കുള്ള യാത്രയിലാണ്.
അവരോടൊപ്പം വഴിയിലെ ചായക്കടയിൽ നിന്നും ചായ കുടിച്ച്, വര്‍ത്തമാനവും
തമാശകളുമൊക്കെയായി ഏതാനും സമയം ചെലവഴിച്ചപ്പോൾ, മനസ്സിൽ തോന്നിയ
ഭയാശങ്കകൾ പിൻവാങ്ങിയോ എന്ന് സംശയം.

എന്തിനും ഏതിനും മാർഗ്ഗദർശിയായിട്ട് "gps" ആണുള്ളത്. ദേശീയ പാതകളും
ബൈപാസുകളുമുള്ള കാരണം നഗരക്കാഴ്ചകളിൽ നിന്ന് മാറി പോവുകയാണ്.
ചിലയിടങ്ങളിൽ തനി നാട്ടിൻ പുറത്ത് കൂടിയാണ് യാത്ര.കാർഷിക ജീവിതത്തിന്റെ
സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു.ചില വഴികളിൽ പശുക്കൾ കൂട്ടമായി
കിടക്കുകയാണ് അതുകാരണം ബാക്കിയുള്ളവർക്ക് പ്രത്യേകിച്ച് വാഹനം ഓടിക്കുന്ന
വർക്ക്  ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പശുക്കളോ മനുഷ്യരോ ഓര്‍ക്കുന്നേയില്ല
. ഉള്ള സ്ഥലത്തു കൂടെ എല്ലാവരും അഭ്യാസം തികഞ്ഞ ഡ്രൈവർ ആവുകയാണ്.
മറ്റു ചില സ്ഥലങ്ങളിൽ വളരെ സാവധാനത്തിൽ റോഡ് ക്രോസ്സ് ചെയ്യുന്നത്,
വണ്ടിയുടെ വേഗതയും അവരുടെ നടത്തത്തിന്റെ വേഗതയും അനുരൂപമല്ലാത്തതു
കൊണ്ട് പലപ്പോഴും 'സഡൻ ബ്രേക്ക് ' ഇടേണ്ടി വന്നു.

പശുക്കൾ വഴിയിൽ ഇരിക്കുന്നത്, വാഹനങ്ങൾ പോകുമ്പോൾ അവരുടെ പുറത്ത്
ഇരിക്കുന്ന ഈച്ചകളും ചെറിയ പ്രാണികളും പറന്നു പോകാൻ വേണ്ടിയാണ്.
അതുപോലെ പശുക്കൾ എല്ലാവരേയും എപ്പോഴും വിശ്വസിക്കുന്നു. അതുകൊണ്ട്
അവർ ഒരിക്കലും തിരിഞ്ഞോടുകയോ ഓടുകയോ ചെയ്യാറില്ലത്ര.പശുവിന്റെ
'സൈക്കോളജി' അറിയാവുന്നവരാരോ പിന്നീട് പറഞ്ഞതാണിത്. നമ്മുക്ക്  
ഇതൊന്നും അറിയാത്തതാണ് കുഴപ്പമായത്.

നഗരങ്ങളിലെ ഭക്ഷണശാലകളിലെ പുതിയ പ്രമേയമാണ്, ദാബ.എന്നാൽ അവിടെ
കാണുന്ന അസാധാരണമായ സുഖസൗകര്യങ്ങളൊന്നും റോഡിനിരുവശമുള്ള
ദാബ കളിൽ ഉണ്ടായിരുന്നില്ല. നല്ല ചൂടുള്ള ദാൽക്കറിയും തന്തൂരി റൊട്ടിയും
തൈരുമാണ് പ്രധാന ഭക്ഷണം. ഞങ്ങൾ രണ്ടുപേരും കഴിച്ചിറങ്ങിയപ്പോൾ ബില്ല്
വന്നത്, 130 രൂപ.


ഏകദേശം 530കി.മീ. ദൂരെയുള്ള രാജസ്ഥാനിലെ 'Deogarh' -ലാണ് അന്ന് താമസിക്കാൻ
ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്.ഡൽഹി -മുബൈ ദേശീയ പാതയിൽ നിന്ന്
ഏകദേശം 4 കി.മീ ഉള്ളിലായിട്ടുള്ള ' Deogarh Mahal' ലിൽ, അവിടെയാണ് ഞങ്ങള്‍
താമസിക്കാന്‍ പ്ലാന്‍  ചെയ്തിരിക്കുന്നത് .

പൈതൃകമായി കിട്ടിയ മഹൽ,  പുരാതന ആഡംബരസമൃദ്ധിയോടെ എന്നാൽ എല്ലാ
ആധുനിക സൗകര്യങ്ങളുള്ള ഒരു ഹോട്ടൽ ആക്കി മാറ്റിയിരിക്കുകയാണ്.1996 -യിൽ ചില
പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും വളരെ ഇടുങ്ങിയ ഇടനാഴികളും
നടുമുറ്റവും തടിയുടെ കോവണികളും കൊത്തുപണികളോടു കൂടിയ ഫർണീച്ചറുകളും  
കണ്ട് ആശ്ചര്യഭരിതമായി. അതിൻ്റെ വശത്തായി നിന്നും ഇരുന്നും ഫോട്ടോക്ക് 'പോസ്സ് '
ചെയ്തപ്പോൾ, നമ്മുടെ തറവാട്ടിലെ വലിച്ചാലും ഉന്തിയാലും അനങ്ങാത്ത അപ്പാപ്പൻറെ
തടിയൻ കസേരയും അമ്മാമ്മയുടെ മുണ്ടു പെട്ടിയും ചാരു കസേരയൊക്കെ പറ്റി
ഓർക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.
സ്പാ(spa) ജക്കൂസി(jacuzzi) നീന്തൽക്കുളം .........അവിടത്തെയെല്ലാം തിരക്ക് കാണുമ്പോൾ
നമ്മുടെ ദൈനംദിന ജീവിതത്തിലെ തിക്കും തിരക്കും പിടിച്ച ജീവിതത്തിൽ നിന്നുള്ള
മോചനം എന്ന പോലെയാണ് പലരും. ചിലർക്ക് അത് ഒരു 'ഒത്തു ചേരൽ' അതിന്റെ
ബഹളവും സന്തോഷവും കാണാം. ദേശികളും വിദേശികളും ധാരാളം. പക്ഷേ എന്തു
സൗകര്യം ഉണ്ടായിട്ടെന്താ, 'ഇന്റർനെറ്റ് / വൈ -ഫൈ കിട്ടണമെങ്കിൽ 'റിസിപ്ഷൻ' വരെ
പോകണം. ആ സൗകര്യത്തിനായിട്ടാണ് അങ്ങോട്ട് പോയതെങ്കിലും തിരിച്ചു മുറി
കണ്ടുപിടിക്കാൻ വളരെ പാടു പെട്ടു.അതു കാരണം 'മഹൽ' നകത്തെ എല്ലാ
ചിത്ര രചനകളും അലങ്കാര സാധനങ്ങളും കാണാൻ സാധിച്ചു അല്ലെങ്കിൽ
കാണേണ്ടി വന്നു.മട്ടുപ്പാവിൽ നിന്ന് ആ മുഴുവന്‍ നഗരവും കാണാന്‍ സാധിക്കും.
തൊട്ടടുത്ത വീടുകളിലെ കുട്ടികള്‍ പട്ടം പറപ്പിക്കുന്ന തിരക്കിലാണ്. അവരുടെ
വീടിന്റെ ടെറസിൽ ജലസംഭരണികളോടപ്പം ചാണകവും ഉണക്കി വെച്ചിരിക്കുന്നത്
പുതുമയുള്ളതായി തോന്നി.
നഗരത്തിന്റെ മദ്ധ്യഭാഗത്തായിട്ടാണ് ഈ മഹൽ, വഴികളും ചുറ്റുമുള്ള കടകളിലും
വീടുകളിലും   മഹൽ- ഉള്ള പോലത്തെ ആഡംബരം ഒന്നും തന്നെ കണ്ടില്ല. സാധാരണ
കാണുന്ന മരത്തിന്റെ ചില അലങ്കാര വസ്തുക്കളും ചിത്രപ്പണികളുടെ കടകളുമാണ്,
വിനോദസഞ്ചാരികൾക്കായി കണ്ടത്.രണ്ടു സ്‌കൂൾ കുട്ടികൾ  " What is your name?" എന്ന്
ചോദിച്ചു വന്നപ്പോൾ അവിടെയുള്ളവർ എല്ലാവരും പര്യടനക്കാരെ സ്വാഗതം
ചെയ്യാനുള്ള മനോഭാവത്തിലാണ് തോന്നി പോയി.
ഏതോ കിരീടധാരണ സിംഹാസനത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലെ
കസേരയിലിരുന്ന് വൈകുന്നേരത്തെ, പ്രാദേശികഗാനത്തിന്റെ അകമ്പടിയോടെയുള്ള
തീപന്തം കൊണ്ടുള്ള ഡാൻസും അവസാനം വായ്ക്കകത്ത് വെച്ചു തീ കെടുത്തുന്നതും
അതുപോലെ ഒരു പാട് കലങ്ങൾ ഒന്നിന് മുകളിൽ വെച്ചിട്ടുള്ള കറങ്ങി - കറങ്ങിയുള്ള  
ഡാൻസും ആസ്വദിക്കാൻ പറ്റിയോ എന്ന് ചോദിച്ചാൽ അത് സംശയം ആണ്.പണ്ടൊക്കെ
ഇതിലൊക്കെ മതിപ്പ്‌ തോന്നിയിരുന്നെങ്കിലും എന്തോ ഇന്ന് അങ്ങനെ തോന്നാറില്ല.
ഒരു ചേച്ചിയും ഭർത്താവും അവരുടെ രണ്ടു അനിയത്തിമാരും കൂടിയാണ് പരിപാടികൾ
അവതരിപ്പിക്കുന്നത്. ഹോട്ടലുകാർ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

രാത്രികാലങ്ങളിൽ പ്രഭാപൂരിതമായിട്ടുള്ള മഹൽ, വിസ്മയജനകമാണ്. ഏകദേശം 400
വർഷം പഴക്കമുള്ള  Deogarh രാജാവിന്റെ അധീനതയിലായിരുന്ന ഈ 'മഹൽ' . ഇപ്പോഴും
അദ്ദേഹത്തിൻ്റെ പിൻതുടർച്ചവകാശികളിലാണ്. ഈ നഗരത്തിന്‍റെ പ്രധാന പ്രത്യേകത
എന്നു പറയുന്നത് ഈ മഹല്‍ ആണ്.



ഏകദേശം 500 കി.മീ. ദൂരം താണ്ടിയ സമാധാനം ഒരു ഭാഗത്തും അതുപോലെ 500 കി.മീ.
ദൂരമല്ലേ കഴിഞ്ഞുള്ളൂ എന്ന മാനസിക പിരിമുറുക്കത്തോടെ   ഒരു ദിവസത്തെ
രാജകീയമായ വാസം അവസാനിപ്പിച്ച് പിറ്റേ ദിവസം ഞങ്ങളുടെ യാത്ര തുടരുന്നൂ …...


17/12/2017

ബന്ധു വീട്ടിലേക്ക് പോകുന്ന വഴി 'gps' പണിമുടക്കി. ഒരു നിമിഷം എന്തു
ചെയ്യണമെന്നറിയാതെ, കൂട്ടത്തിൽ നിന്നും വഴി തെറ്റി പോയ കുട്ടിയുടെ അവസ്ഥ.
പുലർക്കാലേ ആയതുകൊണ്ട് ട്യൂഷനോ മറ്റോ പോകുന്ന ഏതാനും കുട്ടികളും
പത്രക്കാരും പാൽ കൊണ്ടു പോകുന്ന ...അങ്ങനെ കുറച്ചു ആൾക്കാരെ റോഡിലുള്ളൂ.
അഡ്രസിനെ കുറിച്ച്ആർക്കും വലിയ പിടിയൊന്നുമില്ല.
ഞങ്ങൾ താമസിച്ച 'ദിയോഘർ  മഹൽ' അടുത്ത സിറ്റി ആണ്, 'ഉദയ്പൂർ(Udaipur),
അവിടെ 'ബൈപാസ്' ഇല്ലാത്തതും കൂട്ടത്തിൽ ഈ ബന്ധു വീട് സന്ദർശനവും
ഉള്ളതു കാരണം അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു.ഡൽഹി പോലത്തെ
തണുപ്പും മൂടല്‍മഞ്ഞും ഇല്ലാത്തതു ഒരനുഗ്രഹമായിരുന്നു.എന്തായാലും വീട്
അന്വേഷിച്ച്, ആ കോളനി മുഴുവന്‍ ഏതോ ഗതി കിട്ടാ പ്രേതം പോലെ കറങ്ങി
കൊണ്ടിരുന്നു.ഏതാനും നടക്കാനിറിങ്ങിയ ഒരു കൂട്ടം ആള്‍ക്കാരുടെ
സഹായത്തോടെയാണ് വീട് കണ്ടുപിടിക്കാന്‍ സാധിച്ചത്.ആധുനിക സാങ്കേതിക
വിദ്യയുടെ ഗുണമോ ദോഷമോ എന്നറിയില്ല, അവിടത്തെ
സന്ദര്‍ശനത്തിനു ശേഷമുള്ള യാത്രയില്‍ ‘റ്റാറ്റാ’ പറയാനും യാത്ര പറയാനുമായി
ഏതാനും പേര്‍ വഴിയിലുണ്ടായിരുന്നു.

പുലർക്കാലെയുള്ള യാത്രകളിൽ പലരും ഗതാഗതനിയമങ്ങൾ പാലിക്കാറില്ല.
ട്രാഫിക് സിഗ്നലുകളൊന്നും അവർക്ക് ബാധകമല്ല  എന്ന മട്ടിലാണ്.
അതിനുപുറമേയാണ് എതിർദിശയിലൂടെ 'ലൈറ്റും& ഹോണും ' ആയിട്ടുള്ള
വരവ്.' ദാ ഇവിടെ വരെയല്ലേയുള്ളൂ ' എന്ന ചിന്തയായിരിക്കും അവർക്ക്.ചിലർ
ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് 'സൂചകങ്ങൾ (Indicator)
ഉപയോഗിക്കാറില്ല.ഒരു വണ്ടി മേടിച്ചു കൂട്ടത്തിൽ റോഡും എന്ന മട്ടിലാണവരും.
രണ്ടു വശത്തായി പോകുന്ന റോഡുകളുടെ ഇടയ്ക്കുള്ള മതിലുകളോ സ്ളാബ്
കട്ടകളോ മറികടന്നോ ചാടി കടന്നോ ഉള്ള ആളുകളുടെ 'റോഡ് ക്രോസ്സ് ചെയ്യൽ'
........ ഇതൊക്കെ  അവസാന നിമിഷമാണ് ഓടിക്കുന്നയാൾ ശ്രദ്ധിക്കുന്നതെങ്കിൽ
തലനാരിഴക്കാണ് രണ്ടു പേരും രക്ഷപ്പെടുന്നത്.ഇതൊക്കെ ആ റോഡിലെ മാത്രമുള്ള
പ്രത്യേകതകള്‍ അല്ല. ഡല്‍ഹി മുതല്‍ കേരളം വരെയുള്ള യാത്രയില്‍ കണ്ടതാണ്.  
രണ്ടു -മൂന്നു  പ്രാവശ്യം പുറകിലിരിക്കുന്ന ഞാനാണ്, ഓടിക്കുന്നയാളുടെ
ശ്രദ്ധയിൽപ്പെടുത്തിയത്.  ഞങ്ങളുടെ ഹെൽമെറ്റിൽ വർത്തമാനം
പറയുന്നതിനായി മൈക്കും സ്പീക്കറും ഘടിപ്പിച്ചിട്ടുണ്ട്(Sena bluetooth headset).
അതുകൊണ്ട് വിവരം അറിയിക്കാന്‍ വലിയ പ്രയാസമില്ല.ഓടിക്കുന്നതിനിടയില്‍
 ഫോൺകാളില്‍ വർത്തമാനം പറയാനും സാധിക്കും. ബ്ലൂ റ്റൂത്ത് വഴി
ആശയസംക്രമണം നടത്തുകയാണ്. ഗ്രൂപ്പ് ആയിട്ട് പോകുമ്പോൾ ഏകദേശം
അഞ്ചു പേരായിട്ട് സംഭാഷണം നടത്താവുന്നതാണ്.

വിദേശ രാജ്യങ്ങളിൽ ഏതൊരു വാഹനത്തിന്റെ പുറകെ
വന്നിടിക്കുകയാണെങ്കിൽ എപ്പോഴും പുറകിലത്തെ വണ്ടിയുടെ
കുഴപ്പമായിട്ടായിരിക്കും കണക്കാക്കുക.ഓടിക്കുമ്പോൾ വണ്ടികൾ തമ്മിൽ
അകലം സൂക്ഷിക്കണമെന്നുള്ളതാണ്, നിയമം.നിയമങ്ങൾ തെറ്റിച്ചതു
കൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക്, നമ്മുടെ നിയമങ്ങൾ എങ്ങനെയാകും
കൈകാര്യം ചെയ്യുക? പുറകിൽ ഇരിക്കുന്നയാൾക്ക് പ്രത്യേകിച്ച് ഒന്നും
ചെയ്യാനില്ലാത്തതിനാൽ , ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളൊക്കെ,
ഞാന്‍  വെറുതെ ചിന്തിച്ചു കൂട്ടി.

ഗ്രാമീണക്കാഴ്ചകളില്‍ ചോളത്തിന്റെയും കരിമ്പിന്റേയും പാടങ്ങളാണ് കണ്ടത്.
അത്തരം പാടങ്ങളുടെ വഴിയുടെ വശത്തായി ചോളം വിൽക്കാനും ചുട്ടു
കൊടുക്കാനുമായി ആളുകൾ ഇരുപ്പുണ്ട്.അങ്ങനെ ചോളം തിന്നു  
കൊണ്ടിരുന്നപ്പോൾ, ' ചായ ഉണ്ടാക്കി തരട്ടെ ' എന്ന് ചോദിച്ചു കൊണ്ട് ഒരാൾ
അടുത്ത വീട്ടിൽ നിന്ന് വന്നു.ഞങ്ങൾ, അവിടത്തെ പുതുമുഖങ്ങളും ബൈക്കും
ഞങ്ങളുടെ വേഷമൊക്കെ കണ്ടു കൊച്ചു വർത്തമാനത്തിനായി വന്നതാണ്.
കാര്യങ്ങളൊക്കെ മനസ്സിലാക്കി കഴിഞ്ഞപ്പോൾ, അവിടെ ഏതാനും കടകളുടെ
പണി നടക്കുന്നുണ്ട്. അതിലൊരെണ്ണം മേടിക്കാനുള്ള നിർബന്ധമായി.
നിങ്ങൾ കേരളത്തിൽ നിന്നും തിരിച്ചു വരുമ്പോഴേക്കും കടയുടെ ഉദ്ഘാടനം
നടത്താമെന്നാണ് പറയുന്നത്.ആ വഴി ദേശീയ പാതയുടെ ഭാഗമാണ്, റോഡിന്റെ
വീതി ഇപ്പോൾ കൂട്ടും. കട തുടങ്ങുന്നതോടെ ഉണ്ടാകുന്ന ലാഭത്തിൻ്റെ കണക്ക് ......
..അയാളിലെ 'കച്ചവടക്കാരൻ' സടകുട​ഞ്ഞെഴുന്നേറ്റു. ഇപ്പോൾ കടയുടെ പണി
നടത്തുന്നവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് തൊഴിൽ. ഒന്നെങ്കിൽ
ചായ അല്ലെങ്കിൽ കട മേടിക്കാനുള്ള നിർബന്ധത്തിലായി.

ആദ്യകാലത്ത് ബറോഡ എന്നറിയപ്പെടുന്ന ഗുജാറാത്തിലെ വഡോദരയിലാണ്
ഞങ്ങളുടെ അടുത്ത താവളം. ഏകദേശം അഞ്ചു മണിയോടെ ഞങ്ങൾ അവിടെ
എത്തിച്ചേർന്നു. ഹോട്ടലിൽ പോയി 'ഫ്രഷ് '  ആയതിനു ശേഷം അടുത്ത കണ്ട
'ഷോപ്പിംഗ് മാളിലോട്ടു  പോയി.  ഇന്ത്യയിലുള്ള  എല്ലാ 'ഷോപ്പിംഗ് മാളിനും
അവിടെ വരുന്നവരും   ഒരേ പോലെ ആണെന്ന് തോന്നുന്നു. സ്ഥിരം കാണുന്ന
ബ്രാൻഡ് കടകളും    sale ന്റെ ബോർഡുകള്‍ക്കും മാറ്റമില്ല. പലരും സമയം
കളയാൻ വന്നവരാണെങ്കിൽ യുവജനങ്ങള്‍ക്ക്  'സെൽഫിയിലാണ് ശ്രദ്ധ.
ഇതൊക്കെ തന്നെയാണ് ഞാന്‍ ഡൽഹി മാളിലും കാണാറുള്ളത്. ഏറ്റവും
മുകളിലത്തെ നിലയിലെ ഫുഡ് കോർട്ടിനും ഒരേ മുഖഛായ തന്നെ.
ഫാസ്റ് ഫുഡ് & പ്രാദേശിക ഭക്ഷണശാലകളാണ്. പതിവു പോലെ
ഫാസ്റ്റ് ഫുഡ് ന്റെ അവിടെയാണ് തിരക്ക്.

കലയുടെ നഗരം കൂടിയാണ് വഡോദര. പാലസും & മ്യൂസിയവും  
ഒക്കെയായി കാണാനേറെയുള്ള സ്ഥലമാണിത്.സമയക്കുറവ് കാരണം ഞങ്ങൾക്ക്
അതിനൊന്നും സാധിച്ചില്ല. ഏകദേശം 1000 കി.മീ നു മേലെ യാത്ര ചെയ്ത
മനസ്സമാധാനത്തോടെ ..........

 18/12/21017

സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ പക്ഷേ വെളിച്ചം വരുന്നതു വരെ
കാത്തിരിക്കാനോന്നും  വഡോദരയിലുള്ളവർക്ക് സമയമില്ല.വലിയൊരു
ശതമാനം ആൾക്കാരും രാവിലത്തെ വ്യായാമത്തിന്റെ ഭാഗമായിട്ടുള്ള
നടത്തത്തിലാണ്.ചിലരുടെ കൈയ്യിൽ വലിയ വടിയുമുണ്ട്. അത് എന്തിനാണെന്ന്
മനസ്സിലായില്ല. ചിലപ്പോൾ പട്ടിയെ ഓടിക്കാനായിരിക്കും.ഈ വക
കാഴ്ചകളൊക്കെ നഗരത്തിലെ പുലർക്കാഴ്ചകളായി മാറിയിരിക്കുന്നു.  
ഗുജാറാത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരമാണ്,
വഡോദര.

ചിലപ്പോൾ അങ്ങനെയാണ്, നമ്മുടെ മനസ്സിലെ ചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ,
പണ്ട് നടന്ന ഭൂമികുലുക്കവും അതിനെ തുടർന്ന് ടി. വി യിൽ കണ്ട
 ദയനീയക്കാഴ്ചകളുമാണ് ഗുജറാത്ത് എന്നു പറയുമ്പോൾ മനസ്സിൽ തെളിയുന്നത്.
അതിനെല്ലാം വ്യത്യസ്തമായി കുണ്ടും കുഴികളുമില്ലാത്ത മനോഹരമായ ആറു
വരി പാതയുള്ള ദേശീയ പാത .യാത്രക്കാരുടെ സൗകര്യങ്ങൾക്കായുള്ള
ഭക്ഷണശാലകളും മറ്റും സര്‍വീസ് റോഡില്‍ . ആ സ്ഥലത്തെപ്പ റ്റിയുള്ള
വിവരണമായിട്ടുള്ള ബോർഡുകൾ ദേശീയപാതയിൽ.പാതയിൽ സാധാരണ
കാണുന്ന അടയാളങ്ങളിൽ നിന്നു പുറമേ 'lane' തുടങ്ങുകയും
അവസാനിക്കുന്നതിനുമുൻപേയുള്ള ചെരിഞ്ഞ വരകളും. ആകെ
അന്താരാഷ്‌ട്രീയ ശൈലി. എങ്കിലും ഓടിക്കുന്നവർ ആ ശൈലിയിൽ അല്ല എന്നു
മാത്രം.

പ്രഭാത ഭക്ഷണം കഴിക്കാനായി ചെന്ന സ്ഥലത്ത് ബൈക്കിൽ ദൂരെ യാത്ര
ചെയ്യുന്ന മറ്റൊരു ദമ്പതിന്മാരെയും കണ്ടുമുട്ടി. അവരുമായുള്ള
കുശലാന്വേഷണത്തിൽ നിന്നും അവർ വരുന്നത്, ഞങ്ങൾ
താമസിക്കുന്നതിന്റെയടുത്തും പോകുന്നത് 'ഗോവ' വഴി കണ്ണൂരിലോട്ടും.ഈ
യാത്ര തുടങ്ങുന്നതിനു മുൻപ് കേരളം വരെ ഇതു പോലെ യാത്ര ചെയ്യാൻ
ദമ്പതിന്മാരുണ്ടെങ്കിൽ നല്ലതാണെന്നുള്ള എൻ്റെ അഭിപ്രായത്തിൽ
കൂട്ടുകാർക്കിടയിൽ അന്വേഷിച്ചതാണ്. 3000 കി.മീ എന്ന കാരണത്താല്‍  പലരും
മടിച്ചു.ഇങ്ങനത്തെ സാഹസങ്ങളൊക്കെ മലയാളികൾക്കു മാത്രം
പറഞ്ഞിട്ടുള്ളതാണോ ?


'സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കരുത്' എന്നാണെങ്കിലും ബൈക്ക്
ഓടിക്കാൻ തുടങ്ങുന്നതോടെ വേഗതയുടെ കാര്യത്തിലും വെട്ടിക്കുന്നതിന്റെ
കാര്യത്തിലും ഒട്ടും മോശമല്ല, ഓടിക്കുന്നയാള്‍.അപ്പോൾ വേഗമത്സരത്തിനായി
പ്രകോപിച്ചാലോ?,കൈയ്യിലൂടെ ഹെൽമെറ്റ് ഇട്ട് വെള്ള ഷർട്ടും ജീൻസും ധരിച്ച
യുവാവും പുറകിൽ വല്ല ഒരു മീറ്റർ തുണി കൊണ്ട് തലയും മുഖവും മൂടിയ
യുവതിയുമാണ് ബൈക്കിന്റെ പുറകിൽ ഇരിക്കുന്നത്. ഞങ്ങളാണെങ്കിൽ
മുൻകരുതൽ എടുക്കുന്നത്  തലക്ക് മാത്രമല്ല പകരം ശരീരത്തിന്റെ ഒരോ
എല്ലുകളേയും സംരക്ഷിക്കാനുള്ള കവചങ്ങളിലാണ്. കാൽമുട്ടുകൾ
കൈമുട്ടുകൾ തോളെല്ലുകൾ .... എല്ലായിടത്തും രക്ഷാകവചങ്ങളോട്
കൂടെയുള്ള ജാക്കറ്റ് ഗ്ലൗസ്സ്, ഹെൽമെറ്റ്‌,ബൂട്ട്സ്സ് പോലത്തെ ഷൂസ്, എല്ലാം കൂടെ
ധരിച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ, എനിക്ക് എന്നെ തന്നെ മനസ്സിലാവാത്ത
രൂപം.ഏന്തോ "Iron Man/ Woman യിലെ കഥാപാത്രം പോലെയാണ്.

ഓരോ  രക്ഷാകവചങ്ങളിലും "ബ്രാൻഡ്" കൾക്ക് ആളുകൾ   പ്രാധാന്യം
കൊടുക്കാറുണ്ട് .ARAI or SHOEI യുടെ ഹെൽമെറ്റിന് ഏകദേശം 2 ലക്ഷം രൂപ
വിലയുണ്ടെന്നാണ് പറയുന്നത് അങ്ങനെ തലമുതൽ ഷൂസ് വരെ പലതരം
ഉല്പന്നനാമങ്ങളുടെ പ്രദര്‍ശനമാണ്. ഈ വക സാധനങ്ങൾക്കുവേണ്ടി പൈസ
ചിലവാക്കാൻ വൈമുഖ്യമുള്ള എന്നോട് പലരും കളിയാക്കി ചോദിച്ചത്,
'നിനക്ക് തലയില്ലെങ്കിൽ ഈ പൈസയൊക്കെ കൈയ്യിൽ സൂക്ഷിച്ചിട്ട്,
എന്തു കാര്യം' എന്നുള്ളതാണ്.അതുകാരണം ഞാനും എൻ്റെ ജാക്കറ്റിന്റെയും
ഹെൽമെറ്റ്- ന്റേയും നിലവാരമുയർത്തി.ഇതു കൊണ്ടൊക്കെ ഉപകാരപ്പെടുമോ
എന്നറിയില്ല, എന്നാലും.

ഏകദേശം അര- മുക്കാൽ മണിക്കൂർ ആയിട്ടും രണ്ടു കൂട്ടരും  അന്തോം
കുന്തോവുമില്ലാതെ ആവേശത്തിന് കുറവില്ലായിരുന്നു.ഓരോ പ്രാവശ്യവും
ഒരാൾ മറ്റയാളെ പിന്നിലാക്കുമ്പോൾ 'Thumbs up' കാണിച്ചാണ് യാത്ര. രണ്ടു പേരും  
ആസ്വദിച്ചുള്ള മത്സരത്തിലാണ്. പുറകിൽ ഇരിക്കുന്നവരുടെ കാര്യം
എങ്ങനെയെന്ന് എനിക്കറിഞ്ഞു കൂടാ.

സാധാരണ സിനിമയിൽ അപകടങ്ങൾ വരാൻ പോകുന്ന സമയത്ത്
നായകൻ / നായിക വെള്ള വസ്ത്രമായിരിക്കും ധരിച്ചിരിക്കുക. അല്ലെങ്കിലും
അനാവശ്യചിന്തകൾ റബ്ബർ പന്തു പോലെയാണല്ലോ, എത്ര കണ്ടു ആഴത്തിൽ
താഴ്ത്തിയിടാൻ ശ്രമിക്കുമ്പോൾ അത് വാശിയോടെ തിരിച്ചു വരുമല്ലോ,
എല്ലാം കൂടെ എനിക്ക് പേടിയാവാൻ തുടങ്ങി. ഗതികെട്ട് ഞാൻ പറഞ്ഞു
' നിങ്ങൾ മിക്കവാറും അവരെ കൊല്ലും, അവരുടെ തലയിൽ ഹെൽമെറ്റ്
പോലുമില്ല'.എന്തോ,  ഞാൻ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് തോന്നിയതു
കൊണ്ടാകും. 'Thumbs up' കാണിച്ച്, ഞങ്ങൾ പിൻവാങ്ങി. ഹാവൂ!കനലിൽ
വെള്ളം കോരി ഒഴിച്ചതു പോലത്തെ ഒരാശ്വാസം.

ഡൽഹിയിൽ കൂട്ടുകാരുമായി ബൈക്കിലെ സവാരിക്കിറങ്ങുമ്പോൾ, ചിലരുടെ
ഭാര്യന്മാരും എന്നെപ്പോലെ വരാറുണ്ട്.ഞങ്ങളുടെ "Iron  Woman പോലത്തെ
വേഷങ്ങൾ കാണുമ്പോൾ, പലരും ചോദിക്കാറുണ്ട്, 'നിങ്ങളും ബൈക്ക് 'ride'
ചെയ്യാറുണ്ടോ? ' കൂട്ടുകാരി പറയാറുണ്ട്, ' ഇല്ല, ഞങ്ങൾ പുറകിൽ ഇരുന്ന് ഇവരെ
'ride' ചെയ്യാറാണ് പതിവ്.തമാശക്കാണ് അങ്ങനെ പറയാറുള്ളതെങ്കിലും …………..
ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഓരോ സാഹചര്യങ്ങള്‍!

അനുഭവസ്ഥരിൽ പലരും ഒരു പേടിസ്വപ്നം പോലെ പറഞ്ഞത്, താനെ പാല
( Thane bridge) ത്തിലെ വാഹനത്തിരക്കിനെക്കുറിച്ചായിരുന്നു.ഉച്ച
കഴിയുന്നതോടെ കൂടുതൽ വഷളാവും എന്ന മുന്നറിയിപ്പും
തന്നിട്ടുള്ളതുകാരണം എത്രയും വേഗം അതു കടന്നു കിട്ടുക എന്നതാണ്,
അടുത്ത ലക്ഷ്യം.ആ പാലം കടക്കുന്നതോടെ നമ്മൾ 'മുംബൈ’ നഗരത്തിലോട്ട്
ചെന്നു വീഴുകയാണ്.

ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്.
ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു.
ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം
കൂടിയാണ്‌. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്‌
. മുംബൈ ഇന്ത്യയുടെ വ്യാപാര വിനോദ തലസ്ഥാനം കൂടിയാണ്‌. അങ്ങനെ
വിശേഷതകള്‍ ഏറെയുണ്ടെങ്കിലും  അതിൻ്റെ അഹങ്കാരമൊന്നും ആ
സ്ഥലത്തിനോ അവിടെയുള്ളവർക്കോ ഇല്ല.അഹങ്കാരം കാണിക്കാനൊന്നും
ആർക്കും സമയമില്ല എന്നുള്ളതാണ് സത്യം.എല്ലാവരും ഓടുകയാണ്.
ഓട്ടമത്സരത്തിൽ 120 -150 ഓടിച്ചിരുന്ന ആൾക്ക് 10 -30 ഓടിക്കാൻ പോലും
സാധിക്കാത്ത അവസ്ഥ.ഞങ്ങളുടെ വേഷവും സൂര്യൻ തലയ്ക്ക്
മുകളിലെത്തിയതു കൊണ്ടും ശരിക്കും പ്രഷർകുക്കറിനകത്ത് ഇരിക്കുന്നതു
പോലെയായി.

അവിടെയുള്ള ഏതാനും കൂട്ടുകാരുടെ ഇടയില്‍ ഇരുന്നപ്പോള്‍, അന്നും
അങ്ങനെയായിരുന്നു ഞാന്‍, കൂട്ടുകാരെല്ലാം ഹിന്ദി, ഇംഗ്ലീഷ്
മലയാളമൊക്കെയായി എന്തൊക്കെയോ പറയും പകുതി മനസ്സിലാവും
പകുതിയിലേറെ മനസ്സിലാകാതെ അവരെയെല്ലാം അന്തംവിട്ടു
നോക്കിയിരിക്കാറാണു പതിവ്.ഏകദേശം ഇരുപത് വര്‍ഷത്തിനു മുന്‍പ്
കേരളത്തിനു പുറത്തോട്ടുള്ള ആദ്യത്തെ  യാത്രയായിരുന്നു, അന്നത്തേത്.
ആ ദിവസങ്ങളിൽ നിന്നും ഞാൻ ഒരു പാട് മാറി. പക്ഷെ മുംബൈക്കോ
കൂട്ടുകാർക്കോ വലിയ മാറ്റം ഒന്നും വന്നിട്ടില്ല. ഓഹരി വിപണിയാണ്
അന്നത്തേയും ഇന്നത്തേയും പ്രധാന സംസാരവിഷയം. ഓഹരിയും
ഓഹരിവിപണിയും അവിടെയുള്ളവരുടെ രക്തത്തിൽ അലിഞ്ഞിതു
പോലെയാണ്. പതിവു ചടങ്ങായിട്ടുള്ള ജീവിതവും ജോലിയിലെ മര്യാദയില്ലാത്ത
നയങ്ങളും  നഷ്ടസ്വപ്‌നങ്ങളുമൊക്കെയായി മിക്കവരും ദു:ഖിതരാണ്. പലരും
ജോലിയിൽ നിന്നു വിരമിക്കാനുള്ള ദിവസങ്ങൾ എണ്ണിയിരിക്കുന്നു.അവരുടെ
ഇടയിൽ ഇരുന്നപ്പോൾ എനിക്കും പത്തോ - ഇരുപതോ വയസ്സു കൂടിയതു പോലെ.

ഇല്ല, എന്തു പറഞ്ഞാലും അനുസരിക്കില്ല എന്ന മട്ടായിരുന്നു ഞങ്ങൾ gps നോട്.
മുബൈ - പൂനെ ദേശീയ പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് അനുമതിയില്ല
എന്നതാണ് കാരണം. അറിയാതെ എങ്ങാനും  ആ വഴി ഉപയോഗിച്ചാൽ,
പിഴ ഇനത്തിൽ പോലീസ് വലിയ ഒരു സംഖ്യ ഈടാക്കുന്നതാണ്. അത്രയും നാളും
gps നെ നമിച്ചു യാത്ര ചെയ്തിരുന്ന ഞങ്ങൾക്ക് അനുസരിക്കാൻ
നിവൃത്തിയില്ലാതെയായി. കുണ്ടും കുഴിയുകളുമുള്ള റോഡ് തന്നെയാണ്
ഞങ്ങൾക്ക് ശരണം.മുബൈക്കാരുടെ പേരു കേട്ട 'ഹിൽ സ്റ്റേഷനാണ്',
'ലോണാവാല'. എനിക്ക് പത്തു വയസ്സു കൂടിയതു കൊണ്ടാണെന്ന് തോന്നുന്നു,
എന്തോ അങ്ങോട്ട് പോകാനൊന്നും തോന്നിയില്ല.പൂനെയിൽ താമസിക്കാനാണ്,
ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

18/12/2018

പൂനെ യിലെ ദേശീയ പാതയുടെ വഴിയോരത്ത് കണ്ട 'കാമത്ത്'
ഭക്ഷണശാല യിലിരുന്ന് ദോശയും സ്റ്റീൽ ഗ്ലാസ്സും അതിനടിയിലെ
പാത്രത്തിലുമായി കാപ്പി ആറ്റി തണുപ്പിച്ച് കുടിച്ചപ്പോൾ,  എവിടെ നിന്നോ വന്ന
ആ കാറ്റിന് 'South India' യുടെ വാത്സല്യം. ചുറ്റുമിരിക്കുന്നവരിൽ ഇന്നത്തെ
യുവത്വമൊക്കെ 'മോഡേൺ' എന്ന ഒരു കുടക്കീഴിൽ വരുമ്പോൾ പ്രായമായ
സ്ത്രീകളിൽ പലരും തലമുടി നിറയെ പൂവും നെറ്റിയിലെ പൊട്ടും മൂക്കിലെ
വലിയ മൂക്കുത്തിയും പൊതുവെ ജീവിതം തീർന്നു തുടങ്ങിയെന്ന മട്ടിലുള്ള
മുഖഭാവവും ഓരോ കാലഘട്ടങ്ങളെ ഓർമ്മിപ്പിക്കുന്നു.ചുറ്റുമുള്ളവർക്കും
പരിഗണന കൊടുക്കുന്ന രീതിയിലുള്ള അവിടത്തെ ആളുകളുടെ പെരുമാറ്റം,
എന്തോ ആദ്യമായിട്ടാണ് 'നോർത്ത് & സൗത്ത്' എന്ന വ്യത്യസ്തത എനിക്ക്
അനുഭവപ്പെട്ടത്.

മനോഹരമായ പാത, അധികം വാഹനങ്ങളുമില്ല.പെട്ടെന്ന് ദൈവത്തെ വിളിച്ചു
ഞാൻ കണ്ണടച്ചു.വണ്ടിയുടെ വേഗത ഒരു പൊടി കുറഞ്ഞുവോ, എന്താണ്
കാണേണ്ടി വരുക എന്നറിഞ്ഞു കൂടാ.ഏതാനും സെക്കന്റുകൾ കഴിഞ്ഞപ്പോൾ
അദ്ദേഹം പറഞ്ഞു, 'രക്ഷപ്പെട്ടു'. ഒരു ചെറിയ പട്ടിക്കുട്ടി ആയിരുന്നു.
റോഡ് ക്രോസ്സ് ചെയ്യാനായി വന്നു. വണ്ടികളുടെ ബഹളം കേട്ടായിരിക്കും തിരിച്ചു
പോകും പിന്നെയും തിരിച്ചു വരും.അവസാനം പട്ടിക്കുട്ടിക്ക് ഒരു
തീരുമാനത്തിലെത്താൻ കഴിഞ്ഞത് ഞങ്ങളുടെ ബൈക്കിന്റെ മുൻപിലുടെ
ഓടിയാണ്.

കണ്ണടയ്ക്കുന്നത് ഇതാദ്യമല്ല.വളരെ സാവധാനത്തിൽ സാമാനം കൊണ്ടു
പോകുന്ന നീളമുള്ള ലോറി, വശത്തിലെ  ഇട്ടാവിട്ട സ്ഥലത്തുകൂടെയുള്ള
'ഓവർ ടേക്ക്' മുന്നോട്ട് പോകുതോറും ലോറിയുടെ നീളം കൂടുകയാണോ
എന്ന് തോന്നി പോയി.അതുപോലെ ട്രക്ക് ക്കാരുടെ പെട്ടെന്നുള്ള 'lane' മാറ്റവും
പുറകിലിരിക്കുന്ന എനിക്ക് കണ്ണടയ്ക്കാനേ നിവൃത്തിയുള്ളൂ.
ഇങ്ങനെയൊക്കെയാണെങ്കിലും കാർ, ബൈക്ക് ഓടിക്കുന്നവരെ വെച്ച്  ട്രക്ക്
ഓടിക്കുന്നവർ മര്യാദക്കാരായിട്ടാണ് തോന്നിയിട്ടുള്ളത്. അവർ വശങ്ങളിലുള്ള
'mirror' നോക്കാറുണ്ട്.

'ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും - ചെരുപ്പ്'.കോലാപ്പൂർ,
നെ കുറിച്ച് എനിക്കറിയാവുന്ന ഒന്നാണ് 'കോലാപ്പൂർ ചെരുപ്പ്. പണ്ട് സ്ഥിരം
കോളേജിലേക്ക് ഇട്ടിരുന്നതാണ്. നല്ല ഈടും ഉറപ്പുമുള്ളതാണ് പക്ഷെ വെള്ളം
നനഞ്ഞാൽ തഥൈവ.അവിടെയാണ് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചത്.

Jainism, അവർക്കുള്ള ഭക്ഷണവും അവിടെ വിളമ്പുന്നതാണ് എന്ന ബോർഡ്
കണ്ടു.
ഈ യാത്രയിൽ ആദ്യമായാണ് ഇങ്ങനത്തെ ഒരു ബോർഡ് കാണുന്നത്. Jainism,
വളരെ പഴയ മതമാണ്. അഹിംസയിൽ അടിയുറച്ച് വിശ്വസിക്കുന്നു.
അവർ സസ്യഭുക്കുകളാണ്. അതിനുപുറമെ ഉള്ളി ഉറുളക്കിഴങ്ങു അങ്ങനെ
മണ്ണിനടിയിൽ വളരുന്നതൊന്നും കഴിക്കാറില്ല. പണ്ട് ഈ വിശ്വാസത്തിൽപ്പെട്ട
കൂട്ടുകാരിയും കുടുംബവും വന്നപ്പോൾ, ഭക്ഷണം ഉണ്ടാകാനായിട്ടു ഉള്ളി
അരിഞ്ഞ് കണ്ണീർ വാർക്കേണ്ടി വന്നില്ല പകരം എണ്ണയിലേക്ക് എല്ലാ പൊടികളും
പച്ചക്കറികളും മാത്രം ഇട്ടു വേവിച്ചെടുത്താൽ മതി. സംഗതി നല്ല എളുപ്പമായി
തോന്നിയിട്ടുണ്ട്.

അന്ന് ഞങ്ങൾ കർണ്ണാടകയിലുള്ള 'Hubili'യില്‍  താമസിക്കാനാണ്
വിചാരിച്ചിരുന്നത്. അതിനുള്ള സൗകര്യം മുൻപേ ഏർപ്പാട് ചെയ്യാത്തതു കൊണ്ട്,
ഗൂഗിൾ & സേർച് ആയി അദ്ദേഹം തിരക്കിലായപ്പോൾ,  'നൊസ്റ്റാൾജിയ' യുടെ
ഭാഗമായി ഒരു ജോടി 'കോലാപ്പൂർ ചെരുപ്പ്' സംഘടിപ്പിക്കാനുള്ള
തിരക്കിലായിരുന്നു, ഞാൻ.

ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ നേരത്ത് പലര്‍ക്കും അറിയേണ്ടത് മുറിയില്‍ നിന്ന്
വെള്ളം (Unkal lake) കാണുന്ന തരത്തിലെ മുറി വേണോ എന്നതാണ്.
വെള്ളം (Unkal lake) കാണുന്നതും അല്ലാത്തതുമായ മുറികളുടെ വിലക്ക്
വളരെയധികം വ്യത്യാസമുണ്ട്. ആ വ്യത്യാസം മനസ്സിലായത് രാവിലത്തെ
മനോഹരമായ സൂര്യോദയം കണ്ടപ്പോള്‍ ആണ്.


19/12/2017

നീണ്ട യാത്രക്ക് സമ്മതം മൂളിയതോടെ ഒരു പ്രോജക്ടിന്റെ ആരംഭമായി.
ആദ്യംതന്നെ ഏത് വഴി തിരഞ്ഞെടുക്കണം എന്നതായിരുന്നു.പോകുന്ന
വഴിയെപ്പറ്റി, അവിടത്തെ ഗതാഗതത്തിരക്കുകൾ , സുരക്ഷിതത്വം അങ്ങനെ
ചിന്തിച്ചുകൂട്ടാൻ ഒരുപാടുകാര്യങ്ങളുണ്ട്.ഗൂഗിൾ & ബൈക്കിൽ യാത്ര
ചെയ്യുന്നവരുടെ വാട്ട്സ് ഗ്രൂപ്പിലുള്ളവരുടെ നിർദ്ദേശങ്ങളും അനുഭവങ്ങളും
അഭിപ്രായങ്ങളുമെല്ലാം ഒരു തീരുമാനമെടുക്കാൻ സഹായകമായി.

ഫസ്റ്റ് എയ്ഡ്, എന്ന് പറയുന്നതുപോലെ വണ്ടിക്ക് യാത്രയിൽ സംഭവിക്കാൻ
സാധ്യതയുള്ള ചെറുതകരാറുകൾക്കായുള്ള  ഉപകരണങ്ങളുടെ ടൂൾ കിറ്റ്.
ട്യൂബ് ലെസ്സ് ടയർ ആയതുകൊണ്ട് എയർ പമ്പ്.അങ്ങനത്തെ എല്ലാ
സാമഗ്രികളുമൊക്കെയായി എട്ട് കിലോ ഉണ്ട്.വാട്ട്സ് അപ്പ് ഗ്രൂപ്പിലെ ആരുടെയോ
ബൈക്കിന്റെ ചക്രത്തിൽ ആണി കേറിയതിന്റെ ഭാഗമായിട്ടുള്ള
കഷ്ടപ്പാടുകളും ശരിയാക്കിയതുമൊക്കെ വലിയ ചർച്ച ആയതുകൊണ്ട്,
എങ്ങനെ ശരിയാക്കാം എന്നതിനെക്കുറിച്ചുള്ള യൂ-ട്യൂബ് ഡൌൺലോഡ് ചെയ്തു
വെച്ചു..തുണിയും മറ്റു സാധനങ്ങളും എല്ലാം അളന്നും തൂക്കിയുമാണ്
എടുത്തിരിക്കുന്നത്. മൊത്തം 40kg.

ബാക്ക് പാക്കുമായി ദൂരെ യാത്രചെയ്യാൻ ബുദ്ധിമുട്ടാണ്.അതിനുയോജ്യമായ
'സാഡിൽ ബാഗ്/ ബോക്സ്' ആണു അനുയോജ്യം.അത് സംഘടിപ്പിക്കാനായിട്ടുള്ള
അന്വേഷണത്തിലാണ്, അങ്ങനത്തെ ബാഗ് മാത്രമല്ല ബൈക്ക്, നമ്മുക്ക് വേണ്ട
ഹെൽമെറ്റ്, സുരക്ഷിതത്തിനായി വേണ്ട എല്ലാ ചമയങ്ങളും
വാടകക്ക് കിട്ടുന്നതാണ്.അവർ യാത്രകളും നടത്തിക്കൊടുക്കുന്നതാണ്.

എൻ്റെ ടീനേജു പ്രായത്തിൽ ബൈക്കിൽ പോകുന്ന ചുള്ളന്മാരെ
നോക്കുകയെന്നല്ലാതെ, ഈ മോട്ടോർ ബൈക്കുകളുമായിട്ട് എനിക്ക് വലിയ
അടുപ്പമൊന്നുമില്ലായിരുന്നു. അന്നൊന്നും ഇങ്ങനെയാരും യാത്ര ചെയ്തതായിട്ട്‌
അറിവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ,ഈ വക വിവരങ്ങളൊക്കെ പുതുമ
നിറഞ്ഞതായിരുന്നു

ഹൂബ്ലിയിൽ താമസിച്ച സ്ഥലത്തിനടുത്തായി   വലിയ whole sale market -യിൽ
ഷോപ്പിംഗിനായി അവസരമുണ്ടായിരുന്നെങ്കിലും എന്തിനോവേണ്ടി
പിണങ്ങിനിൽക്കുന്ന കുട്ടിയെപ്പോലെയായിരുന്നു എല്ലായിടത്തും. ഏകദേശം
2000കി.മീ കഴിഞ്ഞു. ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്,മഹാരാഷ്ട്ര എന്നീ
സംസ്ഥാനങ്ങൾ പിന്നിട്ടെങ്കിലും ഒരു മൊട്ടുസൂചിപോലും മേടിച്ചില്ല.
നൊസ്റ്റാൾജിയായിരുന്ന 'കോലാപൂർ ചെരുപ്പിനായി വിലപേശൽ
നടത്തിയെങ്കിലും സ്ഥലമില്ല എന്നതിനാൽ   ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി
വന്നു. ബൈക്ക് യാത്രയുടെ ദോഷം എന്നു വേണമെങ്കില്‍ പറയാം.

പ്രഭാതഭക്ഷണത്തിൽ പ്രധാനമായും ഉപ്പുമാവുകളുടെ വൈവിധ്യമാണ് കണ്ടത്.
മൂന്നു തരം - റവയുടെ മധുരമുള്ളത് / അല്ലാത്തത് / സേമിയാ. എല്ലാം നല്ല
രുചിയുണ്ട്. പതിവുപോലെ ഹോട്ടലിലെ ജീവനക്കാരും സെക്യൂരിറ്റിക്കാരും
ഞങ്ങളെ യാത്ര അയക്കാനുണ്ടായിരുന്നു.

ദേശീയപാതയിൽ ധാരാളം ദീർഘദൂരബൈക്കുയാത്രക്കാരെ കൂട്ടമായും
ഒറ്റയ്ക്കായും പോകുന്നത് കാണാം. അടുപ്പിച്ചുള്ള നാലഞ്ചു ദിവസത്തെ യാത്ര,
ദേഹം ആകെ കുലുക്കി എടുത്തിട്ടുണ്ട്.ഒരു മണിക്കൂറിൽ കൂടുതലൊന്നും
ബൈക്കിൽ ഇരിക്കാൻ പറ്റാതെയായി.എല്ലാ 100കി.മി .യിലും 15 മിനിറ്റ് വിശ്രമം
വേണമെന്നായി.ഗുജറാത്ത് പോലെ നമ്മൾ വിചാരിക്കുന്നയിടത്ത് ലഘുഭക്ഷണ
ശാലകൾ(cafe) ഇല്ലാത്തതും ബുദ്ധിമുട്ടായി.കഫേ കളിൽ മുൻപരിചയമില്ലെങ്കിലും
'റൈഡേഴ്‌സ്' എന്ന ലേബലിൽ പല ബൈക്ക് യാത്രക്കാരും അല്ലാത്തവരും  
ഞങ്ങൾ വന്നതും പോകുന്നതുമായ സ്ഥലങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചും
അനുഭവങ്ങളെക്കുറിച്ചും വാചാലരായി.. കൂട്ടത്തില്‍ പോണ്ടിച്ചേരി യിലേക്ക്
പോകുന്ന ഒരു വിദേശിയുമുണ്ടായിരുന്നു. ഫ്രഞ്ചുകാരാനാണദ്ദേഹം.

അല്ലെങ്കിലും യാത്രകൾ അങ്ങനെയാണ്, പ്രത്യേകിച്ച് പുതുമകൾ ഒന്നുമില്ലാത്ത
കാഴ്ചകളുമായിട്ട് ഇരുന്നപ്പോഴാണ്, Wind’s energy' ക്കായി വെച്ചിരിക്കുന്ന
വൈദ്യുതിയുത്പാദനകേന്ദ്രങ്ങൾ നിരയായി വെച്ചിരിക്കുന്നത് കണ്ടത്.
കുഴലാകൃതിയിലുള്ള വലിയൊരു ദണ്ഡും അതിൽ ഘടിപ്പിച്ചിരിക്കുന്ന മൂന്ന്
ബ്ലേഡുകളും. ദൂരെ ഫാൻപോലെ കറങ്ങുന്നതു കാണാൻ നല്ല ഭംഗിയുണ്ട്.
പിന്നീട് വഴിയിൽ അതിൻ്റെ ഓരോ ബ്ലേഡുകൾ ട്രക്കിൽ കൊണ്ടുപോകുന്നത്
കാണാം.ബ്ലേഡിന്റെ വലുപ്പം നമ്മൾ ദൂരെ നിന്ന് കാണുന്നത് പോലെയല്ല.
ഭീമമായവ.ഇന്ത്യയുടെ ഏറ്റവും വലിയ 5 'Wind farm ' യിൽ ഒന്നാണ്,
കർണ്ണാടകയിലുള്ളത്.അത് എനിക്ക് ഒരു പുതിയ അറിവാണ്.

……
…………………………………………………...
'എന്നാലൊന്നു കാണട്ടെ' എന്ന മട്ടിൽ അയാളും എന്തു ചെയ്യണമെന്നറിയാതെ
ഞങ്ങളും.സാധാരണ 2 -3 ചക്രവാഹനങ്ങൾക്ക് 'ടോൾ' കൊടുക്കേണ്ടതില്ല.
അതിനായിട്ട് വളരെ വീതി കുറഞ്ഞ പാതകൾ ഏറ്റവും ഇടതുഭാഗത്തായിട്ടുണ്ട്.
പക്ഷേ ബാംഗ്ലൂരിലേക്ക് കേറുന്നതിനു മുമ്പായിട്ടുള്ള ടോളിന്റെയവിടെ പതിവു
പോലെ ആ lane ചെന്നപ്പോൾ, അവിടത്തെ ജീവനക്കാരൻ അടുത്തുള്ള വലിയ
സ്ളാബ് വെച്ച് ആ പാത അടച്ചിട്ട് ഞങ്ങളെ നോക്കി നിൽപ്പായി. വണ്ടിയുടെ
രജിസ്ട്രേഷനിൽനിന്നു ഞങ്ങൾ അവിടത്തുകാരല്ല എന്നറിയാം.അവിടെ 'ടോൾ  
കൊടുക്കണം. അത് പറഞ്ഞാൽ മതി അല്ലാതെ ഞങ്ങളെ നോക്കിനിൽക്കുമ്പോൾ,
മർക്കടമുഷ്ടി എന്നേ പറയാൻ പറ്റൂ.

ബാംഗ്ലൂരിലെ 'ഇലക്ട്രോണിക് സിറ്റി ' യിലാണ്, അന്നത്തെ ഞങ്ങളുടെ താവളം.
ഇനി 548കി.മീ മാത്രം !

20/12/2017

ഒരു കൂട്ടം ഐ. ടി. ഓഫീസുകളുള്ള 'ഇലക്ട്രോണിക് സിറ്റി'.
വൈകുന്നേരമായതോടെ, ഒരു കംപ്യൂട്ടർ ബാഗും കഴുത്തിൽ 'ഐഡി കാർഡ്
' മാലയായിട്ട്, ആണും പെണ്ണും കൂട്ടം കൂടി നടക്കുന്നതു കാണുമ്പോൾ, ഏതോ
കോളേജ് കാമ്പസ്സുകളിൽ ചെന്നുപ്പെട്ടപ്പോലെ.

പണ്ടു സ്കൂൾ കുട്ടിയായിരുന്ന കാലത്ത്, ബാംഗ്ലൂരിലേക്കുള്ള വരവ് ഇന്നും
ഓർക്കുന്നു.ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്ത അന്നുമുതൽ ആ യാത്ര സ്വപ്നം
കാണാൻ തുടങ്ങിയിരുന്നു.അതും തിരുവനന്തപുരത്ത് നിന്നു യാത്ര
പുറപ്പെടുമ്പോൾ, തീവണ്ടിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും
ഉറങ്ങുന്നതുമൊക്കെയായി ഭാവന ചെയ്തെടുക്കാൻ ഏറെയുണ്ട്.അന്ന്
താമസിച്ചത് അവിടത്തെ പേരുകേട്ട പെൺകുട്ടികളുടെ കോളേജിന്റെ
അടുത്തായിരുന്നു.ജീൻസും മിഡിയും സ്ലീവെലെസ്സ് ഉടുപ്പുകളും ഹീൽസ്സ്
ചെരുപ്പുമൊക്കെ ധരിച്ചിരുന്ന കോളേജ് കുമാരികളെ കണ്ട്, ഏതോ
അന്യഗ്രഹത്തിൽ വന്നതു പോലെയായിരുന്നു, ഞാൻ. വർഷങ്ങൾക്കു
ശേഷം അന്ന്, അവിടെയുള്ള  ഐസ്-ക്രീം പാർലറിൽ ഇരുന്ന് ചുറ്റുമുള്ളവരെ
വീക്ഷിച്ചുകൊണ്ട് ഐസ്- ക്രീം കഴിക്കുമ്പോൾ,അവരുടെ ജോലിയെപ്പറ്റിയും
 അമേരിക്കയിലോ - U.K യിലോ ഉള്ള അവരുടെ മേലുദ്യോഗസ്ഥരെ പറ്റിയും
പറയുന്നതു കേൾക്കുമ്പോൾ , ഇന്നും അവരോടുള്ള എൻ്റെ
മനോഭാവത്തിന് മാറ്റമില്ല. മനസ്സിൽ ബാംഗ്ലൂരിന് അന്നും ഇന്നും
മധുര പതിനേഴ്!

പിറ്റേ ദിവസം, അന്ന് വീട്ടിലെത്തുമെന്നോർക്കുമ്പോൾ തന്നെ മൾട്ടിവിറ്റാമിൻ
ഗുളിക കഴിച്ചപോലെ, എവിടെ നിന്നോ ഒരു പ്രത്യേക ഉത്സാഹം.വരുന്ന
വഴിയിലെ ഭക്ഷണശാലകളുടെ 'ലൊക്കേഷൻ, Whats app ഗ്രൂപ്പിലെ ചിലർ
അയച്ചു തന്നു.അതിൻ്റെ ആവശ്യമുണ്ടോ? വിശക്കുമ്പോൾ കാണുന്ന സ്ഥലത്ത്
കഴിക്കുക അതാണ്, എൻ്റെ നയം. അതൊക്കെയല്ലേ യാത്രയുടെ വശ്യത.
പക്ഷെ പിന്നീട് ആ വിവരണങ്ങൾ യാത്രയിൽ വളരെയധികം ഉപയോഗപ്പെട്ടു.
ഭാര്യയുമായിട്ട് ഇപ്പോഴും ‘talking terms’ആണോ എന്നാണ്, ഗ്രൂപ്പിലെ
മറ്റൊരാൾക്ക് അറിയേണ്ടത്.

കർണ്ണാടക, ആന്ധ്ര, തമിഴ്നാട്, കേരളം,കൂട്ടത്തിൽ ഞങ്ങളും എല്ലാ
റെജിസ്ട്രേഷനുമുള്ള വണ്ടികളേയും ഒരേ പോലെ സ്വീകരിക്കാൻ
റെഡിയായിട്ടാണ് സേലം ഹൈവേ.പിന്നിലുള്ള വാഹനങ്ങളെ ഇടത്തു
നിന്നോ വലത്തു നിന്നോ മുന്നോട്ടു പോകാൻ സമ്മതിക്കാതെ, സമാന്തരമായി
ഭാരമുള്ള രണ്ടു ട്രക്കുകൾ ഏന്തി വലിഞ്ഞ് കേറ്റം കയറി വരുമ്പോൾ,
എല്ലാവരുടേയും അസഹിഷ്ണുതയെ ഹോണിൽ തീർക്കുകയാണ്.എന്നാൽ ആ
ട്രക്കുകൾ സമയത്ത് കേരളത്തിൽ എത്തിയില്ലെങ്കിലുള്ള അവസ്ഥ
ഓർക്കുകയായിരുന്നു, ഞാൻ.

വേണമെങ്കിൽ കണ്ണുപൊത്താം അല്ലെങ്കിൽ മൂക്കുപൊത്താം, നിന്റെയിഷ്ടം-
അതുപോലെയാണ് പൂനെ തൊട്ട് കേരളം വരെയുള്ള ശൗചാലയങ്ങളുടെ
അവസ്ഥ.നോർത്ത് ഇന്ത്യക്കാർക്ക് ഇതൊക്കെ ഒരു പുതിയാശയം
ആയതുകൊണ്ടായിരിക്കാം മിക്കതും വൃത്തിയുള്ളതായിരുന്നു.
പോരാത്തതിന് ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ ഇങ്ങനത്തെ
സൗകര്യങ്ങളുമുണ്ട്.ഇങ്ങോട്ട്  ശൗചാലയങ്ങൾ ഉണ്ടെങ്കിലും വൃത്തിയുടെ
കാര്യത്തിൽ ശോചനീയമാണ്.

കൗതുകമായി തോന്നിയത്, tvsമോപ്പഡിലുള്ള ചിലരുടെ യാത്രയാണ്.
പെണ്ണുങ്ങൾക്കും ഇരുചക്രവാഹനം ഓടിക്കാം എന്ന ലേബലിലായിരുന്നു
മോപ്പഡിന്റെ കേരളത്തിലോട്ടുള്ള വരവ്.ആ കാലത്ത് കോളേജിൽ ഒരു കുട്ടി
അതിൽ വരുമായിരുന്നു.ഞങ്ങളൊക്കെ അവളെ ആരാധനയോടെ നോക്കി
നിൽക്കുമായിരുന്നു.എന്നാലും ചില വിരുതന്മാർ അവളുടെ വണ്ടിയുടെ
മുൻപിൽ കൂടി വെട്ടിച്ചും തിരിച്ചും അവളെ പേടിപ്പിക്കാനുള്ള ചാൻസ്
കളയാറില്ല.ആ ഒരു കാലഘട്ടത്തിനുശേഷം ഇന്നാണ് ആ വണ്ടി കാണുന്നത്.
റോഡിന്റെ മദ്ധ്യഭാഗത്ത് (Median) ഉണ്ടാക്കിയെടുത്ത പൂച്ചെടികൾക്കിടയിൽ,
ഭർത്താവ്, ഭാര്യ, കുട്ടികൾ, ഭാര്യയുടെ മടിയിൽ ഒരു ബാഗുമൊക്കെയായി
എല്ലാവരും 'മോപ്പഡിൽ' റോഡ് മുറിച്ചു കടക്കാനായിട്ട് കാത്തിരിക്കുന്നത്
കാണാം.‘Off road’ അല്ലാത്തത് എന്ന വേർതിരിവൊന്നും
അവിടെയുള്ളവർക്കാർക്കുമില്ല. ഉള്ള വണ്ടി എവിടേയും ഓടിക്കാവുന്നതാണ്.


മുറ്റം നിറയെ കോഴികളും അടുക്കളയ്ക്ക് കാവലായി പൂച്ചകളും
പട്ടികളുമൊക്കെയായി ആ സ്ഥലം, പോകുന്ന വഴിയിലെ ഏതോ ഗ്രാമത്തിലെ
ഭക്ഷണശാലയിലായിരുന്നു ഉച്ചയൂണ്.പക്ഷെ ഭക്ഷണവിവരപ്പട്ടികയിൽ
'ഗോബി മഞ്ചൂരിയൻ, ചിക്കൻ 65, ചൈനീസ്‌ ഫ്രൈഡ് റൈസ്, നൂഡിൽസ് ......
ഇതൊക്കെ ഭക്ഷണശാലകളിൽ ഒഴിച്ചു കൂടാൻ പറ്റാത്തവ ആയിരിക്കുന്നു.

വിദേശത്തു നിന്ന് വരുന്നവരിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്, ലോകം
മുഴുവൻ  യാത്ര ചെയ്യാം പക്ഷെ ഇവിടെത്തെ ബന്ദ്, ഹർത്താൽ , സമരങ്ങൾ .....
.ഒക്കെയായി ഏറ്റവും കഷ്ടപ്പെടുന്നത് കേരളത്തിൽ എത്തുമ്പോഴാണെന്ന്.
അത് ശരിവെക്കുന്ന രീതിയിൽ തന്നെയായിരുന്നു, കോയമ്പത്തൂർ തൊട്ട്
കൊച്ചി വരെയുള്ള യാത്ര.പാലക്കാടും മറ്റും റോഡിന്റെ പണി നടക്കുന്നു.
പ്രധാന നിരത്തുകൾ ബസ്സും കാറും മറ്റു വാഹനങ്ങളും കൈയ്യടിക്കിയിരുന്നു
.റോഡിന്റെ വശത്തുള്ള മണ്ണിൽ കൂടിയുള്ള ബൈക്കുകാരുടെ യാത്ര.ചില
സിഗ്നലിന്റെ അവിടെ ടാറിട്ട റോഡിലേക്ക് കേറേണ്ടി വരും.മിക്കവാറും
ബസ്സുകളായിരിക്കും അങ്ങനെ സ്ഥലം തരേണ്ടത്.ഒരു നിമിഷമോ അതോ
അതിൻ്റെ കുറവ് സമയമോ അവർ നമുക്കനുവദിച്ചുതരും. അപ്പോൾ
മറികടക്കാൻ സാധിച്ചില്ലെങ്കിൽ അവർ മുന്നോട്ട് തന്നെ. ഏറ്റവും പേടി
തോന്നിയതും ആ നിമിഷങ്ങളിലാണ്.     വൈകുന്നേരം അഞ്ചു മണിയോടെ
ഞങ്ങൾ വീടെത്തി.

ഇങ്ങനെത്തെയൊരു യാത്രക്കു ആരും പച്ചക്കൊടി കാണിക്കില്ല
എന്നറിയാവുന്നതു കൊണ്ട് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട്
തന്നെ കണ്ടവർക്കും കേട്ടവർക്കും അത്ഭുതം.കഴിഞ്ഞ 3000കി.മീ യാത്രയിൽ
, തട്ടാതെയും മുട്ടാതെയും കഷ്ടപ്പാടുകൾ ഇല്ലാതെ വീടെത്തിയതിന്
ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട്, ഒരു 'റൈഡർ' -ന്റെ രൂപവും ഭാവവും
മാറ്റി, ചായ ഉണ്ടാക്കാനായിട്ട് അടുക്കളയിലോട്ട് ...........


(ശുഭം)

4/2/18

മലേഷ്യ .... Firefly park





ഇന്ത്യയെ ഒരു വലിയ ചൂലെടുത്ത് വൃത്തിയാക്കിയതാണ് 'മലേഷ്യ'. അടുത്തൊരുനാള്‍
മലേഷ്യയെ പറ്റിയുള്ള സംസാരത്തിൽ ഒരു കൂട്ടുകാരി പറഞ്ഞതാണിത്.അടുത്ത
പത്തിരുപത് വർഷം കൊണ്ട് ഇന്ത്യയും ഇങ്ങനെയൊക്കെയാവുമെന്ന് പതിനഞ്ചു വർഷം
 മുൻപ് അവിടെ താമസിച്ചിട്ടുള്ള ഞാനും വിചാരിച്ചിരുന്നതാണ്.

തായ്‌ലാൻഡിനോടും സിംഗപ്പൂരിനോടും അതിർത്തി പങ്കിടുന്നതാണ് മലേഷ്യയുടെ
ഒരു ഭാഗം.തെക്കു- കിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണിത്.കേരളത്തിന്റേതു പോലത്തെ
കാലാവസ്ഥയാണെങ്കിലും വർഷത്തിൽ പന്ത്രണ്ട് മാസവും ഇടിവെട്ടും
മിന്നലുമൊക്കെയായിട്ടുള്ള മഴയുണ്ടാവാറുണ്ട്.അതുകൊണ്ടു തന്നെ അന്തരീക്ഷവും
ചെടികളും മരങ്ങളും എല്ലാം വൃത്തിയും  വെടിപ്പുള്ളതുമാണ്.

തദ്ദേശനിവാസികൾക്ക് പ്രധാനമായും 'മലയ്, ചൈനീസ്, ഇന്ത്യ (തമിഴ്)  വംശജരാണ്.
ഇന്ത്യക്കാരിൽ ഇപ്പോൾ നമ്മൾ അവിടെ കാണുന്നത് മിക്കവാറും അവരുടെ
മൂന്നാമത്തേയോ - നാലാമത്തേയോ തലമുറയിൽ പെട്ടവരെയായിരിക്കും.
ഇപ്പോഴും തമിഴ് സംസ്കാരവും ഭാഷയും പിന്തുടരുന്നവരുമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും 'മലേഷ്യൻസ്'എന്നഭിമാനത്തോടെ   
അറിയാനാണ് അവരുടെ ആഗ്രഹം. ജോലി തേടിയോ പഴയകാലത്തെ 'തൊട്ടുകൂടായ്‌മ',
തീണ്ടൽ എന്നതിൽ നിന്നും രക്ഷ നേടിയോ എത്തിയിട്ടുള്ളവരാണ് ആദ്യത്തെ തലമുറ,
ഇതൊക്കെ അവിടെയുള്ളവരിൽ നിന്നുമുള്ള കേട്ടുകേൾവിയാണ്.

Ringgit യാണ് അവിടത്തെ കറൻസി.ഒരു Ringgit ഏകദേശം 16 രൂപയാണ്. നമ്മളെക്കാളും
രണ്ടര മണിക്കൂർ മുന്നോട്ടിലാണ് മലേഷ്യ.

അവരുടെ പ്രാദേശിക ഭാഷയായ 'ബഹാസ' യുടെ അക്ഷരങ്ങൾ ഇംഗ്ലീഷ് ഭാഷയുടെ
ലിപികൾ പോലെയാണ്.പക്ഷെ ഉച്ചാരണം വ്യത്യസ്തമാണ്.ഇതറിയാതെ
ഇംഗ്ലീഷ് വായിക്കുന്നതുപോലെ വായിച്ചിട്ടുണ്ടാക്കിയിട്ടുള്ള അബദ്ധങ്ങൾ ധാരാളം.
പറയുന്ന വാക്കിന്റെയോ വാചകത്തിന്റെയോ കൂടെ 'ലാ' കൂട്ടി ചേർത്തു പറയുന്നതും
സംസാരിക്കുമ്പോൾ വാക്കുകളെ തുപ്പി പറയുന്നതു പോലെയുള്ള സംസാരരീതിയും  
ഇന്നും കേട്ടിരിക്കാൻ കൗതുകമാണ്.പ്രാദേശിക നിവാസികൾ വളരെ സൗഹാര്‍ദ്ദപരമായ
പെരുമാറ്റമാണ് എല്ലാവരോടും.

petronas, meenara kl( revolving restaurant), genting theme park, കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന
ഷോപ്പിംഗ് മാൾ  അങ്ങനെ എല്ലാ ആധുനിക സാങ്കേതികവിദ്യകളോടും
സൗകര്യങ്ങളോടും കൂടിയിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുണ്ട്.  
എന്നാലും Selangor നദി തീരത്തുള്ള മിന്നാമിനുങ്ങളുടെ കൂട്ടം, അവയെ കാണാനുള്ള യാത്ര രാത്രി 8 മണിയോടെയാണ് തുടങ്ങുക.നദി തീരത്തുള്ള കണ്ടൽവൃക്ഷങ്ങളിലാണ് ഇവയെ കാണുക.
അവർക്ക് ശല്യമാകാതിരിക്കാൻ തുഴയുന്ന ബോട്ടിലാണ് യാത്ര. ഫോട്ടോയോ വീഡിയോ
ഒന്നും എടുക്കാൻ സമ്മതിക്കാറില്ല എന്തിനേറെ ഞങ്ങൾ തമ്മിൽ സംസാരിക്കാൻ
പോലും ബോട്ട് തുഴയുന്നയാൾ സമ്മതിച്ചില്ല. ' പലതുള്ളി  പെരുവെള്ളം' എന്ന് പറയുന്നതു
പോലെ മിന്നുന്ന പ്രാണികൾ,ആ വൃക്ഷത്തിൽ മാത്രമേ കാണുകയുള്ളൂ
എന്നാണ് ഗൈഡ് പറയുന്നത്.ക്രിസ്തുമസ്സ് മരത്തിലും മറ്റും അലങ്കാരമായിടുന്ന
മിന്നിത്തിളങ്ങുന്ന ആ ചെറിയ ബൾബുകളെയാണു കാണുമ്പോള്‍ ഓർമ്മ വരുക.

its cheating, എന്തും ഏതും സംശയത്തോടെ കാണുന്ന മുബൈയിൽ നിന്നും വന്ന
ഞങ്ങളുടെ കൂട്ടുകാരൻ കുറെ നേരം 'fireflies' കാണാൻ കാത്തിരുന്നിട്ടും   കാണാൻ
പറ്റാത്ത ദേഷ്യത്തിലായിരുന്നു.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആ വിസ്മയത്തെ
അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. ഒരു പക്ഷെ മെട്രൊ നഗരത്തിൽ വളർന്നതിന്റെ
ചില നഷ്ടങ്ങളായിരിക്കാം. ഗൈഡ്, അയാളുടെ സംശയം തീർക്കാനായിട്ട് മരങ്ങളുടെ
അടുത്ത് ബോട്ട് നിറുത്തി, ഓരോ മിന്നാമിനുങ്ങിനെയും ശ്രദ്ധിക്കാനുള്ള നിർദ്ദേശം
തരുകയായിരുന്നു.പിന്നീടങ്ങോട്ട് അയാളെ വിശ്വസിപ്പിച്ചെടുക്കാനുള്ള
പരിശ്രമത്തിലായിരുന്നു, ഞങ്ങൾ.

ഇതൊക്കെ കണ്ടുകൊണ്ട് രാത്രിയുടെ നിശബ്ദതയിലുള്ള ആ  യാത്ര, ശരിക്കും
പുതിയ ഒരനുഭവമാണ് നമ്മുക്ക് സമ്മാനിക്കുക.

ഭക്ഷണശാലയിൽ, ചുറ്റും കടലായതു കൊണ്ടായിരിക്കാം  കടലില്‍ നിന്നും ലഭിക്കുന്ന
ഭക്ഷ്യസമ്പത്തുകളുടെ വൈവിധ്യം ഒന്നു വേറെ തന്നെ.
നമ്മൾ ഇഞ്ചി - വെളുത്തുള്ളിയുടെ പേസ്റ്റ് ചേർക്കുന്നതു പോലെയാണ്  അവർക്ക്
'Shrimp paste'. ഏതൊരു ഭക്ഷണപാചകവിധിയിലും ചേർത്തിരിക്കും. അതിൻ്റെ മണവും
രുചിയും രൂക്ഷമാണ്.മത്സ്യമാംസങ്ങള്‍ തിന്നാത്തവരായി അവിടെ ആരെങ്കിലുമുണ്ടോ
എന്ന് സംശയമാണ്.

മലേഷ്യയെപ്പറ്റി പറയാനാണെങ്കിൽ ഏറെയുണ്ട്. എന്നാലും ഇനിയും ഒരവസരം
കിട്ടിയാൽ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് 'മിന്നാമിനുങ്ങളുടെ ഈ ഉദ്യാനം'.




3/8/18

എന്നെ_സ്വാധീനിച്ച_വനിതാവ്യക്തിത്വം

 ഹൈക്കോടതി മുൻജഡ്ജി, കുടുംബക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി.........ഈ അടുത്ത ദിവസം അന്തരിച്ച ജസ്റ്റീസ് ഡി.ശ്രീദേവി. എനിക്കവരെ TV യില്‍ കൂടിയുള്ള പരിചയം മാത്രമേയുള്ളൂ. എന്നാലും അവരുടെ മരണവാർത്ത വായിച്ചപ്പോൾ മൂടിക്കിടന്ന കുറെ ഓർമ്മകളാണ് എന്നിലേക്ക് തെളിഞ്ഞു വന്നത്.
അച്ഛന്റെ ജോലിയുടെ ഭാഗമായിട്ടുള്ള ഉദ്യോഗക്കയറ്റം ആയപ്പോള്‍ ഓഫീസിന്റെ
 മട്ടു മാറി.കുരുത്തം കെട്ടൊരു ഉത്തരവിറങ്ങി. അച്ഛൻ അതിനെതിരായി
കേസുനടത്തേണ്ടി വന്നു. വാദിയും പ്രതിയും-ഞങ്ങളും അവരും
കുടുംബസുഹൃത്തുക്കളാണ്. തീരുമാനം  നടപ്പിലാക്കേണ്ട സമയത്ത് ഓഫീസിലെ
നിയമവിദഗ്ദ്ധയായിരുന്നു ഈയിടെ അന്തരിച്ച ജസ്റ്റിസ് ഡി ശ്രീദേവി.


' നീതി എന്താണോ, അത് നടപ്പിലാക്കണം', എന്നതായിരുന്നു അച്ഛൻ അവരെ കണ്ടപ്പോൾ
  പറയാനുണ്ടായിരുന്നത്. ആ സമയത്ത് അവിടേക്ക് വന്ന സുഹൃത്തായ എതിർകക്ഷിയെ
പരിചയപ്പെടുത്തിയപ്പോൾ, 'ഞങ്ങൾ മീറ്റ് ചെയ്തു എന്നായിരുന്നു' , മറുപടി.
പ്രത്യേകിച്ചു വികാരങ്ങളൊന്നും പുറത്തു കാണിക്കാത്ത അച്ഛൻ അതൊക്കെ വീട്ടിൽ
ഞങ്ങളോട് പറഞ്ഞപ്പോൾ, ആ മാനസികാവസ്ഥ ഞങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അഞ്ചര കൊല്ലമായി നടത്തുന്ന ആ  കേസ്സിന്റെ വിധിയെക്കുറിച്ചുള്ള ഞങ്ങളുടേയും
പ്രതീക്ഷ അവസാനിക്കുകയായിരുന്നു.
.മാഡം ജസ്റ്റിസ് ഡി ശ്രീദേവി അച്ഛന്  അനുകൂലമായി ശിപാര്‍ശ ചെയ്തു.അനുകൂല വിധി
സമ്പാദിച്ചു ആ ഉപദേശമാണ്‌ പ്രമോഷൻ  ആകുന്നതിനു നിമിത്തമായത്.അല്ലെങ്കിലും
നമ്മുടെ ചിന്തകൾക്കും അഭിപ്രായങ്ങൾക്കും ഒന്നും യാതൊരു അർത്ഥവുമില്ലല്ലോ?
ഒരു പക്ഷേ ആ ഫലം വിപരീതമാണെങ്കിലും അച്ഛൻ ജോലി രാജി വെക്കുകയോ
ആത്മഹത്യ ചെയ്യുകയോ ചെയ്യില്ല എന്നറിയാം. എന്നാലും സത്യത്തിനും നീതിക്കും
ഏറെ പ്രാധാന്യം കൊടുക്കുന്ന അദ്ദേഹം, ഞങ്ങളെ പഠിപ്പിച്ചതും കാണിച്ചു തന്നതുമായ
മൂല്യങ്ങളാണ് ഉന്മൂലനം ചെയ്യപ്പെടുക.


സത്യം, നീതി, ന്യായം ......എല്ലാം ഒരു പടി പുറകിലോട്ടു നിൽക്കുന്ന ഈ കാലഘട്ടത്തിൽ,


"നിങ്ങൾ എന്താണോ ...അത് ആകാൻ ശ്രമിക്കുക"

എനിക്ക് ഇന്നും അങ്ങനെയൊരു തീരുമാനത്തിലുറച്ചു നിൽക്കാൻ സാധിക്കുന്നത്. ഇങ്ങനെയുള്ള ചില അനുഭവങ്ങള്‍ കൊണ്ടാണ്.

2/19/18

നൈനിറ്റാള്‍



ചെങ്കുത്തായ മലകൾക്കിടയിലൂടെയുള്ള 'ഹെയർ പിൻ' വളവുകളും തിരിവുകളുമായിട്ട് മുന്നേറുമ്പോൾ, അങ്ങോട്ട് പോകുന്നവരിൽ പലരും ഫോൺക്യാമറ തൊട്ട് അങ്ങേയറ്റം 'ഹൈ ട്ടെക്ക് ' ക്യാമറയിൽ മനോഹരമായ ദൃശ്യങ്ങളെ ഒപ്പിയെടുക്കുന്നതു കാണാം.മനോഹരമായ ഭൂപ്രകൃതി കനിഞ്ഞാനുഗ്രഹിച്ച ഉത്തരാഖണ്ഡിലെ 'നൈനിറ്റാൾ', സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2084 മീറ്റർ ഉയരമുള്ള 'ഹിൽ സ്റ്റേഷൻ' ആണ്.മൂന്നു ദിവസം അടുപ്പിച്ച് അവധി കിട്ടിയതു കൊണ്ട് അങ്ങോട്ടുള്ള സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്.

ഉച്ചയോടെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എന്ന പോലെ ആ പ്രദേശം മുഴുവൻ പലതരം ഗൈഡുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചിലർ താമസിക്കാനുള്ള സൗകര്യങ്ങളെ ക്കുറിച്ചാണെങ്കിൽ മറ്റു ചിലർ പ്രാദേശിക കാഴ്ചകൾ കാണിക്കാനുള്ള ഗൈഡുകളായിരിക്കും.അവിടത്തെ കാഴ്ചകളുടെ 'പോസ്റ്റ്കാർഡുകൾ' ഒരു ആൾബത്തിലാക്കി, പടത്തിനോടപ്പം കൈ ഇടത്തോട്ടും വലത്തോട്ടും പുറകിലോട്ടും ചൂണ്ടി കാണിച്ചാണ് വിവരണം. നമ്മൾ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കഴുത്ത് ഉള്ളുക്കണ്ട എന്നതിനാലും വിലപേശലിൽ നമ്മൾ പറഞ്ഞതിനേക്കാളും 50 രൂപയല്ലേ കൂടുതല്ലേയുള്ളൂ എന്ന സമാധാനം കൊണ്ടും വേഗം തന്നെ ഞങ്ങൾ അവരുടെ കൂടെ യാത്ര പുറപ്പെട്ടു.

എല്ലാം വളരെ പെട്ടെന്ന് എന്ന പോലെയാണ് 'റേറ്റ്' ഉറപ്പിക്കുക. പറഞ്ഞ 'റേറ്റ്' കൂടി പോയോ എന്ന് സംശയിക്കാനോ അതിനെയോർത്ത് വിഷമിക്കാനോ സമയം ഇല്ലാത്തതു പോലെ, ഞങ്ങളും രണ്ടു ഗൈഡുമാരും കൂടി ഏതോ 'റോളർ കോസ്റ്റർ' പോകുന്നത് പോലെ കാർ ഞങ്ങളേയും കൊണ്ട് പാഞ്ഞു.പ്രധാന ഗൈഡു, ഏതോ റേഡിയോ ജോക്കി (RJ) യെ പോലെ നിറുത്താതെ കാര്യങ്ങൾ ഞങ്ങൾക്ക് ഓരോന്നും വിവരിച്ചു തരുന്നുണ്ട്.വിരുന്നുകാരായ ഞങ്ങള്‍ തമ്മില്‍ മലയാളത്തിലാണ് വര്‍ത്തമാനം പറയുന്നത്, അതിലെ വല്ല ഇംഗ്ലീഷ് വാക്കുകള്‍ കേട്ടു കൊണ്ടായിരിക്കും, അതിനേക്കുറിച്ചും വാചാലനാവുകയാണ്. ഇനി അയാള്‍ മലയാളി ആണോ എന്ന് സംശയിക്കാതിരുന്നില്ല.

തല്ലിത്താൽ, മല്ലിത്താൽ, ടിഫിൻടോപ്പ്, ചൈന പീക്ക്, മാൾ റോഡ്, ടിബറ്റിൻ മാർക്കറ്റ് .........അതിമനോഹരമായ തടാകങ്ങളും അതുപോലെതന്നെ മലനിരകളുമൊക്കെയായി ഒറ്റ നോട്ടത്തില്‍ തന്നെ സഞ്ചാരികളുടെ പറുദ്ദീസ എന്നറിയപ്പെടുന്ന നൈനിറ്റാള്‍ നയനമനോഹരമാണ്.ഹിന്ദു പുരാണങ്ങളിൽ നൈനിറ്റാൾ -നെ പറ്റിയുള്ള പരാമർശം ഉണ്ട്.ഡിസംബർ - ജനുവരി മാസങ്ങളിൽ മഞ്ഞുവീഴ്ചക്ക് ഏറെ പേരു കേട്ട സ്ഥലമാണിത്. ഞങ്ങൾ പോയതിന്റെ രണ്ടു ദിവസം മുൻപ് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഐസ് , റോഡിന്റെ വശങ്ങളിൽ കാണാനുണ്ടായിരുന്നു.

ഗൈഡിന്റെ വിവരണം കേട്ടുകൊണ്ടുള്ള യാത്രയിൽ 'സഡൻ ബ്രേക്ക് ', 'റോക്ക് ക്ലൈമ്പിങ് 'ന്റെ സ്ഥലം കാണിച്ചു തന്നു.വേനൽക്കാലത്ത് ധാരാളം ആൾക്കാർ അതിനായിട്ട് അവിടെ വരാറുണ്ടത്ര. പിന്നെയും പോകുന്ന പോക്കിൽ അടുത്ത 'സഡൻ ബ്രേക്ക് 'തല്ലിത്താൽ ' ലേക്ക് -യും അതിനടുത്ത കുതിര സവാരി. ആളുകളുടെ തിരക്കും കുതിര ചാണകത്തിന്റെ മണവുമായി വേഗം തന്നെ ഞങ്ങളവിടെ നിന്ന് സ്ഥലം വിട്ടു.എന്തായാലും ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അയാൾ നിൽക്കേണ്ട സ്ഥലം കാണിച്ചു തരും ഞങ്ങളുടെ കാമറ മേടിച്ച് സ്വമേധയാ ചെയ്യുന്ന ഒരു സഹായം പോലെ ഫോട്ടോ എടുത്തു തരും.

സമുദ്ര നിരപ്പിൽ നിന്ന് 2600മീ. ഉയരത്തിലാണ് ചൈനാ പീക്ക്, ബൈനാക്കുലേർസ്' ആയിട്ടുള്ള അടുത്ത ഒരു കൂട്ടം ഗൈഡുമാരെ കാണാം. അവിടെനിന്ന് നമുക്ക് ഹിമാലയം കാണാം. ബൈനാക്കുലേർസ്'-യിൽ കൂടിയുള്ള ഹിമാലയവും മൂടൽമഞ്ഞും നൈനിറ്റാൾ സിറ്റിയും ........മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള പടങ്ങളുടെ കലണ്ടറുകളും പോസ്റ്റ് കാർഡുകളിലുമൊക്കെ മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യമായിരുന്നു അവിടെയെല്ലാം. അനിർവചനീയം. നമ്മുക്ക് അഭിമാനിക്കാവുന്ന സ്ഥലങ്ങള്‍.

പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം ഏലയ്ക്കാ യും ഇഞ്ചിയും ഇട്ട ചായയും മാഗി നൂഡില്‍സ് -ന്‍റെ കടകളും സുലഭം. ഇഞ്ചി ഇട്ടു തിളപ്പിച്ച ചായ എനിക്കിഷ്ടമാണെങ്കിലും ഏലയ്ക്കായ് ഇട്ടത്, എന്തോ എനിക്ക് പായസം കുടിക്കുന്നത് പോലെയാണ് തോന്നാറുള്ളത്.ആ ചായക്കപ്പുകളും തിന്നതിന്റെ ബാക്കിയുമൊക്കെയായി ആ സ്ഥലങ്ങൾ വൃത്തിക്കേടാക്കുന്നതിലും എല്ലാവരും നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. അതും നമ്മുടെ സംസ്കാരം!

ഏകദേശം 2 മൈൽ ചുറ്റളവുള്ള 'മല്ലിത്താൽ' തടാകത്തിൽ പെഡൽ ബോട്ടുകൾ & തുഴയുന്ന ബോട്ടുകളൊക്കെയായി അവിടെ എത്തിയ വിരുന്നുകാരൊക്കെ തിരക്കിലാണ്.അതിനടുത്തതാണ് 'മാൾ റോഡ്' & ടിബറ്റിൻ മാർക്കറ്റ്, അത്യാവശ്യം ഷോപ്പിംഗ് അവിടെ നടത്താം. അതിഥികളില്‍ മിക്കവരും ഡല്‍ഹിയില്‍നിന്ന് വന്നിട്ടുള്ളതാണ്. അങ്ങനെ ഇവിടെയുള്ളവരെ അവിടെ പോയി പരിചയപ്പെട്ടു വെന്ന് പറയാം.







ആവശ്യത്തിന് ക്ഷമയുണ്ടെങ്കിൽ പ്രത്യേകിച്ച് ക്യു(queue) നിൽക്കാൻ , അത്യാവശ്യത്തിനു സാഹസത്തിനും അതിലേറെ നയനമനോഹരമായ ഒരു അവധിക്കാലം നമ്മുക്ക് സമ്മാനിക്കുന്ന ഒരു സ്ഥലമാണ്, നൈനിറ്റാൾ!

1/20/18

നെല്ലിയാമ്പതി



ജീവൻ തുടിക്കുന്ന രീതിയിലുള്ള സ്വർണ്ണാഭരണങ്ങളുടേയും സാരിക്കടകളുടേയും ഒരാൾ പൊക്കത്തിൽ വലുപ്പമുള്ള ഫ്ളക്സ് ബോർഡുകളുടെ പരസ്യങ്ങളാണ്, കേരളത്തിലുള്ള യാത്രകളിൽ എന്നെ കൂടുതൽ ആകർഷിക്കാറുള്ളത്. അതിനു വിപരീതമായി പാലക്കാടിലെ (നെന്മാറ)  കരിമ്പനകളും നെൽപ്പാടങ്ങളും കണ്ടു കൊണ്ടുള്ള യാത്ര, അനിർവ്വചനീയമായ കാഴ്ചകളാണ് നമുക്ക്  തരുന്നത് . അവിടെ നിന്നും ഏകദേശം 60കി.മി അകലെയായിട്ടുള്ള മലയും വിനോദസഞ്ചാരകേന്ദ്രവുമാണ് നെല്ലിയാമ്പതി. പത്ത് ചുരം വഴിയുള്ള യാത്ര മുഴുവനും പ്രകൃതി അവർണ്ണനീയമായ സൗന്ദര്യം കോരി ചൊരിഞ്ഞിരിക്കുന്നു. പോകുന്ന വഴിയിലുള്ള പോത്തുണ്ടി ഡാം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളിൽ ഒന്നാണ്.
രാവിലെ ഒന്‍പത് മണിയോടെ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. ഇപ്പോഴും വാണിജ്യവൽക്കരിക്കാത്തതു കൊണ്ടോ പുതു വർഷാഘോഷം കഴിഞ്ഞുള്ള ആലസ്യത്തിലാണോ എന്നറിയില്ല, പ്രാദേശികനിവാസികൾ ഉണർന്ന് വരുന്നതേയുള്ളൂ.

തേയില, കാപ്പി തോട്ടങ്ങളുടെ ഇടയിലൂടെയാണ് 'View point' ലേക്കുള്ള യാത്ര.വാഹനം ഇടാനുള്ള താവളത്തിലിട്ട് , അവിടെയുള്ള സെക്യൂരിറ്റി കാരനോട് കുശലാന്വേഷണം നടത്തിയപ്പോൾ അവൻ ഹിന്ദിക്കാരനാണ്. വന്നിട്ട് ഒരാഴ്ച ആയിട്ടേയുള്ളൂ.ഹിന്ദിക്കാർ ഇല്ലാത്ത കേരളം കാണാൻ ബുദ്ധിമുട്ടായി തുടങ്ങി.വലിയ ഉരുളൻകല്ലുകളും കുണ്ടും കുഴിയും പാറകളുമൊക്കെ കടന്നിട്ട്  വേണം 'വ്യൂ പോയിന്റ്' ലെത്താൻ. പ്രകൃതി ഭംഗിയോടൊപ്പം ആതിഥ്യം വഹിച്ച ഏതാനും കുരങ്ങന്മാരും നമ്മളെ കാത്ത് നിൽപ്പുണ്ട്.അപ്പോഴേക്കും അവിടെ എത്തിയ വിനോദയാത്രയിലെ കുട്ടികൾക്ക് കുരങ്ങനോടൊപ്പം നിന്ന് ഫോട്ടോ എടുക്കണം അതിനൊന്നും അവർക്ക് പ്രശ്നമില്ല.കുട്ടികളേക്കാൾ സ്റ്റൈലിലാണോ അവർ ഫോട്ടോക്ക് നിൽക്കുന്നത് എന്ന് സംശയം.പക്ഷെ ആ കൂട്ടത്തിലെ ആരുടെയോ കൈയ്യിൽ കണ്ട പ്ലാസ്റ്റിക് കവർ, കുരങ്ങൻറെ എല്ലാ സംയമനത്തെയും  മാറ്റി നിറുത്തി, അത് തട്ടി പറിച്ചെടുക്കാനുള്ള തത്രപ്പാടിലായി. ഓടിക്കലും പേടിക്കലും ചിരിയുമൊക്കെയായി ആകെ ബഹളമയം.

സർക്കാർ വകയിലുള്ള 'ഫാം ഹൌസ്സ്' ആണ്  അടുത്ത ആകർഷണം.fig (അത്തിപഴം ) എന്ന മരവും അതിൽ fig (അത്തിപ്പഴം) ഉണ്ടായി നിൽക്കുന്നതും കണ്ടു. ഓറഞ്ചിന്റെ സീസണ്‍ കഴിഞ്ഞിരിക്കുന്നു.സർക്കാരിന്റെ അധീനതയിലുള്ള കടയിൽ നിന്നും ജാം സ്ക്വാഷ് & ചെടികൾ എല്ലാം മിതമായ വിലക്ക് മേടിക്കാൻ കിട്ടുന്നതാണ്.

ഭ്രമരം ഷൂട്ടിങ് നടന്ന സ്ഥലം കാണേണ്ടേ ? ഏതാനും ഗൈഡുകാർ ഞങ്ങളോട് വന്ന് ചോദിച്ചു .രണ്ടു -രണ്ടര മണിക്കൂർ കാടിന്റെ ഉള്ളിലേക്കുള്ള ജീപ്പ് യാത്രയാണ്. ബ്ലസ്സിക്കും മോഹൻലാലിനും ആകാമെങ്കിൽ നമ്മുക്ക് എന്തുകൊണ്ട് ആയികൂടാ, എന്ന ചിന്തയോടെയാണ് ഞാനതിന് സമ്മതിച്ചത്.

'അണ്ണാറക്കണ്ണാ വാ ...........' മൂളിപ്പാട്ടുമായിട്ടാണ് ജീപ്പിലേക്ക് കയറിയത്. വീതി കുറഞ്ഞ മണ്ണിന്റെ പാതയും അതിലെ കുണ്ടും കുഴിയും ഉരുളൻകല്ലുകളും .....'off road' ജീപ്പ് യാത്രയാണ്. മൂളിപ്പാട്ടിലെ വരികളും ഈണവും മാറാൻ അധിക സമയംവേണ്ടി വന്നില്ല.

പ്രധാനമായും 3 view point ആണുള്ളത്. അവിടെ നിന്ന് പറമ്പിക്കുളം & സഹ്യപർവ്വതമൊക്കെ ജീപ്പ് ഓടിക്കുന്നയാൾ കാണിച്ചു തന്നു. എങ്ങോട്ട് നോക്കിയാലും സൗന്ദര്യത്തിന്റെ മാന്ത്രികവിരൽ സ്പർശം ഉണ്ടാക്കിയിട്ടുണ്ട്.ഭ്രമരം ഷൂട്ടിംഗ് നടന്ന സ്ഥലം ചോദിച്ചപ്പോൾ, അടുത്ത മലയുടെ ഏകദേശം മധ്യഭാഗത്തു കൂടെ ഒരു ജീപ്പ് പോകുന്നത് കണ്ടില്ലേ, അവിടെയായിരുന്നു.ഇത് കാണാനാണോ ഇവിടെ വരെ വന്നത് എന്ന് തോന്നിയെങ്കിലും പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന 'നെല്ലിയാമ്പതി' -യിലെ ഉള്ളവർ ഒട്ടും പാവപ്പെട്ടവരല്ല എന്ന് മനസ്സിലായി.

തേൻ നെല്ലിക്ക, ചില സൗന്ദര്യവർദ്ധക സാധനങ്ങൾ പലതരം പ്രാദേശിക ചായപ്പൊടികൾ .....ഒക്കെയാണ് മേടിക്കാൻ പറ്റിയ സാധനങ്ങൾ.

പരശുരാമൻ മഴു പിടിച്ചിരുന്ന ശൈലിയിൽ 'സെൽഫി സ്റ്റിക്ക്' യിൽ ഫോൺ വെച്ച് വീഡിയോ എടുക്കുന്ന ബൈക്ക് യാത്രക്കാർക്ക് 'thumbs up' കാണിച്ചു കൊണ്ട് ,നെല്ലിയാമ്പതിയോട് യാത്ര പറഞ്ഞുകൊണ്ട് ഞങ്ങളുടെ തിരിച്ചുള്ള യാത്ര ആരംഭിച്ചു. മഴക്കാലമല്ലാത്തതിനാൽ വെള്ളച്ചാട്ടങ്ങൾ പലതും വരണ്ടു തുടങ്ങിയിരിക്കുന്നു.ചുരം ഇറങ്ങി വരുന്ന വരവിലാണ് പോത്തുണ്ടി അണക്കെട്ട്, ജലാശയത്തിന്റെ സൗന്ദര്യം കൂടുതൽ ആസ്വദിച്ചത്. അവിടെ നിന്ന് രണ്ടു - മൂന്ന് ഫോട്ടോകൾ എടുത്ത് ആ പ്രകൃതി ഭംഗിയോട് ഞങ്ങളുടെ നന്ദി അറിയിച്ചു. സ്ഥിരമുള്ള നമ്മുടെ ചിന്തകളിൽ നിന്നും സംഘർഷങ്ങളിൽ നിന്നുമുള്ള മോചനം പോലെ ആ യാത്രയും പ്രകൃതി ഭംഗിയും ആവോളം ആസ്വദിച്ചു കൊണ്ട് .........

12/8/17

ഷിംല

കൂട്ടത്തിലുള്ള 'വർത്തമാന ചക്കി' എന്ന് പറയപ്പെടുന്ന അവൾ വാചകം നിറുത്തി ഗൗരവക്കാരിയായപ്പോഴെ സംശയം തോന്നിയതാണ്. അല്പം സമയത്തിനു ശേഷം എന്റേയും വയറിലാണോ തലയിലാണോ ഉരുണ്ടു കയറുന്നത് എന്നറിയാതെ ഞാനും കണ്ണടച്ചിരുന്നു. വണ്ടി അപ്പോൾ ഷിംലയിലേക്കുള്ള വളവുകൾ കേറുകയായിരുന്നു.ഹിമാലയ പർവതനിരകളുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഹിമാചൽ പ്രദേശത്തിന്റെ തലസ്ഥാനമായ ഷിംല. 1864 -ൽ ബ്രിട്ടീഷ് ഭരണക്കാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾക്കും ഡൽഹിയിൽ നിന്നുമുള്ളവർക്കും ഇവിടത്തെ ചൂടിൽ നിന്നുമുള്ള ഒരു രക്ഷ എന്ന പോലത്തെ യാത്രയാണിത്.വേനൽക്കാലത്ത് 14 c ക്കും 20c ഇടയ്ക്കാണ്. ഡൽഹിക്കാരുടെ ഒരു സുഖവാസ കേന്ദ്രമാണിത്. മനോഹരമായ പർവതനിരകളും പ്രകൃതി ഭംഗിയുമാണ് ഈ പട്ടണത്തിന്റെ പ്രത്യേകത.

സിറ്റി യുടെ ഒട്ടുമിക്കാൽ ഭാഗത്തും അത്യാഹിത വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂ.എല്ലായിടത്തും നടത്തതിനാണ് പ്രാധാന്യം.അവിടെ എത്തിയ ഞങ്ങൾക്ക് ഹോട്ടലിൽ എത്താനായിട്ട് നല്ലൊരു നടപ്പു തന്നെ വേണ്ടി വന്നു. കയറ്റവും - ഇറക്കവുമായിട്ടുള്ള വഴിയിൽ കൂടിയുള്ള കാൽനട, വന്നത് അബദ്ധമായോ എന്ന ചിന്തയിലായി. കഴിഞ്ഞ കുറേക്കാലമായി വ്യായാമം എന്ന ആശയത്തിന്റെ ഭാഗമായി 'ആഞ്ഞ് നടക്കണം' എന്നൊക്കെ മനസ്സിൽ ഉണ്ടെങ്കിലും എന്തെങ്കിലും ആവശ്യത്തിനായിട്ട് പുറത്തോട്ട് പോകുമ്പോൾ വാഹനം കടയ്ക്കകത്ത് നിറുത്താൻ സാധിച്ചാൽ അത്രയും സന്തോഷം എന്ന് വിചാരിക്കുന്ന എനിക്കാണ്, ഈ എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്.

എന്നാൽ അവിടത്തെ സവിശേഷത എന്നു പറയുന്നതും പ്രധാന ഷോപ്പിംഗ് സ്ഥലമായ 'മാൾ റോഡിൽ' വാഹനങ്ങൾക്ക് പ്രവേശനമില്ല എന്നതാണ്. തിന്നും സൊറ പറഞ്ഞും അലസമായ നടത്തതിന് അനുയോജ്യം.കൂട്ടത്തിലുള്ളവർ അവിടത്തെ സ്ഥിരം സന്ദർശകരാണ്. അതുകൊണ്ട് അവർക്ക് അവരുടേതായ ഭക്ഷണശാലകളും ഷോപ്പിംഗിനായിട്ടുള്ള കടകൾ ഉണ്ട്. അവിടെ 'ഇന്ത്യൻ കോഫീ ഹൌസ്' കണ്ടതാണ്‌, എനിക്ക് പുതുമ തോന്നിയത്. ഒട്ടും ആഡംബരമില്ലാത്ത സ്ഥലവും പഴയ മേശയും കസേരകളും ആ കാപ്പിയുടേയും ദോശയുടെയും മണവും വേണമെങ്കിൽ കഴിച്ചിട്ടു പോകൂ എന്ന മട്ടിലുള്ള ഓർഡർ എടുക്കുന്ന ആൾ .......എല്ലാ കോഫീ ഹൌസ്സി നും ഒരേ ഛായപടമാണല്ലോ എന്നോർത്തു. ഇത്തിരി രാഷ്ട്രീയവും ഒത്തിരി ലോകകാര്യങ്ങളുമായി ഒരു പറ്റം വയസ്സായവർ അവിടെയിരുന്ന് വാദപ്രതിവാദങ്ങളുമായി തിരക്കിലാണ്.ഇതൊക്കെ തന്നെയാണ് തിരുവനന്തപുരത്തിലെ കോഫിഹൌസ്സിനെ കുറിച്ചുള്ള എന്‍റെ മനസ്സിലെ ചിത്രങ്ങള്‍.

എങ്ങോട്ടേക്കും എവിടേക്കും കാൽനട, ആയതു കൊണ്ടാണോ എന്നറിയില്ല, സ്‌കൂൾ കുട്ടികൾ രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ കൂട്ടം കൂടി പോകുന്നതും കണ്ടു. വലിയ നഗരങ്ങളിൽ നിന്നും മാഞ്ഞു പോകുന്ന കാഴ്ചകളാണല്ലോ!

പാശ്ചാത്യകെട്ടിട നിര്‍മ്മാണശൈലിയും കൊളോണിയന്‍ തച്ചുശാസ്ത്രത്തിലുള്ള കെട്ടിടങ്ങളുടെ സൌന്ദര്യം ഒന്നു വേറെ തന്നെയാണ്.പ്രസിദ്ധമായ ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ പള്ളി ഉത്തരേന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നാണ്.

ഒരു നാടോടിയെ പോലെ അവിടെയൊക്കെ ചുറ്റിക്കറങ്ങി നടന്നപ്പോള്‍ കണ്ട കാഴ്ചകളില്‍ ദു:ഖകരമായി തോന്നിയത്, ഫ്രിഡ്ജ്‌, ടി.വി .......അങ്ങനത്തെ ഭാരമുള്ള സാധനങ്ങള്‍ മുതുകിലേറ്റി നടക്കുന്ന മനുഷ്യരെയാണ്,വാഹനനിയന്ത്രണത്തിന്റെ വൈഷമ്യം- ഇപ്പോഴും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്ന കാഴ്‌ചയാണ്.

ഏതോ സിനിമയിലേയോ പുസ്തകത്തിൽ നിന്നോ കിട്ടിയ അറിവ് വെച്ച്, ഒരു മഞ്ഞുമലയിലേക്ക് ഓടി കയറുക അവിടെ കാണുന്ന ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പൊട്ടിച്ചു തിന്നുക എന്നുള്ളതാണ് ഷിംല കുറിച്ചുള്ള എൻ്റെ വിചാരം. തിരിച്ചുള്ള യാത്രയിൽ പലതരം ക്വാളിറ്റിയുള്ള ആപ്പിൾ വിൽക്കുന്ന കടകളിൽ നിന്ന് ആപ്പിൾ മേടിച്ച് ഒരാഗ്രഹത്തെ പകുതി സഫലീകരിച്ചുവെന്ന് പറയാം. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാവാറുണ്ട്.ഐസ് സ്‌കേറ്റിഗിനും സ്കൈയിഗിനും മറ്റും അവസരമൊരുക്കുന്ന ശൈത്യക്കാലമാണ്, ഷിംല സന്ദർശിക്കാൻ പറ്റിയത്. എന്നെങ്കിലും ഷിംലയിലെ മഞ്ഞുമലയിലേക്ക് ഓടി ക്കയറാൻ പറ്റും എന്ന വിശ്വാസത്തോടെ, 2 ദിവസത്തെ യാത്ര അവസാനിപ്പിച്ച് തിരിച്ചു വീട്ടിലേക്ക്.

11/29/17

പുതിയ നിയമം -ങ്ങൾ

എന്തിനൊക്കെയോ പിണങ്ങി നടക്കുന്ന, ആവശ്യത്തിനും അനാവശ്യത്തിനും എല്ലാവരുമായി വഴക്ക് കൂടുന്നുണ്ട്, ചില കാര്യങ്ങൾ ആവശ്യമായി തോന്നുമെങ്കിലും ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ടു പോകുന്ന പ്രകൃതക്കാരിയായിട്ടാണ് 'നയൻതാര'. ഇടയ്ക്കിടെ കഥകളി മുഖവും മുദ്രകളും.അമ്മക്ക് വല്ല 'ലൈൻ ആണോ അതോ മാനസിക കുഴപ്പമാണോ' എന്ന സംശയത്തിലാണ് ന്യൂജിയായ മകൾ. ഇതിനിടയിലും അക്ഷോഭ്യനായി വളരെ ഗൗരവമായ കാര്യങ്ങളൊക്കെ തമാശയിലൂടേയും ഉപദേശമായും പറയുന്ന വക്കീലായ ഭര്‍ത്താവ്, മമ്മൂക്ക. എല്ലാം കൊണ്ടും ആകാംക്ഷയുള്ളവാക്കുന്ന രീതിയിലാണ് "പുതിയ നിയമം' - സിനിമയെങ്കിലും എനിക്ക് ബോറടിച്ചതു കൊണ്ട് ഞാൻ ഞെക്കി, റിമോട്ടിൽ.

അവിടെയാണെങ്കിൽ 'പോസ്റ്റവുമൺ'-ആയ മഞ്ജു വാര്യർ യും ഏത് സമയവും ഫോണിലും കാമറയുമായി നടക്കുന്ന മകൻ. കാശിനു പ്രാധാന്യം ഇല്ലാതെ നീതിക്കുവേണ്ടി മാത്രം വാദിക്കുന്ന വക്കീലായ ആനി എന്ന അമല.ഒരു സിനിമക്കുവേണ്ട എല്ലാ ചേരുവകൾ കൊണ്ട് കഥ പുരോഗമിക്കുമ്പോഴും തമാശക്കായി മഞ്ജു വാര്യർ കാണിക്കുന്ന കോപ്രായങ്ങൾ കണ്ടപ്പോൾ ( ലൈസൻസ് കിട്ടാൻ വേണ്ടിയുള്ള വണ്ടി ഓടിക്കൽ), ഞാൻ വീണ്ടും കുത്തി, റിമോട്ടിൽ .

ഏതോ ഡബ്ബിങ് സിനിമയാണ്.ഒരു കുറ്റാന്വേഷണ കഥയാണ്. റഹ്‌മാൻ, പോലീസ് ഓഫീസർ ആണ്.വലിയ പുതുമയൊന്നും തോന്നിയില്ല.

പൊതു അവധി ആഘോഷിക്കൂ എന്ന മട്ടിലാണ് എല്ലാ ചാനലുകാർ. പക്ഷെ പ്രൊജക്റ്റ് കളും വരാൻ പോകുന്ന പരീക്ഷകളുമായി കുട്ടികളും ചെയ്തു തീരാത്ത പണിയുമൊക്കെയായി വീട്ടിലുള്ളവരെല്ലാം തിരക്കിലാണ്. അതുകാരണം ചാനലുകാരോട് നീതി പുലർത്തുന്നത്, ഞാൻ മാത്രം.

മഴ വില്ലനായെത്തുമ്പോൾ പ്രത്യേകിച്ച് തുണി ഉണങ്ങാൻ ഇടുമ്പോൾ, ചിലപ്പോൾ ലിഫ്റ്റ് വരുന്നതുപോലും കാത്ത് നിൽക്കാതെ ഞാനും ടെറസ്സിൽ വിരിച്ചിട്ടിരിക്കുന്ന തുണികൾ എടുക്കാനായിട്ട് അഞ്ചാറു നിലകൾ ഓടിക്കയറാറുണ്ട്. സിനിമയിലെ നയൻതാര യുടെ മ്ലാനതയെക്കുറിച്ച് അറിഞ്ഞപ്പോൾ, സിനിമയാണെങ്കിലും ......സ്തംഭിച്ച ഒരു നിമിഷത്തിൽ നിന്ന് ഇറങ്ങി ഓടും പോലെ, ഞാൻ കുത്തി റിമോർട്ടിൽ.

5 മികച്ച ഫോട്ടോഗ്രാഫറിൽ ഒരാളായി തെരെഞ്ഞെടുത്ത മകനെ പാരീസിൽ വിടാൻ സമ്മതിക്കാത്ത മഞ്ജു. പിന്നെയങ്ങോട്ടുള്ള വാക്കുതർക്കങ്ങളിൽ, ' എൻ്റെ സ്വന്തം 'അമ്മ അല്ലല്ലോ എന്ന് മകൻ - ഒരു പക്ഷെ ഞാൻ സിനിമ കണ്ടു തുടങ്ങിയ നാളുകളിൽ ഉള്ള ഡയലോഗുകളിൽ ഒന്നാണിത്. പിന്നെയുള്ള 'സെൻറ്റി ഡയലോഗുകൾ കാണാൻ താല്പര്യം ഇല്ലാത്തതിനാലും റഹമാനെ പിണക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടും ഞാൻ ആ ചാനലിൽ എത്തി. അന്വേഷണം പുരോഗമിക്കുന്നു. പുതിയതായി തോന്നിയത്, കൊല കണ്ട ദൃക്‌സാക്ഷി പറയുന്നത്, എനിക്ക് 10 ലക്ഷം തന്നാൽ പോലീസിനോട് പറയില്ല. നിന്നെയൊക്കെ ജയിലിൽ ഇട്ടിട്ട് എന്ത് കാര്യം എന്നാണ്.ആളുകളുടെ മനോഭാവത്തില്‍ വന്ന വ്യത്യാസം!

പരസ്യങ്ങൾ എല്ലാ ചാനലിലും ഒരേ സമയം ആയതിനാൽ, വിശപ്പിന്റെ വിളി ആയി എത്തുന്നവരേയും അത്യാവശ്യം വീട്ടു ജോലികൾ ചെയ്തു തീർക്കാനും ഉപകാരപ്പെട്ടു.

IPC-376 പീഡിത വ്യക്തിയായ നയൻതാര പോലീസ് ഫോണ്‍വിളികളുടെ സഹായത്തോടെ എല്ലാ കുറ്റവാളികളേയും മാനസികമായി തളർത്തി ആത്മഹത്യ ചെയ്യിപ്പിക്കുന്നു. പിന്നീട് അതിനു പിന്നിൽ പോലീസ് അല്ലെന്നും നമ്മുടെ മമ്മുക്കയുടെ ആധുനിക ടെക്നോളജിയുടെ ആശയങ്ങൾ ആണെന്നും അറിയുമ്പോൾ നമുക്കും ഒരു സമാധാനം.

മഞ്ജുവിന്റെ 'സൈറാബാനു' യിൽ മകൻ എങ്ങനെയോ പോലീസ് കേസിൽ പെട്ടു. കഥയിൽ ചോദ്യമില്ല എന്ന് പറയുന്നത് പോലെ, എനിക്ക് ആ മകന്റെ അച്ഛൻ ആരാണെന്നോ എങ്ങനെ മഞ്ജു വിന്റെ അടുത്ത് എത്തിയോ എന്നറിയില്ല. നീതിക്കു വേണ്ടി മാത്രം കേസ് വാദിക്കുന്ന ആനിക്ക് ( അമല) എതിരെ കേസ് വാദിക്കാൻ മറ്റു വക്കീലുമാർ തയാറാകാത്ത കാരണം മഞ്ജു തന്നെയാണ് വാദിക്കുന്നത്. നിയമത്തെക്കുറിച്ച് വിവരം ഉള്ള അമലയും പോസ്റ്റവുമൺ ആയ മഞ്ജു വിന്റെ വാദപ്രതിവാദങ്ങൾ. കുറ്റക്കാരാനായ അമലയുടെ മകനെ രക്ഷിക്കുകയും പകരം പോലീസ് കാരിലേക്ക് കുറ്റം ചുമത്തുകയും ചെയ്തതോടെ ആ സിനിമയും " ശുഭം".

രണ്ടര - മൂന്നു മണിക്കൂർ കൊണ്ട് രണ്ട് സിനിമ കണ്ട കൃതജ്ഞതയോടെ ടി. വി യുടെ മുൻപിൽ നിന്ന് എണീക്കുമ്പോൾ പണ്ടത്തെ സിനിമകളായ വന്ദനം, ആകാശദൂത് ചിത്രം……. എന്നീ സിനിമകൾ കണ്ടു കഴിഞ്ഞപ്പോഴുള്ള നീറ്റൽ മനസ്സിനില്ല. എന്നാലും നമ്മുടെ പോലീസിനും നിയമങ്ങൾക്കും എന്തു പറ്റി ? കണ്ട രണ്ടു സിനിമയും നിയമങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് തോന്നിയത്.

കുറ്റവാളികൾക്കെതിരെ പോരാടുന്നത് നമ്മുടെ നിഴലുകൾക്കെതിരെ പോരാടുന്നതു പോലെയെന്ന ചിന്തയോ അതോ സാങ്കേതികയുടെ സൗകര്യങ്ങൾ കൂടിയതോടെ നമ്മുടെ നിയമങ്ങൾക്ക് പ്രാധാന്യം കുറയുകയാണോ ?

11/20/17

ചണ്ഡീഗഢ്

'അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്.. പണ്ട് ഭൂമിശാസ്ത്രപരീക്ഷയിൽ ഇന്ത്യയുടെ ഭൂപടത്തിൽ സ്ഥലങ്ങൾ അടയാളപ്പെടുത്താനായിട്ട് ഞാൻ മനസ്സിൽ പാടിയിരുന്ന പാട്ടാണിത്. അത്രയും പ്രാധാന്യമേ കേരളത്തില്‍ പുറത്തുള്ള സ്ഥലങ്ങൾക്ക് ഞാൻ കൊടുത്തിരുന്നുള്ളൂ.അതുകൊണ്ട് തന്നെ 'ചണ്ഡീഗഢ് ' ലേക്കുള്ള യാത്ര എന്ന് പറഞ്ഞപ്പോൾ, അത് എവിടെയാണെന്നോ കാലാവസ്ഥയെക്കുറിച്ചോ ആളുകളെക്കുറിച്ചോ ...യാതൊരു വിവരവുമില്ല.അന്നൊക്കെ 'ഗൂഗിൾ' ഇല്ലാത്തതുകൊണ്ട് വിവരമുള്ളവരോട് ചോദിച്ചപ്പോൾ, " പഞ്ചാബിലേക്കോ വേറെ കുഴപ്പം ഒന്നുമില്ല ഇടയ്ക്ക് കഴുത്തിന് മുകളിൽ തലയുണ്ടോ എന്ന് നോക്കിയാൽ മതി". 90-കളിൽ പഞ്ചാബിലേക്കുള്ള യാത്രയെ അതിഭയാനകമായിട്ടാണ് കേരളത്തിലുള്ളവർ കണ്ടിരുന്നത്. അതുകൊണ്ട് പേടിയോടെയാണ് യാത്ര തുടങ്ങിയത്.

ഡൽഹിയിൽ നിന്നും ഏകദേശം 250 കി.മി. നു മേലെയാണ്.ശതാബ്‌ദി ട്രെയിനിലാണ് യാത്ര ( അന്ന് രാജധാനി ഒന്നും ഇല്ല എന്നാണ് എൻ്റെ വിശ്വാസം) മുഴുവൻ തീവണ്ടിയിലെ എ.സിയും ഭക്ഷണം വിളബുന്നതുമെല്ലാം എനിക്ക് പുതുമയുള്ള കാര്യങ്ങളാണ് . അധികവും ഏതോ ഓഫീസ് ജോലിക്ക് പോകുന്ന എക്സിക്യൂട്ടീവ് തരത്തിലുള്ള ആളുകളായിരുന്നു. അവരുടെ ഇടയിൽ മൂന്നു - നാല് മണിക്കൂർ മിണ്ടാതെ ഇരിക്കുക എന്നത് അന്നൊക്കെ പ്രയാസമുള്ള കാര്യമാണ്.ഭാഷയും ഒരു വിലങ്ങുതടിയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ഈ സിറ്റി, അതുകൊണ്ടായിരിക്കും ഓരോ ഭാഗത്തേയും sector 1,2.......അങ്ങനെയാണ് അറിയപ്പെടുന്നത്.നാലു വഴിയും കൂട്ടിമുട്ടുന്ന കവലയിൽ ഒരു വലിയ 'Round about' ആണുള്ളത്. അതിനകത്ത് പലതരം ചെടികളും കാലാവസ്ഥക്കനുസരിച്ചുള്ള പൂന്തോട്ടങ്ങളുമാണ്. ഇവ നഗരത്തെ കൂടുതൽ മനോഹരമാക്കുന്നു

ഹിന്ദി ഭാഷയോടൊപ്പം  പലരും പഞ്ചാബി ഭാഷയും നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.ഹിന്ദി തന്നെ തഥൈവ ആയ എനിക്ക് രണ്ടു ഭാഷയും ഒരേപോലെ.

ശൈത്യവും ഉഷ്ണവും അതിന്റെ തീവ്രതയിൽ അനുഭവപ്പെടുന്നു.

അധികവും സിഖു മതവിഭാഗക്കാരാണ്( സര്‍ദാജിമാര്‍). അവരുടെ മതാചാരപ്രകാരം മുടി മുറിക്കുന്നത് നിഷിദ്ധമാണ്. കൊച്ചു ആണ്‍ കുട്ടികൾ നീണ്ട അവരുടെ തലമുടി മെടഞ്ഞ് തലയുടെ നേരെ മുകളിലായി ഒരു 'ബൺ' പോലെ കെട്ടി അതിന് മുകളിൽ ഒരു തുണി കൊണ്ട് പൊതിഞ്ഞിരിക്കുന്നത് കാണാം. ആണുങ്ങള്‍ മുടി നീട്ടി വളര്‍ത്തി തലപ്പാവ് വെക്കുന്നു.ചില വയസ്സായവർ താടിയും മുടിയും ഒതുക്കി വെക്കാനായിരിക്കും ഒരു തുണി കൊണ്ട് തലയും താടിയുടെ അടിയിലായി കെട്ടിവെച്ചിരിക്കുന്നത് കാണാം.ഞാനാണെങ്കിൽ മരിച്ചു കിടക്കുന്നവരിലാണ് അങ്ങനത്തെ കെട്ട് കണ്ടിട്ടുള്ളത്. അതുകൊണ്ട് വല്ല പ്രേതം ആണോ അതോ അപകടം പറ്റിയതാണോ എന്നറിയാതെ കണ്ണും വായും പൊളിച്ച് അവരെ നോക്കി നിന്നിട്ടുണ്ട്.എന്നാൽ പെണ്ണുങ്ങൾ ഇതിനൊക്കെ വിപരീതമായി കൂടുതൽ പരിഷ്കൃതരും ആധുനിക ചിന്താഗതിക്കാരും നല്ല കാര്യപ്രാപ്തിയുള്ളവരായിട്ടാണ് തോന്നിയത്.

ധനാഢ്യത വിളിച്ചോതുന്ന തരത്തിലായിരുന്നു ഓരോ വീടുകളും അതിലെ ചുറ്റുപാടുകളും. പൊതുവേ മൂന്നോ - നാലോ നിലയുള്ള വീടുകളായിരിക്കും. താഴത്തെ നിലയിൽ അച്ഛനുഅമ്മയും അതിൻ്റെ മുകളിലത്തെ നിലയിൽ മൂത്തമകനും കുടുംബവും രണ്ടാമത്തെ നിലയിൽ മറ്റൊരു മകനും കുംടുബവും അങ്ങനെ കൂട്ടുകുടുംബം ആണോ എന്ന് ചോദിച്ചാൽ അല്ല, അല്ലെ എന്ന് ചോദിച്ചാൽ ആണ് എന്നമട്ടിലാണ് അവരുടെ താമസം. ഓരോ നിലയിലുള്ള കുടുംബത്തിലെ പരിചാരകരും തോട്ടക്കാരും ഡ്രൈവർമാരും വീടിനു മുൻപിലുള്ള നാലോ - അഞ്ചോ കാറുകളുമൊക്കെയായിട്ടാണ് അവരുടെ താമസം. ആ കാലങ്ങളിൽ നമ്മുടെ നാട്ടിലെ അടുക്കളയിൽ നിന്നും പറമ്പിൽ നിന്നും ചേട്ടത്തിമാരും അമ്മച്ചിമാരും മാമനും ചേട്ടന്മാരും എല്ലാം 'റ്റാറ്റാ' പറഞ്ഞിരുന്ന കാലമാണ്.

പഞ്ചാബിന്റെ തലസ്ഥാനമായ ഇവിടെ, കൃഷിയുടെ കാര്യത്തിലും മുന്നിൽ തന്നെ. ചെറുപ്പക്കാർ വലിയ ശബ്ദത്തിൽ പാട്ട് വെച്ച് ട്രാക്ടറൊക്കെ റോഡിൽ കൂടി ഓടിച്ച് പോകുന്നത് കാണുമ്പോൾ കൃഷിക്കാരനും ഗ്ലാമർ വന്നതുപോലെ .

അങ്ങനെ അവിടത്തെ ഓരോ കൊച്ചുകാര്യങ്ങളും വിസ്മയജനകമാക്കി.

ഏകദേശം 25 ഏക്കർ സ്ഥലത്ത് 'വളപ്പൊട്ടുകൾ, കുപ്പിച്ചില്ലുകൾ, പഴയ ബൾബുകൾ, ടൈലിന്റെ പൊട്ടിയ കക്ഷണങ്ങൾ ..... അങ്ങനെ നമ്മൾ കളയുന്ന സാധനങ്ങൾ വെച്ച് പാമ്പ്, മത്സ്യങ്ങൾ, സ്ത്രീ രൂപങ്ങൾ മനുഷ്യർ സ്ത്രീ രൂപങ്ങളുമൊക്കെയായി ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ് അവിടത്തെ 'റോക്ക് ഗാർഡൻ '.മരാമത്ത് വകുപ്പിലെ എഞ്ചിനീയറായ 'നേക് ചന്ദ് ' ആണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിരുന്നത്. തൊണ്ണൂറുകളിലെ 'റോക്ക് ഗാർഡൻ' നേക്കാളും കൂടുതൽ വിപൂലികരിച്ചു എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞിട്ടുള്ളത്.താജ്മഹൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് ഇവിടെയാണെന്നാണറിയപ്പെടുന്നത്.

1958 ലെ മനുഷ്യനിർമ്മിതിയായ ജലസംഭരണിയാണ്, 'സുഖാന ലേക്ക്'. ഉല്ലാസയാത്രക്ക് പറ്റിയ ഒരു സ്ഥലമാണിത്. കുട്ടികൾക്കായുള്ള പലതരം സവാരികളും ബോട്ട് യാത്രകളും സ്നാക്ക് കടകളുമൊക്കെയായി തിരക്ക് പിടിച്ച ഒരു സ്ഥലമാണിത്.രാവിലേയും വൈകുന്നേരങ്ങളിലും ജോഗിങ് അല്ലെങ്കിൽ വ്യായാമത്തിനായി ഒറ്റക്കും കൂട്ടമായി നടക്കുന്നവരേയും കാണാം. അവിടത്തെ മനോഹരമായ ദ്ര്യശ്യങ്ങളെ പല ഫോട്ടോഗ്രാഫറന്മാരും അവരുടെ വലിയ ക്യാമറയിൽ ഒപ്പിയെടുക്കുന്ന കാഴ്ചകളും സുലഭമാണ്.

പലതരത്തിലും നിറത്തിലുമുള്ള റോസാപ്പൂക്കൾ, ഓരോ പൂവിന്റേയും അസാമാന്യമായ വലിപ്പം ആണ് അതിൻ്റെ പ്രത്യേകതയായിട്ട് തോന്നിയത്.30 ഏക്കർ പരന്ന് കിടക്കുന്ന 'സക്കീർഹുസ്സൈൻ റോസ് ഗാർഡൻ ' യിൽ വേറെയും പലതരത്തിലുള്ള പുഷ്പങ്ങളുടെയും ഔഷധഗുണങ്ങൾ ഉള്ള സസ്യങ്ങളുമൊക്കെയായി പരന്ന് കിടക്കുന്നു.ഫെബ്രുവരി മാസത്തെ യാത്രയായതു കൊണ്ടായിരിക്കാം പല വീടുകളിലെ പൂന്തോട്ടവും 'റൌണ്ട് എബൌട്ട്' ലെ ഉദ്യാനമൊക്കെയായി മുഴുവന്‍ സിറ്റി തന്നെ ഒരു 'ഗാര്‍ഡന്‍ സിറ്റി ' ആയിട്ടാണ് എനിക്ക് തോന്നിയത്.

വൈവിധ്യമാർന്ന കച്ചവടവസ്തുക്കളായിട്ടുള്ള പ്രാദേശിക വിപണികൾ ഒരു മാതിരി എല്ലാ 'സെക്ടർ' ഉണ്ടായിരുന്നെങ്കിലും ചണ്ഡീഗഡ്-ന്റെ അന്തസ്സുള്ള ഷോപ്പിംഗ് എന്ന് പറയുന്നത് sector -17. 'ബ്രാൻഡ് സാധനങ്ങളുടെ കടകളും പലതരം ഭക്ഷണശാലകളുമൊക്കെയായി 'വായ്നോക്കി' നടക്കാൻ പറ്റിയ സ്ഥലമായിട്ടാണ്, എനിക്ക് തോന്നിയത്. 'ഓപ്പൺ മാൾ' എന്ന ആശയത്തിലായിരുന്നു അവിടെ സജ്ജീകരിച്ചിരുന്നത്.


ഏതാനും അധികനാൾ അവിടെ താമസിക്കേണ്ടി വന്നു. ഇന്ത്യയുടെ ഭൂപടത്തിലെ അങ്ങേയറ്റം പാവയ്ക്കായുടെ ആകൃതിയിൽ കിടക്കുന്ന കേരളത്തിൽ നിന്നും വന്ന എനിക്ക് പുതിയ കാഴ്ചകളുടേയോ അല്ലെങ്കിൽ കാഴ്ചപ്പാടുകളുടെയോ നാളുകളായിരുന്നു അവിടത്തെ താമസം !

10/23/17

" വന്നൂട്ടോ "


"ഹലോ ചേച്ചി വന്നൂട്ടോ", എന്ന് അവൾ സന്തോഷത്തോടെ ഫോണിൽ കൂടി പറഞ്ഞപ്പോൾ ....
ആര്, എന്ന്, എപ്പോൾ, എവിടെ ...എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനു മുൻപേ തന്നെ വിഷയം മാറി പോയതിനാൽ,
എന്തായാലും ഈ ഫോൺ സംഭാഷണം ഏകദേശം ഒന്ന് - ഒന്നര മണിക്കൂറിന്‍റെ ആയതു കൊണ്ട് സാവധാനം കണ്ടു പിടിക്കാമെന്ന് വിചാരിച്ചു.
അവളുടെ 'ഫോൺ കാൾ' എൻ്റെ പൊതുവായ ജ്ഞാനം വിപുലീകരിക്കാൻ വളരെയധികം സഹായിക്കാറുണ്ട്.പ്രത്യേകിച്ച് പ്രാദേശിക തലത്തിൽ. ഏതൊക്കെ കടയിൽ ഡിസ്‌കൗണ്ട് നടക്കുന്നു അവയിൽ ക്വാളിറ്റിയുള്ളവ എവിടെയാണ്, പുതിയ ഭക്ഷണശാലകൾ വല്ലതും തുറന്നുവോ ...... പോരാത്തതിന് കമ്പ്യൂട്ടർ & മൊബൈലിലെ എന്റെ സംശയങ്ങൾ തീർത്തു തരുന്നതും അവളാണ്. എല്ലാം കൊണ്ടും അവളുടെ ഫോൺ കാളുകൾ എനിക്ക് വളരെ പ്രാധാന്യമുള്ളതാണ് .

അവളുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴും എന്റെ മനസ്സിൽ വന്നത് ആരായിരിക്കും എന്ന ചോദ്യമായിരുന്നു.അവളുടെ ഭർത്താവിന്റെ അച്ഛനു അമ്മയുമായിരിക്കുമോ? അവരാണെങ്കിൽ എനിക്ക് വ്യക്തിപരമായി അടുപ്പം ഉള്ളവരാണ്.ലോകത്തിലുള്ള എല്ലാതരം അസുഖങ്ങളേയും അവർ രണ്ടു പേരും പങ്ക് വെച്ചത് പോലെയാണ്. എന്തായിരിക്കും അവർക്ക് ഉണ്ടാക്കി കൊടുക്കേണ്ടത്, ഞാൻ അങ്ങനെ ഒരു ഫുൾ സ്റ്റോപ്പ് ഇല്ലാത്ത മട്ടിൽ ചിന്തിച്ചു കൂട്ടുകയാണ്.
ഞങ്ങളുടെ സംഭാഷണത്തിൽ നന്ദുവിന്റെ ജോലിക്കാര്യത്തെപ്പറ്റിയും ആതിരയുടെ പഠിപ്പും പരീക്ഷയുടെ മാർക്കുകളും സുമയുടെ കല്യാണ ആലോചനകളെക്കുറിച്ചും സംസാരിക്കാറുണ്ട്. ചിലപ്പോൾ സുമയുടെ കല്യാണത്തിനായി മുട്ടിപ്പായി ഞാനും പ്രാർത്ഥിക്കാറുണ്ട്. ഇവരൊക്കെ ആരാണെന്നോ അവളുമായിട്ടുള്ള ബന്ധം എന്താണന്നോ എനിക്കറിയില്ല.എന്നാലും അവളുമായി ചങ്ങാത്തം കൂടിയപ്പോൾ മുതൽ ഇവരുടെ യൊക്കെ വിശേഷങ്ങൾ ഞങ്ങൾ കൈമാറുന്നതാണ്.ഓരോത്തരുടെയും സ്വഭാവ വിശേഷതകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പത്ത് മാസം കഴിഞ്ഞിട്ടും പ്രസവിക്കാൻ കഴിയാത്ത അവളെ പറ്റി കൂട്ടുകാരി പകുതി തമാശയോടെയാണ് പറഞ്ഞത്.പല യാഥാര്‍ത്ഥ്യങ്ങളേയും മാറ്റി മറിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, വല്ല ഗിന്നസ് ബുക്ക് ലക്ഷ്യമാക്കിയായിരിക്കും എന്നാണ് വിചാരിച്ചത്. അതിനിടയ്ക്ക് കഥയിൽ ഉണ്ടായ വഴിത്തിരിവ് കാരണം പ്രത്യാശനിർഭരമായ ആ കാത്തിരിപ്പ് അനന്തമായി നീണ്ടു പോവുകയാണ്.കുഞ്ഞു പുറത്തു വന്നിട്ട് വേണം പിതൃത്വത്തെക്കുറിച്ചുള്ള സസ്പെൻസ് തുടങ്ങാൻ എന്നൊക്കെ കൂട്ടുകാരി കളിയാക്കി പറഞ്ഞപ്പോൾ, ഞാനും ആ തമാശ യിൽ പങ്കു ചേരുകയാണ് ചെയ്തത്. സീരിയൽ കാണുന്നതോടെ പ്രാരാബ്ധക്കാരും കഷ്ടപ്പെടുന്നവരും അവരുടെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും മറക്കുകയാണോ ചെയ്യുന്നത്, ഒരിക്കലും മനസ്സിലാകാത്ത കാര്യങ്ങളാണ്.

ഏതോ ചെറിയ കാര്യത്തിനായി പിണങ്ങി കൽക്കട്ടയിലേക്ക് പോയ അവളുടെ സഹായി, സീരിയലിനെ കുറിച്ചുള്ള അത്യുല്‍ക്കണ്‌ഠ കാരണം പിണക്കമെല്ലാം മറന്ന് വീണ്ടും കൂട്ടുകാരിയുടെ വീട്ടിൽഎത്തിയ കാര്യം അറിഞ്ഞപ്പോൾ, വിചിത്രമായ സംഭവങ്ങളെ അവർ കഥകളാക്കി ആഖ്യാനം ചെയ്യുകയാണല്ലോ, അത് ഇപ്പോൾ മലയാളി ആണെങ്കിലും ബംഗാളി ആണെങ്കിലും സീരിയൽ കഥകളെല്ലാം ഒരു പോലെ തന്നെ. എന്തായാലും പലപ്പോഴും പലതിന്റേയും മാധുര്യവും മഹത്വവും നമ്മൾ മനസ്സിലാക്കുന്നത് അത് കൈമോശം വന്നതിനു ശേഷം മാത്രമാണ്, സഹായിയുടെ അഭാവം ഉദോഗ്യസ്ഥയായ കൂട്ടുകാരിക്ക് വളരെ പ്രായാസമായിരുന്നു. സ്വന്തം വീട് എന്ന തരത്തിലായിരുന്നു സഹായി കണ്ടും നോക്കിയും ചെയ്തിരുന്നത് പ്രത്യേകിച്ച് അവളുടെ നഴ്‌സറിയിൽ പഠിക്കുന്ന കുഞ്ഞിന്റെ കാര്യത്തിൽ.

അവരുടെ തിരിച്ചു വരവ് കൂട്ടുകാരിക്ക് മാത്രമല്ല എനിക്കും ഒരു ആശ്വാസം തന്നെയാണ്.നഴ്‌സറിയിൽ പഠിക്കുന്ന മകനെ സ്‌കൂൾ കഴിഞ്ഞ് 'ഡേ -കെയർ ' ആക്കാറാണ് പതിവ്. അവിടെയുള്ളവർ കണ്ണുരുട്ടിയും പേടിപ്പിച്ചും എല്ലാ കുട്ടികളേയും നിർബന്ധിച്ച് ഉറക്കും. അതോടെ മകന്റെ രാത്രിയിലുള്ള ഉറക്കം പാതിരാത്രി കഴിഞ്ഞാലും തഥൈവ അപ്പോഴെല്ലാം വീട്ടിലുള്ളവർ എല്ലാം ഉണർന്നിരിക്കണം.സാധാരണ ആ സമയത്താണ് കൂട്ടുകാരി എന്നെ ഫോൺ വിളിക്കാറുള്ളത്. അതോടെ എൻ്റെ ഉറക്കവും തഥൈവ.അവളുടെ നിസ്സാഹായത മനസ്സിലാക്കി ക്ഷമ കൈവരുത്തുകയാണ് പതിവ്.

അവളുടെ സന്തോഷവാർത്തയിൽ പങ്കു ചേർന്നെങ്കിലും സീരിയൽ കാണാൻ വേണ്ടി തിരിച്ചു വന്ന അവളുടെ വാർത്ത ശരിക്കും ആശ്ചര്യകരമായിരുന്നു. ഇതാ പറയുന്നത്, ആരേയും കുറ്റം പറയരുത് അതിപ്പോൾ സീരിയലാണെങ്കിൽ പോലും.😉