Through My Mind

Available Now!

A collection of short stories by Rita Manuel

Pages

  • Home
  • How do WE post?
  • How do we post comments?
  • Advertising on ThroughMyMind

8/31/18

Adventure Ride

'ഹോണ്ട' കഴിഞ്ഞവർഷം ഇറക്കിയ 'Africa Twin' എന്ന ബൈക്കിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനായിട്ടുള്ള, 'True adventure anniversary ride' യിൽ പങ്കെടുക്കാനായി എനിക്കും അവസരം കിട്ടി എന്നതിൽ വളരെ സന്തോഷം.പതിവുപ്പോലെ ബൈക്കിന്റെ പുറകിലത്തെ സീറ്റിലാണ് എൻ്റെ സ്ഥാനം.ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കളേയും ബൈക്കടക്കം സംഘടിപ്പിച്ചിട്ടുള്ള യാത്രയാണിത്.54 ബൈക്കുകാരും ഹോണ്ട ജീവനക്കാരും മീഡിയക്കാരുമായി വലിയ ജനാവലി തന്നെയുണ്ട്. അവർ നിർദ്ദേശിച്ച പ്രകാരം രാവിലെ ആറു മണിക്ക് തന്നെ എല്ലാവരേയും യാത്രക്ക് വേണ്ട ചമയങ്ങളടക്കം തയ്യാറായി കണ്ടപ്പോൾ, 'നിർദ്ദേശങ്ങൾ തരൂ ഞങ്ങൾ അനുസരിക്കട്ടെ' എന്ന മട്ടിലാണ് എല്ലാവരും. അവരുടെയൊക്കെ ഉത്സാഹവും ചുറുച്ചുറുക്കും കണ്ടപ്പോൾ എല്ലാവരും വീണ്ടും ചെറുപ്പമായോ എന്ന് സംശയം.

എല്ലാ ശക്തിയോടു കൂടി എറിയുന്ന തേങ്ങയും അതിൻ്റെ കക്ഷണങ്ങൾ പെറുക്കാനായിട്ട് ഓടുന്ന ചില രംഗങ്ങളാണ് മനസ്സിൽ വന്നത്. അതിനൊക്കെ വിപരീതമായി ഹോട്ടലുകാർ കൊണ്ടുവന്ന കല്ലിൽ ഹോണ്ടയുടെ ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന ജപ്പാൻകാരൻ തേങ്ങ ഉടച്ചാണ്, ഞങ്ങളുടെ യാത്രക്ക് നാന്ദിക്കുറിച്ചത്.ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളും അവർക്കുമുണ്ടോ അതോ നമ്മുടെ കീഴ്‌വഴക്കങ്ങളെ അന്ധമായി അനുകരിക്കുന്നതോ ? എന്തായാലും മനസ്സിൽ അവർക്ക് വലിയ ഒരു നമസ്ക്കാരം.

കർണ്ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.തലേദിവസം തന്നെ യാത്രക്കുറിച്ചുള്ള വിവരങ്ങളും അത്യാവശ്യത്തിന് വിളിക്കേണ്ട ഫോൺ നമ്പറുകളും ഞങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

മാർഷൽ-ന്റെ പുറകിലൂടെ എല്ലാ റൈഡേഴ്‌സും നല്ല അനുസരണകുട്ടികളെപ്പോലെയുള്ള യാത്ര, നഗരത്തിലെ മറ്റു വാഹനത്തിരക്കിലൂടെ മുന്നോട്ടു പോകാൻ സാധിക്കാത്തതു കൊണ്ട് വളരെ വേഗം തന്നെ പലർക്കും അവരുടേതായ രീതി പ്രയോഗിക്കേണ്ടി വന്നു.ചിലർ ചെറിയ ഗ്രൂപ്പായി പോയിരുന്നെങ്കിൽ മറ്റു ചിലവർ ഒറ്റപ്പെട്ടുപ്പോയി.

ഗ്രൂപ്പിൽ നിന്ന് വിട്ടുപോകാതെയിരിക്കാൻ മുൻപിൽ പോകുന്ന ടെമ്പോ യുടെ ഇടത്ത് ഭാഗത്തുക്കൂടെയുള്ള 'ഓവർടേക്ക്', അവസാനനിമിഷം എന്തിനാണ് ടെമ്പോ കൂടുതൽ ഇടത് ഭാഗത്തോട്ട് വന്നത് എന്നറിയില്ല. റോഡിന്റെ വശങ്ങളിലെ അസമമായ മണ്ണിലേക്ക് ഓടിക്കുകയാണ് ചെയ്തത്. എപ്പോൾ വേണമെങ്കിലും ബൈക്കടക്കം ഒരു വീഴ്ചയാണു പ്രതീക്ഷിച്ചതെങ്കിലും കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടു.ഹോണ്ട കമ്പനി പറഞ്ഞപ്പോലെ 'ട്രൂ അഡ്വെവഞ്ചർ ആനിവേഴ്സറി റൈഡ്' -യിൽ ഞങ്ങൾ ഞങ്ങളുടേതായ അഡ്വെവഞ്ചർ നടത്തി എന്നു തന്നെ പറയാം.

മുകളിലിരുന്ന് ഒരാൾ എല്ലാം കാണുന്നുണ്ട് എന്ന് പറയുന്നതിനുത്തുല്യമായി 'ഗൂഗിൾ മാപ്പ്' ഉപയോഗിച്ചവരുടെ സ്ഥിതി. മാപ്പ് പലപ്പോഴും ഓഫ് ആകുന്നതും നെറ്റ് കിട്ടാത്തതും പലർക്കും മറ്റു യാത്രികരെ കാത്ത് നിൽക്കേണ്ടി വന്നു.പല ഒറ്റപ്പെട്ടു പോയവരെ പിന്നെയും ഒരുമിച്ചു കൊണ്ടുവരാൻ സാധിച്ചു.

മടിക്കേരി ( 281 കി.മീ - കൂർഗ് ) ലാണ് ഞങ്ങൾക്ക് അന്ന് എത്തിച്ചെരേണ്ടത്. കാപ്പി/ തേയില എസ്റ്റേറ്റുകളുടെ ഇടയിലൂടെയുള്ള പാതയിലെ യാത്രകളുടെ മനോഹാരിത കൊണ്ടോ എന്തോ പലരും വളരെയധികം ചുറ്റിക്കറങ്ങിയാണ് കൂർഗിൽ എത്തിയത്.വൈകുന്നേരങ്ങളില്‍ ഓരോത്തരുടെ അന്നത്തെ അനുഭവത്തെക്കുറിച്ചും മാറ്റം വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്താറുണ്ട്. വഴി തെറ്റുന്നതാണ് പലരുടേയും പ്രശ്നം. നല്ല വഴികള്‍ കാണുന്നതോടെ തലേദിവസമെടുത്ത തീരുമാനങ്ങള്‍ ആരും ഓര്‍ക്കാറുമില്ല എന്നത് മറ്റൊരു കാര്യം.

കർണ്ണാടക - കേരള ബോർഡർ ആയതോടെ പല കടകളുടേയും പേരുകൾ മലയാളത്തിലും എഴുതിക്കണ്ടു. വെറുതെ മനസ്സിലൊരു സന്തോഷം. സന്തോഷം, സങ്കടകരമാകാൻ അധികസമയം വേണ്ടിവന്നില്ല. കേരളത്തിലെ വയനാട്ടിൽ എത്തിയതോടെ റോഡിലെ കുണ്ടും കുഴികളും കൂട്ടത്തിലെ വളവും തിരിവുകളും എല്ലാം കൊണ്ടും ദുസ്സഹമായിരുന്നു. കുണ്ടും കുഴികളേയും ഒഴിവാക്കി എത്തിപ്പെട്ടത് റോഡിന്റെ എതിർഭാഗത്തുക്കൂടെ വരുന്ന ബസ്സിന്റെ മുൻപിൽ. കുരുത്തം കെട്ട ബൈക്ക് യാത്രക്കാരോട്, എന്ത് പറയാൻ എന്ന മട്ടിൽ ഡ്രൈവർ അയാളുടെ ദേഷ്യം മുഴുവൻ ആംഗ്യഭാഷയിലൊതുക്കി.

'സാഹസികത വർദ്ധിപ്പിക്കാനായിട്ടായിരിക്കാം' ഹോണ്ട കമ്പനി കേരളത്തിലെ റോഡുകൾ തിരഞ്ഞെടുത്തത് എന്ന് പറഞ്ഞ് കൂടെയുള്ളവർ കളിയാക്കിയപ്പോൾ,

' ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമെന്നന്തരംഗം
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരബുകളിൽ.....

ഞാനും അങ്ങനെയൊക്കെയാണെങ്കിലും സത്യത്തിന്റെ മുൻപിൽ 'തമാശ' എന്ന് പറഞ്ഞു ചിരിക്കാനെ സാധിച്ചുള്ളൂ.ഒരു നിമിഷം കേരളത്തിലെ ഭരണാധികാരികളോട് ദേഷ്യം തോന്നാതിരുന്നില്ല.ഞങ്ങളുടെ ആ യാത്ര കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് മഴ കാരണം 'വയനാട്' ഒറ്റപ്പെട്ടുപ്പോയി എന്ന വാർത്ത കണ്ടത്, നന്ദി ആരോട് പറയണം എന്നറിയാതെയായി , അത് മറ്റൊരു സത്യം.

ബാംഗ്ലൂർ, മടിക്കേരി ( 281 കി.മീ ) മസിനഗുഡി( 246 കി.മീ) ഊട്ടി ( 36 കി.മീ) കോയബത്തൂർ (100 കി.മീ) അങ്ങനെ നാലു ദിവസത്തെ 'റൈഡ്' പ്ലാൻ ചെയ്തിട്ടുള്ളത്.

എല്ലാ ദിവസവും രാവിലെ വണ്ടിക്കും ഓടിക്കുന്നവർക്കും വേണ്ട എന്തും സഹായവയും ചെയ്യാനായിട്ട് തയ്യാറായി നിൽക്കുന്ന ഹോണ്ട ജീവനക്കാരും കൂടെയുള്ളവരുടെ സംഘടിതപ്രവർത്തനവും ഒത്തൊരുമയും കാണുമ്പോൾ "Passion is everything" എന്ന് പറയുന്നത് വളരെ ശരിയായിട്ട് തോന്നുന്നു.

'Adventure ride'പിന്നീട് അത് അറം പറ്റിയ വാക്ക് പോലെയാണ്, എനിക്ക് തോന്നിയത്. കോയമ്പത്തൂര്‍ വരെ വന്ന സ്ഥിതിക്ക് കേരളത്തിൽ 2 -3 ദിവസം താമസിച്ച് 12/ ആഗസ്ത്, യോടെ ഞങ്ങള്‍ തിരിച്ചു ഡൽഹിയിൽ എത്തി. പിന്നീടുള്ള ദിവസങ്ങളിലെ കാര്യങ്ങൾ ലോകത്തിലെ ഒരു മലയാളിക്കും മറക്കാൻ പറ്റാത്തവയാണ്. ഞങ്ങൾ ഏതൊക്കെ വഴിയിലൂടെ യാത്ര ചെയ്തുവോ അവിടെയെല്ലാം മഴയുടെ വിളയാട്ടമായിരുന്നു.എന്നാൽ ജാതി മതം രാഷ്ട്രീയം സമ്പത്ത് ഒന്നും നോക്കാതെ കേരളത്തിലെ ഓരോരുത്തരുടേയും സഹായസഹകരണം കാണുമ്പോൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്ഥമായി നൂറു ശതമാനം സാക്ഷരത, സ്ത്രീ ശാക്തീകരണം, കമ്മ്യൂണിസം .......പല മലയാളികളല്ലാത്തവർക്കും ആശ്ചര്യത്തോടെ പറയാൻ കാരണങ്ങളേറെയുണ്ട്. അതൊക്കെയാണോ പ്രധാന കാരണങ്ങൾ, എനിക്കറിഞ്ഞു കൂടാ. അല്ലെങ്കിലും ഒരാവശ്യം വരുമ്പോൾ നമ്മളൊക്കെ ഇങ്ങനെയല്ലേ!




Posted by Rita 1 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

7/31/18

ന്‍റെ പിഴ ….എന്‍റെ വലിയ പിഴ




ഏതൊരു തെറ്റു ചെയ്യുന്നവനും അവരുടേതായ ചില ന്യായീകരണങ്ങള്‍ ഉണ്ടല്ലോ,
അല്ലാതെ 'പഴുത്ത ഇലകള്‍ പൊഴിയുമ്പോള്‍ പച്ചിലകള്‍ ചിരിക്കുന്നതുപ്പോലെ'
എന്നൊന്നും മുത്തച്ഛന് തോന്നരുത്.ഓരോ തെറ്റു ചെയ്യുവാനും  പ്രേരിപ്പിക്കുന്നത്
അതിൻ്റെ പുറകിലെ സാഹചര്യങ്ങളാണല്ലോ. അതിപ്പോൾ സർക്കാരിന്റെ
കാര്യമാകുമ്പോൾ, ദൈവത്തിന്റെ മുൻപിൽ കണ്ണടച്ചു പ്രാർത്ഥിക്കുന്നതുപ്പോലെ,
അവിടെനിന്ന് തരുന്നതെന്തും സ്വീകരിക്കാറല്ലേ, പതിവ്. ഒരു പരിധിവരെ സർക്കാർ
കാര്യങ്ങളും അങ്ങനെത്തന്നെ.


നസ്രാണിക്ക് സ്വന്തം പേരിനേക്കാളും പ്രാധാന്യമാണ്, കുടുംബത്തിന്റെ പേര്.
അതിൽ കുടുംബത്തിന്റെ പാരമ്പര്യം, മഹിമ ..........എന്ന് വേണ്ട എല്ലാ ചേരുവകളും
ചേർന്നിട്ടുണ്ട്. എന്നെ കെട്ടിക്കാൻ നേരത്തും മുത്തച്ഛൻ ഇതിനെല്ലാം വളരെയധികം
പ്രാധാന്യം കൊടുത്തിരുന്നു എന്നറിയാം. എന്തു ചെയ്യാം,  വടക്കെ ഇന്ത്യയിലെ
ഏതോ സിറ്റിയിലിരുന്ന്, അദ്ദേഹം പാസ്പ്പോ ർട്ടിനുപേക്ഷിച്ചപ്പോൾ, കുടുംബപ്പേര്,
പാരമ്പര്യം ......ഇതൊന്നുമറിയാത്ത ഏതൊരു ഉദ്ദ്യോഗസ്ഥന്റെ അശ്രദ്ധകാരണം
കുടുംബപ്പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി.
അദ്ദേഹത്തിന്റെ ഭാര്യ എന്ന നിലയിൽ എന്റെ പാസ്‌പ്പോർട്ടിലും ആ കുടുംബപ്പേര്
സ്വീകരിക്കേണ്ടി വന്നു. അതിലെ തെറ്റുതിരുത്താൻ പോയാലുണ്ടാകുന്ന
കാലത്താമസം ഓർത്തപ്പോൾ അതിനൊന്നും വലിയ പ്രാധാന്യം
കൊടുത്തില്ലയെന്നതും സത്യം. എൻ്റെ പിഴ, ഇപ്പോൾ കുട്ടികൾക്കും ആ പുതിയ
കുടുംബപ്പേരിലാണ് പാസ്പോര്ട്ട്. അങ്ങനെ മുത്തച്ഛൻ കണ്ടുപിടിച്ച് തന്ന  മഹിമ ,
പാരമ്പര്യമെല്ലാം തഥൈവ.അല്ലെങ്കിലും
'ഞാൻ നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും
എന്ന് സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.'(2.കൊറി 6 :18 )


അപ്പോൾ പിന്നെ നമ്മൾ ഇതിനൊക്കെ ഇത്രയും പ്രാധാന്യം കൊടുക്കണോ ?
ഇന്നത്തെ പാസ്പോർട്ട് ഓഫീസ് എന്നു പറയുന്നത്,വിസ്മയങ്ങളുടെ ഒരു
ഭാണ്ഡക്കെട്ടുപ്പോലെയായി. ഉദോഗ്യസ്ഥരിൽ പലരും ചെറുപ്പക്കാരാണ്.
അതുകൊണ്ടായിരിക്കാം പഴയതുപ്പോലെയുള്ള അധികാരത്തിന്റെയോ
ഔദ്ധത്യത്തിന്റേയോ മനഃസ്ഥിതില്ല.ബാലിശമായ പിടിവാശികളും
എങ്ങനെയെങ്കിലും നിരാകരിക്കുക എന്ന മനോഭാവമില്ല.
'ഓൺലൈൻ അപ്ലിക്കേഷൻ & ഓഫീസിൽ ചെല്ലേണ്ട സമയത്തെക്കുറിച്ചുള്ള
sms. ടോക്കൺ നമ്പർ കിട്ടിക്കഴിഞ്ഞാൽ കാത്തിരിക്കാനായിട്ട് കസേരകൾ
ഉണ്ടെങ്കിലും വെറുതെ ഉന്തും തള്ളുമായിട്ട് ചില ആളുകളെ  മാത്രമാണ്, ശല്യമായിട്ട്
തോന്നിയത്.ഇതൊക്കെ കാണുമ്പോൾ പഴയക്കാലം ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.
തനതായ ആപ്ലിക്കേഷൻ ഫോം & അതിന് ആവശ്യമായ പ്രമാണങ്ങളുമായി
ഓഫീസ് തുറക്കുന്നതിനു മുൻപേയുള്ള കാത്ത് നിൽപ്പും അതു കഴിഞ്ഞ് ഓടിയും
ഉന്തിയും തള്ളിയും ക്യൂ യിൽ സ്ഥാനം പിടിക്കുന്നതും ഒരു ചെറിയ സംഭവമല്ല.
അതിനിടയ്ക്ക് എല്ലാം ശരിയാക്കിത്തരാമെന്ന വാഗ്ദാനമായിട്ടുള്ള ഏജന്റുമാരും
ശരിക്കും മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു.
നിശ്ചയദാര്‍ഢ്യവും കൃത്യമായ ലക്ഷ്യബോധവും കുടുംബത്തിന്റെ
നെടുംതൂണുമൊക്കെയായ മുത്തച്ഛൻ ഇന്ന് കാലത്തിന്റെ യവനികക്കപ്പുറമാണ്.
എന്നാലും ഈ തെറ്റ് ഒരിക്കലും പൊറുക്കുകയില്ല എന്നറിയാം.  എൻ്റെ പാസ്‌പോർട്ടിൽ
അച്ഛന്റെ പേരിന്റെ കൂടെയുള്ള 'initial' വിപുലീകരിച്ചപ്പോൾ,പഴയതുപ്പോലെ ഏതോ
ഉദ്യോഗസ്ഥന്റെ വിവരമില്ലായ്‌മ പോലെ ഇംഗ്ലീഷ് അക്ഷരങ്ങൾ
മാറിപ്പോയില്ലെങ്കിലും അദ്ദേഹം ആ പേരിനെയങ്ങു ചുരുക്കിക്കളഞ്ഞു.അദ്ദേഹം ഒരു
മിനിറ്റു കൊണ്ടുണ്ടാക്കിയ തെറ്റിനെ തിരുത്താനായിട്ട്, നമ്മള്‍ വലിയ വില
കൊടുക്കേണ്ടിവരും. അതിനായിട്ട് നമ്മള്‍ മാസങ്ങള്‍ തന്നെ ആ ഓഫീസില്‍  
ചിലവാക്കേണ്ടി വരും.പോരാത്തതിന് മുത്തച്ഛന്‍റെ പേര് എന്താണെന്ന് കാണിക്കുന്ന
തെളിവുകളും സര്‍ട്ടിഫിക്കറ്റുകളും വേറെ. എന്റെ വലിയ പിഴ.
ഓഫീസിലെ അനുഭവങ്ങള്‍ ആഹ്ളാദത്തിന്‍ കൊമ്പില്‍ തൂങ്ങിയാടിയെങ്കിലും
ആ പുസ്തകം കൈയ്യില്‍ കിട്ടാനുള്ള കടമ്പകളില്‍ മര്യാദക്കേടുകള്‍
ധാരാളമുണ്ടായിരുന്നു.നമ്മുടെ ആദര്‍ശങ്ങളില്‍ മുറുക്കെപ്പിടിച്ചപ്പോള്‍ അവ
കൈയ്യിലെത്താന്‍ വൈകി കൊണ്ടിരുന്നു.ചെയ്യേണ്ട കാര്യങ്ങളും നമ്മുടെ
ആദര്‍ശങ്ങളും എല്ലാം അനായാസമായി ചെയ്യാൻ സാധിക്കാത്തതും  അതിനു വേണ്ട
സമയം മറ്റൊരു വില്ലന്‍ ആവുന്നതുക്കൊണ്ടും ചില കാര്യങ്ങൾ അറിഞ്ഞു
കൊണ്ടുത്തന്നെ വേണ്ടെന്നു വെയ്ക്കുകയാണ്. ഈ പേരിൽ വന്ന വ്യത്യാസങ്ങളും
അങ്ങനെത്തന്നെ.


"നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു
പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ ( ലൂക്കാ (6 :36) )


എന്നാണല്ലോ, അതുകൊണ്ടു മുത്തച്ഛൻ എന്നോട്   ക്ഷമിക്കുമല്ലോ!





















Posted by Rita 2 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

6/20/18

മരം ഒരു വരം

ഛക്ക്....ഛക്ക്.....ആ ശബ്ദം കേട്ടാണ്, ഞാൻ ഞെട്ടിയുണർന്നത്.ചാടി എണീറ്റു.
"മിണ്ടാതെ അവിടെ കിടന്നോണം അല്ലെങ്കിൽ നാളെ രാവിലെത്തന്നെ ആ മരം വെട്ടും, കൂടെയുള്ളയാളുടെ ആജ്ഞ. സമയം നോക്കിയപ്പോൾ രാത്രി രണ്ടു മണി. ഈ സമയത്ത് .....എനിക്ക് തോന്നിയതായിരിക്കും. ആ ശബ്‌ദം കേൾക്കുന്നുണ്ടോ ...?
കഴിഞ്ഞ ഫെബ്രുവരി മുതൽ ഞാൻ ആ ശബ്ദത്തിന്‍റെ പുറകെയാണ്. വീട്ടിലെല്ലാവർക്കും എൻ്റെ നേരെ വിരൽ ചൂണ്ടാനായിട്ട്, അവർക്ക് പല കാരണങ്ങളുണ്ട്.ആറ്റുനോറ്റു നട്ടു വളർത്തിയ മാവിൽ ആദ്യമായി മാങ്ങയുണ്ടായപ്പോൾ, കിട്ടിയ 20 മാമ്പഴത്തിൽ, ഒന്നും രണ്ടും വെച്ച് അടുത്ത വീടുകളിലെല്ലാം, ഞാന്‍ കൊണ്ട് കൊടുത്തു.അതൊരു മാവ് ആണെന്നും അതിൽ ഉണ്ടായി നിൽക്കുന്നത് കടയിൽ മേടിക്കാൻ കിട്ടുന്ന മാമ്പഴം ആണെന്നുള്ളതും അവർക്കൊക്കെ പുതിയ ഒരറിവു തന്നെയായിരുന്നു.കടയിൽ നിന്നും മേടിച്ച മാമ്പഴത്തിന്റെ കുരുവിൽ നിന്നാണ്, ഞാൻ അതിനെ വളർത്തി എടുത്തതൊന്നൊക്കെ അവരോട് പറഞ്ഞപ്പോൾ, ഞാൻ ഒരു സംഭവം ആണെന്നും പ്രകൃതിസ്നേഹിയാണെന്നൊക്കെ അവർ തിരിച്ചു പറഞ്ഞപ്പോൾ , അതൊക്കെ ഈ വർഷത്തെ പാരകളാവുമെന്ന് ഒരിക്കലും വിചാരിച്ചില്ല.
ഇവിടത്തെ(ഡല്‍ഹി) 'ലങ്കടാം' എന്നറിയപ്പെടുന്ന മാങ്ങയാണിത്.മാവിന് അധികം പൊക്കമില്ലെങ്കിലും ശാഖകൾ ധാരാളം. പഴുത്താലും പച്ച നിറമാണുള്ളത്.ഫെബ്രുവരിയിലാണ് പൂവിടാറുള്ളത്. ജൂൺ - ജൂലൈ മാസത്തിലാണ്, മാങ്ങ പഴുക്കാറുള്ളത്. ചെടികൾ വളർത്തുന്നതിനോട് പണ്ടേ ഇഷ്ടമുള്ളതുകൊണ്ട്, താമസിക്കുന്ന വീടുകളിലെല്ലാം ഏതെങ്കിലും ചെടികൾ ഞാൻ നട്ടു പിടിപ്പിക്കാറുണ്ട്.ഞാൻ ഈ വീടു വിട്ടു പോയാലും ചെടി വളരണമെന്ന ഉദ്ദേശ്യത്തോടെ മതിലിനടുത്തുള്ള പൈപ്പിന്റെ അടുത്തായിട്ടാണ് മാവ് നട്ടുപിടിപ്പിച്ചത്.അതുകൊണ്ടെന്താ ശാഖകളും മാങ്ങകളുമെല്ലാം അധികവും മതിൽ കെട്ടിന്റെ പുറത്തോട്ടായി.
ഛക്ക് .....ഛക്ക് .....മാങ്ങ പൊട്ടിക്കുന്ന കള്ളനെ കൈയോടെ പിടിക്കാനായിട്ട്, ഞാൻ ബാൽക്കണിയിലേക്ക് ഓടിയത്. ഏതാനും സ്കൂൾ കുട്ടികളാണ്. അലുമിനിയത്തിന്റെ വലിയ ഒരു വടി കൊണ്ടാണ് അടിക്കുന്നത്. ഏതോ വീടു പണിയുന്നതിന്റെയവിടെ നിന്നും കൊണ്ടുവന്നതായിരിക്കും. മതിലിന്റെ പുറത്തായതു കൊണ്ട്, അത് ആർക്കുവേണമെങ്കിലും അവകാശപ്പെട്ടതാണെന്നാണ് അവരുടെ വാദം. കുറച്ചു സമയം വാക്കുതർക്കം നടത്താമെന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവുമില്ല.പകുതിയിലേറെ സമയം ഫോണിലും കംപ്യൂട്ടറിലും കളിക്കുന്ന കുട്ടികള്‍ , ഈ ഒരു കാര്യത്തിൽ ഒറ്റക്കെട്ടായി.പ്രകൃതി സ്നേഹിയായ ഞാൻ മറുവശത്തും.
ആർക്കും അറിഞ്ഞുകൊണ്ട് ഒരുപകാരം ചെയ്യരുതെന്നാണ് ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും പഠിച്ചത്. എന്നാലും ചില ശീലങ്ങളൊക്കെ നമ്മുക്ക് പെട്ടെന്ന് മാറ്റാൻ പറ്റില്ലല്ലോ.ആദ്യമായിട്ടാണ് ഞാൻ നട്ട ചെടിയിൽ നിന്ന് ഫലം ഉണ്ടായത്. ആ സന്തോഷമാണ്, നാട്ടുകാരുമായി പങ്ക് വെച്ചത്. തന്നത്താൻ ഉണ്ടാക്കിയെടുത്ത 'ഗുലുമാലുകൾ' സ്വയം നേരിടാനാണ്, വീട്ടുകാരുടെ അഭിപ്രായം.
ഉണ്ടായ സംഭവങ്ങൾ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ, അവളുടെ മറുപടിയും വിചിത്രമായി തോന്നി.ആ മാവ് കഴിഞ്ഞവർഷം അവിടെ ഇല്ലായിരുന്നിരിക്കും, എന്നാണ് അവളുടെ വാദം.പഠിത്തത്തിനും മാർക്കിനും ജോലിയുടെ ഉദ്യോഗക്കയറ്റത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുന്നവളെ കളിയാക്കി ചിരിച്ചാൽ, ഗൂഗിൾ നോക്കി മാങ്ങയുടെ ചരിത്രം, ഘടന, വൈവിധ്യങ്ങൾ .......അതിനെക്കുറിച്ചുള്ള 'പ്രസന്റേഷൻ' കാണുകയോ കേൾക്കേണ്ടിവരുമെന്നറിയാവുന്നതു കൊണ്ട്, 'മൗനം വിദ്വാന് ഭൂഷണം' എന്നല്ലേ പ്രമാണം.ആളുകൾ പ്രകൃതിയിൽ നിന്നും എത്ര മാത്രം മാറിപോകുന്നു എന്നാണ്, ഞാൻ ഓർത്തത്.
5/ ജൂൺ, ലോകപരിസ്ഥിതി ദിനം, വൃക്ഷതൈ നടുക, എന്ന യജ്ഞത്തിൽ മന്ത്രിന്മാർ തൊട്ട് റെസിഡെൻസ് അസോസിയേഷൻ പ്രസിഡന്റ് വരെ തിരക്കിലാവുന്ന ദിവസം. കഴിഞ്ഞവർഷം ഏതോ സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ഇത്തരം ചടങ്ങിൽ എനിക്കും പങ്കെടുക്കാനുള്ള അവസരം കിട്ടി.സംഘടനയുടെ പേരെഴുതിയ 'ഏപ്രൺ' തൊപ്പി, കൈയുറകൾ, മാസ്ക് ..എല്ലാം കൂടെ ആയപ്പോൾ ഞാൻ ഏതോ "അർബൻ ഫാർമറിന്റെ ലുക്ക്' ആയോ എന്ന് സംശയം.കളിസ്ഥലത്തിന്റെ ഒരു വശത്തായിട്ടാണ് ചെടികൾ നട്ടത്.കുട്ടികളാണ് ആ പരിപാടികൾ കൂടുതൽ ആസ്വദിച്ചത്.വൃത്തിയുടേയും ശുചിത്വത്തിന്റേയും പേരിലുള്ള അമ്മമാരുടെ അമിതസംരക്ഷണം അരോചകമായി തോന്നി. പതിവുപ്പോലെ മുതിർന്നവർ പലരും ഫോട്ടോ എടുക്കുന്നതിലും അതു കഴിഞ്ഞുള്ള സ്നാക്കിലുമായിരുന്നു, ശ്രദ്ധ.കാലത്തിന്റെ മാറ്റം ആകാം.
'മരം ഒരു വരം ' അതിന്റെ ഗുണഗണങ്ങളെപ്പറ്റി എത്രപേർക്കറിയാം എന്നത് ആശങ്കാജനകമാണ്.എന്നാലും അതിന്റെ പേരിൽ ഒരു പ്രദേശത്തുള്ള പലരേയും ഒത്തുചേരലിനു വഴിയൊരുക്കുന്നു എന്നതാണ് സത്യം.
Posted by Rita 6 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

5/28/18

Taj Mahal

വിനോദസഞ്ചാരികളേയുംകൊണ്ട്, ബസ്സുകളും കാറുകളും പറക്കുന്നതുപോലെയാണ്, ഡൽഹിയിൽനിന്ന് ആഗ്രയിലേക്കു പോകുന്ന, 'യമുനാ എക്സ്പ്രസ് വേ' യിലെ ആറുവരിപ്പാതയിലൂടെയുള്ള യാത്ര.ക്യാമറയുണ്ട്, അമിതവേഗത്തിന് 'ഫൈൻ' ഉണ്ട് എന്ന ബോർഡുകൾ വഴിയിൽ പല സ്ഥലത്ത് കണ്ടെങ്കിലും ക്യാമറമാത്രം കാണാൻ സാധിച്ചില്ല.എന്നാൽ 'ടോൾ' -ന്റെ അവിടെ, സമയവും വേഗം കൂടി നോക്കിയായിരിക്കാം, പല വാഹനങ്ങൾക്കും പിഴ ഈടാക്കുന്നുണ്ട്.പൈസ പോയാൽ എന്താണ്, വേഗതയിൽ കാറോടിക്കാമല്ലോ, എന്ന മട്ടിലാണ് പല കാറുകാരും.

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ നമ്മുടെ സ്വകാര്യയഹങ്കാരം .മുഗൾ ചക്രവർത്തിയായ ഷാജഹാൻ തൻ്റെ പത്നി മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചത്.എന്‍റെ സ്കൂള്‍- കോളേജ് കാലത്തൊക്കെ ഡല്‍ഹി എന്നു പറഞ്ഞാല്‍, അനശ്വരപ്രേമത്തിന്‍റെ സ്മരണക്കായി പണികഴിപ്പിച്ച ' താജ്മഹല്‍' ലും അതിനുയോജ്യമായ ചിത്രങ്ങളുമായിരുന്നു, മനസ്സില്‍.പക്ഷേ ഹൈവേയില്‍നിന്നു പുറത്തിറങ്ങുന്നതോടെ ( ഞാന്‍ അവസാനം പോകുമ്പോള്‍ അവിടെ റോഡ്‌ പണി നടക്കുകയായിരുന്നു.) അധികവും 'ലെതര്‍ & മാര്‍ബിള്‍ ' ഫാക്ടറികളും ചന്തകളുമാണ്. ഒട്ടും മോടിയില്ലാത്ത കാഴ്ചകളാണിതൊക്കെ.

അന്തരീക്ഷമലിനീകരണകാരണം വാഹനങ്ങൾ താജ്മഹലിനടുത്തേക്ക് പോകാൻ സാധിക്കില്ല.അതിനുവേണ്ടി പ്രത്യേകസ്ഥലംതന്നെ ഒരുക്കിയിട്ടുണ്ട്. അവിടെ വണ്ടി 'പാർക്ക് ' ചെയ്യുന്നതോടെ, വഴിയോരക്കച്ചവടക്കാർ പലതരം പ്രാദേശികസാധനങ്ങളുമായി നമ്മെ സമീപിക്കുന്നതാണ്. ഞാൻ ഒന്നും കാണുന്നില്ലേ എന്ന ഭാവത്തിലാണ് ഇവരെ നേരിടേണ്ടത്.എന്നാലും ചന്തമുള്ള ആ സാധനങ്ങളിൽ കണ്ണുടക്കിപ്പോയാൽ , അവരെല്ലാം നമ്മുടെ പുറകെ ആയിരിക്കും.നമ്മളിലെ 'വിലപേശൽ' എന്ന നിപുണത പുറത്തെടുക്കേണ്ട സമയമാണിത്.നമ്മുടെ വില കേട്ട് ചീത്ത പറയുന്നതെല്ലാം സാധാരണമാണ്.അവസാനം നമ്മൾ പറഞ്ഞതിനേക്കാളും പത്തോ ഇരുപതോ രൂപ കൂടുതൽ പറഞ്ഞ് നമ്മളെകൊണ്ട് മേടിപ്പിച്ചെടുക്കുന്നതും അവരുടെ പ്രത്യേക കഴിവായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെനിന്നു കുതിരവണ്ടിയിലോ, കാൽനടയായോ , ഇലക്ട്രിക്ക് വണ്ടിയിലോ ആയിട്ടാണ്, താജ്മഹൽ' -ന്റെ അങ്ങോട്ട് പോകേണ്ടത്.

ഇന്ത്യക്കാർക്ക് 40 രൂപയുടെ ടിക്കറ്റും വിദേശികൾക്ക് 1000 രൂപ ടിക്കറ്റ് .........വിലവിവരപ്പട്ടിക കാണുമ്പോൾ നമ്മുക്ക് വെറുതെ ഒരഹങ്കാരം വന്നുവോ, സംശയം. അന്ന് ഞായറാഴ്ച ആയതു കൊണ്ട് ക്യൂ നീണ്ടുനിരന്നുകിടക്കുകയാണ്. വർഷംതോറും ഏകദേശം നാല് ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്ക്. ഒന്നുമറിയാത്തപോലെ ക്യൂ തെറ്റിച്ച് മുന്നിൽ പോയി നിൽക്കുന്നവരും ടിക്കറ്റും ക്യൂ യും ഇല്ലാതെ അകത്തോട്ട് കയറാനുള്ള ഏതാനും ഗൈഡുമാരുടെ സാമർത്ഥ്യവുമാണ് , അവിടെ നിൽക്കുമ്പോഴുള്ള നമ്മുടെ നേരംപോക്ക്.

സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ്‌, പ്രധാനകവാടം കടന്ന്
അകത്തോട്ടു പ്രവേശിക്കുമ്പോൾ,വിശാലമായ ഉദ്യാനവും അതിനകത്തെ ചെറിയ വെള്ളച്ചാട്ടങ്ങളും അതിനു പുറകിലായി വെണ്ണക്കലിൽ നിർമ്മിച്ച സ്മാരകവും എല്ലാംകൂടെ നയനമനോഹരം.അവിടത്തെ ഒരു പ്രത്യേകസ്ഥലത്തു നിന്നാൽമാത്രമേ, ഈ മനോഹരമായക്കാഴ്ചയെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാൻ സാധിക്കുകയുള്ളൂ. അതിനവസരം ഒരുക്കിക്കൊണ്ട് ഒരു സിമന്റ് ബെഞ്ച് ഇട്ടിട്ടുണ്ട്. അവിടെ ഇരുന്ന് ഒരു ഫോട്ടോ എടുക്കുകയെന്നത്, ഒരു കസേരക്കളിയിൽ ഏർപ്പെട്ടതുപോലെയാണ്. പലപ്പോഴും തോറ്റു പിൻവാങ്ങേണ്ടി വന്നു.വീട്ടിൽ പോയി കംപ്യൂട്ടറിൽ അങ്ങനത്തെ ഫോട്ടോ ഉണ്ടാക്കി എടുക്കാനാണ് വീട്ടുകാരുടെ നിർദ്ദേശം . എന്നാലും ഡൽഹി എന്ന് പറയുമ്പോൾ പലരുടെയും അവിടെയുള്ള ഫോട്ടോ ആണു മനസ്സിൽ.
സാധാരണമായി മുഗൾക്കെട്ടിടങ്ങൾ ചെമന്ന മണൽക്കല്ലിലാണ് പണിതിരുന്നത്.അതിന് വ്യത്യസ്തമായാണ് മാർബിളിൽ പണിത താജ്മഹൽ.പേർഷ്യൻ-ഇന്ത്യൻ-ഇസ്‌ലാമിക്-വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. 1632 യിൽ തുടങ്ങി 1653 യിലാണ് പണി തീർന്നത്. എല്ലാംകൊണ്ടും മുഗൾക്കാലത്തെ മറ്റു കെട്ടിടങ്ങളൊക്കെ അപേക്ഷിച്ച് താജ്മഹലിന് പ്രത്യേകയാകർഷണമുണ്ടായിരുന്നു . അങ്ങനെ നമ്മൾ കേട്ടതും വായിച്ചതും പഠിച്ചതുമായ വിവരങ്ങൾ ഏറെ.

എന്തായാലും അതിനകത്ത് കേറുന്നതിനു മുൻപ് പിന്നെയും വലിയൊരു ക്യൂ.വിദേശികളേയും നമ്മളേയും ( ഇന്ത്യക്കാർ) മാറി- മാറി ഓരോ ഗ്രൂപ്പ് ആയി അകത്തോട്ടു കടത്തിവിടും. വിദേശികൾ ഗ്രൂപ്പായി പോകുമ്പോൾ ഉന്തും തള്ളുമായി നമ്മൾ തിരക്കിലാണ്. നമ്മുടേതായ ചില സ്വഭാവങ്ങളൊന്നും മാറ്റാൻ പറ്റില്ലല്ലോ.

താജിന്റെ അകത്താണ് ഷാജഹാൻ & മുംതാസ് -ന്റെ ശവകുടീരം. മഹലിന്റെ അകത്തും ധാരാളം കൊത്തുപണികളും മാർബിളിൽകൊണ്ടുള്ള ജാലികളും കാണാം. താജ്മഹൽ മൊത്തം പലതരം കൊത്തുപണികളും , കൈയെഴുത്ത് കൊത്തുപണികളുമായി നിറഞ്ഞിരിക്കുന്നു. പലതും ഖുറാനിൽനിന്നുള്ള വചനങ്ങളാണ്. എങ്ങോട്ടു നോക്കിയാലും സൗന്ദര്യത്തിന്റെ മാന്ത്രികവിരൽസ്പർശംതന്നെയാണ്.

നാലു ഭാഗത്തും അതിഗംഭീരമായ തൂണുകളും മാർബിളിൽത്തന്നെ. പുറകിലായിട്ടാണ് യമുനാനദി ഒഴുകുന്നത്.താജ്മഹലിനെക്കുറിച്ചുള്ള പരസ്യത്തിലാണ് ആ നദിയുടെ ഭംഗി ഞാനാസ്വദിക്കാറുള്ളത്.

ഡൽഹിയിൽ താമസിക്കുന്നതുകൊണ്ട് പലപ്രാവശ്യം അവിടെ സന്ദർശിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.ആദ്യം പോയപ്പോൾ , താജ്മഹലിൽ ചെരിപ്പിട്ടുകേറാൻ സമ്മതിക്കില്ല. ചെരുപ്പിന്റെ മുകളിൽക്കൂടി ചാക്കുകൊണ്ടുള്ള ഒരു കവർ മേടിച്ച്, ചെരുപ്പിന്റെ മുകളിൽ കൂടി കെട്ടിവെക്കണം. അതെല്ലാം അവിടെ ലഭിക്കുമെങ്കിലും മേടിക്കാനായിട്ട് മറന്നുപോയി. അതുകാരണം ചുട്ടുപഴുത്ത മാർബളിൽ ഓടിയും ഒറ്റക്കാലിൽ ചാടിയുമാണ്, അന്ന് കണ്ടുതീർത്തത്.പിന്നെത്തെയൊരു യാത്ര വെള്ളിയാഴ്ചയായിരുന്നു. അന്ന് അവധിയാണ്. എന്നാലും ഐ .ഡി കാണിച്ച് മുസ്ലിം കൾക്ക് അതിനകത്ത് പ്രാർത്ഥിക്കാവുന്നതാണ്.അങ്ങനെ താജ്മഹൽ സന്ദർശനങ്ങൾ പലതരം അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.പൗർണ്ണമിനാളുകളിലും അതിനു മുൻപും പിൻപും 2 ദിവസങ്ങളിൽ രാത്രിനാളുകളിൽ താജ് കാണുന്നതിനായി സന്ദർശകരെ അനുവദിക്കാറുണ്ട്.അങ്ങനെയൊരു നാൾ താജ് കാണണം എന്ന പ്രതീക്ഷയോടെ ....


Posted by Rita 4 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

5/3/18

ഞാൻ എന്ന 'Alien'

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. യാത്ര തുടങ്ങാനായിട്ട് ഇനിയും സമയം എടുക്കും. എന്നാൽ പിന്നെ, അങ്ങനെയാണ് മുൻപിൽ ഇരിക്കുന്നവനെ നോക്കി കണ്ണടച്ച് കാണിച്ചത്, ഒരു നിമിഷം അവൻ്റെ മുഖത്ത് അത്ഭുതമാണോ കുസൃതിയാണോ ചിരിയാണോ കൂട്ടത്തിൽ എൻ്റെ ചിരിയും കൂടി ആയപ്പോൾ, പറഞ്ഞറിയിക്കാൻ പറ്റാത്ത നവരസങ്ങളാണ് അവൻ്റെ മുഖത്ത്.പക്ഷെ അടുത്തിരിക്കുന്ന അവൻ്റെ അമ്മയുടെ രൂക്ഷമായ നോട്ടം, രണ്ടു കണ്ണുകളും അടച്ചാണ് കാണിച്ചത് ഇനി ഒരു കണ്ണ് മാത്രമാണോ അടഞ്ഞത് ? എന്തായാലും നോട്ടത്തിൻ്റെ തീക്ഷണത സഹിക്കാൻ പറ്റാത്തതു കൊണ്ട്, 'ഞാൻ ഒന്നും അറിഞ്ഞില്ലെ' എന്ന മട്ടിൽ നോട്ടത്തിൻ്റെ ദിശ മാറ്റി ഞാൻ അവിടെ തന്നെ ഇരുന്നു.

വിമാനത്താവളക്കാരുടെ 'സൈലന്റ് എയർപോർട്ട് പോളിസി (silent airport policy) നൂറു ശതമാനവും പിന്താങ്ങുന്നതു പോലെയാണ് അവിടെയുള്ള ഓരോത്തരും. രണ്ടോ- മൂന്നോ പേർ ഇരുന്ന് ഇന്നത്തെ പത്രം വായിക്കുന്നുണ്ട്.എൻ്റെ ജീവിതം എന്റേതു മാത്രമാണ് നിങ്ങളുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും ജീവിതകഷ്ടപ്പാടുകളുടേയും മാറാപ്പൊന്നും എന്നോട് പറയല്ലേ, എന്ന മട്ടിലാണെന്നു തോന്നുന്നു അവിടെയുള്ളവർ. കൊച്ചു കുട്ടികളടക്കം എല്ലാവരും അവരവരുടെ ലോകത്താണ്.പത്രത്തിന്റെ ഒരു കെട്ട് അവിടെ ഇരിക്കുന്നത് കണ്ടെങ്കിലും അതൊക്കെ വായിക്കുന്നത് വയസ്സന്മാർ ആയതുകൊണ്ടും അതിനകത്തെ വാർത്തകൾക്കായി പ്രത്യേക ജിജ്ഞാസ ഇല്ലാത്തതു കൊണ്ടും അതെടുത്തു വായിക്കാനൊന്നും തോന്നിയില്ല.ആ നിശ്ശബ്ദതയെ സഹിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

ചെവിയിൽ കേൾക്കുന്ന സംഗീതത്തിനുസരിച്ചായിരിക്കാം മുതുകത്തുള്ള ബാഗ് കാരണം കൂനിപ്പോയ ആ ഊശാൻ താടിക്കാരൻ്റെ ഡാൻസ് ചെയ്യുന്ന പോലെയുള്ള വരവ് കണ്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.യാത്രകളിൽ മിക്കവാറും ഞാൻ ആളുകളെ നോക്കി വെറുതെ ഇരിക്കാറാണു പതിവ്.എന്തെല്ലാം ഭാവങ്ങളാണ് ഓരോത്തരുടേയും മുഖത്ത്.എന്തായാലും ആ നോക്കിയിരിപ്പിനും എനിക്ക് ഗുണമുണ്ടായി.വന്ന ഊശാൻ താടിക്കാരൻ്റെ ദേഹം മുഴുവനും പലതരം wire കളായിരുന്നു.അതൊക്കെ എന്തിനാണെന്ന് മനസ്സിലാക്കിയെടുക്കാനുള്ള തന്ത്രപ്പാടിലായിരുന്നു, ഞാൻ.സ്വയം സംസാരിക്കാൻ കഴിവുള്ള മൗനങ്ങളാണ് ഇപ്പോഴത്തെ യാത്രകളുടെ പ്രത്യേകതകൾ.മൊബൈൽ ഫോണും അതിലേക്കുള്ള ഹെഡ് ഫോണിന്റെയും wire കൾ മനസ്സിലായെങ്കിലും മൊബൈൽ ഫോണിലേക്ക് പോകുന്ന മറ്റൊരു wire യും അതിൻ്റെ ഉറവിടവും, ഏതോ രഹസ്യങ്ങൾ കണ്ടുപിടിക്കുന്ന സൂക്ഷമനിരീക്ഷകന്റെ സ്വഭാവമായിരുന്നു അടുത്ത കുറച്ചു സമയത്തേക്ക്.പിന്നീടാണു ഫോൺ ചാർജ്ജ് ചെയ്യാനുള്ള 'ബാറ്ററി' ആണെന്ന് മനസ്സിലായത്. ഇതുപോലെ തന്നെയായിരുന്നു, വടിയുടെ അറ്റത്തേക്ക് നോക്കി ചിരിക്കുന്നവരെ കണ്ട് വട്ടാണോ അതോ...... അവിടേയും ഒരു കുറ്റാന്വേഷകന്റെ തലയോടു കൂടി നോക്കി നിന്ന് മനസ്സിലാക്കിയെടുത്തതായിരുന്നു - 'സെൽഫി സ്റ്റിക്ക്'.ജീവിതത്തിന് ചുറ്റും നിറഞ്ഞു നിൽക്കുന്ന അത്ഭുതകരമായ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവു കിട്ടുന്നത് ഇങ്ങനെയുള്ള ചില കാഴ്ചകളിൽ നിന്നാണ്.
ഒരു കുറ്റാന്വേഷകന്‍റെ കർത്ത്യവത്തിൽ നിന്ന് മാറി, വീണ്ടും എൻ്റെ കൂട്ടുകാരനെ തപ്പി ആ പഴയ കസേരയിലേക്ക് നോക്കിയപ്പോൾ, അവിടെ വേറെയാരോ ആണ് ഇരിക്കുന്നത്. 'അമ്മ മകനേയും കൊണ്ട് ഓടിയിരിക്കുന്നു.

യാത്രയുടെ കാത്തിരിപ്പ് നീളുകയാണ്.കാപ്പി കുടിക്കാമെന്ന് വെച്ച് 'കാപ്പിക്കട'യിൽ ചെന്നപ്പോൾ, പഴയ കുപ്പിഗ്ലാസ്സിൽ കിട്ടുന്ന കാപ്പിയിൽ നിന്നും രുചികളിലും അവതരണത്തിലും വ്യത്യസ്തത പുലർത്തിക്കൊണ്ടുള്ള 'കാപ്പി'കളാണവിടെ.അതൊക്കെ മനസ്സിലാക്കി കൊണ്ടിരിക്കുമ്പോൾ, ആരോ എൻ്റെ തോൾസഞ്ചിയിൽ തട്ടി വിളിക്കുന്നു.നോക്കിയപ്പോൾ, 'അവൻ' അവൻ്റെ കണ്ണുകളിൽ 'കണ്ടു പിടിച്ചല്ലോ എന്ന മട്ടിലുള്ള കുസൃതി നിറഞ്ഞ ചിരി.അവനെ നോക്കി ചിരിച്ചെങ്കിലും എൻ്റെ കണ്ണുകൾ അവൻ്റെ അമ്മയുടെ തീക്ഷണമായ ആ നോട്ടത്തെ പരതുകയായിരുന്നു.

അല്പസമയത്തിനുള്ളിൽ എൻ്റെ യാത്ര ആരംഭിക്കുന്നതിനുള്ള അറിയിപ്പ് കണ്ട കാരണം അവൻ്റെ ആ കുഞ്ഞിക്കൈ ക്ക് 'ഷേക്ക് ഹാൻഡ് ' കൊടുത്തും ദൂരെ ഇരിക്കുന്ന അമ്മയുടെ നോട്ടത്തെ വക വെക്കാതെ 'ബൈ' പറഞ്ഞപ്പോഴും ഏതോ 'alien' നെ കാണുന്നതു പോലെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന അവനോടും 'ബൈ' പറഞ്ഞു, ഞാൻ എന്റെ യാത്രയിലേക്ക് !

അവിടെ മുഴുവൻ ഓടിക്കളിക്കാൻ റെഡിയായിട്ടിരിക്കുന്ന അവനെ പലതരം കാർട്ടൂൺ വീഡിയോ കൾ കാണിച്ച്, 'അമ്മ അവനെ ഒരു സ്ഥലത്ത് തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എൻ്റെ കണ്ണടയ്ക്കലും ചിരിയും. അവന്, ഞാൻ ഒരു സഹൃദയമായ 'alien' ആയിരുന്നെങ്കിൽ അമ്മക്ക്, ഞാൻ ഭയങ്കരരൂപിയായ 'alien' ആയിരിക്കാം. സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിച്ച് മനുഷ്യത്വം ഇല്ലാതായി പോകുന്ന പുതിയ തലമുറയെക്കെതിരെ വിരൽ ചൂണ്ടുമ്പോൾ ബാക്കി 3 വിരലുകൾ നമ്മളെ തന്നെയാണ് ചൂണ്ടുന്നത് എന്ന് നമ്മൾ മറന്നു പോകുന്നു.


Posted by Rita 1 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

4/16/18

ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലോട്ടുള്ള യാത്ര :-)

16/12/2017


അറ്റം കാണാതെ നീണ്ടു കിടക്കുന്ന ആ ടാറിട്ട റോഡിന്റെ ഒരറ്റത്തു നിന്ന് ഏകദേശം
3000കി.മീ.യാണ്, യാത്ര ചെയ്യേണ്ടത്.എടുത്ത തീരുമാനം ശരിയാണോ എന്നറിയാതെ,
പല ദൈവങ്ങളോടുള്ള പ്രാർത്ഥനകളായിരുന്നു എന്‍റെ മനസ്സ് നിറയെ.


ഡൽഹിയിൽ നിന്നും ഡിസംബർ മാസത്തിൽ ഇങ്ങനെത്തെ ഒരു   യാത്ര
എന്നു പറയുമ്പോൾ തണുപ്പിൽ നിന്നുള്ള രക്ഷ നേടുക എന്നതാണ് പ്രാധാനം .
സാധാരണ ഉപയോഗിക്കുന്ന കമ്പിളി ഉടുപ്പുകൾ യാത്രാഭാണ്ഡത്തിലെ വലിയൊരു
പങ്ക് സ്വായത്തമാകുന്നതുകൊണ്ട്,കൃത്രിമമായുണ്ടാക്കിയവ ( synthetic)  മേടിച്ചു.
എന്നാലും കൈയുറകൾ, ഫ്ലാന്നേൽ(flannel) കൊണ്ടുള്ളതായിരുന്നു.തണുപ്പും
തണുത്തകാറ്റുമെല്ലാമായി കൈപ്പത്തികൾ ശരിക്കും മരവിച്ചു പോയി.
തണുപ്പുകാലത്തെ മറ്റൊരു ശാപമാണ് 'മൂടൽമഞ്ഞ്‌'. യാത്രയുടെ പലഭാഗത്തായി
പത്ത് - പതിനഞ്ചു നിമിഷങ്ങളിൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. വാഹനങ്ങൾ
'പാർക്കിംഗ് ലൈറ്റ്' ഇട്ടിട്ടുണ്ട്.രാത്രി 9 മണിമുതൽ രാവിലെ 7 മണി വരെ ദേശീയ പാത
കളിൽ വലിയ ട്രക്കുകളുടെയും ലോറികളായിരിക്കും കൂടുതൽ. അതിനിടയിൽ
കൂടിയാണ് ബൈക്ക് യാത്ര. മുന്നിൽ കാണുന്ന  'പാർക്കിംഗ് ലൈറ്റ്' അനുഗമിക്കുക,
അത് ഏത് വണ്ടിയാണ് എന്നറിയാൻ തന്നെ സാധിക്കാത്ത വിധമാണ്, 'മൂടൽമഞ്ഞ്‌'.
എനിക്ക് ശരിക്കും പേടി തോന്നിയ നിമിഷങ്ങളായിരുന്നു.എവിടെയെങ്കിലും ഒതുക്കി
നിറുത്തിയാലോ എന്ന് പറയാതിരുന്നില്ല, പക്ഷെ പുറകിൽ നിന്ന് ആരെങ്കിലും
വന്നിടിക്കുമോ എന്ന ഭയത്താൽ മുന്നോട്ട് ....ഇങ്ങനത്തെ സാഹചര്യങ്ങൾ
ഇതിനുമുൻപും പലപ്രാവശ്യണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒരു
ഭയമായിരുന്നു മനസ്സിലുണ്ടായത്.യാത്രകളിലെ 'experience' എന്ന
തരത്തിലെടുക്കാനാണ്, ഓടിക്കുന്നയാളുടെ നിർദ്ദേശം. അദ്ദേഹം കുറേക്കാലമായിട്ട്
കൊണ്ടുനടക്കുന്ന ഒരു സ്വപ്നസാക്ഷാൽക്കാരമാണ് ഈ യാത്ര!


കൂട്ടുകാര്‍ എന്നും ദൈവം തരുന്ന വലിയ സമ്പത്താണെന്ന് തോന്നിപ്പോയ
നിമിഷങ്ങളായിരുന്നു, വഴിയിൽ കൂട്ടുകാരെ കണ്ടപ്പോൾ.അവർ എട്ടോ - പത്തോ
ബൈക്കുകാർ രാജസ്ഥാനിലെ ഒരു തടാകത്തിനടുത്തേക്കുള്ള യാത്രയിലാണ്.
അവരോടൊപ്പം വഴിയിലെ ചായക്കടയിൽ നിന്നും ചായ കുടിച്ച്, വര്‍ത്തമാനവും
തമാശകളുമൊക്കെയായി ഏതാനും സമയം ചെലവഴിച്ചപ്പോൾ, മനസ്സിൽ തോന്നിയ
ഭയാശങ്കകൾ പിൻവാങ്ങിയോ എന്ന് സംശയം.

എന്തിനും ഏതിനും മാർഗ്ഗദർശിയായിട്ട് "gps" ആണുള്ളത്. ദേശീയ പാതകളും
ബൈപാസുകളുമുള്ള കാരണം നഗരക്കാഴ്ചകളിൽ നിന്ന് മാറി പോവുകയാണ്.
ചിലയിടങ്ങളിൽ തനി നാട്ടിൻ പുറത്ത് കൂടിയാണ് യാത്ര.കാർഷിക ജീവിതത്തിന്റെ
സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു.ചില വഴികളിൽ പശുക്കൾ കൂട്ടമായി
കിടക്കുകയാണ് അതുകാരണം ബാക്കിയുള്ളവർക്ക് പ്രത്യേകിച്ച് വാഹനം ഓടിക്കുന്ന
വർക്ക്  ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പശുക്കളോ മനുഷ്യരോ ഓര്‍ക്കുന്നേയില്ല
. ഉള്ള സ്ഥലത്തു കൂടെ എല്ലാവരും അഭ്യാസം തികഞ്ഞ ഡ്രൈവർ ആവുകയാണ്.
മറ്റു ചില സ്ഥലങ്ങളിൽ വളരെ സാവധാനത്തിൽ റോഡ് ക്രോസ്സ് ചെയ്യുന്നത്,
വണ്ടിയുടെ വേഗതയും അവരുടെ നടത്തത്തിന്റെ വേഗതയും അനുരൂപമല്ലാത്തതു
കൊണ്ട് പലപ്പോഴും 'സഡൻ ബ്രേക്ക് ' ഇടേണ്ടി വന്നു.

പശുക്കൾ വഴിയിൽ ഇരിക്കുന്നത്, വാഹനങ്ങൾ പോകുമ്പോൾ അവരുടെ പുറത്ത്
ഇരിക്കുന്ന ഈച്ചകളും ചെറിയ പ്രാണികളും പറന്നു പോകാൻ വേണ്ടിയാണ്.
അതുപോലെ പശുക്കൾ എല്ലാവരേയും എപ്പോഴും വിശ്വസിക്കുന്നു. അതുകൊണ്ട്
അവർ ഒരിക്കലും തിരിഞ്ഞോടുകയോ ഓടുകയോ ചെയ്യാറില്ലത്ര.പശുവിന്റെ
'സൈക്കോളജി' അറിയാവുന്നവരാരോ പിന്നീട് പറഞ്ഞതാണിത്. നമ്മുക്ക്  
ഇതൊന്നും അറിയാത്തതാണ് കുഴപ്പമായത്.

നഗരങ്ങളിലെ ഭക്ഷണശാലകളിലെ പുതിയ പ്രമേയമാണ്, ദാബ.എന്നാൽ അവിടെ
കാണുന്ന അസാധാരണമായ സുഖസൗകര്യങ്ങളൊന്നും റോഡിനിരുവശമുള്ള
ദാബ കളിൽ ഉണ്ടായിരുന്നില്ല. നല്ല ചൂടുള്ള ദാൽക്കറിയും തന്തൂരി റൊട്ടിയും
തൈരുമാണ് പ്രധാന ഭക്ഷണം. ഞങ്ങൾ രണ്ടുപേരും കഴിച്ചിറങ്ങിയപ്പോൾ ബില്ല്
വന്നത്, 130 രൂപ.


ഏകദേശം 530കി.മീ. ദൂരെയുള്ള രാജസ്ഥാനിലെ 'Deogarh' -ലാണ് അന്ന് താമസിക്കാൻ
ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്.ഡൽഹി -മുബൈ ദേശീയ പാതയിൽ നിന്ന്
ഏകദേശം 4 കി.മീ ഉള്ളിലായിട്ടുള്ള ' Deogarh Mahal' ലിൽ, അവിടെയാണ് ഞങ്ങള്‍
താമസിക്കാന്‍ പ്ലാന്‍  ചെയ്തിരിക്കുന്നത് .

പൈതൃകമായി കിട്ടിയ മഹൽ,  പുരാതന ആഡംബരസമൃദ്ധിയോടെ എന്നാൽ എല്ലാ
ആധുനിക സൗകര്യങ്ങളുള്ള ഒരു ഹോട്ടൽ ആക്കി മാറ്റിയിരിക്കുകയാണ്.1996 -യിൽ ചില
പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും വളരെ ഇടുങ്ങിയ ഇടനാഴികളും
നടുമുറ്റവും തടിയുടെ കോവണികളും കൊത്തുപണികളോടു കൂടിയ ഫർണീച്ചറുകളും  
കണ്ട് ആശ്ചര്യഭരിതമായി. അതിൻ്റെ വശത്തായി നിന്നും ഇരുന്നും ഫോട്ടോക്ക് 'പോസ്സ് '
ചെയ്തപ്പോൾ, നമ്മുടെ തറവാട്ടിലെ വലിച്ചാലും ഉന്തിയാലും അനങ്ങാത്ത അപ്പാപ്പൻറെ
തടിയൻ കസേരയും അമ്മാമ്മയുടെ മുണ്ടു പെട്ടിയും ചാരു കസേരയൊക്കെ പറ്റി
ഓർക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.
സ്പാ(spa) ജക്കൂസി(jacuzzi) നീന്തൽക്കുളം .........അവിടത്തെയെല്ലാം തിരക്ക് കാണുമ്പോൾ
നമ്മുടെ ദൈനംദിന ജീവിതത്തിലെ തിക്കും തിരക്കും പിടിച്ച ജീവിതത്തിൽ നിന്നുള്ള
മോചനം എന്ന പോലെയാണ് പലരും. ചിലർക്ക് അത് ഒരു 'ഒത്തു ചേരൽ' അതിന്റെ
ബഹളവും സന്തോഷവും കാണാം. ദേശികളും വിദേശികളും ധാരാളം. പക്ഷേ എന്തു
സൗകര്യം ഉണ്ടായിട്ടെന്താ, 'ഇന്റർനെറ്റ് / വൈ -ഫൈ കിട്ടണമെങ്കിൽ 'റിസിപ്ഷൻ' വരെ
പോകണം. ആ സൗകര്യത്തിനായിട്ടാണ് അങ്ങോട്ട് പോയതെങ്കിലും തിരിച്ചു മുറി
കണ്ടുപിടിക്കാൻ വളരെ പാടു പെട്ടു.അതു കാരണം 'മഹൽ' നകത്തെ എല്ലാ
ചിത്ര രചനകളും അലങ്കാര സാധനങ്ങളും കാണാൻ സാധിച്ചു അല്ലെങ്കിൽ
കാണേണ്ടി വന്നു.മട്ടുപ്പാവിൽ നിന്ന് ആ മുഴുവന്‍ നഗരവും കാണാന്‍ സാധിക്കും.
തൊട്ടടുത്ത വീടുകളിലെ കുട്ടികള്‍ പട്ടം പറപ്പിക്കുന്ന തിരക്കിലാണ്. അവരുടെ
വീടിന്റെ ടെറസിൽ ജലസംഭരണികളോടപ്പം ചാണകവും ഉണക്കി വെച്ചിരിക്കുന്നത്
പുതുമയുള്ളതായി തോന്നി.
നഗരത്തിന്റെ മദ്ധ്യഭാഗത്തായിട്ടാണ് ഈ മഹൽ, വഴികളും ചുറ്റുമുള്ള കടകളിലും
വീടുകളിലും   മഹൽ- ഉള്ള പോലത്തെ ആഡംബരം ഒന്നും തന്നെ കണ്ടില്ല. സാധാരണ
കാണുന്ന മരത്തിന്റെ ചില അലങ്കാര വസ്തുക്കളും ചിത്രപ്പണികളുടെ കടകളുമാണ്,
വിനോദസഞ്ചാരികൾക്കായി കണ്ടത്.രണ്ടു സ്‌കൂൾ കുട്ടികൾ  " What is your name?" എന്ന്
ചോദിച്ചു വന്നപ്പോൾ അവിടെയുള്ളവർ എല്ലാവരും പര്യടനക്കാരെ സ്വാഗതം
ചെയ്യാനുള്ള മനോഭാവത്തിലാണ് തോന്നി പോയി.
ഏതോ കിരീടധാരണ സിംഹാസനത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലെ
കസേരയിലിരുന്ന് വൈകുന്നേരത്തെ, പ്രാദേശികഗാനത്തിന്റെ അകമ്പടിയോടെയുള്ള
തീപന്തം കൊണ്ടുള്ള ഡാൻസും അവസാനം വായ്ക്കകത്ത് വെച്ചു തീ കെടുത്തുന്നതും
അതുപോലെ ഒരു പാട് കലങ്ങൾ ഒന്നിന് മുകളിൽ വെച്ചിട്ടുള്ള കറങ്ങി - കറങ്ങിയുള്ള  
ഡാൻസും ആസ്വദിക്കാൻ പറ്റിയോ എന്ന് ചോദിച്ചാൽ അത് സംശയം ആണ്.പണ്ടൊക്കെ
ഇതിലൊക്കെ മതിപ്പ്‌ തോന്നിയിരുന്നെങ്കിലും എന്തോ ഇന്ന് അങ്ങനെ തോന്നാറില്ല.
ഒരു ചേച്ചിയും ഭർത്താവും അവരുടെ രണ്ടു അനിയത്തിമാരും കൂടിയാണ് പരിപാടികൾ
അവതരിപ്പിക്കുന്നത്. ഹോട്ടലുകാർ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

രാത്രികാലങ്ങളിൽ പ്രഭാപൂരിതമായിട്ടുള്ള മഹൽ, വിസ്മയജനകമാണ്. ഏകദേശം 400
വർഷം പഴക്കമുള്ള  Deogarh രാജാവിന്റെ അധീനതയിലായിരുന്ന ഈ 'മഹൽ' . ഇപ്പോഴും
അദ്ദേഹത്തിൻ്റെ പിൻതുടർച്ചവകാശികളിലാണ്. ഈ നഗരത്തിന്‍റെ പ്രധാന പ്രത്യേകത
എന്നു പറയുന്നത് ഈ മഹല്‍ ആണ്.



ഏകദേശം 500 കി.മീ. ദൂരം താണ്ടിയ സമാധാനം ഒരു ഭാഗത്തും അതുപോലെ 500 കി.മീ.
ദൂരമല്ലേ കഴിഞ്ഞുള്ളൂ എന്ന മാനസിക പിരിമുറുക്കത്തോടെ   ഒരു ദിവസത്തെ
രാജകീയമായ വാസം അവസാനിപ്പിച്ച് പിറ്റേ ദിവസം ഞങ്ങളുടെ യാത്ര തുടരുന്നൂ …...


17/12/2017

ബന്ധു വീട്ടിലേക്ക് പോകുന്ന വഴി 'gps' പണിമുടക്കി. ഒരു നിമിഷം എന്തു
ചെയ്യണമെന്നറിയാതെ, കൂട്ടത്തിൽ നിന്നും വഴി തെറ്റി പോയ കുട്ടിയുടെ അവസ്ഥ.
പുലർക്കാലേ ആയതുകൊണ്ട് ട്യൂഷനോ മറ്റോ പോകുന്ന ഏതാനും കുട്ടികളും
പത്രക്കാരും പാൽ കൊണ്ടു പോകുന്ന ...അങ്ങനെ കുറച്ചു ആൾക്കാരെ റോഡിലുള്ളൂ.
അഡ്രസിനെ കുറിച്ച്ആർക്കും വലിയ പിടിയൊന്നുമില്ല.
ഞങ്ങൾ താമസിച്ച 'ദിയോഘർ  മഹൽ' അടുത്ത സിറ്റി ആണ്, 'ഉദയ്പൂർ(Udaipur),
അവിടെ 'ബൈപാസ്' ഇല്ലാത്തതും കൂട്ടത്തിൽ ഈ ബന്ധു വീട് സന്ദർശനവും
ഉള്ളതു കാരണം അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു.ഡൽഹി പോലത്തെ
തണുപ്പും മൂടല്‍മഞ്ഞും ഇല്ലാത്തതു ഒരനുഗ്രഹമായിരുന്നു.എന്തായാലും വീട്
അന്വേഷിച്ച്, ആ കോളനി മുഴുവന്‍ ഏതോ ഗതി കിട്ടാ പ്രേതം പോലെ കറങ്ങി
കൊണ്ടിരുന്നു.ഏതാനും നടക്കാനിറിങ്ങിയ ഒരു കൂട്ടം ആള്‍ക്കാരുടെ
സഹായത്തോടെയാണ് വീട് കണ്ടുപിടിക്കാന്‍ സാധിച്ചത്.ആധുനിക സാങ്കേതിക
വിദ്യയുടെ ഗുണമോ ദോഷമോ എന്നറിയില്ല, അവിടത്തെ
സന്ദര്‍ശനത്തിനു ശേഷമുള്ള യാത്രയില്‍ ‘റ്റാറ്റാ’ പറയാനും യാത്ര പറയാനുമായി
ഏതാനും പേര്‍ വഴിയിലുണ്ടായിരുന്നു.

പുലർക്കാലെയുള്ള യാത്രകളിൽ പലരും ഗതാഗതനിയമങ്ങൾ പാലിക്കാറില്ല.
ട്രാഫിക് സിഗ്നലുകളൊന്നും അവർക്ക് ബാധകമല്ല  എന്ന മട്ടിലാണ്.
അതിനുപുറമേയാണ് എതിർദിശയിലൂടെ 'ലൈറ്റും& ഹോണും ' ആയിട്ടുള്ള
വരവ്.' ദാ ഇവിടെ വരെയല്ലേയുള്ളൂ ' എന്ന ചിന്തയായിരിക്കും അവർക്ക്.ചിലർ
ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് 'സൂചകങ്ങൾ (Indicator)
ഉപയോഗിക്കാറില്ല.ഒരു വണ്ടി മേടിച്ചു കൂട്ടത്തിൽ റോഡും എന്ന മട്ടിലാണവരും.
രണ്ടു വശത്തായി പോകുന്ന റോഡുകളുടെ ഇടയ്ക്കുള്ള മതിലുകളോ സ്ളാബ്
കട്ടകളോ മറികടന്നോ ചാടി കടന്നോ ഉള്ള ആളുകളുടെ 'റോഡ് ക്രോസ്സ് ചെയ്യൽ'
........ ഇതൊക്കെ  അവസാന നിമിഷമാണ് ഓടിക്കുന്നയാൾ ശ്രദ്ധിക്കുന്നതെങ്കിൽ
തലനാരിഴക്കാണ് രണ്ടു പേരും രക്ഷപ്പെടുന്നത്.ഇതൊക്കെ ആ റോഡിലെ മാത്രമുള്ള
പ്രത്യേകതകള്‍ അല്ല. ഡല്‍ഹി മുതല്‍ കേരളം വരെയുള്ള യാത്രയില്‍ കണ്ടതാണ്.  
രണ്ടു -മൂന്നു  പ്രാവശ്യം പുറകിലിരിക്കുന്ന ഞാനാണ്, ഓടിക്കുന്നയാളുടെ
ശ്രദ്ധയിൽപ്പെടുത്തിയത്.  ഞങ്ങളുടെ ഹെൽമെറ്റിൽ വർത്തമാനം
പറയുന്നതിനായി മൈക്കും സ്പീക്കറും ഘടിപ്പിച്ചിട്ടുണ്ട്(Sena bluetooth headset).
അതുകൊണ്ട് വിവരം അറിയിക്കാന്‍ വലിയ പ്രയാസമില്ല.ഓടിക്കുന്നതിനിടയില്‍
 ഫോൺകാളില്‍ വർത്തമാനം പറയാനും സാധിക്കും. ബ്ലൂ റ്റൂത്ത് വഴി
ആശയസംക്രമണം നടത്തുകയാണ്. ഗ്രൂപ്പ് ആയിട്ട് പോകുമ്പോൾ ഏകദേശം
അഞ്ചു പേരായിട്ട് സംഭാഷണം നടത്താവുന്നതാണ്.

വിദേശ രാജ്യങ്ങളിൽ ഏതൊരു വാഹനത്തിന്റെ പുറകെ
വന്നിടിക്കുകയാണെങ്കിൽ എപ്പോഴും പുറകിലത്തെ വണ്ടിയുടെ
കുഴപ്പമായിട്ടായിരിക്കും കണക്കാക്കുക.ഓടിക്കുമ്പോൾ വണ്ടികൾ തമ്മിൽ
അകലം സൂക്ഷിക്കണമെന്നുള്ളതാണ്, നിയമം.നിയമങ്ങൾ തെറ്റിച്ചതു
കൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക്, നമ്മുടെ നിയമങ്ങൾ എങ്ങനെയാകും
കൈകാര്യം ചെയ്യുക? പുറകിൽ ഇരിക്കുന്നയാൾക്ക് പ്രത്യേകിച്ച് ഒന്നും
ചെയ്യാനില്ലാത്തതിനാൽ , ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളൊക്കെ,
ഞാന്‍  വെറുതെ ചിന്തിച്ചു കൂട്ടി.

ഗ്രാമീണക്കാഴ്ചകളില്‍ ചോളത്തിന്റെയും കരിമ്പിന്റേയും പാടങ്ങളാണ് കണ്ടത്.
അത്തരം പാടങ്ങളുടെ വഴിയുടെ വശത്തായി ചോളം വിൽക്കാനും ചുട്ടു
കൊടുക്കാനുമായി ആളുകൾ ഇരുപ്പുണ്ട്.അങ്ങനെ ചോളം തിന്നു  
കൊണ്ടിരുന്നപ്പോൾ, ' ചായ ഉണ്ടാക്കി തരട്ടെ ' എന്ന് ചോദിച്ചു കൊണ്ട് ഒരാൾ
അടുത്ത വീട്ടിൽ നിന്ന് വന്നു.ഞങ്ങൾ, അവിടത്തെ പുതുമുഖങ്ങളും ബൈക്കും
ഞങ്ങളുടെ വേഷമൊക്കെ കണ്ടു കൊച്ചു വർത്തമാനത്തിനായി വന്നതാണ്.
കാര്യങ്ങളൊക്കെ മനസ്സിലാക്കി കഴിഞ്ഞപ്പോൾ, അവിടെ ഏതാനും കടകളുടെ
പണി നടക്കുന്നുണ്ട്. അതിലൊരെണ്ണം മേടിക്കാനുള്ള നിർബന്ധമായി.
നിങ്ങൾ കേരളത്തിൽ നിന്നും തിരിച്ചു വരുമ്പോഴേക്കും കടയുടെ ഉദ്ഘാടനം
നടത്താമെന്നാണ് പറയുന്നത്.ആ വഴി ദേശീയ പാതയുടെ ഭാഗമാണ്, റോഡിന്റെ
വീതി ഇപ്പോൾ കൂട്ടും. കട തുടങ്ങുന്നതോടെ ഉണ്ടാകുന്ന ലാഭത്തിൻ്റെ കണക്ക് ......
..അയാളിലെ 'കച്ചവടക്കാരൻ' സടകുട​ഞ്ഞെഴുന്നേറ്റു. ഇപ്പോൾ കടയുടെ പണി
നടത്തുന്നവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് തൊഴിൽ. ഒന്നെങ്കിൽ
ചായ അല്ലെങ്കിൽ കട മേടിക്കാനുള്ള നിർബന്ധത്തിലായി.

ആദ്യകാലത്ത് ബറോഡ എന്നറിയപ്പെടുന്ന ഗുജാറാത്തിലെ വഡോദരയിലാണ്
ഞങ്ങളുടെ അടുത്ത താവളം. ഏകദേശം അഞ്ചു മണിയോടെ ഞങ്ങൾ അവിടെ
എത്തിച്ചേർന്നു. ഹോട്ടലിൽ പോയി 'ഫ്രഷ് '  ആയതിനു ശേഷം അടുത്ത കണ്ട
'ഷോപ്പിംഗ് മാളിലോട്ടു  പോയി.  ഇന്ത്യയിലുള്ള  എല്ലാ 'ഷോപ്പിംഗ് മാളിനും
അവിടെ വരുന്നവരും   ഒരേ പോലെ ആണെന്ന് തോന്നുന്നു. സ്ഥിരം കാണുന്ന
ബ്രാൻഡ് കടകളും    sale ന്റെ ബോർഡുകള്‍ക്കും മാറ്റമില്ല. പലരും സമയം
കളയാൻ വന്നവരാണെങ്കിൽ യുവജനങ്ങള്‍ക്ക്  'സെൽഫിയിലാണ് ശ്രദ്ധ.
ഇതൊക്കെ തന്നെയാണ് ഞാന്‍ ഡൽഹി മാളിലും കാണാറുള്ളത്. ഏറ്റവും
മുകളിലത്തെ നിലയിലെ ഫുഡ് കോർട്ടിനും ഒരേ മുഖഛായ തന്നെ.
ഫാസ്റ് ഫുഡ് & പ്രാദേശിക ഭക്ഷണശാലകളാണ്. പതിവു പോലെ
ഫാസ്റ്റ് ഫുഡ് ന്റെ അവിടെയാണ് തിരക്ക്.

കലയുടെ നഗരം കൂടിയാണ് വഡോദര. പാലസും & മ്യൂസിയവും  
ഒക്കെയായി കാണാനേറെയുള്ള സ്ഥലമാണിത്.സമയക്കുറവ് കാരണം ഞങ്ങൾക്ക്
അതിനൊന്നും സാധിച്ചില്ല. ഏകദേശം 1000 കി.മീ നു മേലെ യാത്ര ചെയ്ത
മനസ്സമാധാനത്തോടെ ..........

 18/12/21017

സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ പക്ഷേ വെളിച്ചം വരുന്നതു വരെ
കാത്തിരിക്കാനോന്നും  വഡോദരയിലുള്ളവർക്ക് സമയമില്ല.വലിയൊരു
ശതമാനം ആൾക്കാരും രാവിലത്തെ വ്യായാമത്തിന്റെ ഭാഗമായിട്ടുള്ള
നടത്തത്തിലാണ്.ചിലരുടെ കൈയ്യിൽ വലിയ വടിയുമുണ്ട്. അത് എന്തിനാണെന്ന്
മനസ്സിലായില്ല. ചിലപ്പോൾ പട്ടിയെ ഓടിക്കാനായിരിക്കും.ഈ വക
കാഴ്ചകളൊക്കെ നഗരത്തിലെ പുലർക്കാഴ്ചകളായി മാറിയിരിക്കുന്നു.  
ഗുജാറാത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരമാണ്,
വഡോദര.

ചിലപ്പോൾ അങ്ങനെയാണ്, നമ്മുടെ മനസ്സിലെ ചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ,
പണ്ട് നടന്ന ഭൂമികുലുക്കവും അതിനെ തുടർന്ന് ടി. വി യിൽ കണ്ട
 ദയനീയക്കാഴ്ചകളുമാണ് ഗുജറാത്ത് എന്നു പറയുമ്പോൾ മനസ്സിൽ തെളിയുന്നത്.
അതിനെല്ലാം വ്യത്യസ്തമായി കുണ്ടും കുഴികളുമില്ലാത്ത മനോഹരമായ ആറു
വരി പാതയുള്ള ദേശീയ പാത .യാത്രക്കാരുടെ സൗകര്യങ്ങൾക്കായുള്ള
ഭക്ഷണശാലകളും മറ്റും സര്‍വീസ് റോഡില്‍ . ആ സ്ഥലത്തെപ്പ റ്റിയുള്ള
വിവരണമായിട്ടുള്ള ബോർഡുകൾ ദേശീയപാതയിൽ.പാതയിൽ സാധാരണ
കാണുന്ന അടയാളങ്ങളിൽ നിന്നു പുറമേ 'lane' തുടങ്ങുകയും
അവസാനിക്കുന്നതിനുമുൻപേയുള്ള ചെരിഞ്ഞ വരകളും. ആകെ
അന്താരാഷ്‌ട്രീയ ശൈലി. എങ്കിലും ഓടിക്കുന്നവർ ആ ശൈലിയിൽ അല്ല എന്നു
മാത്രം.

പ്രഭാത ഭക്ഷണം കഴിക്കാനായി ചെന്ന സ്ഥലത്ത് ബൈക്കിൽ ദൂരെ യാത്ര
ചെയ്യുന്ന മറ്റൊരു ദമ്പതിന്മാരെയും കണ്ടുമുട്ടി. അവരുമായുള്ള
കുശലാന്വേഷണത്തിൽ നിന്നും അവർ വരുന്നത്, ഞങ്ങൾ
താമസിക്കുന്നതിന്റെയടുത്തും പോകുന്നത് 'ഗോവ' വഴി കണ്ണൂരിലോട്ടും.ഈ
യാത്ര തുടങ്ങുന്നതിനു മുൻപ് കേരളം വരെ ഇതു പോലെ യാത്ര ചെയ്യാൻ
ദമ്പതിന്മാരുണ്ടെങ്കിൽ നല്ലതാണെന്നുള്ള എൻ്റെ അഭിപ്രായത്തിൽ
കൂട്ടുകാർക്കിടയിൽ അന്വേഷിച്ചതാണ്. 3000 കി.മീ എന്ന കാരണത്താല്‍  പലരും
മടിച്ചു.ഇങ്ങനത്തെ സാഹസങ്ങളൊക്കെ മലയാളികൾക്കു മാത്രം
പറഞ്ഞിട്ടുള്ളതാണോ ?


'സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കരുത്' എന്നാണെങ്കിലും ബൈക്ക്
ഓടിക്കാൻ തുടങ്ങുന്നതോടെ വേഗതയുടെ കാര്യത്തിലും വെട്ടിക്കുന്നതിന്റെ
കാര്യത്തിലും ഒട്ടും മോശമല്ല, ഓടിക്കുന്നയാള്‍.അപ്പോൾ വേഗമത്സരത്തിനായി
പ്രകോപിച്ചാലോ?,കൈയ്യിലൂടെ ഹെൽമെറ്റ് ഇട്ട് വെള്ള ഷർട്ടും ജീൻസും ധരിച്ച
യുവാവും പുറകിൽ വല്ല ഒരു മീറ്റർ തുണി കൊണ്ട് തലയും മുഖവും മൂടിയ
യുവതിയുമാണ് ബൈക്കിന്റെ പുറകിൽ ഇരിക്കുന്നത്. ഞങ്ങളാണെങ്കിൽ
മുൻകരുതൽ എടുക്കുന്നത്  തലക്ക് മാത്രമല്ല പകരം ശരീരത്തിന്റെ ഒരോ
എല്ലുകളേയും സംരക്ഷിക്കാനുള്ള കവചങ്ങളിലാണ്. കാൽമുട്ടുകൾ
കൈമുട്ടുകൾ തോളെല്ലുകൾ .... എല്ലായിടത്തും രക്ഷാകവചങ്ങളോട്
കൂടെയുള്ള ജാക്കറ്റ് ഗ്ലൗസ്സ്, ഹെൽമെറ്റ്‌,ബൂട്ട്സ്സ് പോലത്തെ ഷൂസ്, എല്ലാം കൂടെ
ധരിച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ, എനിക്ക് എന്നെ തന്നെ മനസ്സിലാവാത്ത
രൂപം.ഏന്തോ "Iron Man/ Woman യിലെ കഥാപാത്രം പോലെയാണ്.

ഓരോ  രക്ഷാകവചങ്ങളിലും "ബ്രാൻഡ്" കൾക്ക് ആളുകൾ   പ്രാധാന്യം
കൊടുക്കാറുണ്ട് .ARAI or SHOEI യുടെ ഹെൽമെറ്റിന് ഏകദേശം 2 ലക്ഷം രൂപ
വിലയുണ്ടെന്നാണ് പറയുന്നത് അങ്ങനെ തലമുതൽ ഷൂസ് വരെ പലതരം
ഉല്പന്നനാമങ്ങളുടെ പ്രദര്‍ശനമാണ്. ഈ വക സാധനങ്ങൾക്കുവേണ്ടി പൈസ
ചിലവാക്കാൻ വൈമുഖ്യമുള്ള എന്നോട് പലരും കളിയാക്കി ചോദിച്ചത്,
'നിനക്ക് തലയില്ലെങ്കിൽ ഈ പൈസയൊക്കെ കൈയ്യിൽ സൂക്ഷിച്ചിട്ട്,
എന്തു കാര്യം' എന്നുള്ളതാണ്.അതുകാരണം ഞാനും എൻ്റെ ജാക്കറ്റിന്റെയും
ഹെൽമെറ്റ്- ന്റേയും നിലവാരമുയർത്തി.ഇതു കൊണ്ടൊക്കെ ഉപകാരപ്പെടുമോ
എന്നറിയില്ല, എന്നാലും.

ഏകദേശം അര- മുക്കാൽ മണിക്കൂർ ആയിട്ടും രണ്ടു കൂട്ടരും  അന്തോം
കുന്തോവുമില്ലാതെ ആവേശത്തിന് കുറവില്ലായിരുന്നു.ഓരോ പ്രാവശ്യവും
ഒരാൾ മറ്റയാളെ പിന്നിലാക്കുമ്പോൾ 'Thumbs up' കാണിച്ചാണ് യാത്ര. രണ്ടു പേരും  
ആസ്വദിച്ചുള്ള മത്സരത്തിലാണ്. പുറകിൽ ഇരിക്കുന്നവരുടെ കാര്യം
എങ്ങനെയെന്ന് എനിക്കറിഞ്ഞു കൂടാ.

സാധാരണ സിനിമയിൽ അപകടങ്ങൾ വരാൻ പോകുന്ന സമയത്ത്
നായകൻ / നായിക വെള്ള വസ്ത്രമായിരിക്കും ധരിച്ചിരിക്കുക. അല്ലെങ്കിലും
അനാവശ്യചിന്തകൾ റബ്ബർ പന്തു പോലെയാണല്ലോ, എത്ര കണ്ടു ആഴത്തിൽ
താഴ്ത്തിയിടാൻ ശ്രമിക്കുമ്പോൾ അത് വാശിയോടെ തിരിച്ചു വരുമല്ലോ,
എല്ലാം കൂടെ എനിക്ക് പേടിയാവാൻ തുടങ്ങി. ഗതികെട്ട് ഞാൻ പറഞ്ഞു
' നിങ്ങൾ മിക്കവാറും അവരെ കൊല്ലും, അവരുടെ തലയിൽ ഹെൽമെറ്റ്
പോലുമില്ല'.എന്തോ,  ഞാൻ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് തോന്നിയതു
കൊണ്ടാകും. 'Thumbs up' കാണിച്ച്, ഞങ്ങൾ പിൻവാങ്ങി. ഹാവൂ!കനലിൽ
വെള്ളം കോരി ഒഴിച്ചതു പോലത്തെ ഒരാശ്വാസം.

ഡൽഹിയിൽ കൂട്ടുകാരുമായി ബൈക്കിലെ സവാരിക്കിറങ്ങുമ്പോൾ, ചിലരുടെ
ഭാര്യന്മാരും എന്നെപ്പോലെ വരാറുണ്ട്.ഞങ്ങളുടെ "Iron  Woman പോലത്തെ
വേഷങ്ങൾ കാണുമ്പോൾ, പലരും ചോദിക്കാറുണ്ട്, 'നിങ്ങളും ബൈക്ക് 'ride'
ചെയ്യാറുണ്ടോ? ' കൂട്ടുകാരി പറയാറുണ്ട്, ' ഇല്ല, ഞങ്ങൾ പുറകിൽ ഇരുന്ന് ഇവരെ
'ride' ചെയ്യാറാണ് പതിവ്.തമാശക്കാണ് അങ്ങനെ പറയാറുള്ളതെങ്കിലും …………..
ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഓരോ സാഹചര്യങ്ങള്‍!

അനുഭവസ്ഥരിൽ പലരും ഒരു പേടിസ്വപ്നം പോലെ പറഞ്ഞത്, താനെ പാല
( Thane bridge) ത്തിലെ വാഹനത്തിരക്കിനെക്കുറിച്ചായിരുന്നു.ഉച്ച
കഴിയുന്നതോടെ കൂടുതൽ വഷളാവും എന്ന മുന്നറിയിപ്പും
തന്നിട്ടുള്ളതുകാരണം എത്രയും വേഗം അതു കടന്നു കിട്ടുക എന്നതാണ്,
അടുത്ത ലക്ഷ്യം.ആ പാലം കടക്കുന്നതോടെ നമ്മൾ 'മുംബൈ’ നഗരത്തിലോട്ട്
ചെന്നു വീഴുകയാണ്.

ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്.
ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു.
ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം
കൂടിയാണ്‌. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്‌
. മുംബൈ ഇന്ത്യയുടെ വ്യാപാര വിനോദ തലസ്ഥാനം കൂടിയാണ്‌. അങ്ങനെ
വിശേഷതകള്‍ ഏറെയുണ്ടെങ്കിലും  അതിൻ്റെ അഹങ്കാരമൊന്നും ആ
സ്ഥലത്തിനോ അവിടെയുള്ളവർക്കോ ഇല്ല.അഹങ്കാരം കാണിക്കാനൊന്നും
ആർക്കും സമയമില്ല എന്നുള്ളതാണ് സത്യം.എല്ലാവരും ഓടുകയാണ്.
ഓട്ടമത്സരത്തിൽ 120 -150 ഓടിച്ചിരുന്ന ആൾക്ക് 10 -30 ഓടിക്കാൻ പോലും
സാധിക്കാത്ത അവസ്ഥ.ഞങ്ങളുടെ വേഷവും സൂര്യൻ തലയ്ക്ക്
മുകളിലെത്തിയതു കൊണ്ടും ശരിക്കും പ്രഷർകുക്കറിനകത്ത് ഇരിക്കുന്നതു
പോലെയായി.

അവിടെയുള്ള ഏതാനും കൂട്ടുകാരുടെ ഇടയില്‍ ഇരുന്നപ്പോള്‍, അന്നും
അങ്ങനെയായിരുന്നു ഞാന്‍, കൂട്ടുകാരെല്ലാം ഹിന്ദി, ഇംഗ്ലീഷ്
മലയാളമൊക്കെയായി എന്തൊക്കെയോ പറയും പകുതി മനസ്സിലാവും
പകുതിയിലേറെ മനസ്സിലാകാതെ അവരെയെല്ലാം അന്തംവിട്ടു
നോക്കിയിരിക്കാറാണു പതിവ്.ഏകദേശം ഇരുപത് വര്‍ഷത്തിനു മുന്‍പ്
കേരളത്തിനു പുറത്തോട്ടുള്ള ആദ്യത്തെ  യാത്രയായിരുന്നു, അന്നത്തേത്.
ആ ദിവസങ്ങളിൽ നിന്നും ഞാൻ ഒരു പാട് മാറി. പക്ഷെ മുംബൈക്കോ
കൂട്ടുകാർക്കോ വലിയ മാറ്റം ഒന്നും വന്നിട്ടില്ല. ഓഹരി വിപണിയാണ്
അന്നത്തേയും ഇന്നത്തേയും പ്രധാന സംസാരവിഷയം. ഓഹരിയും
ഓഹരിവിപണിയും അവിടെയുള്ളവരുടെ രക്തത്തിൽ അലിഞ്ഞിതു
പോലെയാണ്. പതിവു ചടങ്ങായിട്ടുള്ള ജീവിതവും ജോലിയിലെ മര്യാദയില്ലാത്ത
നയങ്ങളും  നഷ്ടസ്വപ്‌നങ്ങളുമൊക്കെയായി മിക്കവരും ദു:ഖിതരാണ്. പലരും
ജോലിയിൽ നിന്നു വിരമിക്കാനുള്ള ദിവസങ്ങൾ എണ്ണിയിരിക്കുന്നു.അവരുടെ
ഇടയിൽ ഇരുന്നപ്പോൾ എനിക്കും പത്തോ - ഇരുപതോ വയസ്സു കൂടിയതു പോലെ.

ഇല്ല, എന്തു പറഞ്ഞാലും അനുസരിക്കില്ല എന്ന മട്ടായിരുന്നു ഞങ്ങൾ gps നോട്.
മുബൈ - പൂനെ ദേശീയ പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് അനുമതിയില്ല
എന്നതാണ് കാരണം. അറിയാതെ എങ്ങാനും  ആ വഴി ഉപയോഗിച്ചാൽ,
പിഴ ഇനത്തിൽ പോലീസ് വലിയ ഒരു സംഖ്യ ഈടാക്കുന്നതാണ്. അത്രയും നാളും
gps നെ നമിച്ചു യാത്ര ചെയ്തിരുന്ന ഞങ്ങൾക്ക് അനുസരിക്കാൻ
നിവൃത്തിയില്ലാതെയായി. കുണ്ടും കുഴിയുകളുമുള്ള റോഡ് തന്നെയാണ്
ഞങ്ങൾക്ക് ശരണം.മുബൈക്കാരുടെ പേരു കേട്ട 'ഹിൽ സ്റ്റേഷനാണ്',
'ലോണാവാല'. എനിക്ക് പത്തു വയസ്സു കൂടിയതു കൊണ്ടാണെന്ന് തോന്നുന്നു,
എന്തോ അങ്ങോട്ട് പോകാനൊന്നും തോന്നിയില്ല.പൂനെയിൽ താമസിക്കാനാണ്,
ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

18/12/2018

പൂനെ യിലെ ദേശീയ പാതയുടെ വഴിയോരത്ത് കണ്ട 'കാമത്ത്'
ഭക്ഷണശാല യിലിരുന്ന് ദോശയും സ്റ്റീൽ ഗ്ലാസ്സും അതിനടിയിലെ
പാത്രത്തിലുമായി കാപ്പി ആറ്റി തണുപ്പിച്ച് കുടിച്ചപ്പോൾ,  എവിടെ നിന്നോ വന്ന
ആ കാറ്റിന് 'South India' യുടെ വാത്സല്യം. ചുറ്റുമിരിക്കുന്നവരിൽ ഇന്നത്തെ
യുവത്വമൊക്കെ 'മോഡേൺ' എന്ന ഒരു കുടക്കീഴിൽ വരുമ്പോൾ പ്രായമായ
സ്ത്രീകളിൽ പലരും തലമുടി നിറയെ പൂവും നെറ്റിയിലെ പൊട്ടും മൂക്കിലെ
വലിയ മൂക്കുത്തിയും പൊതുവെ ജീവിതം തീർന്നു തുടങ്ങിയെന്ന മട്ടിലുള്ള
മുഖഭാവവും ഓരോ കാലഘട്ടങ്ങളെ ഓർമ്മിപ്പിക്കുന്നു.ചുറ്റുമുള്ളവർക്കും
പരിഗണന കൊടുക്കുന്ന രീതിയിലുള്ള അവിടത്തെ ആളുകളുടെ പെരുമാറ്റം,
എന്തോ ആദ്യമായിട്ടാണ് 'നോർത്ത് & സൗത്ത്' എന്ന വ്യത്യസ്തത എനിക്ക്
അനുഭവപ്പെട്ടത്.

മനോഹരമായ പാത, അധികം വാഹനങ്ങളുമില്ല.പെട്ടെന്ന് ദൈവത്തെ വിളിച്ചു
ഞാൻ കണ്ണടച്ചു.വണ്ടിയുടെ വേഗത ഒരു പൊടി കുറഞ്ഞുവോ, എന്താണ്
കാണേണ്ടി വരുക എന്നറിഞ്ഞു കൂടാ.ഏതാനും സെക്കന്റുകൾ കഴിഞ്ഞപ്പോൾ
അദ്ദേഹം പറഞ്ഞു, 'രക്ഷപ്പെട്ടു'. ഒരു ചെറിയ പട്ടിക്കുട്ടി ആയിരുന്നു.
റോഡ് ക്രോസ്സ് ചെയ്യാനായി വന്നു. വണ്ടികളുടെ ബഹളം കേട്ടായിരിക്കും തിരിച്ചു
പോകും പിന്നെയും തിരിച്ചു വരും.അവസാനം പട്ടിക്കുട്ടിക്ക് ഒരു
തീരുമാനത്തിലെത്താൻ കഴിഞ്ഞത് ഞങ്ങളുടെ ബൈക്കിന്റെ മുൻപിലുടെ
ഓടിയാണ്.

കണ്ണടയ്ക്കുന്നത് ഇതാദ്യമല്ല.വളരെ സാവധാനത്തിൽ സാമാനം കൊണ്ടു
പോകുന്ന നീളമുള്ള ലോറി, വശത്തിലെ  ഇട്ടാവിട്ട സ്ഥലത്തുകൂടെയുള്ള
'ഓവർ ടേക്ക്' മുന്നോട്ട് പോകുതോറും ലോറിയുടെ നീളം കൂടുകയാണോ
എന്ന് തോന്നി പോയി.അതുപോലെ ട്രക്ക് ക്കാരുടെ പെട്ടെന്നുള്ള 'lane' മാറ്റവും
പുറകിലിരിക്കുന്ന എനിക്ക് കണ്ണടയ്ക്കാനേ നിവൃത്തിയുള്ളൂ.
ഇങ്ങനെയൊക്കെയാണെങ്കിലും കാർ, ബൈക്ക് ഓടിക്കുന്നവരെ വെച്ച്  ട്രക്ക്
ഓടിക്കുന്നവർ മര്യാദക്കാരായിട്ടാണ് തോന്നിയിട്ടുള്ളത്. അവർ വശങ്ങളിലുള്ള
'mirror' നോക്കാറുണ്ട്.

'ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും - ചെരുപ്പ്'.കോലാപ്പൂർ,
നെ കുറിച്ച് എനിക്കറിയാവുന്ന ഒന്നാണ് 'കോലാപ്പൂർ ചെരുപ്പ്. പണ്ട് സ്ഥിരം
കോളേജിലേക്ക് ഇട്ടിരുന്നതാണ്. നല്ല ഈടും ഉറപ്പുമുള്ളതാണ് പക്ഷെ വെള്ളം
നനഞ്ഞാൽ തഥൈവ.അവിടെയാണ് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചത്.

Jainism, അവർക്കുള്ള ഭക്ഷണവും അവിടെ വിളമ്പുന്നതാണ് എന്ന ബോർഡ്
കണ്ടു.
ഈ യാത്രയിൽ ആദ്യമായാണ് ഇങ്ങനത്തെ ഒരു ബോർഡ് കാണുന്നത്. Jainism,
വളരെ പഴയ മതമാണ്. അഹിംസയിൽ അടിയുറച്ച് വിശ്വസിക്കുന്നു.
അവർ സസ്യഭുക്കുകളാണ്. അതിനുപുറമെ ഉള്ളി ഉറുളക്കിഴങ്ങു അങ്ങനെ
മണ്ണിനടിയിൽ വളരുന്നതൊന്നും കഴിക്കാറില്ല. പണ്ട് ഈ വിശ്വാസത്തിൽപ്പെട്ട
കൂട്ടുകാരിയും കുടുംബവും വന്നപ്പോൾ, ഭക്ഷണം ഉണ്ടാകാനായിട്ടു ഉള്ളി
അരിഞ്ഞ് കണ്ണീർ വാർക്കേണ്ടി വന്നില്ല പകരം എണ്ണയിലേക്ക് എല്ലാ പൊടികളും
പച്ചക്കറികളും മാത്രം ഇട്ടു വേവിച്ചെടുത്താൽ മതി. സംഗതി നല്ല എളുപ്പമായി
തോന്നിയിട്ടുണ്ട്.

അന്ന് ഞങ്ങൾ കർണ്ണാടകയിലുള്ള 'Hubili'യില്‍  താമസിക്കാനാണ്
വിചാരിച്ചിരുന്നത്. അതിനുള്ള സൗകര്യം മുൻപേ ഏർപ്പാട് ചെയ്യാത്തതു കൊണ്ട്,
ഗൂഗിൾ & സേർച് ആയി അദ്ദേഹം തിരക്കിലായപ്പോൾ,  'നൊസ്റ്റാൾജിയ' യുടെ
ഭാഗമായി ഒരു ജോടി 'കോലാപ്പൂർ ചെരുപ്പ്' സംഘടിപ്പിക്കാനുള്ള
തിരക്കിലായിരുന്നു, ഞാൻ.

ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ നേരത്ത് പലര്‍ക്കും അറിയേണ്ടത് മുറിയില്‍ നിന്ന്
വെള്ളം (Unkal lake) കാണുന്ന തരത്തിലെ മുറി വേണോ എന്നതാണ്.
വെള്ളം (Unkal lake) കാണുന്നതും അല്ലാത്തതുമായ മുറികളുടെ വിലക്ക്
വളരെയധികം വ്യത്യാസമുണ്ട്. ആ വ്യത്യാസം മനസ്സിലായത് രാവിലത്തെ
മനോഹരമായ സൂര്യോദയം കണ്ടപ്പോള്‍ ആണ്.


19/12/2017

നീണ്ട യാത്രക്ക് സമ്മതം മൂളിയതോടെ ഒരു പ്രോജക്ടിന്റെ ആരംഭമായി.
ആദ്യംതന്നെ ഏത് വഴി തിരഞ്ഞെടുക്കണം എന്നതായിരുന്നു.പോകുന്ന
വഴിയെപ്പറ്റി, അവിടത്തെ ഗതാഗതത്തിരക്കുകൾ , സുരക്ഷിതത്വം അങ്ങനെ
ചിന്തിച്ചുകൂട്ടാൻ ഒരുപാടുകാര്യങ്ങളുണ്ട്.ഗൂഗിൾ & ബൈക്കിൽ യാത്ര
ചെയ്യുന്നവരുടെ വാട്ട്സ് ഗ്രൂപ്പിലുള്ളവരുടെ നിർദ്ദേശങ്ങളും അനുഭവങ്ങളും
അഭിപ്രായങ്ങളുമെല്ലാം ഒരു തീരുമാനമെടുക്കാൻ സഹായകമായി.

ഫസ്റ്റ് എയ്ഡ്, എന്ന് പറയുന്നതുപോലെ വണ്ടിക്ക് യാത്രയിൽ സംഭവിക്കാൻ
സാധ്യതയുള്ള ചെറുതകരാറുകൾക്കായുള്ള  ഉപകരണങ്ങളുടെ ടൂൾ കിറ്റ്.
ട്യൂബ് ലെസ്സ് ടയർ ആയതുകൊണ്ട് എയർ പമ്പ്.അങ്ങനത്തെ എല്ലാ
സാമഗ്രികളുമൊക്കെയായി എട്ട് കിലോ ഉണ്ട്.വാട്ട്സ് അപ്പ് ഗ്രൂപ്പിലെ ആരുടെയോ
ബൈക്കിന്റെ ചക്രത്തിൽ ആണി കേറിയതിന്റെ ഭാഗമായിട്ടുള്ള
കഷ്ടപ്പാടുകളും ശരിയാക്കിയതുമൊക്കെ വലിയ ചർച്ച ആയതുകൊണ്ട്,
എങ്ങനെ ശരിയാക്കാം എന്നതിനെക്കുറിച്ചുള്ള യൂ-ട്യൂബ് ഡൌൺലോഡ് ചെയ്തു
വെച്ചു..തുണിയും മറ്റു സാധനങ്ങളും എല്ലാം അളന്നും തൂക്കിയുമാണ്
എടുത്തിരിക്കുന്നത്. മൊത്തം 40kg.

ബാക്ക് പാക്കുമായി ദൂരെ യാത്രചെയ്യാൻ ബുദ്ധിമുട്ടാണ്.അതിനുയോജ്യമായ
'സാഡിൽ ബാഗ്/ ബോക്സ്' ആണു അനുയോജ്യം.അത് സംഘടിപ്പിക്കാനായിട്ടുള്ള
അന്വേഷണത്തിലാണ്, അങ്ങനത്തെ ബാഗ് മാത്രമല്ല ബൈക്ക്, നമ്മുക്ക് വേണ്ട
ഹെൽമെറ്റ്, സുരക്ഷിതത്തിനായി വേണ്ട എല്ലാ ചമയങ്ങളും
വാടകക്ക് കിട്ടുന്നതാണ്.അവർ യാത്രകളും നടത്തിക്കൊടുക്കുന്നതാണ്.

എൻ്റെ ടീനേജു പ്രായത്തിൽ ബൈക്കിൽ പോകുന്ന ചുള്ളന്മാരെ
നോക്കുകയെന്നല്ലാതെ, ഈ മോട്ടോർ ബൈക്കുകളുമായിട്ട് എനിക്ക് വലിയ
അടുപ്പമൊന്നുമില്ലായിരുന്നു. അന്നൊന്നും ഇങ്ങനെയാരും യാത്ര ചെയ്തതായിട്ട്‌
അറിവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ,ഈ വക വിവരങ്ങളൊക്കെ പുതുമ
നിറഞ്ഞതായിരുന്നു

ഹൂബ്ലിയിൽ താമസിച്ച സ്ഥലത്തിനടുത്തായി   വലിയ whole sale market -യിൽ
ഷോപ്പിംഗിനായി അവസരമുണ്ടായിരുന്നെങ്കിലും എന്തിനോവേണ്ടി
പിണങ്ങിനിൽക്കുന്ന കുട്ടിയെപ്പോലെയായിരുന്നു എല്ലായിടത്തും. ഏകദേശം
2000കി.മീ കഴിഞ്ഞു. ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്,മഹാരാഷ്ട്ര എന്നീ
സംസ്ഥാനങ്ങൾ പിന്നിട്ടെങ്കിലും ഒരു മൊട്ടുസൂചിപോലും മേടിച്ചില്ല.
നൊസ്റ്റാൾജിയായിരുന്ന 'കോലാപൂർ ചെരുപ്പിനായി വിലപേശൽ
നടത്തിയെങ്കിലും സ്ഥലമില്ല എന്നതിനാൽ   ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി
വന്നു. ബൈക്ക് യാത്രയുടെ ദോഷം എന്നു വേണമെങ്കില്‍ പറയാം.

പ്രഭാതഭക്ഷണത്തിൽ പ്രധാനമായും ഉപ്പുമാവുകളുടെ വൈവിധ്യമാണ് കണ്ടത്.
മൂന്നു തരം - റവയുടെ മധുരമുള്ളത് / അല്ലാത്തത് / സേമിയാ. എല്ലാം നല്ല
രുചിയുണ്ട്. പതിവുപോലെ ഹോട്ടലിലെ ജീവനക്കാരും സെക്യൂരിറ്റിക്കാരും
ഞങ്ങളെ യാത്ര അയക്കാനുണ്ടായിരുന്നു.

ദേശീയപാതയിൽ ധാരാളം ദീർഘദൂരബൈക്കുയാത്രക്കാരെ കൂട്ടമായും
ഒറ്റയ്ക്കായും പോകുന്നത് കാണാം. അടുപ്പിച്ചുള്ള നാലഞ്ചു ദിവസത്തെ യാത്ര,
ദേഹം ആകെ കുലുക്കി എടുത്തിട്ടുണ്ട്.ഒരു മണിക്കൂറിൽ കൂടുതലൊന്നും
ബൈക്കിൽ ഇരിക്കാൻ പറ്റാതെയായി.എല്ലാ 100കി.മി .യിലും 15 മിനിറ്റ് വിശ്രമം
വേണമെന്നായി.ഗുജറാത്ത് പോലെ നമ്മൾ വിചാരിക്കുന്നയിടത്ത് ലഘുഭക്ഷണ
ശാലകൾ(cafe) ഇല്ലാത്തതും ബുദ്ധിമുട്ടായി.കഫേ കളിൽ മുൻപരിചയമില്ലെങ്കിലും
'റൈഡേഴ്‌സ്' എന്ന ലേബലിൽ പല ബൈക്ക് യാത്രക്കാരും അല്ലാത്തവരും  
ഞങ്ങൾ വന്നതും പോകുന്നതുമായ സ്ഥലങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചും
അനുഭവങ്ങളെക്കുറിച്ചും വാചാലരായി.. കൂട്ടത്തില്‍ പോണ്ടിച്ചേരി യിലേക്ക്
പോകുന്ന ഒരു വിദേശിയുമുണ്ടായിരുന്നു. ഫ്രഞ്ചുകാരാനാണദ്ദേഹം.

അല്ലെങ്കിലും യാത്രകൾ അങ്ങനെയാണ്, പ്രത്യേകിച്ച് പുതുമകൾ ഒന്നുമില്ലാത്ത
കാഴ്ചകളുമായിട്ട് ഇരുന്നപ്പോഴാണ്, Wind’s energy' ക്കായി വെച്ചിരിക്കുന്ന
വൈദ്യുതിയുത്പാദനകേന്ദ്രങ്ങൾ നിരയായി വെച്ചിരിക്കുന്നത് കണ്ടത്.
കുഴലാകൃതിയിലുള്ള വലിയൊരു ദണ്ഡും അതിൽ ഘടിപ്പിച്ചിരിക്കുന്ന മൂന്ന്
ബ്ലേഡുകളും. ദൂരെ ഫാൻപോലെ കറങ്ങുന്നതു കാണാൻ നല്ല ഭംഗിയുണ്ട്.
പിന്നീട് വഴിയിൽ അതിൻ്റെ ഓരോ ബ്ലേഡുകൾ ട്രക്കിൽ കൊണ്ടുപോകുന്നത്
കാണാം.ബ്ലേഡിന്റെ വലുപ്പം നമ്മൾ ദൂരെ നിന്ന് കാണുന്നത് പോലെയല്ല.
ഭീമമായവ.ഇന്ത്യയുടെ ഏറ്റവും വലിയ 5 'Wind farm ' യിൽ ഒന്നാണ്,
കർണ്ണാടകയിലുള്ളത്.അത് എനിക്ക് ഒരു പുതിയ അറിവാണ്.

……
…………………………………………………...
'എന്നാലൊന്നു കാണട്ടെ' എന്ന മട്ടിൽ അയാളും എന്തു ചെയ്യണമെന്നറിയാതെ
ഞങ്ങളും.സാധാരണ 2 -3 ചക്രവാഹനങ്ങൾക്ക് 'ടോൾ' കൊടുക്കേണ്ടതില്ല.
അതിനായിട്ട് വളരെ വീതി കുറഞ്ഞ പാതകൾ ഏറ്റവും ഇടതുഭാഗത്തായിട്ടുണ്ട്.
പക്ഷേ ബാംഗ്ലൂരിലേക്ക് കേറുന്നതിനു മുമ്പായിട്ടുള്ള ടോളിന്റെയവിടെ പതിവു
പോലെ ആ lane ചെന്നപ്പോൾ, അവിടത്തെ ജീവനക്കാരൻ അടുത്തുള്ള വലിയ
സ്ളാബ് വെച്ച് ആ പാത അടച്ചിട്ട് ഞങ്ങളെ നോക്കി നിൽപ്പായി. വണ്ടിയുടെ
രജിസ്ട്രേഷനിൽനിന്നു ഞങ്ങൾ അവിടത്തുകാരല്ല എന്നറിയാം.അവിടെ 'ടോൾ  
കൊടുക്കണം. അത് പറഞ്ഞാൽ മതി അല്ലാതെ ഞങ്ങളെ നോക്കിനിൽക്കുമ്പോൾ,
മർക്കടമുഷ്ടി എന്നേ പറയാൻ പറ്റൂ.

ബാംഗ്ലൂരിലെ 'ഇലക്ട്രോണിക് സിറ്റി ' യിലാണ്, അന്നത്തെ ഞങ്ങളുടെ താവളം.
ഇനി 548കി.മീ മാത്രം !

20/12/2017

ഒരു കൂട്ടം ഐ. ടി. ഓഫീസുകളുള്ള 'ഇലക്ട്രോണിക് സിറ്റി'.
വൈകുന്നേരമായതോടെ, ഒരു കംപ്യൂട്ടർ ബാഗും കഴുത്തിൽ 'ഐഡി കാർഡ്
' മാലയായിട്ട്, ആണും പെണ്ണും കൂട്ടം കൂടി നടക്കുന്നതു കാണുമ്പോൾ, ഏതോ
കോളേജ് കാമ്പസ്സുകളിൽ ചെന്നുപ്പെട്ടപ്പോലെ.

പണ്ടു സ്കൂൾ കുട്ടിയായിരുന്ന കാലത്ത്, ബാംഗ്ലൂരിലേക്കുള്ള വരവ് ഇന്നും
ഓർക്കുന്നു.ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്ത അന്നുമുതൽ ആ യാത്ര സ്വപ്നം
കാണാൻ തുടങ്ങിയിരുന്നു.അതും തിരുവനന്തപുരത്ത് നിന്നു യാത്ര
പുറപ്പെടുമ്പോൾ, തീവണ്ടിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും
ഉറങ്ങുന്നതുമൊക്കെയായി ഭാവന ചെയ്തെടുക്കാൻ ഏറെയുണ്ട്.അന്ന്
താമസിച്ചത് അവിടത്തെ പേരുകേട്ട പെൺകുട്ടികളുടെ കോളേജിന്റെ
അടുത്തായിരുന്നു.ജീൻസും മിഡിയും സ്ലീവെലെസ്സ് ഉടുപ്പുകളും ഹീൽസ്സ്
ചെരുപ്പുമൊക്കെ ധരിച്ചിരുന്ന കോളേജ് കുമാരികളെ കണ്ട്, ഏതോ
അന്യഗ്രഹത്തിൽ വന്നതു പോലെയായിരുന്നു, ഞാൻ. വർഷങ്ങൾക്കു
ശേഷം അന്ന്, അവിടെയുള്ള  ഐസ്-ക്രീം പാർലറിൽ ഇരുന്ന് ചുറ്റുമുള്ളവരെ
വീക്ഷിച്ചുകൊണ്ട് ഐസ്- ക്രീം കഴിക്കുമ്പോൾ,അവരുടെ ജോലിയെപ്പറ്റിയും
 അമേരിക്കയിലോ - U.K യിലോ ഉള്ള അവരുടെ മേലുദ്യോഗസ്ഥരെ പറ്റിയും
പറയുന്നതു കേൾക്കുമ്പോൾ , ഇന്നും അവരോടുള്ള എൻ്റെ
മനോഭാവത്തിന് മാറ്റമില്ല. മനസ്സിൽ ബാംഗ്ലൂരിന് അന്നും ഇന്നും
മധുര പതിനേഴ്!

പിറ്റേ ദിവസം, അന്ന് വീട്ടിലെത്തുമെന്നോർക്കുമ്പോൾ തന്നെ മൾട്ടിവിറ്റാമിൻ
ഗുളിക കഴിച്ചപോലെ, എവിടെ നിന്നോ ഒരു പ്രത്യേക ഉത്സാഹം.വരുന്ന
വഴിയിലെ ഭക്ഷണശാലകളുടെ 'ലൊക്കേഷൻ, Whats app ഗ്രൂപ്പിലെ ചിലർ
അയച്ചു തന്നു.അതിൻ്റെ ആവശ്യമുണ്ടോ? വിശക്കുമ്പോൾ കാണുന്ന സ്ഥലത്ത്
കഴിക്കുക അതാണ്, എൻ്റെ നയം. അതൊക്കെയല്ലേ യാത്രയുടെ വശ്യത.
പക്ഷെ പിന്നീട് ആ വിവരണങ്ങൾ യാത്രയിൽ വളരെയധികം ഉപയോഗപ്പെട്ടു.
ഭാര്യയുമായിട്ട് ഇപ്പോഴും ‘talking terms’ആണോ എന്നാണ്, ഗ്രൂപ്പിലെ
മറ്റൊരാൾക്ക് അറിയേണ്ടത്.

കർണ്ണാടക, ആന്ധ്ര, തമിഴ്നാട്, കേരളം,കൂട്ടത്തിൽ ഞങ്ങളും എല്ലാ
റെജിസ്ട്രേഷനുമുള്ള വണ്ടികളേയും ഒരേ പോലെ സ്വീകരിക്കാൻ
റെഡിയായിട്ടാണ് സേലം ഹൈവേ.പിന്നിലുള്ള വാഹനങ്ങളെ ഇടത്തു
നിന്നോ വലത്തു നിന്നോ മുന്നോട്ടു പോകാൻ സമ്മതിക്കാതെ, സമാന്തരമായി
ഭാരമുള്ള രണ്ടു ട്രക്കുകൾ ഏന്തി വലിഞ്ഞ് കേറ്റം കയറി വരുമ്പോൾ,
എല്ലാവരുടേയും അസഹിഷ്ണുതയെ ഹോണിൽ തീർക്കുകയാണ്.എന്നാൽ ആ
ട്രക്കുകൾ സമയത്ത് കേരളത്തിൽ എത്തിയില്ലെങ്കിലുള്ള അവസ്ഥ
ഓർക്കുകയായിരുന്നു, ഞാൻ.

വേണമെങ്കിൽ കണ്ണുപൊത്താം അല്ലെങ്കിൽ മൂക്കുപൊത്താം, നിന്റെയിഷ്ടം-
അതുപോലെയാണ് പൂനെ തൊട്ട് കേരളം വരെയുള്ള ശൗചാലയങ്ങളുടെ
അവസ്ഥ.നോർത്ത് ഇന്ത്യക്കാർക്ക് ഇതൊക്കെ ഒരു പുതിയാശയം
ആയതുകൊണ്ടായിരിക്കാം മിക്കതും വൃത്തിയുള്ളതായിരുന്നു.
പോരാത്തതിന് ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ ഇങ്ങനത്തെ
സൗകര്യങ്ങളുമുണ്ട്.ഇങ്ങോട്ട്  ശൗചാലയങ്ങൾ ഉണ്ടെങ്കിലും വൃത്തിയുടെ
കാര്യത്തിൽ ശോചനീയമാണ്.

കൗതുകമായി തോന്നിയത്, tvsമോപ്പഡിലുള്ള ചിലരുടെ യാത്രയാണ്.
പെണ്ണുങ്ങൾക്കും ഇരുചക്രവാഹനം ഓടിക്കാം എന്ന ലേബലിലായിരുന്നു
മോപ്പഡിന്റെ കേരളത്തിലോട്ടുള്ള വരവ്.ആ കാലത്ത് കോളേജിൽ ഒരു കുട്ടി
അതിൽ വരുമായിരുന്നു.ഞങ്ങളൊക്കെ അവളെ ആരാധനയോടെ നോക്കി
നിൽക്കുമായിരുന്നു.എന്നാലും ചില വിരുതന്മാർ അവളുടെ വണ്ടിയുടെ
മുൻപിൽ കൂടി വെട്ടിച്ചും തിരിച്ചും അവളെ പേടിപ്പിക്കാനുള്ള ചാൻസ്
കളയാറില്ല.ആ ഒരു കാലഘട്ടത്തിനുശേഷം ഇന്നാണ് ആ വണ്ടി കാണുന്നത്.
റോഡിന്റെ മദ്ധ്യഭാഗത്ത് (Median) ഉണ്ടാക്കിയെടുത്ത പൂച്ചെടികൾക്കിടയിൽ,
ഭർത്താവ്, ഭാര്യ, കുട്ടികൾ, ഭാര്യയുടെ മടിയിൽ ഒരു ബാഗുമൊക്കെയായി
എല്ലാവരും 'മോപ്പഡിൽ' റോഡ് മുറിച്ചു കടക്കാനായിട്ട് കാത്തിരിക്കുന്നത്
കാണാം.‘Off road’ അല്ലാത്തത് എന്ന വേർതിരിവൊന്നും
അവിടെയുള്ളവർക്കാർക്കുമില്ല. ഉള്ള വണ്ടി എവിടേയും ഓടിക്കാവുന്നതാണ്.


മുറ്റം നിറയെ കോഴികളും അടുക്കളയ്ക്ക് കാവലായി പൂച്ചകളും
പട്ടികളുമൊക്കെയായി ആ സ്ഥലം, പോകുന്ന വഴിയിലെ ഏതോ ഗ്രാമത്തിലെ
ഭക്ഷണശാലയിലായിരുന്നു ഉച്ചയൂണ്.പക്ഷെ ഭക്ഷണവിവരപ്പട്ടികയിൽ
'ഗോബി മഞ്ചൂരിയൻ, ചിക്കൻ 65, ചൈനീസ്‌ ഫ്രൈഡ് റൈസ്, നൂഡിൽസ് ......
ഇതൊക്കെ ഭക്ഷണശാലകളിൽ ഒഴിച്ചു കൂടാൻ പറ്റാത്തവ ആയിരിക്കുന്നു.

വിദേശത്തു നിന്ന് വരുന്നവരിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്, ലോകം
മുഴുവൻ  യാത്ര ചെയ്യാം പക്ഷെ ഇവിടെത്തെ ബന്ദ്, ഹർത്താൽ , സമരങ്ങൾ .....
.ഒക്കെയായി ഏറ്റവും കഷ്ടപ്പെടുന്നത് കേരളത്തിൽ എത്തുമ്പോഴാണെന്ന്.
അത് ശരിവെക്കുന്ന രീതിയിൽ തന്നെയായിരുന്നു, കോയമ്പത്തൂർ തൊട്ട്
കൊച്ചി വരെയുള്ള യാത്ര.പാലക്കാടും മറ്റും റോഡിന്റെ പണി നടക്കുന്നു.
പ്രധാന നിരത്തുകൾ ബസ്സും കാറും മറ്റു വാഹനങ്ങളും കൈയ്യടിക്കിയിരുന്നു
.റോഡിന്റെ വശത്തുള്ള മണ്ണിൽ കൂടിയുള്ള ബൈക്കുകാരുടെ യാത്ര.ചില
സിഗ്നലിന്റെ അവിടെ ടാറിട്ട റോഡിലേക്ക് കേറേണ്ടി വരും.മിക്കവാറും
ബസ്സുകളായിരിക്കും അങ്ങനെ സ്ഥലം തരേണ്ടത്.ഒരു നിമിഷമോ അതോ
അതിൻ്റെ കുറവ് സമയമോ അവർ നമുക്കനുവദിച്ചുതരും. അപ്പോൾ
മറികടക്കാൻ സാധിച്ചില്ലെങ്കിൽ അവർ മുന്നോട്ട് തന്നെ. ഏറ്റവും പേടി
തോന്നിയതും ആ നിമിഷങ്ങളിലാണ്.     വൈകുന്നേരം അഞ്ചു മണിയോടെ
ഞങ്ങൾ വീടെത്തി.

ഇങ്ങനെത്തെയൊരു യാത്രക്കു ആരും പച്ചക്കൊടി കാണിക്കില്ല
എന്നറിയാവുന്നതു കൊണ്ട് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട്
തന്നെ കണ്ടവർക്കും കേട്ടവർക്കും അത്ഭുതം.കഴിഞ്ഞ 3000കി.മീ യാത്രയിൽ
, തട്ടാതെയും മുട്ടാതെയും കഷ്ടപ്പാടുകൾ ഇല്ലാതെ വീടെത്തിയതിന്
ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട്, ഒരു 'റൈഡർ' -ന്റെ രൂപവും ഭാവവും
മാറ്റി, ചായ ഉണ്ടാക്കാനായിട്ട് അടുക്കളയിലോട്ട് ...........


(ശുഭം)
Posted by Rita 3 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

എന്റെ പേര് റിറ്റ, വീട്ടമ്മ.പഠിച്ചതും വളർന്നതും തിരുവനന്തപുരത്ത്, അന്നൊക്കെ അക്ഷരങ്ങളേയും വായനയേയും സ്നേഹിച്ചിരുന്നോ എന്ന് ചോദിച്ചാൽ സംശയമാണ്.പിന്നീടെപ്പഴോ പല social net work കളിലൂടെ  blog കൾ വായിച്ചും രചനകൾ രചിച്ചും ഇപ്പോൾ ജീവിതം മുന്നേറുന്നു. നിത്യജീവിതത്തിലെ സംഭവങ്ങൾ കൂട്ടിയിണക്കി എഴുതാനാണ് എനിക്ക് താല്പര്യം. രണ്ട് കുട്ടികൾ . കുടുംബവുമൊന്നിച്ച് ഡൽഹിയിൽ താമസിക്കുന്നു.

Labels

  • Campus Notes (3)
  • Flash (4)
  • Home (32)
  • Humour (30)
  • Our Financial Man (1)
  • Reader's Corner (25)
  • Recipes (29)
  • Selected Stories (43)
  • SMStyle (7)
  • Tips (4)

Followers

Blog Archive

  • ►  10 (3)
    • ►  June (2)
    • ►  August (1)
  • ►  11 (123)
    • ►  January (4)
    • ►  February (5)
    • ►  March (23)
    • ►  April (8)
    • ►  May (17)
    • ►  June (15)
    • ►  July (9)
    • ►  August (13)
    • ►  September (8)
    • ►  October (3)
    • ►  November (10)
    • ►  December (8)
  • ►  12 (56)
    • ►  January (7)
    • ►  February (6)
    • ►  March (7)
    • ►  April (6)
    • ►  May (6)
    • ►  July (6)
    • ►  August (1)
    • ►  September (5)
    • ►  October (4)
    • ►  November (4)
    • ►  December (4)
  • ►  13 (35)
    • ►  January (4)
    • ►  February (2)
    • ►  March (4)
    • ►  April (5)
    • ►  May (2)
    • ►  June (2)
    • ►  July (1)
    • ►  August (3)
    • ►  September (4)
    • ►  October (6)
    • ►  November (1)
    • ►  December (1)
  • ►  14 (20)
    • ►  January (3)
    • ►  February (2)
    • ►  March (5)
    • ►  June (2)
    • ►  July (3)
    • ►  August (2)
    • ►  September (1)
    • ►  October (1)
    • ►  December (1)
  • ►  15 (10)
    • ►  February (1)
    • ►  April (1)
    • ►  May (1)
    • ►  June (1)
    • ►  July (1)
    • ►  August (1)
    • ►  September (1)
    • ►  October (1)
    • ►  November (2)
  • ►  16 (11)
    • ►  January (2)
    • ►  February (1)
    • ►  March (1)
    • ►  April (1)
    • ►  May (1)
    • ►  June (1)
    • ►  July (1)
    • ►  August (1)
    • ►  September (1)
    • ►  November (1)
  • ►  17 (15)
    • ►  January (1)
    • ►  March (1)
    • ►  April (1)
    • ►  May (2)
    • ►  June (1)
    • ►  July (2)
    • ►  August (1)
    • ►  September (1)
    • ►  October (2)
    • ►  November (2)
    • ►  December (1)
  • ►  18 (15)
    • ►  January (1)
    • ►  February (1)
    • ►  March (1)
    • ►  April (2)
    • ►  May (2)
    • ►  June (1)
    • ►  July (1)
    • ►  August (1)
    • ►  September (1)
    • ►  October (1)
    • ►  November (3)
  • ►  19 (3)
    • ►  March (1)
    • ►  November (1)
    • ►  December (1)
  • ►  20 (8)
    • ►  July (1)
    • ►  August (3)
    • ►  September (3)
    • ►  October (1)
  • ►  21 (8)
    • ►  January (6)
    • ►  April (1)
    • ►  December (1)
  • ▼  25 (2)
    • ▼  June (2)
      • ആകാശത്തിലെ പറവകൾ - ആഫ്രിക്കൻ ജക്കാന
      • Hawa Mahal - Jaipur

Subscription to ThroughMyMind

Enter your email address:

Delivered by FeedBurner

Total Pageviews

©Imp Magic Productions, Some rights reserved. Picture Window theme. Theme images by merrymoonmary. Powered by Blogger.