10/2/18

ലാലേട്ടൻ / ദുൽഖർ ?

'കാര്യം നിസ്സാരം', പക്ഷേ കാര്യങ്ങളെ അങ്ങനെ നിസ്സാരമാക്കി കളയുന്ന ആളല്ല അദ്ദേഹം.പെട്രോളിനായി പമ്പിൽ ചെന്നപ്പോൾ, അവരുടേതായ ചില സാങ്കേതിക കാരണങ്ങളാൽ കാലത്താമസമുണ്ടാകുമെന്നാണ് പറഞ്ഞത്. ഏതാനും പേർ വണ്ടിയടക്കം ക്യൂയായി നിൽപ്പുണ്ട്.അങ്ങനെ ഏകദേശം പതിനൊന്നാമത്തെ ആളായി ഞാനും അദ്ദേഹവും ബൈക്കും അവസരവും കാത്ത് നിൽപ്പായി. മനുഷ്യർക്ക്, പാർപ്പിടം ഭക്ഷണം .........അതിനൊക്കെ എത്ര പ്രാധാന്യമുണ്ടോ അതുപോലെ തന്നെയാണ് പെട്രോളിന്റെ കാര്യവും. നിമിഷങ്ങൾക്കകം ക്യൂവിന്റെ നീളം നീണ്ടു വരുകയാണ്. തടസ്സങ്ങളെല്ലാം മാറ്റി പെട്രോൾ കൊടുക്കുവാനുള്ള സംവിധാനവും തുടങ്ങിയപ്പോഴാണ് ഒരു ടീനേജ് പയ്യൻ ബൈക്കുമായി എല്ലാ ക്യൂയും തെറ്റിച്ച് ഏറ്റവും മുൻപിലേക്ക് പോയത്. കാത്തു നിൽക്കുന്നവരും കടക്കാരും അവിടെത്തെ അവസ്ഥ കാണിച്ച് കൊടുത്തെങ്കിലും അതൊന്നും അവന് ബാധകമേയല്ല. കാലത്തിന്റെ മാറ്റം ആകാം, നിത്യജീവിതത്തിലെ തിരക്കുകളുടെ മുൻപിൽ ഇതൊരു പ്രശ്നമായി അവിടെയുള്ളവർക്കാർക്കും തോന്നിയില്ല.

അദ്ദേഹം അതിനെതിരായി ബഹളം വെച്ചു. കൂട്ടത്തിൽ അവൻ്റെ ആ പ്രവൃത്തികൾ ഫോണിലെ വിഡിയോയിലും പകർത്തി. അതോടെ പുതിയ ധിക്കാരങ്ങളുടെ പത്തി വിടർന്നു ആടുകയായിരുന്നു അവനിൽ.ഫോൺ തട്ടിപ്പെറിച്ചെടുത്ത് അവിടെ എറിഞ്ഞു പൊട്ടിച്ചിട്ട് അവൻ പോയി. അപ്പോഴും കൂടെയുള്ളവർ നിസ്സാഹായതയോടെ നോക്കി നിന്നു.പമ്പിൽ അവനെപ്പറ്റി ചോദിച്ചപ്പോൾ, അവനും കൂട്ടുകാരും അവിടത്തെ നിത്യസന്ദർശകരാണ്. അവർ പറയും ആ ജോലിക്കാരെല്ലാം അനുസരിക്കും. 'ജീവിക്കേണ്ടേ സാർ', എല്ലാവർക്കും ഒരേ മറുപടി!

പൊട്ടിയ ഫോണ്‍ കക്ഷണങ്ങളും സിം കാര്‍ഡുമായി ഞങ്ങൾ നേരെ പോലീസ് സ്റ്റേഷനിലേക്ക്. പരാതി എഴുതി കൊടുത്തു. തെറ്റ് ചെയ്തത് അവനാണെങ്കിലും മനസ്സിലെവിടെയോ വിഷമം.

വൈകുന്നേരത്തോടെ പോലീസ് അവനേയും കൊണ്ട് വീട്ടിലെത്തി.ഈശ്വരൻ എല്ലാം കാണുന്നുണ്ട് എന്ന ചിന്തയും പല്ലവിയുമൊക്കെ മാറ്റേണ്ട സമയമായിരിക്കുന്നു. പോലീസ്, പെട്രോൾ പമ്പിലെ ക്യാമറയിൽ നോക്കിയപ്പോൾ അവൻ്റെ ലീലാവിലാസങ്ങളൊക്കെ കാണാൻ സാധിച്ചു.അവൻ അവിടെയടുത്തതാണ് താമസിക്കുന്നത്. അച്ഛനും മാമനും കൂടെയുണ്ട്.ചെയ്ത തെറ്റിനുള്ള കുറ്റബോധമൊക്കെ ആ പിതാവിൻ്റെ മുഖത്തായിരുന്നു.അവനെ കണ്ടുപിടിച്ചതിനേക്കാളും ഞങ്ങളെ കൂടുതൽ ആശ്ചര്യപ്പെടുത്തിയത്, അവൻ്റെ കുടുംബത്തിലെ അച്ഛൻ അമ്മ മാമൻ മാമി ....അങ്ങനെ പലരും ജോലി ചെയ്യുന്നത് പോലീസിന്റെ വിവിധ വകുപ്പുകളിലാണ്.ഒരുപക്ഷെ ഇതൊക്കെത്തന്നെയായിരിക്കാം അവൻ്റെ അമിതവിശ്വാസവും.

ഞങ്ങളുടെ മകന്‍ ജോലി കിട്ടിയപ്പോള്‍ മേടിച്ചു തന്നതാണ് ആ ഫോണ്‍. അതുകൊണ്ട് അതെ തരത്തിലെ ഫോണ്‍ പുതിയത് മേടിച്ചു തരാനാണ്, അദ്ദേഹത്തിന്‍റെ ഡിമാണ്ട്. സന്ദർഭത്തിന്റെ പിരിമുറക്കം കുറക്കാനായിട്ട് എല്ലാവർക്കും ചായ ഉണ്ടാക്കിക്കൊടുത്തു. അതുപോലെ എന്തെങ്കിലും സംസാരിക്കുകയെന്ന ഉദ്ദേശ്യത്തോടെ, എന്തിനാണ് പഠിക്കുന്നത് എന്ന് ചോദിച്ചത്.

+2 കഴിഞ്ഞ് എഞ്ചിനീറിങ്ങിന്റെ 'എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്നു.IIT കിട്ടാനാണ് ശ്രമിക്കുന്നത്.

കള്ളങ്ങളുടെ മേൽ കള്ളങ്ങൾ കൊണ്ട് കഥകൾ മെനെഞ്ഞെടുക്കുകയാണോ എന്നറിയില്ല. പിതാവ് കൂടുതൽ കൂട്ടുകാരെയാണ് കുറ്റം പറഞ്ഞത്. അവൻ്റെ പഠിപ്പിലെ മിടുക്കിനെ പറ്റി പറയാനും മടിയില്ല.എന്തായാലും രാവിലെ കണ്ട ഗുണ്ടയുടെ മട്ടും ഭാവവും ഇല്ലായിരുന്നു.

അവൻ്റെ ഔദ്യോഗികപ്പേര് ഞങ്ങളിൽ നിന്നും മറച്ചു വെയ്ക്കാനായിട്ട് അവരെല്ലാവരും ശ്രമിക്കുന്നതായിട്ട് തോന്നി.ഫോണിന്റെ വില മുഴുവൻ തരാനായിട്ട് അവർക്ക് സാധിച്ചില്ല.സ്വന്തം പോക്കറ്റിൽ നിന്നും പലരിൽ നിന്നും കടം മേടിച്ചാണ് അത്രയെങ്കിലും സംഘടിപ്പിച്ചെടുത്തത്. ഹൃദയസ്‌പര്‍ശിയായിരുന്നു ആ ഓരോ ഫോൺ സംഭാഷണങ്ങളും. അവൻ്റെ നേതൃത്തിലിരുന്ന് ഫോൺ ഓൺലൈൻ ഓർഡർ ചെയ്ത് അദ്ദേഹം വാക്ക് പാലിച്ചു.

സൗഹാര്‍ദ്ദപരമായിട്ടാണ് യാത്ര പറഞ്ഞു പിരിഞ്ഞത്. എല്ലാവിധ ആശംസകൾ നേർന്നു കൊണ്ട് അവനെ യാത്രയാക്കുമ്പോൾ മനസ്സിൽ അവൻ്റെ ഭാവിയെക്കുറിച്ചോർക്കുകയായിരുന്നു. അവൻ- കീരീടം സിനിമയിലത്തെ ലാലേട്ടനെ പോലെയോ അതോ വിക്രമാദിത്യൻ സിനിമയിലെ ദുൽഖർ- നെ പോലെയാകുമോ ?

4 comments:

  1. ദുല്ഖര്‍ നെ പോലെ ആവട്ടെ.

    ReplyDelete
    Replies
    1. അതെ .......ഞാനും അങ്ങനെയാണ് ആഗ്രഹിക്കുന്നത്....നന്ദി ട്ടോ

      Delete
  2. സൗഹാര്‍ദ്ദപരമായിട്ടാണ് യാത്ര പറഞ്ഞു പിരിഞ്ഞത്. എല്ലാവിധ ആശംസകൾ നേർന്നു കൊണ്ട് അവനെ യാത്രയാക്കുമ്പോൾ മനസ്സിൽ അവൻ്റെ ഭാവിയെക്കുറിച്ചോർക്കുകയായിരുന്നു. അവൻ- കീരീടം സിനിമയിലത്തെ ലാലേട്ടനെ പോലെയോ അതോ വിക്രമാദിത്യൻ സിനിമയിലെ ദുൽഖർ- നെ പോലെയാകുമോ ?

    ReplyDelete
    Replies
    1. mmmm.....ആരെപ്പോലെയാകും കണ്ടറിയണം. നന്ദി ....

      Delete