9/4/13

കിമ്പളം

കൈമടക്ക്, ചിക്കിലി,കിമ്പളം .....ഇതൊക്കെയാണ്  കൈക്കൂലിയുടെ പര്യായങ്ങളായിട്ട്  ഞാൻ കേട്ടിട്ടുള്ള വാക്കുകൾ.ഇനിയും പുതിയ വല്ല വാക്കുകൾ കണ്ടുപിടിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. വീട്ടിലേക്ക് വല്ലപ്പോഴും മണിഓർഡർ  ആയിട്ട് എത്തുന്ന " ചില ആ പോസ്റ്റുമാൻ "ആണ് ,കിമ്പളം മേടിക്കുന്നുണ്ടോ എന്ന സംശയം തോന്നിയത്.പത്ത് രൂപയുണ്ടായിട്ടും രണ്ടു അഞ്ചിൻറെ നോട്ടുകൾ തരുന്നതും അല്ലെങ്കിൽ അഞ്ച് രൂപ ഇല്ല എന്ന് പറയുന്നതും ചില പോസ്റ്റ്മാന്മാരുടെ "നമ്പർ" അല്ലെ എന്ന് തോന്നാതിരുന്നില്ല.അതുകാരണം ഏറ്റവും വലിയ കള്ളനെ കാണുന്നതു പോലെയാണ് "ആ ചില പോസ്റ്മാൻ _ നെ ഞാൻ കണ്ടിരുന്നത്.ഇന്നത്തെ മാധ്യമവാർത്തകൾ കാണുമ്പോൾ "പാവം ആ പോസ്റ്റുമാൻ !
പിന്നീടെപ്പഴോ കിമ്പളത്തിന്റെ പ്രാധാന്യം കണ്ടിട്ടുള്ളത്  വീട്ടിലെ വൈദ്യുതി പോകുമ്പോൾ ഫ്യൂസ് കെട്ടാൻ വരുന്ന "ലൈൻ മാൻ "ആണ് .കിമ്പളം കൊടുത്തതിനു ശേഷം അയാളുടെ മുഖത്തെ സന്തോഷത്തിന്  വളരെ പ്രാധാന്യം ഉണ്ടായിരുന്നു.അല്ലെങ്കിൽ അവർ അടുത്തപ്രാവശ്യം വിളിച്ചാൽ വരുകയില്ല അതുകാരണം "പോസ്റ്റ്മാൻ -നെ പോലെ പാപി ആയിട്ട്  തോന്നിയിട്ടില്ല .പൈസയൊന്നും വേണ്ടായിരുന്നു എന്ന മട്ടിലായിരിക്കും നില്ക്കുക. അതുകണ്ട് കൊടുക്കാതിരുന്നാൽ അടുത്ത പ്രാവശ്യം വിളിക്കുമ്പോൾ വരില്ല എന്ന് മാത്രം. "അനുഭവം ഗുരു ആണല്ലോ

അന്നൊക്കെ കേരളത്തിലെ വാർത്തകൾ കൈകാര്യം ചെയ്തിരുന്നത് നാല് -അഞ്ചു പത്രങ്ങളും റേഡിയോയുമാണ്.അതിലൊക്കെ കൈക്കൂലി വാർത്തകൾ വരുന്നത് വളരെ വിരളമാണ്. അതുകൊണ്ട് ആയിരിക്കാം എന്റെ കുഞ്ഞുമനസ്സിൽ ഇവരെയൊക്കെ കള്ളനും പാപികളുമായി പ്രതിഷ്ഠിക്കാൻ കാരണം.

കൂട്ടുകാരിയുടെ വീട്ടിൽ പോകണോ വായനശാലയിലേക്ക് പോകണോ അങ്ങനെ എവിടെ പോകാനും ഉള്ള വാഹനം കാൽനട ആയിരുന്നു. ആ നടത്തത്തിൽ നേരം പോകാൻ ഇന്നത്തെ പോലെ mp3 യോ   ഐ പാഡ് കളോ ഇല്ല പകരം വല്ല സിനിമയുടെ പോസ്റ്റ്റുകളോ അല്ലെങ്കിൽ റോഡിലെ കാഴ്ചകളോ ആണ്,അതിൽ സാധാരണ കാണുന്നതാണ്, ഇരുചക്രവാഹനക്കാരും പോലീസുകാരുമായിട്ടുള്ള ഒളിചചോട്ടക്കളി.അതിൻറെ അവസാനമായി പോലീസുകാർക്കും ജീവിച്ചു പോകേണ്ടെ എന്ന കാഴ്ച്ക്കാരുടെ കമന്റ് .അങ്ങനെ ആരോ പറഞ്ഞ തന്ന അറിവ് പോലീസുകാരെയും എന്റെ കിമ്പളം മേടിക്കുന്ന ലിസ്റ്റിലെ അംഗങ്ങളാക്കി.

നാളുകൾ കഴിയുതോറും നേരിട്ടറിഞ്ഞതും കേട്ടറിവുമായി കിമ്പളക്കാരുടെ എന്റെ ലിസ്റ്റ് നീണ്ടുപോയി.പിന്നിടെപ്പഴോ ഞാനും ആ ലിസ്റ്റ് ഉണ്ടാക്കുന്നത് ഉപേക്ഷിച്ചു.

സാധാരണക്കാരുടെ നിത്യജീവിതത്തിലും കിമ്പളത്തിന്റെ സ്ഥാനം കൂടി കൊണ്ടിരിക്കുകയാണ് എന്നതിന് ഉദാഹരണമായിരുന്നു ഈ അടുത്ത നടന്ന സംഭവം.ഒരാൾ കാർ മുന്നോട്ട് ഓടിച്ചു വേറൊരാൾ കാർ പുറകോട്ട്  ഓടിച്ചു, സംശയമില്ലാതെ രണ്ടും കൂടി കൂട്ടിമുട്ടി.ഇവിടത്തെ രീതി അനുസരിച്ച്, വണ്ടികൾ ആവുമ്പോൾ റോഡിൽ കൂടി ഓടിക്കണം അങ്ങനെ ഓടിക്കുമ്പോൾ തട്ടുകയും മുട്ടുകയും ചെയ്യും അല്ലാതെ കാറിന് വരുന്ന പ്രശ്നങ്ങൾ ഒരു പ്രശ്നമേയല്ല. എന്നാൽ കാറിനകത്ത് ഇരിക്കുന്നവരേക്കാളും കാറിനെ കൂടുതൽ  സ്നേഹിക്കുന്ന എന്റെ ഭർത്താവ്, വണ്ടി നിറുത്തി അതിൽ നിന്നും ഇറങ്ങി, മറ്റേ കാറുകാരോടും നിറുത്താൻ പറഞ്ഞ,വണ്ടിയുടെ കേടുപാടുകളെയും അത് നന്നാക്കാൻ പോയാൽ ഉണ്ടാകുന്ന ചിലവിനെ പറ്റിയും വായ്തോരാതെ സംസാരിക്കുമ്പോൾ,ചെയ്ത തെറ്റിനെ ക്കുറിച്ച് യാതൊരു വിഷമവും ഇല്ലാതെ  മറ്റേ കാറിന്റെ ഡ്രൈവർ-ന്റെ കൂട്ടുകാരൻ പറയുന്നത്, വല്ല പൈസയും കൊടുത്ത് ഒതുക്കാനാണ്.രണ്ടുപേരും നിയമകോളേജിൽ പഠിക്കുന്നവരാണ് .നാളെ നമ്മുടെ നിയമങ്ങൾ കൈകാര്യം ചെയ്യേണ്ടവരുടെ പ്രതികരണമാണിത്.

ഈ സംഭവും എനിക്ക് രസകരമായി തോന്നി.രണ്ടു സ്കൂൾ കുട്ടികൾ പറഞ്ഞതാണ് .അവരുടെ സ്കൂളിന്റെ അടുത്ത് വലിയൊരു മതിൽക്കെട്ടും അതിനകത്ത് ഏതോ ഓഫീസ് കെട്ടിടവുമുണ്ട്.ആ മതിൽകെട്ട് ഉള്ളിലൂടെ പോവുകയാണെങ്കിൽ അഞ്ചു നിമിഷം കൊണ്ട് അവര്ക്ക് ബസ്സ്സ്റ്റോപ്പിലെത്താം അല്ലെങ്കിൽ പതിനഞ്ചു -ഇരുപത് നിമിഷം എടുക്കും ബസ്സ്സ്റ്റോപ്പിൽ എത്താൻ.ഈ മതിൽകെട്ടിന്റെ അവിടെയുള്ള ഗേറ്റിൽ ഒരു കാവൽക്കാരനുമുണ്ട്.വല്ല ഒന്നോ -രണ്ടോ കുട്ടികളാണെങ്കിൽ ആ കാവൽക്കാരൻ അതുവഴി പോകാൻ സമ്മതിക്കും. എന്നാൽ കുട്ടികളുടെ എണ്ണം കൂടുകയാണെങ്കിൽ അയാൾ ഒരിക്കലും ആ വഴി പോകാൻ സമ്മതിക്കില്ല.ഇതൊക്കെയാണ്, സാധാരണ നടക്കാറുള്ള കാര്യം. എന്നാൽ അന്ന് ആ രണ്ടു കുട്ടികൾ മാത്രമായിരുന്നിട്ടും കാവൽക്കാരൻ അവരെ ആ എളുപ്പവഴിയിൽ കൂടി പോകാൻ സമ്മതിച്ചില്ല.ചുറ്റിക്കറങ്ങി പോകാൻ  കുട്ടികൾക്കും മടി.അതിലൊരുത്തന്റെ ബുദ്ധി പ്രകാരം കൈയ്യിൽ ഒരു രൂപ വെച്ച് അവർ അയാളോട്  ഷേക്ക്ഹാൻഡിനായി കൈനീട്ടി. കൈയ്യിൽ തടഞ്ഞ ഒരു രൂപ എടുത്ത് നോക്കിയ അയാൾ കണ്ണുരുട്ടി കുട്ടികളെ ഓടിച്ചു വിട്ടു.ഒരു രൂപക്ക് പകരം" അഞ്ചു രൂപ ആയിരുന്നെങ്കിൽ കാവൽക്കാരൻ സമ്മതിച്ചേനെ" എന്നാണ്  കുട്ടികളുടെ അഭിപ്രായം.

ഞാനൊക്കെ സ്കൂൾ കുട്ടി ആയിരുന്ന സമയത്ത് കിമ്പളം മേടിക്കുന്നവരുടെ ലിസ്റ്റ് ആണ് ഉണ്ടാക്കിയതെങ്കിൽ ഇന്നത്തെ കുട്ടികൾ കിമ്പളമായി കൊടുക്കേണ്ടത് എത്ര എന്നതിന്റെ ലിസ്റ്റ് ആണ്  ഉണ്ടാക്കുന്നതെന്ന്  തോന്നുന്നു.കിമ്പളം വാങ്ങുന്നതും കൊടുക്കുന്നതുമായ ആ  പരിഷ്‌ക്കാരം അങ്ങനെ തലമുറകൾ തോറും കൈമാറുകയാണ്.അതിന്റെ ആവശ്യമുണ്ടോ അല്ലെ?




3 comments:

  1. പണ്ടൊക്കെ സന്തോഷത്തിന്,സമ്മാനമായി എന്നതൊക്കെ
    ഇന്ന് അവകാശമായി മാറി.ആര്‍ത്തിയും പെരുകി.ആദര്‍ശശുദ്ധി ഇല്ലാതായി.സദ് മൂല്യങ്ങള്‍ വിട്ടൊഴിഞ്ഞു പരക്കെ.......
    ആശംസകള്‍

    ReplyDelete
  2. ലക്ഷം കോടിയൊക്കെ കിടക്കുമ്പഴാ ഈ പത്തുകോടീടെ കാര്യം പറഞ്ഞോണ്ട് വരുന്നതെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുണ്ട്. ചില്ലറക്കേസുകളൊന്നും കണ്ണില്‍ പെടരുത്!!

    ReplyDelete
  3. കിമ്പളം എന്ന് പറയാതെ ഒരു സന്തോഷം അങനെ കണ്ടാല്‍ മതി.മറ്റൊരാളിന്റെ ദുഃഖം.

    ReplyDelete